Mkutti

Diabetes during pregnancy

ഗര്‍ഭകാല പ്രമേഹം കാരണവും പരിഹാരങ്ങളും

ഫാസ്റ്റ് ഫുഡ് , ശീതളപാനീയങ്ങൾ , വറുത്തതും പൊരിച്ചതും, മധുരപലഹാരങ്ങൾ ഇതൊന്നുമില്ലാതെ ഒരു ദിവസം കഴിയാൻ ആകുമോ? എങ്ങനെ സാധിക്കും അല്ലെ, നമ്മുടെ നിത്യ ജീവിതത്തിലെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നവയല്ലേ ഇതെല്ലാം.

എന്നാൽ ഇതൊക്കെയായിരുന്നോ നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾ? ഈ രീതിയാണോ നമ്മൾ പിന്തുടരേണ്ടത്?

കാലം മാറി, ഭക്ഷണത്തിലും ഭക്ഷണക്രമത്തിലും കാതലായ മാറ്റം വന്നു. എന്നാൽ നമ്മുടെ അനാരോഗ്യകരമായ ആഹാരക്രമം എത്രത്തോളം അപകടമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നമുക്ക് ഏറെ പരിചിതമായ ഒരു ജീവിതശൈലീരോഗമാണ് പ്രമേഹം. ഭക്ഷണവും വ്യായാമവും നമ്മുടെ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു മനസിലാക്കിത്തരാന്‍ ഇതിലും നല്ലൊരു ഉദാഹരണം വേറെയില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.  ഇതിൽ കൂടുതലും സ്ത്രീകളാണ് എന്നുള്ളത് മറ്റൊരു സത്യം.  ഗർഭകാലത്തെ പ്രമേഹം (Diabetes during pregnancy) ആണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിയന്ത്രണ വിധേയമല്ലാത്ത ഗർഭകാല പ്രമേഹം കുഞ്ഞിനെ വളരെ ദോഷകരമായി ബാധിക്കുന്നു. പ്രമേഹം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.

ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഗര്‍ഭകാല പ്രമേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

എന്താണ് പ്രമേഹം (diabetes) ?

നമുക്ക് പ്രവർത്തിക്കാനായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. ദഹന പ്രക്രിയയിലൂടെ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന അന്നജം ഗ്ലുക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലുക്കോസ് ഊർജ്ജോത്പാദനത്തിനായി ഉപയോഗിക്കപ്പെടണമെങ്കിൽ അവ ശരീര കോശങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്.

രക്തത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടുമ്പോൾ (ഹൈപ്പെർഗ്ലൈസീമിയ) അധികമായി വരുന്ന ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ ആക്കി കരളിലും പേശികളിലും സംഭരിച്ചു വെക്കുന്ന പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതും ഇന്സുലിൻ ആണ്. പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാങർ ഹാൻസിലെ ബീറ്റാ കോശങ്ങളാണ് ഇന്സുലിൻ ഉല്പാദിപ്പിക്കുന്നത്. ഇൻസുലിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇൻസുലിൻ അളവ് കുറയുമ്പോൾ സ്വാഭാവികമായും ശരീര കലകളിലേക്കുള്ള ഗ്ലുക്കോസിന്റെ ആഗിരണം കുറയുകയും രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ആഹാരത്തിനു മുന്‍പ് 100 mg/dl ൽ താഴെയും ആഹാരത്തിനു ശേഷം 140mg/dl ൽ താഴെയുമാണ് രക്തത്തിലെ ഗ്ലുകോസിന്റെ സാധാരണ നില.

ബ്ലഡ് ഗ്ലുക്കോസ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ മൂത്രത്തിൽ ഗ്ലുക്കോസ് സാന്നിധ്യം കണ്ടു തുടങ്ങും. ഈ അവസ്ഥയാണ് പ്രമേഹം (diabetes). ഇടക്കിടെ മൂത്രഒഴിക്കൽ, കൂടിയ ദാഹം, വിശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

പ്രമേഹം പ്രധാനമായും 3 തരത്തിൽ – ടൈപ്പ് 1, ടൈപ്പ് 2 , ജെസ്റ്റേഷണൽ ഡയബെറ്റിസ്

ടൈപ്പ് 1 പ്രമേഹം:

പാൻക്രിയാസ് ആവശ്യമായ ഇൻസുലിൻ ഉല്പാദിപ്പിക്കാത്ത അവസ്‌ഥ. ഇത് കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കണ്ടു വരുന്നത്. ഏകദേശം 5 – 10% ആളുകൾക്ക് ടൈപ്പ് 1 പ്രമേഹമാണുള്ളത്. ഇൻസുലിൻ എടുക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഒരേയൊരു പരിഹാരം.

