Mkutti

Pregnancy diet

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും

ആരോഗ്യമുള്ള കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷത്കരിക്കപ്പെടേണ്ടത് അമ്മയിലൂടെയും. ആരോഗ്യമുള്ള അമ്മയിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയുള്ളു.അതിനാല്‍ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമല്ല, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്.

സമീകൃതാഹാരവും ചിട്ടയായ വ്യായാമവുമാണ് ആരോഗ്യത്തിനടിസ്ഥാനം. ഗർഭിണികൾ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ആഹാരങ്ങളെ കുറിച്ച് ഇന്നും ഒട്ടേറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. അതിനാൽ ഗര്ഭിണിയാകുന്നതിനു മുൻപ് തന്നെ എന്തു കഴിക്കണം? എന്ത് കഴിക്കരുത് എന്നതിനെ കുറിച്ച്  ഒരു ധാരണയുണ്ടാക്കുന്നത് വളരെയേറെ ഗുണം ചെയ്യും.

ഗർഭിണികൾ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങൾ (Pregnancy diet) ഏതൊക്കെയെന്ന് അറിയാം

ഗർഭിണികളുടെ ആഹാരം (Pregnancy diet)

എല്ലാ ഗർഭിണികൾക്കും മുതിർന്നവരിൽ നിന്നും ലഭിക്കുന്ന പ്രധാന ഉപദേശമാണ്:

‘മോളെ, നീ ഇപ്പോൾ ഒരാളല്ല, രണ്ടുപേരാണ് അതുകൊണ്ട് ഇനി മുതൽ രണ്ടുപേർക്കുള്ളത് കഴിക്കണം’.

പിന്നെ എത്രമാത്രം കഴിക്കാം, കഴിപ്പിക്കാം എന്നുള്ള ഒരു മത്സരമായിരിക്കും. എന്നാൽ ഒരു ഗർഭിണി എത്രമാത്രം ഭക്ഷണം കഴിക്കണമെന്ന് നിങ്ങൾക്കറിയാമോ?

ഒരു സാധാരണ സ്ത്രീയ്ക്ക് ഒരു ദിവസം ആവശ്യമായ ഊർജ്ജത്തിന്റെ അളവ് ഏകദേശം 1800 -2000 കിലോ കലോറി വരെയാണ്. ഒരു ഗർഭിണിക്ക് ആദ്യ മൂന്നു മാസങ്ങളിൽ ഇതേ അളവിൽ തന്നെ മതിയാകും. തുടർന്നുള്ള മൂന്നു മാസങ്ങളിൽ 350 കിലോകാലോറിയും, അടുത്ത മൂന്നു മാസങ്ങളിൽ 450 കിലോകാലോറിയും മാത്രമാണ് അധികമായി വേണ്ടി വരുന്നത്. ഈ ഒരു ചെറിയ വർദ്ധനവിനായി വലിയൊരളവിൽ ആഹാരം കഴിക്കുന്നത്  അമിത വണ്ണവും തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.

ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരഭാരത്തിലുണ്ടാകുന്ന വർദ്ധന  ഏകദേശം 7-10 kg വരെയാണ്. എന്നാൽ അമിതമായി ആഹാരം കഴിക്കുന്നവരിൽ ഇത് 15-20 വരെയാകാൻ സാധ്യതയുണ്ട്. ഇത് പ്രസവത്തെ തുടർന്നും അമിതവണ്ണം നിലനിൽക്കാൻ കാരണമാകുന്നു. ഇങ്ങനെയുള്ളവരിൽ ഗർഭകാല പ്രമേഹത്തിനും, ടൈപ്പ് II  പ്രമേഹത്തിനും സാധ്യത കൂടുതലാണ്.

അമ്മയ്ക്കും കുഞ്ഞിനും വേണം പോഷകാഹാരങ്ങൾ

വളർച്ചയുടെ ഏതു ഘട്ടത്തിലായാലും പോഷകാഹാരം അത്യന്താപേക്ഷിതമാണ്. ഗർഭധാരണം നടന്നത് മുതൽ കുഞ്ഞ് ജനിച്ച് ആറുമാസം പ്രായമാകുന്നതുവരെയുള്ള കാലയളവിൽ കുഞ്ഞിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് അമ്മയിലൂടെയാണ്. അതിനാൽ ഗർഭിണികൾ അവരുടെ ഭക്ഷണത്തിൽ കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ കൂടി അധികമായി ഉൾപ്പെടുത്തേണ്ടതാണ്.

