Mkutti

ovulation ഓവുലേഷനും ഗർഭാധാരണവും

ഓവുലേഷനും ഗർഭാധാരണവും; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

ജനനം മുതൽ യവ്വനം വരെയുള്ള കാലഘട്ടത്തിൽ സ്ത്രീ ശരീരത്തിലുണ്ടാകുന്ന വളർച്ചയുടെ മാറ്റങ്ങൾ അനവധിയാണ്. ക്രമമായ ആർത്തവവും അതിനൊപ്പം നടക്കുന്ന അണ്ഡോല്പാദനവും അണ്ഡവിസർജ്ജനവുമാണ് (ovulation) ഒരു സ്ത്രീയുടെ പ്രത്യുല്പാദന പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത്. പ്രായപൂർത്തിയായ ആരോഗ്യപൂർണ്ണമായ സ്ത്രീ ശരീര ലക്ഷണമാണ് ആർത്തവം. അമിത വണ്ണം, PCOS, തൈറോയ്ഡ് രോഗങ്ങൾ, ജീവിത ശൈലി ഇവയെല്ലാം ആർത്തവക്രമക്കേടുകൾക്ക് കാരണമാകാം. സ്ത്രീകളുടെ വന്ധ്യതയിൽ 30-40% ആളുകളിലും പ്രധാന കാരണം എന്നുപറയുന്നത് ക്രമം തെറ്റിയ ആർത്തവവും അണ്ഡവിസർജ്ജനത്തിലെ അപാകതകളുമാണ്.

ആർത്തവത്തിലും ഓവുലേഷനിലും ക്രമക്കേടുകൾ ഉണ്ടായാൽ എന്ത് സംഭവിക്കും?

ഓവുലേഷനും ഗർഭാധാരണവും എപ്പോഴാണ് നടക്കുന്നതെന്ന് മനസിലാക്കാൻ കഴിയുമോ?

ഗർഭധാരണത്തിന് ഏറ്റവും ഉത്തമമായ സമയം ഏതാണ്?

ഗർഭത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ എന്തൊക്കെ?

തുടർന്ന് വായിക്കൂ….

അണ്ഡോല്പാദനവും അണ്ഡവിസർജ്ജനവും(ovulation)

കൃത്യമായ ആർത്തവ ചക്രമുള്ള സ്ത്രീകളിൽ എല്ലാ മാസവും നടക്കുന്ന പ്രക്രിയയാണ് അണ്ഡോല്പാദനവും അണ്ഡവിസർജ്ജനവും.  ആർത്തവത്തിന്റെ ആരംഭത്തിൽ  അണ്ഡത്തെ വഹിക്കുന്ന ഒരു നിശ്ചിതശതമാനം ഫോളിക്കിളുകൾ അണ്ഡാശയത്തിൽ വളർന്നു തുടങ്ങുന്നു. ഈസ്ട്രജൻ, LH, FSH എന്നീ ഹോർമോണുകൾ ഫോളിക്കിളുകളുടെ വളർച്ചയെ സ്വാധീനിക്കുന്നു. കുറച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ  ഒരു ഫോളിക്കിൾ മാത്രം കൂടുതൽ വളരുകയും മറ്റുള്ളവ നശിച്ചു പോകുകയും ചെയ്യുന്നു. മൂപ്പെത്തിയ ഈ അണ്ഡം പുറന്തള്ളപ്പെടുന്നു. ആർത്തവം തുടങ്ങിയത് മുതൽ അണ്ഡം പുറന്തള്ളുന്നതുവരെയുള്ള ഘട്ടത്തെ ഫോളിക്കുലാർ ഘട്ടം (follicular phase) എന്നും അണ്ഡവിസർജ്ജനം മുതൽ അടുത്ത ആർത്തവം ആരംഭിക്കുന്നതുവരെയുള്ള ഘട്ടത്തെ ലൂട്ടിയൽ ഘട്ടം (luteal phase) എന്നും പറയുന്നു.