ടൈപ്പ് 2  പ്രമേഹം:

ഇൻസുലിൻ വേണ്ട രീതിയിൽ ഉപയോഗിക്കപ്പെടാത്തതിനാൽ ബ്ലഡ് ഗ്ലുക്കോസ് ഉയരുന്നു. 90 – 95 % ആളുകൾക്കും ടൈപ്പ് 2 പ്രമേഹമാണുള്ളത്. ജീവിതചര്യയിൽ കൊണ്ടുവരുന്ന മാറ്റത്തിലൂടെ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാം.

ജെസ്റ്റേഷണൽ ഡയബെറ്റിസ്: ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം.

എന്താണ് ഗർഭകാലത്തെ പ്രമേഹം (diabetes during pregnancy)?

ഗർഭകാലത്തെ സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങളുടെ മുഖ്യ കാരണമാണ് പ്രമേഹം. ഗർഭകാല പ്രമേഹം രണ്ടുതരത്തിലാണുള്ളത്. ഒന്നാമതായി ഗർഭിണിയാകുന്നതിനു മുൻപ് തന്നെ പ്രമേഹ ബാധിതയാവുക. രണ്ടാമതായി ഗർഭം ധരിച്ച ശേഷം ഉണ്ടാകുന്ന പ്രമേഹം (Gestational diabetes mellitus).

ഗര്‍ഭധാരണത്തിന് മുമ്പുള്ള പ്രമേഹം

പ്രമേഹ ബാധിതയായ ഒരു സ്ത്രീ ഗർഭിണിയാവുകയാണെങ്കിൽ അത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അങ്ങനെയുള്ളവർ പ്രമേഹം നിയന്ത്രണ വിധേയമാക്കിയ ശേഷം ഗർഭം ധരിക്കുകയാണ് ഉചിതം. എന്നാൽ പലരും ഗർഭാവസ്‌ഥയിലാണ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതും പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതും. അതുകൊണ്ടു തന്നെ ഗർഭിണിയാകുന്നതിനു മുൻപാണോ ശേഷമാണോ പ്രമേഹം തുടങ്ങിയതെന്ന് സംശയം ഉണ്ടാകാം. ഈ സംശയം ദുരീകരിക്കുന്നതിനുള്ള ഒരു രക്ത പരിശോധനയാണ് HbA1c ടെസ്റ്റ്.  പരിശോധനാഫലം <6 % ആണെങ്കിൽ ഷുഗർ നിയന്ത്രണ വിധേയമാണ്. 6 – 6 .5 % പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് എന്ന് സൂചിപ്പിക്കുന്നു. 7 ൽ കൂടുതൽ ആണെങ്കിൽ ഭാവിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ 6 .9 % ൽ താഴെ നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഗർഭ ധാരണത്തിനു മുൻപ് പ്രമേഹം ഉള്ളവരിൽ ഈ ടെസ്റ്റ് ചെയ്താൽ കഴിഞ്ഞ മൂന്നു മാസങ്ങളിലെ ഷുഗർ നിയന്ത്രണ വിധേയമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ദീർഘകാലമായി പ്രമേഹം ഉള്ളവരാണെങ്കിൽ കണ്ണുകള്‍, വൃക്കകള്‍, നാഡീവ്യവസ്ഥ, രക്ത ചംക്രമണ വ്യവസ്ഥ തുടങ്ങിയവയെ പ്രമേഹം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്കേണ്ടതാണ്.

