Mkutti

സിസേറിയൻ

സിസേറിയൻ; മുൻപും ശേഷവും അറിയേണ്ട കാര്യങ്ങൾ

സ്കാനിംഗ് റിപ്പോർട്ടുമായി ഡോക്ടറെ കാണാൻ കാത്തുനിന്നപ്പോൾ ഒരു ശ്വാസംമുട്ടൽ പോലെ തോന്നി, അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന്റെ ആകണം, ഈയിടെയായി വയറ് പെട്ടെന്ന് വലുതാകുന്നുണ്ട്, അനു ക്ഷീണത്തോടെ അടുത്തുകണ്ട കസേരയിൽ ഇരുന്നു. സിസ്റ്റർ പേരു വിളിച്ചപ്പോൾ ധൃതിയിൽ അകത്ത് ചെന്നു. ഡോക്ടർ മന്ദസ്മിതം തൂകി ഇരിക്കുകയാണ്. റിപ്പോർട്ട് വാങ്ങി നോക്കി ഡോക്ടർ പറഞ്ഞു: പോളിഹൈഡ്രാമ്നിയോസ് ആണ്, സിസേറിയൻ വേണ്ടിവന്നേക്കാം. നാളെ രാവിലെ വന്ന് അഡ്‌മിറ്റായിക്കൊളൂ.

അനുവിന് ഹൃദയമിടിപ്പ് കൂടിയപോലെ തോന്നി.

കണക്കിന് ഇനിയും രണ്ടാഴ്ച്ച ബാക്കിയുണ്ടല്ലോ, പെട്ടെന്ന് വേണോ? അമ്മ ചോദിച്ചു.

അമ്നിയോട്ടിക് ഫ്ലൂയിഡ് നാലിരട്ടി കൂടുതലാണ്, ‘വാവ സ്വിമ്മിങ് പൂളിലാടോ മാഷെ’. പറ്റുമെങ്കിൽ ഇന്ന് തന്നെ അഡ്മിറ്റ് ആകുന്നതാണ് സേഫ്.

ഡോക്ടർ സിസേറിയന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുതുടങ്ങി.

എന്താണ് സിസേറിയൻ?

സുഖപ്രസവം നടക്കാതിരിക്കുകയോ സുഖപ്രസവം അമ്മയുടേയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാകുന്ന ഒരു അവസ്ഥയിൽ എത്തുകയോ ചെയ്താൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ (Cesarean/ C- section). വയറിനു താഴെയായി മുറിവുണ്ടാക്കി അതിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണിത്.

സിസേറിയൻ എപ്പോൾ?

ഗർഭിണിയുടെ ശാരീരിക അവസ്ഥകൾ, കുഞ്ഞിന്റെ കിടപ്പ്, ഘടനാപരമായ വ്യത്യാസങ്ങൾ ഇവയ്ക്കനുസരിച്ച്  ഡോക്ടർ സിസേറിയൻ നിർദ്ദേശിക്കുന്നു. പ്രസവസമയത്തെ അപ്രതീക്ഷിതമായ അപകടാവസ്ഥയിൽ പെട്ടെന്നുള്ള സിസേറിയൻ ആവശ്യമായി വരുന്നു.