കുഞ്ഞിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുന്ന പോഷകങ്ങൾ ഏതൊക്കെയെന്നു നോക്കാം.

പ്രോട്ടീന്‍

ശരീരാവയവങ്ങളുടേയും മസ്തിഷ്കത്തിന്റെയും വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുന്നവയാണ് മാംസ്യം (പ്രോട്ടീന്‍). പ്രഗ്നൻസിയുടെ ആദ്യ മൂന്നു മാസങ്ങളിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതാണ്. വെജിറ്റബിൾ പ്രോട്ടീനുകളായ പയർ വർഗ്ഗങ്ങൾ, അനിമൽ പ്രോട്ടീനുകളായ മുട്ട, മൽസ്യം, ഇറച്ചി എന്നിവ  ആവശ്യാനുസരണം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഫോളിക് ആസിഡ്

ഗർഭധാരണം നടന്ന് ആദ്യ രണ്ടാഴ്ച്ചയിലെ ഭ്രുണത്തിന്റെ വളർച്ചയിൽ ഫോളിക് ആസിഡ് അത്യാവശ്യമാണ്. അതിനാൽ ഗർഭിണിയാകാൻ തയ്യാറാകുമ്പോൾ തന്നെ ഫോളിക് ആസിഡിന്റെ ലഭ്യത ഉറപ്പാക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും ന്യൂറൽ ട്യൂബിലുണ്ടാകുന്ന പാകപ്പിഴകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഫോളിക് ആസിഡിന്റെ അപര്യാപ്തത ഓട്ടിസം, ബുധ്ധിവളർച്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ഇലക്കറികൾ, ധാന്യങ്ങൾ, പുളിയുള്ള പഴങ്ങൾ, ഈന്തപ്പഴം തുടങ്ങിയവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം ഫോളിക് ആസിഡ് ഗുളികകളും ഉപയോഗിക്കാം.

ഇരുമ്പ്

രക്തയോട്ടം വർദ്ധിക്കാനും, വിളർച്ചതടയാനും ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ്. വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഓറഞ്ച്,  മൂസമ്പി, നെല്ലിക്ക തുടങ്ങിയവ കഴിക്കാൻ മറക്കരുത്. ചായയും കാപ്പിയും ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നവയാണ്. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപോ ശേഷമോ ചായയും കാപ്പിയും കുടിക്കാതിരിക്കുക.

ഇലക്കറികൾ, റാഗി, എള്ള്, ചെറുമീനുകൾ എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

കാൽസ്യം

എല്ലുകളും പല്ലുകളും രൂപപ്പെടുന്നതിനും, നാഡി-ഞരമ്പുകൾ, ഹൃദയം, പേശികൾ എന്നിവയുടെ വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ് കാൽസ്യം. പാൽ, പാൽ ഉത്പന്നങ്ങൾ, മുട്ട, ചെറു മീനുകൾ എന്നിവ കാത്സ്യത്തിന്റെ കലവറയാണ്. വിറ്റാമിൻ ഡി കാത്സ്യത്തിന്റെ ആഗിരണത്തെ സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നും  ലഭിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഡി, അതിനാൽ ഗർഭിണികൾ ഇളവെയിൽ കൊള്ളുന്നത് നന്നായിരിക്കും.

ഗർഭിണികൾ കഴിക്കേണ്ട ആഹാരങ്ങൾ

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻസ്, വിറ്റമിൻസ്, ധാതുക്കൾ ഇവയെല്ലാം അടങ്ങിയ സമീകൃതാഹാരമാണ് അമ്മയ്ക്കും കുഞ്ഞിനും ആവശ്യം. വൈവിധ്യമാർന്ന ഭക്ഷണ പദാര്ഥങ്ങളിലൂടെയാണ് ഇവ ലഭ്യമാകുന്നത്. ചെറിയ അളവിൽ ചെറിയ ഇടവേളകൾ നൽകി വേണം ആഹാരം കഴിക്കാൻ. മൂന്നു തവണയായി കഴിക്കുന്ന ഭക്ഷണം ആറു തവണകളായി കഴിക്കുകയാണ് ഉചിതം.

ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. പ്രോട്ടീൻ ധാരാളമടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം. ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ കുഞ്ഞിന്റെ അവയവ വളർച്ചയ്ക്ക് പ്രോട്ടീൻ  അത്യാവശ്യമാണ്.