Related Links:

കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാവുന്ന ജന്മവൈകല്യങ്ങള്‍

ഗര്‍ഭിണിയാകുന്നതിനു മുന്‍പും ഗര്‍ഭിണിയായ ശേഷം ആദ്യ മൂന്നു മാസക്കാലയളവിലും അമ്മയുടെ പ്രമേഹം നിയന്ത്രണ വിധേയമല്ലെങ്കില്‍ കുഞ്ഞിനുണ്ടായെക്കാവുന്ന ജന്മവൈകല്യങ്ങള്‍ (congenital malformations) നിരവധിയാണ്.

1. ഹൃദയ വൈകല്യങ്ങള്‍

  • ആട്രിയോ വെൻട്രിക്യൂലർ സെപ്റ്റൽ ഡിഫെക്ട് (atrio ventricular septal defect)
  • ഹൈപോപ്ളാസ്റ്റിക് ഹാർട്ട് സിൻഡ്രോം (hypoplastic heart syndrome)

2. സാക്രൽ അജൻസിസ്/ കോഡൽ റിഗ്രെഷൻ (sacral agenesis/caudal regression) – തുടയെല്ലുകളിൽ ഉണ്ടാകുന്ന അപാകതകൾ.

3. അനെൻഎന്സഫലി (anencephaly and other neural tube defects)- തലച്ചോറും തലയോട്ടിയും രൂപപ്പെടുന്നതിലുള്ള അപാകതകൾ.

4. യൂറോജനിറ്റൽ സിസ്റ്റത്തിലുണ്ടാകുന്ന വൈകല്യങ്ങൾ (urogenital system defects).

  • വൃക്ക ഇല്ലാതിരിക്കുക (renal agenesis).
  • ഓരോ കിഡ്‌നിയിൽ നിന്നും മൂത്രസഞ്ചിയിലേക്ക്  ഓരോ ട്യൂബുകൾ ഉണ്ടാകുന്നതിനു പകരം ഒന്നിലധികം ട്യൂബുകൾ ഉണ്ടാകുന്ന അവസ്‌ഥ (ureteral duplication).
  • വൃക്കയ്ക്കുണ്ടാകുന്ന  വീക്കം (hydronephrosis) .
  • മൂത്ര നാളിയുടെ ദ്വാരം ലിംകാഗ്രത്തിന് താഴെയായി കാണപ്പെടുന്നു (hypospadias).

5. ദഹന വ്യവസ്‌ഥയിൽ വരുന്ന തകരാറുകൾ

  • ദഹനവ്യവസ്‌ഥയിലെ അവയവങ്ങളുടെ ഒരു പ്രത്യേക ഭാഗം വളരാതിരിക്കുന്ന അവസ്ഥ (atresia).
  • ചെറുകുടലിന്റെ ആദ്യഭാഗം ഡിയോഡിനം ശരിയായ രീതിയിൽ രൂപപ്പെടാതിരിക്കുക (duodenal atresia).
  • ജനിക്കുമ്പോൾ മലദ്വാരം ഇല്ലാതിരിക്കുന്ന അവസ്ഥ (anorectal atresia).

6. മുഖത്തിലുണ്ടാകുന്ന വൈകല്യങ്ങൾ

  • മുച്ചുണ്ട് (cleft lip)
  • പിളർന്ന അണ്ണാക്കുകൾ (cleft palate)

7. പലവിധത്തിലുള്ള വൈകല്യങ്ങൾ ഒരുമിച്ച് ഉണ്ടാകുന്നു (multiple malformations)

ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ആദ്യമാസങ്ങളിൽ തന്നെ അബോർഷൻ ആകുകയോ അല്ലെങ്കിൽ ജനിച്ച ഉടനെ കുഞ്ഞു മരിച്ചു പോകുകയോ ചെയ്യുന്നു.

ഗർഭധാരണത്തിന് ശേഷമുള്ള പ്രമേഹം (Gestational Diabetes Mellitus-GDM)

പ്രമേഹം ഇല്ലാതിരുന്ന ഒരു വ്യക്തി ഗർഭിണിയായി അഞ്ചു മാസം പിന്നിടുമ്പോൾ ഡയബറ്റിക് ആകുകയാണെങ്കിൽ അതിനെ ജസ്റ്റേഷണൽ ഡയബെറ്റിസ് (GDM) എന്ന് പറയുന്നു.