സിസേറിയൻ നിർദ്ദേശിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

  • അമ്മയുടെ ഇടുപ്പിന്റെ വികാസക്കുറവ്, കുഞ്ഞിന്റെ വളർച്ചക്കൂടുതൽ തുടങ്ങിയ ഘടനാപരമായ കാരണങ്ങൾ.
  • ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ തുടർന്നും സിസേറിയൻ വേണ്ടിവന്നേക്കാം.
  • ഒന്നിലേറെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ.
  • പ്രസവം തടയുന്ന രീതിയിൽ മറുപിള്ള/ പ്ലാസന്റ ഗർഭപാത്രത്തിന്റെ താഴെ ഭാഗത്ത് ചേർന്നിരിക്കുന്നു (Placenta previa).
  • ഗർഭസ്ഥശിശുവിന്റെ കിടപ്പിൽ വരുന്ന വ്യതിയാനങ്ങൾ.
  • തലയ്ക്കു പകരം കുഞ്ഞിന്റെ കാലുകൾ ആദ്യം പുറത്ത് വരുന്ന അവസ്ഥ (breech presentation).
  • മറുപിള്ള കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയിരിക്കുക.
  • കുഞ്ഞു പുറത്ത് വരുന്നതിന് മുൻപായി മറുപിള്ള പുറത്ത് വരിക.
  • കുഞ്ഞു ജനിക്കുന്നതിനു മുൻപുതന്നെ പ്ലാസന്റ ഗര്ഭാശയഭിത്തിയിൽ നിന്നും വേർപെടുക (abruptio placenta).
  • പ്രസവസമയത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറയുക.
  • ആദ്യ പ്രസവത്തിലെ സങ്കീർണ്ണതകൾ.
  • പ്രസവത്തോടടുപ്പിച്ച്‌ അമ്മയ്ക്ക് അപസ്മാര സാധ്യതയുണ്ടാകുമ്പോൾ.
  • അമ്മ എയ്ഡ്സ് ബാധിതയാണെങ്കിൽ.
  • ഗര്ഭസ്ഥശിശുവിന്റെ വളർച്ചക്കുറവ്.
  • മാസം തികയാത്ത പ്രസവങ്ങൾ.

അനുവിന്റെ ആഗ്രഹ പ്രകാരം സാധാരണ പ്രസവം നടക്കുമോ എന്ന് പരീക്ഷിക്കാൻ ഡോക്ടർ തയ്യാറായി. സുഖപ്രസവം സ്വപ്നം കണ്ട് അവൾ ലേബർ റൂമിൽ കയറി. പ്രസവത്തിനു മുൻപേയുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ് ഡ്രിപ്പിട്ട് കിടന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതുവരെ അടുത്ത ബെഡിൽ കിടന്നുകൊണ്ട് അവളോട് സംസാരിച്ച കുട്ടി പ്രസവവേദന വന്ന് അര മണിക്കൂറിനുള്ളിൽ പ്രസവിച്ച് തിരിച്ച് അതെ ബെഡിൽ വന്നു കിടന്നപ്പോൾ അസൂയ തോന്നാതിരിക്കുമോ? ഇടയ്ക്കിടെ പരിശോധിക്കാനെത്തിയ ഡോക്ടർ അവളെ നോക്കി ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ എന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിരേണ്ടിയിരുന്നില്ല എന്ന് തോന്നി. ദിവസം ഒന്ന് കഴിഞ്ഞു. കാര്യമായ മാറ്റം ഒന്നുമില്ല. ഭക്ഷണം കുറഞ്ഞപ്പോൾ ക്ഷീണവും കൂടി. പിന്നൊന്നും ആലോചിച്ചില്ല, സിസേറിയന് ഓക്കേ പറഞ്ഞു. ആദ്യമായി ഒരു സർജറിക്ക് തയ്യാറെടുക്കുന്നു. പേടിയേക്കാളുപരി ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്ന് മാത്രമായി ചിന്ത. ”

സിസേറിയൻ ചെയ്യുന്നതിന് മുൻപായി ഗർഭിണിക്ക് അനസ്തേഷ്യ നൽകുന്നു. സാധാരണയായി നട്ടെല്ലിന് സമീപത്തതായി സ്‌പൈനൽ അനസ്തേഷ്യയാണ് നൽകാറുള്ളത് എന്നാൽ അടിയന്തിരമായി സിസേറിയൻ ചെയ്യേണ്ടി വരുമ്പോൾ മുഴുവനായും മയക്കുന്ന ജനറൽ അനസ്തേഷ്യ നൽകേണ്ടി വരുന്നു. ഏകദേശം 45  മിനുട്ട് നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. മറ്റു മേജർ ശസ്ത്രക്രിയകൾ പോലെ അപകട സാധ്യതകൾ ഇവിടെയുമുണ്ട്.