ഗർഭിണിയായതുകൊണ്ട് ഏതെങ്കിലും ഭക്ഷണങ്ങൾ പാടെ ഒഴിവാക്കുകയോ, ഏതെങ്കിലും അധികമായി കഴിക്കുകയോ വേണ്ട, പകരം ഭക്ഷണത്തിൽ മിതത്വം പാലിക്കുകയാണ് വേണ്ടത്.

ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി അമ്മയുടെ ആഹാരത്തിൽ  എന്തൊക്കെ ഉൾപ്പെടുത്താം?

വെള്ളവും ജ്യൂസുകളും

ഗര്‍ഭിണിയായ സ്ത്രീ ഒരു ദിവസം കുറഞ്ഞത് മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വെള്ളം കുടിക്കേണ്ടതാണ്. നിര്‍ജ്ജലീകരണം തടയുന്നതിനും ക്ഷീണവും തളര്‍ച്ചയും ഇല്ലാതിരിക്കുവാനും യൂറിനറി ഇന്‍ഫെക്ഷന്‍സ് വരാതിരിക്കുവാനും വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ധാരാളം മധുരം ചേര്‍ത്ത ജ്യൂസുകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. 

പാൽ- പാൽ ഉത്പന്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും പ്രോട്ടീൻ കൂടുതലായി വേണ്ട സമയമാണ്. അതിനാൽ ഒരു ദിവസം രണ്ടു ഗ്ലാസ് പാൽ കുടിക്കാം. ബട്ടർ, തൈര്, പനീർ തുടങ്ങിയ പാൽ ഉത്പന്നങ്ങളും കഴിക്കാം.

മുട്ട

അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ധാതുലവണങ്ങളും അമിനോ ആസിഡുകളും നിറഞ്ഞ ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് മുട്ട. മുട്ട കഴിക്കുമ്പോള്‍ കാത്സ്യവും പ്രോട്ടീനും ഉയര്‍ന്ന അളവില്‍ ലഭിക്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യൂഹങ്ങളുടെ പ്രവത്തനക്ഷമതയ്ക്കും സഹായിക്കുന്നു.

മുഴുധാന്യങ്ങൾ

ശരീരത്തിനാവശ്യമായ അന്നജവും കൊഴുപ്പും ലഭ്യമാക്കുന്നത് ധാന്യങ്ങളാണ്. ഓട്സ് ഗർഭിണികൾക്ക് ഒരു ഉത്തമ ആഹാരമാണ്. മഗ്നീഷ്യം, വിറ്റാമിൻ ബി കൂടാതെ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. ഗർഭിണികളുടെ പ്രധാന പ്രശ്നങ്ങളിലൊന്നായ മലബന്ധം തടയാൻ നാരുകളടങ്ങിയ ഈ ഭക്ഷണം സഹായിക്കും. ബ്ലഡ് പ്രഷർ കുറയ്ക്കാനും സഹായിക്കുന്നു.

പയർ വർഗ്ഗങ്ങൾ

പരിപ്പ്, പയർ, കടല, നിലക്കടല, തുടങ്ങി പല തരത്തിലുള്ള പയർ വർഗ്ഗങ്ങൾ ഉണ്ട്. ഇവയിൽ പ്രോട്ടീൻ, അയേൺ, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ വളർച്ചയ്ക്കും ഭാരം വർദ്ധിക്കാനും സഹായിക്കുന്നു.

പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും, എന്നാൽ പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ.

മീനുകൾ

ഗർഭിണിയുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാത്ത ഒരു വിഭവമാണ് മീൻ. വലിയ മീനുകളിൽ മെർകുറിയുടെ അളവ് കൂടുതലായിരിക്കും,  ചെറിയ മീനുകളിൽ താരതമ്യേന കുറവും. മെർക്കുറി ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പ്രത്യേകിച്ചും ഗര്ഭകാലത്ത് ചെറിയ മീനുകൾ കഴിക്കുകയാണ് നല്ലത്.

മത്തി, നത്തോലി, ചെമ്മീൻ, ചെറിയ അയല തുടങ്ങിയ ചെറു മീനുകൾ ഒഴിവാക്കരുത്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ്, കാൽസ്യം, വിറ്റാമിൻ D എന്നിവ അടങ്ങിയിരിക്കുന്നു.