പ്രമേഹ ബാധിതയായ ശേഷം ഗർഭിണിയായ സ്ത്രീയെയും അവരുടെ കുഞ്ഞിനേയും അപേക്ഷിച്ച് ഗർഭിണിയായി 5  മാസങ്ങൾക്ക് ശേഷം പ്രമേഹം ബാധിക്കുന്ന  സ്ത്രീയ്ക്കും കുട്ടിക്കും അപകടസാധ്യത കുറവാണ്. കാരണമെന്തായിരിക്കാം?  

ഗർഭധാരണം നടന്ന് മൂന്നുമാസമാകുമ്പോൾ ഗർഭപാത്രത്തിൽ കുഞ്ഞിനോടൊപ്പം മറുപിള്ള അഥവാ പ്ലാസെന്റ രൂപപ്പെടുന്നു. ഈ പ്ലാസന്റ വഴിയാണ്  പോഷകങ്ങൾ അമ്മയിൽ നിന്നും കുഞ്ഞിലേക്കെത്തുന്നത്. പ്ലാസന്റ ഉല്പാദിപ്പിക്കുന്ന ഹ്യുമൻ പ്ലാസെന്റൽ ലാക്ടോജൻ, കോർട്ടിസോൾ, ഗ്രോത് ഹോർമോൺ, പ്രോജെസ്റ്റീറോൺ തുടങ്ങിയ ഹോര്‍മോണുകള്‍ അമ്മയുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നു. ഈ ഹോർമോണുകൾ അമ്മയുടെ ശരീരത്തിൽ വരുത്തുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഗർഭകാല പ്രമേഹാവസ്ഥയുടെ കാരണമായി മാറുന്നത്.

ഗർഭകാലത്തെ പ്രമേഹം പ്ലാസെന്റൽ ഹോർമോണുകളുടെ പ്രവർത്തനഫലമായതുകൊണ്ടുതന്നെ പ്രസവത്തോടെ ഈ പ്രമേഹം അവസാനിക്കുകയാണ് പതിവ്. എന്നാൽ അടുത്ത പ്രസവത്തിൽ വീണ്ടും പ്രമേഹം വരാനും പിൽക്കാലത്ത് ആ വ്യക്തിക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

അമിതമായ വിശപ്പ്, ദാഹം, മൂത്രത്തിൽ പഴുപ്പ്, കാഴ്ച മങ്ങുക കൂടാതെ പരിശോധനയിൽ കുഞ്ഞിന് അമിത വലുപ്പം, അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ അളവ് കൂടുക തുടങ്ങിയവയാണ് ഗർഭകാല പ്രമേഹത്തിന്റെ പ്രധാന  ലക്ഷണങ്ങൾ.

ഗർഭകാല പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ളവർ 

30 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ആദ്യ പ്രസവത്തിൽ കുഞ്ഞ് വയറ്റിൽക്കിടന്നു മരിച്ചിട്ടുള്ളവര്‍, അമിത വണ്ണം, പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) രോഗാവസ്‌ഥ ഉള്ളവർ, പാരമ്പര്യമായി പ്രമേഹ രോഗ സാധ്യതയുള്ളവർ, ആദ്യ പ്രസവത്തിൽ ഉയർന്ന പ്രമേഹം ഉണ്ടായിരുന്നവർ എന്നിവർക്കെല്ലാം ഗര്‍ഭകാലത്ത് പ്രമേഹ സാധ്യത കൂടുതലാണ്.

അപകട സാധ്യതകൾ : അമ്മയ്ക്കും കുഞ്ഞിനും

ഗർഭകാലത്ത് പ്രമേഹബാധിതയാകുന്ന സ്ത്രീകളിൽ അമിതവണ്ണം ഉണ്ടാകാറുണ്ട്. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം അമ്മയിൽ രക്തസമ്മർദ്ധം വർദ്ധിക്കുന്നതിനും ചിലപ്പോൾ ഗർഭസ്ഥ ശിശുവിന്റെ മരണത്തിനും കാരണമാകാറുണ്ട്.