സ്‌പൈനൽ അനസ്തേഷ്യ  നടുവേദനയ്ക്ക് കാരണമാകുമോ?

സ്‌പൈനൽ അനസ്തേഷ്യ സിസേറിയനു മാത്രമായുള്ളതല്ല, ഒട്ടുമിക്ക ശാസ്ത്രക്രിയകളിലും ആൺ പെൺ ഭേദമന്യേ ഇത് നൽകാറുണ്ട്. പ്രസവശേഷമുള്ള നടുവേദന സിസേറിയൻ കഴിഞ്ഞവരിലും സുഖ പ്രസവം നടന്നവരിലും സർവ്വസാധാരണമായി കണ്ടു വരുന്നു. പ്രസവശേഷമുള്ള വ്യായാമക്കുറവ്, ഇരിപ്പിലും കിടപ്പിലും, കുഞ്ഞിനെ എടുക്കുന്നതിലുമുള്ള അപാകതകൾ, പ്രസവത്തോടെ കാത്സ്യം ഗുളികകൾ നിർത്തുന്നത് ഇവയൊക്കെയാണ് പ്രസവശേഷമുണ്ടാകാറുള്ള നടുവേദനയുടെ കാരണങ്ങൾ.

അനസ്തേഷ്യയുടെ പവർ കഴിഞ്ഞപ്പോഴേക്കും വേദനകൾ അറിഞ്ഞു തുടങ്ങി. നഴ്സിന്റെ സഹായത്തോടെ കുഞ്ഞിനു പാല് കൊടുത്തു. കാലുകൾ അനക്കാനും ചരിഞ്ഞു കിടക്കാനും പറഞ്ഞപ്പോൾ നഴ്സിനോട് ദേഷ്യം തോന്നി. സംസാരിച്ചു  തുടങ്ങിയപ്പോൾ സിസേറിയൻ പ്രസവത്തിലെ അപകട സാധ്യത നേഴ്സ് വിശദീകരിച്ചു.”

സിസേറിയൻ പ്രസവത്തിലെ അപകട സാധ്യതകൾ

  • സാധാരണ പ്രസവത്തെ അപേക്ഷിച്ച് സിസേറിയനിൽ രക്തസ്രാവത്തിന്റെ തോത് കൂടുതലാണ്. സാധാരണ പ്രസവത്തിൽ ഏകദേശം 200 മുതൽ 250 ml വരെ രക്തം നഷ്ടമാകുമ്പോൾ സിസേറിയനിൽ അത് 500 ml നു മുകളിലാണ്. രക്തസ്രാവം അനിയന്ത്രിതമായാൽ മരണം സംഭവിച്ചെക്കാം.
  • ശരീരം അനങ്ങാതെയിരിക്കുമ്പോൾ രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കാൻ സാധ്യതയുണ്ട് (thromboembolism). സിസേറിയൻ പ്രസവശേഷം ഉണ്ടാകാവുന്ന ഏറ്റവും അപകടകരമായ ഒരു സാഹചര്യമാണിത്.
  • പ്രസവാനന്തര അണുബാധ.
  • കുടലിനോ മൂത്രാശയത്തിനോ ക്ഷതം സംഭവിച്ചെക്കാം.
  • മുറിവ് ഗർഭാശയഭിത്തിയെ ദുർബലപ്പെടുത്തിയേക്കാം.
  • ജനറൽ അനസ്തേഷ്യയിലെ അപകടസാധ്യതകൾ.
  • സിസേറിയൻ ചെയ്തുണ്ടാക്കുന്ന മുറിവിൽ കുടൽ ഒട്ടിപ്പിടിച്ച് വയറു വേദന ഉണ്ടാകാം.
  • ഹെർണിയ വരാനുള്ള സാധ്യത കൂടുന്നു.
  • ആദ്യ പ്രസവം സിസേറിയൻ ആയാൽ, അടുത്ത പ്രസവത്തിൽ മറുപിള്ള ആദ്യ സിസേറിയനിലെ മുറിവിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. അത് മുറിവിൽ ആഴ്ന്നിറങ്ങുകയും പ്രസവശേഷം വിട്ടു പോരാതെ വരികയും ചെയ്യും. ഇതിനെ പ്ലാസന്റ അക്രെറ്റ (placenta accreta) എന്ന് പറയുന്നു.  ഇത്തരം സാഹചര്യത്തിൽ കുഞ്ഞിന്റെ ജനനത്തോടൊപ്പം ഗർഭപാത്രവും നീക്കം ചെയ്യേണ്ടതായി വരുന്നു.