സാധാരണയായി 28 ദിവസം നീളുന്ന ആർത്തവ ചക്രമുള്ള സ്ത്രീകളിൽ ഈ രണ്ടു ഘട്ടങ്ങൾക്കും ഒരേ കാലയളവാണ്. ഇവരിൽ 14 ദിവസം ആകുമ്പോൾ അണ്ഡവിസർജ്ജനം നടക്കുന്നു. ഇതിന് ബീജവുമായി സംയോജിക്കാൻ അവസരം ലഭിക്കുമ്പോൾ ഗർഭധാരണം നടക്കുന്നു, അല്ലാത്ത പക്ഷം അടുത്ത 14 ദിവസങ്ങൾക്കുശേഷം വീണ്ടും ആർത്തവം ആരംഭിക്കുന്നു.

ആർത്തവ ക്രമക്കേടുള്ളവരിൽ എല്ലാ മാസവും ഓവുലേഷൻ നടക്കണമെന്നില്ല,  ചിലപ്പോൾ പതിനാലാം ദിവസം തന്നെ അണ്ഡവിസർജ്ജനം നടക്കണമെന്നില്ല, അത് കുറച്ച് നീണ്ടുപോയേക്കാം. ഇങ്ങനെയുള്ളവരിൽ ഫോളിക്കുലാർ ഘട്ടത്തിന്റെ ദൈർഘ്യം കൂടുന്നു, എന്നാൽ ലൂട്ടിയൽ ഘട്ടത്തിൽ മാറ്റമുണ്ടാകുന്നില്ല, അത് പതിനാലു ദിവസം തന്നെയായിരിക്കും.  

ആർത്തവത്തിന്റെ ആരംഭഘട്ടത്തിലെ ആദ്യ വർഷങ്ങൾ, ആർത്തവ വിരാമത്തോടനുബന്ധിച്ച്, ഗർഭിണിയായിരിക്കുമ്പോൾ, പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലം, ഹോർമോണുകളുടെ അളവിലും പ്രവർത്തനത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ ഇത്തരം സാഹചര്യങ്ങലളൊഴികെ എല്ലാ മാസങ്ങളിലും അണ്ഡോൽപ്പാദനം നടക്കുന്നു.

ഒരു ആർത്തവചക്രത്തിൽ ഒരു തവണ മാത്രമേ ഓവുലേഷൻ നടക്കുന്നുള്ളൂ. ഇങ്ങനെ പുറന്തള്ളപ്പെടുന്ന അണ്ഡം കൂടിയാൽ 48 മണിക്കൂർ വരെ മാത്രമേ ജീവനോടെ ഉണ്ടാകൂ. എന്നാൽ ആ സമയത്ത് മാത്രമേ ഗർഭധാരണം നടക്കൂ എന്ന് ധരിക്കരുത്. പുരുഷ ബീജത്തിന് അഞ്ചു ദിവസം വരെ ആയുസ്സുണ്ട്. അതിനാൽ ഓവുലേഷന് തൊട്ടുമുൻപുള്ള അഞ്ചു ദിവസങ്ങളിലെ ലൈംഗിക ബന്ധം ഗർഭധാരണത്തിൽ എത്തിച്ചേരാം. അതുകൊണ്ടുതന്നെ ഗർഭധാരണം ആഗ്രഹിക്കുന്നവരും ഗർഭനിരോധനം ആഗ്രഹിക്കുന്നവരും അവരുടെ ഓവുലേഷൻ കാലം കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