അമ്മയുടെ ബ്ലഡ് ഗ്ലുക്കോസിൽ ഉണ്ടാകുന്ന വർദ്ധന കുഞ്ഞിന്റെ ശരീരത്തിൽ കൂടുതൽ ഗ്ലുക്കോസ് എത്തുന്നതിനും ആഗിരണം ചെയ്യപ്പെടുന്നതിനും കാരണമാകുന്നു. തത്‌ഫലമായി കുഞ്ഞുങ്ങൾക്കും അമിത വളർച്ചയുണ്ടാകുന്നു. ഇങ്ങനെയുള്ള കുട്ടികൾ ഏകദേശം നാലു കിലോ വരെ തൂക്കം ഉണ്ടാകാറുണ്ട്. കൂടാതെ വളര്‍ന്നു വരുമ്പോള്‍ അവരും ഡയബറ്റിക് ആയേക്കാം.

തലയെ അപേക്ഷിച്ച് കുഞ്ഞിന്റെ ചുമലുകളും കൈകളും കൂടുതലായി വളരുന്നതിനാൽ പ്രസവസമയത്ത് കുഞ്ഞ്  പുറത്തുവരാൻ പ്രയാസമാണ്. വലിച്ചെടുക്കുകയാണെങ്കിൽ കുഞ്ഞിന് ക്ഷതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണമായി, കൈ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചാൽ കൈകൾ പുറകിലേക്ക് തിരിഞ്ഞിരിക്കുന്ന എർബ്സ് പാൾസി (Erb’s palsy) എന്ന അവസ്‌ഥയ്‌ക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യത്തിൽ പ്രസവം സിസേറിയൻ ആകാനുള്ള  സാധ്യത കൂടുതലാണ്.

അമ്മയുടെ രക്തത്തിലൂടെ കുഞ്ഞിന്‍റെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവും വര്‍ദ്ധിക്കുന്നു. അതിനാല്‍ കുഞ്ഞ് ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും അമ്നിയോട്ടിക് ഫ്ലുയിഡിന്‍റെ അളവ് കൂടുകയും ചെയ്യുന്നു. ഇതിനെ Polyhydramnios എന്നു പറയുന്നു. ഇതും നേരത്തെയുള്ള പ്രസവത്തിനും സിസേറിയന്‍ ചെയ്യുന്നതിനും കാരണമാകുന്നു.

അപകട സാധ്യത കൂടുന്നതനുസരിച്ച് പ്രസവം നേരത്തെ ആക്കുന്നു. പലപ്പോഴും മാസം തികയുന്നതിനു രണ്ടാഴ്ച മുന്‍പെങ്കിലും സിസേറിയന്‍ ചെയ്യുന്നു. ഇതിന്റെ ഫലമായി കുഞ്ഞുങ്ങൾക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. കുഞ്ഞിന്റെ വളർച്ചയെ ഇത് പ്രകൂലമായി ബാധിക്കുന്നു.

പ്രമേഹമുള്ള അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞിന് രോഗപ്രതിരോധശേഷി കുറവായിരിക്കും. നവജാത ശിശുക്കളിൽ സാധാരണയായി കാണുന്ന മഞ്ഞ നിറം (ബിലിറൂബിൻ അളവ് കൂടുന്നു) ഈ കുട്ടികളിൽ കൂടുതലായിരിക്കും കൂടാതെ രക്തത്തിലെ ഗ്ലുക്കോസ് കുറയുവാനും ശ്വാസകോശ അണുബാധകൾ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്.

ഗർഭകാല  പ്രമേഹത്തിന്റെ ഒരു പ്രധാന പരിണിത ഫലമാണ് കുട്ടികളിലെ അംഗവൈകല്യം. സാധാരണ ഗർഭസ്ഥ ശിശുവിന്റെ അംഗവൈകല്യ സാധ്യത 2% മാത്രമാണ് എന്നാൽ പ്രമേഹമുള്ള അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ കാര്യത്തിൽ  10% വരെയാണ്.

പ്രമേഹ രോഗനിർണ്ണയം

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം വരാനുള്ള സാഹചര്യവും കൂടുതലാണ്. അതിനാൽ ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ ഷുഗർ ലെവൽ പരിശോധിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.പ്രമേഹം ഉണ്ടെങ്കിൽ അതിനനുസരിച്ച ചികിത്സകൾ സ്വീകരിച്ചാൽ അപകട സാധ്യതകൾ ഒരു പരിധിവരെ ഒഴിവാക്കാം.

പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകൾ അറിയാൻ ഏതൊക്കെ പരിശോധനകൾ നടത്താം?