അയക്കൂറ, സ്രാവ്, വലിയ ചൂര എന്നിങ്ങനെ വലിയ മീനുകളിൽ മെർക്കുറിയുടെ അളവ് കൂടുതൽ ആയതിനാൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ആഴ്ചയിൽ മൂന്നോ നാലോ ദിവസം മീൻ വിഭവങ്ങൾ കഴിക്കുന്നത് നല്ലതാണ്.

ഇറച്ചി

അയേൺ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ ഒരു വലിയ സ്രോതസ്സാണ് മാംസാഹാരങ്ങൾ. ചിക്കൻ, ബീഫ്, പോർക്ക്, മട്ടൻ ഇവയെല്ലാം മിതമായ അളവിൽ കഴിക്കാവുന്നതാണ്. ഗർഭിണിക്കും കുഞ്ഞിനുമുണ്ടാകുന്ന വിളർച്ച, കുഞ്ഞിന്റെ തൂക്കക്കുറവ് ഇവ പരിഹരിക്കാൻ അയേണും പ്രോട്ടീനും അനിവാര്യമാണ്.

ഇലക്കറികൾ

അയേൺ, വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ ഇലക്കറികളിലും സുലഭം. നാരുകൾ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം ഇല്ലാതാക്കുവാനും കഴിയുന്നു.

പഴങ്ങളും പച്ചക്കറികളും

ഗർഭിണികൾ കഴിക്കേണ്ട ആഹാരങ്ങൾ

വിറ്റാമിന് സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും, ധാതുക്കളും പ്രധാനം ചെയ്യുന്നതിൽ പഴങ്ങൾക്കും പച്ചക്കറികള്‍ക്കും ഉള്ള  സ്‌ഥാനം ചെറുതല്ല. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും, മലബന്ധം തടയുന്നതിനും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യം. കലോറിയും കൊഴുപ്പും കുറവായതിനാല്‍ ആവശ്യാനുസരണം കഴിക്കാവുന്നതാണ്.

മാങ്ങ, ആപ്പിൾ, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയവയിൽ വിറ്റാമിന് സി അടങ്ങിയിരിക്കുന്നു, ഇത് അയേൺ ആഗിരണം ചെയ്യപ്പെടാൻ സഹായിക്കുന്നു.

ഗർഭിണികളിലെ മസിൽ വേദന/ മസില്‍ കയറ്റം ഇവ കുറയ്ക്കാൻ പഴങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം സഹായിക്കുന്നു.

അവക്കാഡോയിൽ കൊഴുപ്പ് കൂടുതലാണ്. അതിനാൽ ഭാരക്കുറവുള്ളവർക്ക് കഴിക്കാന്‍ അനുയോജ്യമാണ് അവക്കാഡോ.

ഗര്‍ഭിണികള്‍ നെല്ലിക്ക കഴിച്ചാല്‍ ആറുണ്ട് ഗുണങ്ങള്‍

  • 100g നെല്ലിക്കയില്‍ 600g കാത്സ്യം അടങ്ങിയിട്ടുണ്ട്. പാലും പാല്‍ ഉല്പന്നങ്ങളും ഇഷ്ടമില്ലാത്തവര്‍ക്ക് കാത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നെല്ലിക്ക കഴിച്ചാല്‍ മതിയാകും.
  • ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക വഴി ഗര്‍ഭകാല പ്രമേഹം തടയാന്‍ സഹായിക്കുന്നു.
  • ബ്ലഡ്‌ പ്രെഷര്‍ നിയന്ത്രിക്കുന്നു.
  • കുഞ്ഞിന്‍റെ ബുദ്ധിവികാസത്തിനും, വിറ്റാമിന്‍ എ ധാരാളമായി ഉള്ളതിനാല്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
  • അയേണ്‍ ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ആണ് വിറ്റാമിന്‍ സി. ഇതിന്റെ കലവറയാണ് നെല്ലിക്ക.
  • ഗര്‍ഭകാലത്തെ നെല്ലിക്കയുടെ ഉപയോഗം കുഞ്ഞിന്‍റെ ശരീരത്തിലെ ബൈൽ പിഗ്മെന്റ്റ് നീക്കുകയും കുഞ്ഞിന് ജനന ശേഷമുണ്ടാകാറുള്ള മഞ്ഞ നിറം ഇല്ലാതാക്കുകയും ചെയ്യുന്നു.  

ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാല്‍ ?