കുഞ്ഞിനെയും മറ്റുള്ളവരുടെ സന്തോഷവും കാണുവാൻ ആഗ്രഹിച്ചു കൊണ്ട് എട്ടു പത്ത് മണിക്കൂർ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ റൂമിൽ കഴിഞ്ഞു. അത് കഴിഞ്ഞ് റൂമിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി. റൂമിൽ എത്തിയാൽ ഇഷ്ടമുള്ളതെന്തെങ്കിലും കഴിക്കാം. പക്ഷെ, ആഹ്‌ളാദ പ്രകടനങ്ങളിൽ പങ്കു ചേരാനാകാതെ ഒരുവിധം ബെഡിൽ കയറി കിടന്നു. നഴ്സ് നിർദ്ദേശങ്ങൾ നൽകി അതിൽ പ്രധാനം ഭക്ഷണം കഴിക്കരുത് എന്നുതന്നെ. ഒരാനയെ തിന്നാനുള്ള വിശപ്പുമായി ബെഡിൽ ചരിഞ്ഞു കിടന്ന് നഴ്സിന്റെ വാക്കുകൾക്ക് കാതോർത്തു.”

related Links:

സിസേറിയനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

postpartum recovery | പ്രസവാനന്തര വീണ്ടെടുക്കൽ

കുഞ്ഞുവാവയെ കയ്യിൽ കിട്ടുമ്പോൾ പലപ്പോഴും അമ്മയിലേക്കുള്ള ശ്രദ്ധ കുറയാറുണ്ട്. പ്രസവാനന്തരം ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ നിരവധിയാണ്. സിസേറിയനിൽ ഇതിന്റെ കാഠിന്യം കൂടുന്നു.  വളരെയധികം സ്നേഹവും പരിചരണവും ഈ ഘട്ടത്തിൽ ആവശ്യമാണ്. ഗർഭകാല ശുശ്രുഷ പോലെ പ്രസവാനന്തര പരിചരണവും പ്രാധാന്യമർഹിക്കുന്നു.