ഓവുലേഷൻ ലക്ഷണങ്ങൾ

സാധാരണയായി സ്ത്രീകളിൽ 28 ദിവസങ്ങളാണ് ആർത്തവചക്രത്തിന്റെ കാലയളവ്. എന്നാൽ ചിലരിൽ ഇത് കൂടിയും കുറഞ്ഞും കാണുന്നു. 26 മുതൽ 31 ദിവസങ്ങൾ നീളുന്ന ആർത്തവചക്രം സാധാരണമായി കണക്കാക്കുന്നു. എന്നാൽ ഓവുലേഷൻ നടക്കുന്നത്തിൽ ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസം വരുമെന്നു മാത്രം. 21 ദിവസത്തിൽ കുറയുകയോ 35 ദിവസത്തിൽ കൂടുകയോ ചെയ്യുമ്പോൾ ആർത്തവ ക്രമക്കേടുകൾ ഉണ്ടെന്നു പറയാം. ഇത്തരം അവസ്ഥയെ അഭിമുഖീകരിക്കുന്നവർക്ക് അവരുടെ ഓവുലേഷൻ ദിനം കണക്കാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഓവുലേഷൻ സമയത്ത് നിങ്ങളുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളിൽ നിന്നും ഓവുലേഷൻ നടക്കുന്നത് എപ്പോഴാണെന്ന് മനസിലാക്കാൻ സാധിച്ചേക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

1. ശരീരോഷ്മാവ് വർദ്ധിക്കുന്നു

ശരീരത്തിന്റെ അടിസ്ഥാന താപനിലയാണ് BBT (basal body temperature). രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതിനു മുൻപായി തെർമോമീറ്റർ ഉപയോഗിച്ച് ശരീര താപനില അളക്കുന്നു.

ഹോർമോണിന്റെ അളവിൽ വരുന്ന വ്യത്യാസങ്ങൾ, അസുഖങ്ങൾ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയെല്ലാം ശരീരതാപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ ശരീരതാപനിലയെ മാത്രം  അടിസ്ഥാനമാക്കി ഓവുലേഷൻ പീരിയഡ് കണക്കാക്കുക സാധ്യമല്ല.

2. ഓവുലേഷൻ കിറ്റ്

ഗർഭ പരിശോധനപോലെ അണ്ഡോല്പാദനം എപ്പോൾ നടക്കും എന്നുള്ളതും വീട്ടിൽ നിന്ന് തന്നെ പരിശോധിച്ചറിയാം. ഇതിനു സഹായിക്കുന്ന അണ്ഡോല്പാദന പരിശോധന കിറ്റ് ലഭ്യമാണ്. ലൂട്ടിനൈസിംഗ് ഹോർമോൺ (LH) ന്റെ സാന്നിധ്യമാണ് ഈ ടെസ്റ്റിലൂടെ മനസിലാക്കാൻ കഴിയുക. അണ്ഡവിസർജ്ജനത്തിനു തൊട്ടു മുൻപായി ലൂട്ടിയൽ ഹോർമോണിന്റെ അളവിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനയാണ് ലൂട്ടിയൽ സർജ് എന്ന് പറയുന്നത്. പരിശോധനയിൽ ലൈൻ തെളിഞ്ഞു കാണുകയാണെങ്കിൽ ലയൂട്ടിയൽ സർജ് നടന്നു എന്ന് മനസിലാക്കാം. 36 മണിക്കൂറിനകം ഓവുലേഷൻ നടക്കുമെന്ന് ഉറപ്പിക്കാം.

ഓവുലേഷൻ കിറ്റ് കൂടാതെ ഉമിനീർ പരിശോധന വഴിയും രക്തപരിശോധനയിലൂടെയും ഓവുലേഷൻ തിരിച്ചറിയാം. ഉമിനീർ പരിശോധനയിൽ ഈസ്ട്രജൻ ഹോർമോണും രക്തപരിശോധനയിൽ പ്രോജെസ്റ്റീറോൺ ഹോർമോണുമാണ് സഹായിക്കുന്നത്.

ഓവുലേഷൻ കിറ്റ് എങ്ങനെ ഉപയോഗിക്കാം?

പ്രെഗ്നൻസി ടെസ്റ്റ് ചെയ്യുന്നതിന് സമാനമായ ഒരു ടെസ്റ്റ് കിറ്റ് ആണിത്. ഒരു സാമ്പിൾ ഡ്രോപ്പറും ഒരു ടെസ്റ്റ് ഡിവൈസും ഇതിൽ ഉണ്ടാകും. ടെസ്റ്റ് ഡിവൈസിന്റെ ഇടതുഭാഗത്തതായി കാണുന്ന സാമ്പിൾ സ്ലോട്ടിൽ മൂന്നു തുള്ളി യൂറിൻ ഡ്രോപ്പ് ചെയ്യുക. അഞ്ചു മിനിറ്റിനുള്ളിൽ കൺട്രോൾ ലൈനും (C ) ടെസ്റ്റ് ലൈനും (L) തെളിഞ്ഞു വരികയാണെങ്കിൽ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് പറയാം.