എത്ര തന്നെ ഇഷ്ടമാണെങ്കിലും ഗര്‍ഭിണിയായിരിക്കുമ്പോള്‍ പപ്പായ കഴിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. ഗർഭം അലസിപ്പോകുക, നേരത്തെയുള്ള പ്രസവം, കുഞ്ഞിന് വൈകല്യമുണ്ടാകുക ഇതിനെല്ലാം ചിലപ്പോഴെങ്കിലും പഴികേട്ടിട്ടുള്ള ഒരു ഫലമാണ് പപ്പായ. നമ്മുടെ നാട്ടില്‍ സുലഭമായ ഈ പഴവര്‍ഗ്ഗത്തെ ഗര്‍ഭിണികള്‍ വര്‍ജ്ജിക്കേണ്ടതുണ്ടോ?

പച്ച പപ്പായയിൽ പപ്പൈൻ, ലാറ്റക്സ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഗർഭാശയ പേശികളുടെ സങ്കോചത്തിനു സഹായിക്കുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടാൻ പപ്പൈൻ കാരണമാകുന്നു. അതിനാൽ ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ പച്ചപപ്പായ ധാരാളമായി കഴിക്കുകയാണെങ്കിൽ ഗർഭം അലസിപ്പോകാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും ചെറിയ അളവിൽ കറികളായി ഉപയോഗിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ നന്നായി പഴുത്ത പപ്പായ എല്ലാവർക്കുമെന്നപോലെ ഗർഭിണികൾക്കും നിത്യേനെ കഴിക്കാവുന്ന ഒരു ഫലമാണ്.

ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിങ്ങനെ നമുക്കാവശ്യമായ മിക്ക പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

പൈനാപ്പിൾ വില്ലനോ?

പപ്പായയെ പോലെ ഗർഭിണികൾ അകറ്റി നിറുത്തുന്ന മറ്റൊരു ഫലമാണ് പൈനാപ്പിൾ, കരണമെന്തായിരിക്കാം?

വിറ്റാമിൻ സി, മഗ്നീഷ്യം, മംഗനീസ്‌, വിറ്റാമിൻ ബി 6, ഫോളേറ്റ് എന്നിങ്ങനെ ധാരാളം പോഷകങ്ങൾ അടങ്ങിയ പൈനാപ്പിളിൽ ബ്രോമിലിൻ എന്ന എൻസൈം കൂടി ഉണ്ട്. ഇത് ഗർഭം അലസിപ്പോകാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെയില്ല.

പോഷകമൂല്യം ധാരാളമുള്ള പൈനാപ്പിൾ ഇഷ്ടമുള്ളവരാണെങ്കിൽ മിതമായ അളവിൽ കഴിക്കാവുന്നതാണ്.

സ്‌ഥിരമായി ഒരേ പഴവർഗ്ഗം കഴിക്കാതെ പല നിറത്തിലും രുചിയിലുമുള്ള പഴങ്ങൾ മാറി മാറി കഴിക്കുക.

ഉണക്കിയ പഴങ്ങള്‍ (dried fruits)

ഗർഭകാല ഭക്ഷണം

ഉണങ്ങിയ പഴങ്ങളിൽ കലോറി കൂടുതലാണ്, ഇവ ചെറിയ അളവിൽ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കുഞ്ഞിന്റെ ഭാരം കൂടാനും ബുദ്ധിവളര്‍ച്ചയ്ക്കും ഇവ സഹായിക്കുന്നു. കശുവണ്ടി, ബദാം, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിങ്ങനെ രുചികരവും പോഷകസമ്പുഷ്ടവുമായ ഡ്രൈ ഫ്രൂട്സ് ഗര്‍ഭകാലത്ത് ഒഴിവാക്കരുത്.

Related Links:

ഗർഭിണികൾ ഇവരെ സൂക്ഷിക്കുക

നിങ്ങളുടെ പൊന്നോമന പൂര്‍ണ്ണ ആരോഗ്യവാനായിരിക്കണമെങ്കില്‍ നിങ്ങളുടെ ചില ഇഷ്ട ഭക്ഷണങ്ങള്‍ താത്കാലികമായി ഒഴിവാക്കേണ്ടതാണ്.

ഗർഭിണികൾ ഒഴിവാക്കേണ്ടതും പരിമിതപ്പെടുത്തേണ്ടതുമായ ആഹാരങ്ങൾ ഏതെല്ലാം?