1. ഗ്ലുക്കോസ് ചലഞ്ച് ടെസ്റ്റ്

ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടോ എന്നറിയുന്നതിനായുള്ള ആദ്യ പരിശോധനയാണ് ഗ്ലുക്കോസ് ചലഞ്ച് ടെസ്റ്റ്.  75g പഞ്ചസാരലായനി കഴിച്ച് ഒരു മണിക്കൂറിനു ശേഷം രക്തം പരിശോധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 140 mg/dL ൽ താഴെ ആണെങ്കിൽ സാധാരണ നിലയാണെന്നു പറയാം. 140 mg/dL മുതൽ 190 mg/dL വരെയാണെങ്കിൽ ഗ്ലുക്കോസ് ടോളറൻസ് ടെസ്റ്റ് കൂടി നടത്തി പ്രമേഹ സാധ്യത പരിശോധിക്കണം. 190 mg/dL ൽ കൂടുതൽ ആണെങ്കിൽ പ്രമേഹം ഉണ്ട് എന്നാണ് അർഥം. അതിനാൽ തുടർ പരിശോധനകളുടെ ആവശ്യമില്ല.

ഗ്ലുക്കോസ് ചലഞ്ച് ടെസ്റ്റിൽ പ്രമേഹ സാധ്യത കണ്ടെത്തുന്നവരെ ഓറൽ ഗ്ലുക്കോസ് ടോളറൻസ് ടെസ്റ്റിന് (OGTT) വിധേയരാക്കുന്നു.

2. ഓറല്‍ ഗ്ലുക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT)

രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപായി രക്തം പരിശോധനയ്‌ക്കെടുക്കുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 8 മണിക്കൂർ കഴിഞ്ഞതിനു ശേഷമേ രക്തം പരിശോധിക്കുകയുള്ളൂ. അതിനു ശേഷം പഞ്ചസാരലായനി കുടിക്കാൻ നൽകുകയും തുടർന്നുള്ള ഓരോ മണിക്കൂറിലും (2 -3 മണിക്കൂർ വരെ)  രക്ത പരിശോധന നടത്തുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപുള്ള ഗ്ലുക്കോസ് നില 92 mg / dL ൽ താഴെ, ഒരുമണിക്കൂറിനു ശേഷം 180 mg / dL ൽ താഴെ, രണ്ടു മണിക്കൂറിനുശേഷം  153 mg / dL ൽ താഴെ എന്നിങ്ങനെയാണെങ്കില്‍ സാധാരണ നിലയിലാണെന്ന് പറയാം. രണ്ടോ അതിലധികമോ പരിശോധനകളിൽ ഉയർന്ന ഗ്ളൂക്കോസ് രേഖപ്പെടുത്തുകയാണെങ്കിൽ ഗർഭകാല പ്രമേഹം ഉണ്ടെന്നത് തീർച്ചയാണ്.

ഇന്ത്യയില്‍ പ്രമേഹം സര്‍വ്വസാധാരണമായ ഒരു ജീവിതശൈലീ രോഗമാണ്. അതിനാല്‍ എല്ലാ ഗര്‍ഭിണികളുടെയും ഷുഗര്‍ ലെവല്‍ ടെസ്റ്റ്‌ ചെയ്യാറുണ്ട്. സാധാരണയായി GDM ഉണ്ടോ എന്നറിയുന്നതിനായി 24-28 ആഴ്ച്ചകള്‍ക്കിടയിലാണ് പരിശോധന നടത്തുന്നത്. ഗർഭിണിയാകും മുന്‍പ് പ്രമേഹം ഉള്ളവര്‍, പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ആദ്യ മൂന്നുമാസത്തിൽ ഒരിക്കലും പിന്നീട് 24 – 28 ആഴ്ചകൾക്കിടയിലും തുടർന്ന് 32 – 34 ആഴ്ചകൾക്കിടയിലും ഷുഗർ ടെസ്റ്റ് ചെയ്യാറുണ്ട്.

ചികിത്സയും പരിഹാര മാര്‍ഗ്ഗങ്ങളും

പ്രമേഹം ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സാരീതികള്‍ പിന്തുടരാന്‍ മടിക്കരുത്. ഇന്‍സുലിന്‍ എടുക്കുക, മരുന്നുകള്‍, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടതാണ്. 