പ്രെഗ്നൻസി ടെസ്റ്റിനായി അതിരാവിലെയുള്ള യൂറിൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ, ഓവുലേഷൻ ടെസ്റ്റിന് രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയുള്ള യൂറിൻ ഉപയോഗിക്കാവുന്നതാണ്.

ക്രമം തെറ്റിയ ആർത്തവ ചക്രം ഉള്ളവരിൽ എപ്പോഴാണ് ഓവുലേഷൻ ടെസ്റ്റ് ചെയ്യേണ്ടത്?

ഇതിനായി തുടർച്ചയായ മൂന്നു മാസങ്ങളിലെ ആർത്തവ ചക്രത്തിങ്ങളുടെ ദൈർഘ്യം കണക്കാക്കുക. അതു മൂന്നും കൂട്ടിയശേഷം അതിന്റെ ശരാശരി എടുക്കുക. ഇതിൽ നിന്നും 16 കുറച്ചു കിട്ടുന്ന ദിവസം മുതൽ ഓവുലേഷൻ ടെസ്റ്റ് ചെയ്തു തുടങ്ങുക.

ഉദാഹരണമായി, ഒരു വ്യക്തിയുടെ അടുത്തടുത്ത മൂന്ന് മാസങ്ങളിലെ ആർത്തവചക്രങ്ങളുടെ ദൈർഘ്യം 32, 34, 36 എന്നിങ്ങനെ ആണെങ്കിൽ,
32+34+36 = 102
102/ 3 = 34
34-16=18
ആർത്തവം ആരംഭിച്ച് പതിനെട്ടാം ദിവസം മുതൽ ഓവുലേഷൻ ടെസ്റ്റ് ചെയ്യാം.

3. സെർവിക്കൽ മ്യുക്കസ്

ഓവുലേഷൻ പിരീഡ് കണക്കാക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്. ഹോർമോണുകളുടെ അളവിൽ വരുന്ന വ്യതിയാനങ്ങൾ മൂലം ആർത്തവ ചക്രത്തിലുടനീളം സെർവിക്കൽ മ്യുകസിന്റെ അളവിലും ഘടനയിലും വ്യത്യാസമുണ്ടാകും. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ഓവുലേഷൻ സമയവും ഗർഭധാരണ സാധ്യതയും അറിയാൻ സാധിക്കും, എന്നാൽ തുടർച്ചയായ 3 മാസങ്ങളിലെങ്കിലും നിരീക്ഷിക്കണം എന്നുമാത്രം. സെർവിക്കൽ മ്യുക്കസ് മുട്ടയുടെ വെള്ള പോലെ കാണപ്പെടുകയും നന്നായി വലിഞ്ഞു നിൽക്കുകയും ചെയ്യുകയാണെങ്കിൽ ഓവുലേഷൻ അടുത്തു  എന്ന് മനസിലാക്കാം.

ഓവുലേഷൻ നടക്കുകയാണെങ്കിൽ പോലും ചിലരിൽ സെർവിക്കൽ മ്യുകസ് കാണണമെന്നില്ല. ഇതിന് കാരണങ്ങൾ പലതാണ്. വജൈനയിലെ അണുബാധ, വജൈനൽ വാഷിന്റെ ഉപയോഗം, അലർജിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ (anti histamin), തുടങ്ങി ഒട്ടനവധി പ്രതികൂല കാരണങ്ങൾ ഉണ്ട്. അതിനാൽ എല്ലാവരിലും ഈ മാർഗ്ഗം വിജയകരമാകണമെന്നില്ല.