  • മെർക്കുറി അടങ്ങിയ മൽസ്യങ്ങൾ: വലിയ മീനുകളിൽ മെർക്കുറിയുടെ അളവ് കൂടുതൽ ആയതിനാൽ അവ ഒഴിവാക്കുക.
  • നന്നായിപാകം ചെയ്യാത്ത ഇറച്ചി, മീന്‍, മുട്ട: മംസാഹാരങ്ങളില്‍ കണ്ടുവരാറുള്ള E coli, salmonella, തുടങ്ങിയ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും അമ്മയ്ക്കും കുഞ്ഞിനും ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. അതിനാൽ ഇവ പാകം ചെയ്യാതെ ഉപയോഗിക്കരുത്.
  • മദ്യം: ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ മദ്യം ഒഴിവാക്കേണ്ടതാണ്. മദ്യപാനം കുഞ്ഞിന്‍റെ തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞിന് ആല്‍കഹോളിക് സിന്‍ഡ്രോം വരാനും, ഗര്‍ഭം അലസിപ്പോകാനും സാധ്യതയുണ്ട്. ബുദ്ധിമാന്ദ്യം, ഹൃദയത്തകരാറുകൾ, പഠന വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. ആല്‍ക്കഹോളിന്റെ അളവ് കുറഞ്ഞ ബിയർ, വൈൻ പോലെയുള്ള പാനീയങ്ങളും അപകടമാണ്.
  • ജങ്ക് ഫുഡ്സ്:  കടയില്‍ നിന്നും പാക്കറ്റുകളിലും കാനുകളിലും ലഭിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്. ഇതില്‍ പോഷകങ്ങള്‍ നന്നേ കുറവും കലോറി കൂടുതലുമാണ്. ഇത് നിങ്ങളെ അമിത വണ്ണമുള്ളവരാക്കി തീര്‍ക്കുന്നു.
  • കഫീന്‍: ചായ, കാപ്പി, കോള, എനര്‍ജി ഡ്രിങ്ക്സ് ഇവയിലെല്ലാം കഫീന്‍ അടങ്ങിയിരിക്കുന്നു. ഗർഭിണികളിൽ അസിഡിറ്റി ഉണ്ടാകുന്നതിനും കുഞ്ഞിന്റെ തൂക്കക്കുറവിനും ഇത് കാരണമാകുന്നു. ഒരു ദിവസം 200mg ല്‍ കൂടുതല്‍ കഫീന്‍ കഴിക്കരുത്. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
  • മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ഗുണമേന്മയുള്ളവയാണ്. എന്നാല്‍ ഗര്‍ഭിണികള്‍ അവ പാകം ചെയ്യാതെ കഴിക്കരുത്.
  • ലിവര്‍ മീറ്റ് ഒഴിവാക്കുക. ഇതില്‍ വിറ്റാമിന്‍ എ കൂടുതലായി കാണപ്പെടുന്നു
  • പാല്‍, ചീസ്, ജ്യൂസ് എന്നിവ കടകളിൽ നിന്നും വാങ്ങിക്കുമ്പോൾ പാസ്ചറൈസ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണം.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
  • പാക്കറ്റിൽ ലഭിക്കുന്ന സാലഡുകൾ വേണ്ട, വീട്ടിൽ അപ്പപ്പോൾ ഉണ്ടാക്കി കഴിക്കാം.
  • ചൈനീസ് ഫുഡിൽ അജിനോമോട്ടോ ഉപയോഗിക്കാറുണ്ട് ഇത് കുഞ്ഞിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗർഭിണികൾ അവ കഴിക്കാതിരിക്കുകയാണ് നല്ലത്.

Related Links:

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് ഗർഭകാലം. ചിട്ടയായ ജീവിതം നയിക്കേണ്ട കാലം. കുഞ്ഞിന് വേണ്ട പോഷകങ്ങളും സംരക്ഷണവും തന്നിലൂടെ നൽകുക എന്നുള്ള കടമ ഭംഗിയായി നിറവേറ്റപ്പെടാൻ സമീകൃതാഹാരങ്ങൾ അടങ്ങിയ ഒരു ഭക്ഷണ രീതിയിലേക്ക് മാറുക. ഇഷ്ടക്കൂടുതലോ ഇഷ്ടക്കുറവോ കാണിക്കാതെ എല്ലാം മിതമായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ?

1 thought on “ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും”

Leave a Comment

Your email address will not be published. Required fields are marked *