ഗര്‍ഭകാലത്തെ പ്രമേഹം നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ എടുക്കേണ്ടതുണ്ടോ?

ഇൻസുലിൻ  ഉല്പാദനത്തിൽ വരുന്ന കുറവാണ് പ്രമേഹത്തിനു കാരണം അതുകൊണ്ടുതന്നെ ഇൻസുലിൻ എടുക്കുകയാണ്  ഇതിനുള്ള ശാശ്വത പരിഹാരം. എന്നാല്‍ ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരുമോ എന്ന ഭയത്താല്‍ ചിലരെങ്കിലും ഇതിനോട് വിമുഖത കാട്ടാറുണ്ട്. GDM സാധാരണയായി പ്രസവത്തോടെ അവസാനിക്കുമെന്നതിനാല്‍ ഇന്‍സുലിന്‍ എടുക്കാന്‍ മടിക്കേണ്ടതില്ല.

പ്രസവം അടുക്കുന്തോറും ഇന്‍സുലിന്റെ ഡോസ് കൂട്ടേണ്ടി വന്നേക്കാം. സാധാരണയായി ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് ആണ് ഇന്‍സുലിന്‍ എടുക്കേണ്ടത്.

ചെറിയ തോതിലുള്ള പ്രമേഹം മരുന്നിലൂടെ മാറ്റിയെടുക്കാന്‍ കഴിയാറുണ്ട്.

വ്യായാമം

ഗര്‍ഭാവസ്ഥയില്‍ വ്യായാമം
Young pregnant woman practicing yoga at home

നല്ല ഭക്ഷണവും നല്ല  വ്യായാമവുമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറ. ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന്റെ പങ്കു ചെറുതല്ല. ഗർഭിണികളിലെ പ്രമേഹവും അമിത വണ്ണവും നിയന്ത്രിക്കുന്നതിനായി ഭക്ഷണ ക്രമീകരണത്തോടൊപ്പം 30 മിനുട്ട് വ്യായാമവും ചെയ്യാൻ ശ്രദ്ധിക്കാം. അമിതവണ്ണം ഇല്ലെങ്കിലും ഉന്മേഷം വർദ്ധിക്കാനും ഊർജ്വസ്വലരായിരിക്കാനും പതിവായുള്ള വ്യായാമം നിങ്ങളെ സഹായിക്കും.

ഗർഭകാല പ്രമേഹം നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ

നമ്മുടെ  ആഹാരശീലത്തിലെ പോരായ്മകളാണ് പ്രമേഹം എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നത്. അതിനാൽ കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഇതിനെ മറികടക്കാൻ കഴിയും. എന്നാൽ പ്രമേഹാവസ്ഥയിൽ  അമ്മയ്ക്കും കുഞ്ഞിനും വേണ്ട പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങൾ കൃത്യമായ ഇടവേളകളിൽ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഗ്ലുക്കോസ് ലെവല്‍ സ്വന്തമായി പരിശോധിക്കാം

ഗര്‍ഭാവസ്ഥയില്‍ പ്രമേഹം

ഭക്ഷണത്തിനു മുൻപും ശേഷവും ഒരു ഗ്ലുക്കോമീറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി ഗ്ലൂക്കോസ് ലെവൽ പരിശോധിക്കാവുന്നതാണ്.

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണോ?

ഇടയ്ക്കിടെ ലാബില്‍ പോയി ഷുഗര്‍ ടെസ്റ്റ്‌ ചെയ്തു മടുത്തിരിക്കുകയാണോ?

എങ്കില്‍ വീട്ടിലിരുന്നു തന്നെ ബ്ലഡ്‌ ഗ്ലുക്കോസ് നില പരിശോധിക്കാവുന്ന ഒരു ഗ്ലുക്കോമീറ്റര്‍ സ്വന്തമാക്കിയാലോ? അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം?

പ്രമേഹം മാറാന്‍ നല്ല ഭക്ഷണങ്ങള്‍

പ്രഭാതഭക്ഷണം സമ്പൂർണമാകണം. സമീകൃതാഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കണം. ദിവസം 3  തവണയായി  കഴിച്ചിരുന്ന ആഹാരം 6 തവണയായി കഴിച്ചു നോക്കൂ. ഇങ്ങനെ ഷുഗർ ലെവൽ കൂടാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള  ഭക്ഷണം കഴിക്കാം. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം.

മൂന്നോ നാലോ തവി ചോറും ഒരു കപ്പ്‌ തോരനും രണ്ടു മൂന്നു കറികളും കുറേ വറുത്തതും പൊരിച്ചതും ഇല്ലാതെ മലയാളിക്ക് എന്ത് ഊണ്? ഈ രീതി ശരിയാണോ?

ഒരിക്കലുമല്ല. എങ്കിൽ പിന്നെ എങ്ങനെയാകണം ഊണ്?

ഒരു കപ്പ്‌ ചോറ്‌, രണ്ട്‌ കപ്പ്‌ തോരൻ, ഒന്നോ രണ്ടോ കഷ്ണം മത്സ്യം/മാംസം/മുട്ട/പയർ വർഗ്ഗങ്ങൾ ധാരാളം പച്ചക്കറികൾ എന്നിവയായാൽ ഉച്ചയൂണ് സമ്പൂർണ്ണം. രാത്രിയിൽ ചോറിനു പകരം ചപ്പാത്തിയായാൽ നല്ല അത്തഴവുമായി.

നാരുകൾ ധാരാളമടങ്ങിയ റാഗി, തിന, തൊലിയുള്ള ഗോതമ്പ്, തവിട് കളയാത്ത അരി,  ഓട്സ്, നവധാന്യക്കൂട്ട് തുടങ്ങിയ മുഴു ധാന്യങ്ങൾ ഉപയോഗിക്കാം.ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിലെ അലിയുന്ന നാരായ ബീറ്റഗ്ലൂക്കൻ ഭക്ഷണശേഷം ഗ്ളൂക്കോസ് രക്തത്തിൽ അലിയുന്നത് സാവധാനമാക്കുന്നു.

പരിപ്പ്, കടല, ചെറുപയര്‍ എന്നിവ മിതമായ അളവിൽ കഴിക്കാവുന്നതാണ്. എന്നാല്‍ ഇലക്കറികൾ, പച്ചക്കറികൾ, സാലഡുകൾ എന്നിവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുതെണ്ടാതാണ്. പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ?

കൊഴുപ്പ് കൂടിയ ചുവന്ന ഇറച്ചിക്ക് പകരം കോഴിയിറച്ചി ഉപയോഗിക്കാം. കൂടാതെ മത്സ്യം, മുട്ട, കൊഴുപ്പ് നീക്കിയ പാൽ എന്നിവയും കഴിക്കാവുന്നതാണ്.

ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങളായ ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, മുസമ്പി, കിവി, ഞാവൽപഴം, എന്നിവ മിതമായി ഉൾപ്പെടുത്താം. പഴവർഗ്ഗങ്ങൾ ജ്യൂസ് ആക്കാതെ പഴമായി തന്നെ കഴിക്കുമല്ലോ?

മോര് വെള്ളം, ജീരകവെള്ളം, മല്ലിവെള്ളം, ഉലുവ വെള്ളം, എന്നിവ കുടിക്കാവുന്നതാണ്. ക്ഷീണം മാറ്റുന്നു എന്നതിനപ്പുറം പോഷക സമ്പുഷ്ടവുമാണ് ഇത്തരം പാനീയങ്ങൾ.

Related Links:

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന പ്രമേഹം. ഗര്‍ഭകാലം കഴിയുന്നതോടെ പ്രമേഹം അപ്രത്യക്ഷമാകുമെങ്കിലും ഗര്‍ഭകാല പ്രമേഹം ഉണ്ടായിരുന്നവരില്‍ 50% പേരും ഭാവിയിലെ പ്രമേഹ രോഗികളാണ്. അതിനാല്‍ പ്രസവശേഷവും കൃത്യമായ വ്യായാമങ്ങളും ഭക്ഷണ രീതികളും പിന്തുടര്‍ന്ന് ഭാവിയിലെ പ്രമേഹ സാധ്യത ഒഴിവാക്കാന്‍ ശ്രമിക്കാം.

Leave a Comment

Your email address will not be published. Required fields are marked *