4. ഫോളിക്കുലാർ സ്റ്റഡി

ആർത്തവം കഴിഞ്ഞ് ഒൻപതാം ദിവസം മുതൽ ഒന്നിടവിട്ടുള്ള ദിനങ്ങളിൽ സ്കാൻ ചെയ്ത് ഫോളിക്കിളിന്റെ വളർച്ച നിരീക്ഷിക്കുന്നു. ഓവുലേഷൻ നടക്കുന്നതുവരെ ഇത് തുടരുന്നു.

5. ആർത്തവ ചക്രം ക്രമപ്പെടുത്താം

നിങ്ങളുടെ ആർത്തവ ക്രമക്കേടിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികില്സിക്കുക. ആർത്തവ ക്രമക്കേട് ഇല്ലെങ്കിൽ ഓവുലേഷൻ കൃത്യമായി കണക്കാക്കാമല്ലോ!

related Links:

ഗർഭത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ

pregnancy test
  • ആർത്തവം ഇല്ലാതാകുന്നു.

ഓവുലേഷൻ കഴിഞ്ഞു ബീജ സംയോജനം നടക്കാതെ  അണ്ഡം നശിച്ചു പോകുന്ന  അവസരത്തിൽ പ്രോജെസ്റ്റീറോൺ ഹോർമോണിന്റെ അളവ് പെട്ടെന്ന് കുറയുന്നു, ആർത്തവം ആരംഭിക്കുന്നു. ഓവുലേഷൻ നടന്നത്തിനു ശേഷം ബീജം അണ്ഡവുമായി സംയോജിക്കപ്പെടുകയാണെങ്കിൽ അത് പിന്നീട് ഭ്രൂണമായി മാറുന്നു. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ പ്രോജെസ്റ്റെറോൺ ഹോർമോണിന്റെ അളവ് കുറയുന്നില്ല, ആർത്തവം ഉണ്ടാകുന്നില്ല.

ഗർഭധാരണത്തിന്റെ ആദ്യ മാസങ്ങളിൽ ഓക്കാനവും ചർദ്ധിയും ഉണ്ടാകുക പതിവാണ്. ചിലർക്ക് ചെറിയതോതിൽ മാത്രമേ ഉണ്ടാകുന്നുള്ളൂ, എന്നാൽ മറ്റു ചിലരിൽ ഗർഭവസ്ഥയിലുടനീളം ഇതുണ്ടാകുന്നു. hCG ഹോർമോണിന്റെ അളവിലുണ്ടാകുന്ന വർദ്ധനയാണ് ഇതിനു കാരണമാകുന്നത്.

  • ഭക്ഷണത്തോടുള്ള വിരക്തി

വളരെ ഇഷ്ടമുള്ള ഭക്ഷണത്തോട് പോലും ഇഷ്ടക്കുറവ് തോന്നാം. ചില ഭക്ഷണങ്ങളുടെ മണം, രുചി ഒന്നും ഇഷ്ടപ്പെടാതെ വരാം. ഇതിനെല്ലാം കാരണം  ബീറ്റാ hCG  എന്ന ഹോർമോണിന്റെ ഉത്പാദനത്തിലുണ്ടാകുന്ന വർദ്ധനവാണ്.

  • ശരീരോഷ്മാവ് വർദ്ധിക്കുന്നു.

ഗർഭം ധരിച്ച് കഴിഞ്ഞാൽ ശരീരത്തിൽ പ്രോജെസ്റ്റീറോണിന്റെ  അളവ് കൂടുതലായിരിക്കും. ഇത് ഒരു തെർമോജനിക് ഹോർമോൺ ആണ് അതിനാൽ ശരീര താപനില വർദ്ധിക്കുന്നു.

  • ഇടയ്ക്കിടെ മൂത്രമൊഴിക്കുക (frequent urination)

ഗർഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നാറുണ്ട്. കാരണം എന്തായിരിക്കാം?

ഗർഭപാത്രം വികസിച്ച് വരുമ്പോൾ അത് മൂത്രസഞ്ചിക്കു മുകളിൽ ചെലുത്തുന്ന മർദ്ദം കാരണം മൂത്രസഞ്ചിക്ക് അതിന്റെ പരമാവധി യൂറിൻ ശേഖരിക്കാൻ കഴിയാതെ വരുന്നു. ചെറിയ അളവിൽ യൂറിൻ എത്തിച്ചെരുമ്പോൾ തന്നെ മൂത്രശങ്ക തോന്നുന്നു.