  • ആദ്യകാലങ്ങളിൽ സിസേറിയൻ ചെയ്തു നല്ല വിശ്രമം ആവശ്യമായിരുന്നു, കാലം മാറി, ചികിത്സാരീതികളും. അനസ്തേഷ്യയിൽ നിന്നും പൂർണ്ണ മുക്തി നേടിയാൽ, കത്തീറ്റർ നീക്കം ചെയ്ത ശേഷം അധികം വൈകാതെ എഴുന്നേറ്റു നടക്കാൻ ഡോക്ടർമാർ പറയാറുണ്ട്. വളരെ പതുക്കെയുള്ള ശാരീരിക ചലനം രക്തയോട്ടം സാധാരണ ഗതിയിൽ ആകുവാനും ശരീരം പൂർവ്വ സ്ഥിതിയിലേക്ക് വരുവാനും സഹായിക്കും.
  • സിസേറിയനു ശേഷം വേദന സ്വാഭാവികമാണ്. ഡോക്ടർ നൽകുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്.
  • ശുചിത്വം പാലിക്കുക. സോപ്പ് ഉപയോഗിച്ച് കുളിക്കുകയും മുറിവ് നന്നായി ഉണങ്ങിയിരിക്കാനും ശ്രദ്ധിക്കുക. പ്രസവശേഷം ആറാഴ്ചവരെ ബ്ലീഡിങ് ഉണ്ടാകാം. ഈർപ്പം നന്നായി വലിച്ചെടുക്കുന്ന പാഡുകൾ ഉപയോഗിക്കുക.
  • എണ്ണ ഉപയോഗിച്ചുള്ള തേച്ചു കുളിയും പ്രസവരക്ഷമാർഗ്ഗങ്ങളും തുടങ്ങുന്നതിനു മുൻപായി ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
  • അലക്കി ഉണക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ വേണ്ട, അയവുള്ള ഫീഡിങ് കുർത്തികൾ, നൈറ്റികൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
  • ശരീരത്തിന് ആയാസം ലഭിക്കുന്ന രീതിയിൽ ഇരുന്നുകൊണ്ട് കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. അല്ലാത്തപക്ഷം നടുവേദന, പുറം വേദന തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം.ആവശ്യമെങ്കിൽ ഫീഡിങ് പില്ലോ ഉപയോഗിക്കാം. 
  • ആറാഴ്ചവരെ കുഞ്ഞിനേക്കാൾ ഭാരം കൂടിയതൊന്നും എടുക്കരുത്. ഭാരിച്ച ജോലികൾ ചെയ്യരുത്. വീട്ടിനകത്തും തൊടിയിലും കുഞ്ഞുമായുള്ള നടത്തം നല്ലതാണ്. ഇതിനെല്ലാം ഉപരി ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കേണ്ടതുണ്ട്.
  • ചുമ, പനി  തുടങ്ങിയ അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക. സ്വയം ചികിത്സിക്കാതിരിക്കുക.
  • സിസേറിയൻ ആയതുകൊണ്ട് മുറിയിൽ അടച്ചിരിക്കാനോ മുഴുവൻ സമയം വിശ്രമിക്കാനോ അനുവദിക്കരുത്. ഇത്തരം സാഹചര്യങ്ങൾ അമ്മയെ പ്രസവാനന്തര വിഷാദത്തിലേക്കു നയിച്ചെക്കാം.
  • പ്രസവശേഷം അമ്മയ്ക്ക് നൽകുന്ന ആഹാരത്തിൽ പ്രത്യേക ശ്രദ്ധ വേണം. സിസേറിയൻ കഴിഞ്ഞതിനു ശേഷം ഡോക്ടറുടെ അനുവാദത്തോടെ മാത്രമേ ഭക്ഷണം കഴിക്കാൻ ആരംഭിക്കാവൂ. കത്തീറ്റർ നീക്കിയശേഷം കുറച്ച് വെള്ളവും ലഘുവായ ഭക്ഷണവും നൽകാം. പിന്നീട് നൽകുന്ന ഭക്ഷണങ്ങൾ കലോറി കുറഞ്ഞതും പഴങ്ങളും പച്ചകറികളും അടങ്ങിയതും എളുപ്പത്തിൽ ദഹിക്കുന്നതുമായിരിക്കണം. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമാണ്.
  • പ്രസവശേഷം ധാരാളം വെള്ളം കുടിക്കുന്നതിനെ പ്രായം ചെന്നവർ വിലക്കാറുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റാണ്. പ്രസവശേഷം ധാരാളം വെള്ളം കുടിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ചെയ്യേണ്ടതാണ്.  പ്രസവശേഷം ഉണ്ടാകുന്ന മലബന്ധം തടയുന്നതിനും വെള്ളം അത്യാവശ്യമാണ്.
  • പ്രസവശേഷമുള്ള ഡയറ്റിൽ 400 കലോറി അധികമായി ഉൾപ്പെടുത്തേണ്ടതാണ്. ഭക്ഷണം വലിയ അളവിൽ ഒരുമിച്ച് കഴിക്കാതെ ആറു നേരമായി ക്രമപ്പെടുത്തുക.
  • ധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, വേവിച്ച ചെറു മത്സ്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.
  • മുലപ്പാലിലൂടെ കുഞ്ഞിന് വേണ്ട പോഷകങ്ങൾ ലഭ്യമാകുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആവശ്യമുള്ളതാണ് കാൽസ്യം. ഭക്ഷണത്തിലൂടെ ലഭ്യമാകുമെങ്കിലും കാത്സ്യത്തിന്റെ അപര്യാപ്തത ഉണ്ടായേക്കാം. അതിനാൽ കാൽസ്യം ഗുളികകൾ തുടർന്നും കാഴിക്കേണ്ടതാണ്.
  • ഗർഭകാലത്തെ അമിത ശുശ്രുഷകൾ ഗർഭിണിയുടെ വണ്ണം കൂടാനുള്ള പ്രധാന കാരണമാണ്. പ്രസവത്തെ തുടർന്ന് ഇതിൽ മാറ്റമുണ്ടാകാറില്ല. പ്രസവശേഷം പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് അപകടമാണ്. സിസേറിയൻ കഴിഞ്ഞാൽ ഡോക്ടരുടെ നിർദ്ദേശാനുസരണം മാത്രമേ വ്യായാമം ചെയ്യാവൂ.
  • സിസേറിയൻ കഴിഞ്ഞ് ഏകദേശം ആറാഴ്ചയോളം ലൈംഗിക ബന്ധം ഒഴിവാക്കുക. അല്ലാത്ത പക്ഷം സ്റ്റിച്ച് പൊട്ടുവാനും അസ്വസ്ഥതകൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. സ്റ്റിച്ച് പരിശോധിക്കുന്നതിനായി വീണ്ടും ആശുപത്രിയിൽ എത്തുമ്പോൾ ഗര്ഭനിരോധന മാർഗ്ഗങ്ങളെ കുറിച്ച് ഡോക്ടറിൽ നിന്നും അറിയുകയും അനുയോജ്യമായത് സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Related Links:

മൂന്നു ദിവസം കഴിഞ്ഞപ്പോൾ വേദന കുറഞ്ഞു. നടക്കുമ്പോൾ കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഇല്ല. മുറിവ് ഡ്രസ്സ് ചെയ്ത് ഡിസ്ചാർജ് എഴുതികിട്ടിയപ്പോൾ ഡോക്ടർ എഴുതിയ മരുന്നുകളും വാങ്ങി കുഞ്ഞിനേയും കൊണ്ട് സന്തോഷത്തോടെ വീട്ടിലേക്ക്.

സിസേറിയനെ വളരെ ലാഘവത്തോടെ കാണുന്നവരാണ് ഇന്നത്തെ സ്ത്രീകൾ എന്നത് അടുത്ത കാലത്തതായി ഏറി വരുന്ന സിസേറിയൻ പ്രസവങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നു. എന്നാൽ അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കിക്കൊണ്ട് സുഖ പ്രസവത്തിനായി കാത്തിരിക്കുന്നവരും കുറവല്ല. സിസേറിയൻ ആവശ്യമില്ലാതെ വരുമ്പോഴും അത്യാവശ്യമായി വരുമ്പോഴും ഡോക്ടർമാരും ക്രൂശിക്കപ്പെടാറുണ്ട്. ആരോഗ്യവും ആയുസ്സുമുള്ള കുഞ്ഞ് എന്നത് അമ്മയുടെ സ്വപ്നമാണെങ്കിൽ ആരോഗ്യമുള്ള  അമ്മയും കുഞ്ഞും എന്നത് ചികിത്സകരുടെ ആവശ്യവുമാണ്. സിസേറിയൻ സ്വയം തിരഞ്ഞെടുക്കേണ്ടതല്ല, മറിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം നടക്കേണ്ടതാണ്.

ഗർഭിണിയാകുന്നതിനു മുൻപ് തന്നെ ഗർഭാവസ്ഥയെക്കുറിച്ചും പ്രസവത്തെക്കുറിച്ചും നല്ലൊരു ധാരണ ഉണ്ടാക്കിയെടുക്കുക. പക്വതയാർന്ന മനസോടെ അതിനു തയ്യാറാവുക.

Leave a Comment

Your email address will not be published. Required fields are marked *