  • മലബന്ധം

ഭക്ഷണത്തോടുള്ള ഇഷ്ടക്കുറവ്, ഓക്കാനം, ഛർദ്ദി ഇവയെല്ലാം കഴിക്കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അളവ് കുറയ്ക്കുന്നു ഇത് മലബന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ ഗർഭകാലത്ത് കൂടിയ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്ന പ്രോജെസ്റ്റീറോൺ എന്ന ഹോർമോൺ കുടലിന്റെ പെരിസ്‌റ്റേഴ്‌സിസ് (Peristalsis) ചലനത്തെ കുറയ്ക്കുന്നതും മലബന്ധം ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ്.

  • അടിവയറ്റിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന

ഭ്രൂണം വളരുന്നതിനനുസരിച്ച് ഗർഭപാത്രം വികസിക്കുമ്പോൾ ഗർഭാശയ പേശികൾക്കുണ്ടാകുന്ന വലിവ് വേദനയ്ക്ക് കാരണമാകുന്നു.

  • സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

സ്തനങ്ങളിൽ വേദന അനുഭവപ്പെടുന്നു. സ്തനങ്ങൾ വലുപ്പം വെക്കുന്നതായും നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം വലുതാവുകയും ഇരുണ്ട നിറമാകുകയും ചെയ്യുന്നതും കാണാം.

  • അമിതമായ ക്ഷീണം.

ഉത്സാഹമില്ലായ്മ, ഇപ്പോഴും കിടക്കണം എന്ന് തോന്നുക.

  • മൂഡ് സ്വിങ്സ്

പെട്ടെന്ന് ദേഷ്യം, സങ്കടം, കരച്ചിൽ എന്നിങ്ങനെ ഉണ്ടാകുക. ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിനു കാരണം.

  • ഇടയ്ക്കിടെയുള്ള തലവേദന.
  • നടുവേദന.
  • ഉമിനീരിന്റെ അളവ് കൂടുന്നു.
  • സെർവിക്കൽ മ്യൂക്കസിന്റെ അളവും കട്ടിയും കൂടുന്നു.

Related Links:

ഗർഭധാരണത്തിന് ആർത്തവവും തുടർന്നുള്ള ഓവുലേഷനും പ്രധാനം തന്നെയാണ്. ക്രമമായുള്ള ആർത്തവവും ഓവുലേഷനും ഗർഭധാരണം എളുപ്പമാക്കുമ്പോൾ ക്രമം തെറ്റിയ ആർത്തവം മൂലം ഓവുലേഷൻ എപ്പോൾ നടക്കുമെന്നറിയാതെ വിഷമിക്കുന്ന ഒത്തിരിപ്പേരുണ്ട്. നിങ്ങളുടെ ആർത്തവ ചക്രത്തെ കൃത്യമായി നിരീക്ഷിക്കുകയാണെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ നിന്നും ഓവുലേഷൻ സമയം മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതെങ്കിലും ഒരു ലക്ഷണത്തെ മാത്രം വിലയിരുത്താതെ  ഒന്നിലധികം ലക്ഷണങ്ങളിലൂടെ നിങ്ങൾക്ക് അത് കണ്ടെത്താം. അല്ലാത്ത പക്ഷം ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി ഡോക്ടറുടെ ഉപദേശം തേടുക. ഗർഭാവസ്ഥയുടെ പ്രാരംഭഘട്ടത്തിലും ശരീരം നിരവധി സൂചനകൾ നൽകുന്നുണ്ട്. ഇതിൽ ഒന്നിലധികം ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഗർഭിണിയാണെന്നതിന്റെ സൂചനയായി കണക്കാക്കാം. വീട്ടിൽ വച്ചു  തന്നെ ഗർഭ പരിശോധന കിറ്റ് (Pregnancy test) ഉപയോഗിച്ച് സംശയ നിവാരണം നടത്താവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *