Mkutti

എന്താണ് PCOD

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം

പി സി ഒ ഡി (Polycystic Ovarian Disease) അല്ലെങ്കിൽ പി സി ഒ എസ് (Polycystic Ovarian Syndrome) പൊതുവെ ഒന്നുതന്നെയാണ്. ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഇവ. കൗമാര പ്രായക്കാർ മുതൽ ഏകദേശം 40 വയസ്സുവരെയുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണ്ടുവരുന്നു.

സ്ത്രീകളിൽ പുരുഷഹോർമോണായ ആൻഡ്രോജന്റെ അളവ് കൂടുകയും അത് അണ്ഡോല്പാദനം തകരാറിലാക്കുകയും തത്‌ഫലമായി ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളിൽ ഗർഭധാരണത്തിന് ബുധ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇന്ന് വലിയൊരു വിഭാഗം സ്ത്രീകളും നേരിടുന്ന സങ്കീർണ്ണമായ ഈ അവസ്ഥയെ കുറിച്ച് കൂടുതൽ അറിയാം.

എന്താണ് PCOD( Polycystic Ovarian Disease)?

സ്ത്രീ ശരീരത്തിൽ ഗർഭപാത്രത്തിന് ഇരു വശത്തുമായി രണ്ട് അണ്ഡാശയങ്ങളാണുള്ളത്. ഓരോ മാസവും അവ മാറിമാറി പക്വതയാർന്ന ഒരു അണ്ഡത്തെ പുറത്തുവിടുന്നു. സാധാരണയായി സ്ത്രീ  ശരീരത്തിൽ ചെറിയ അളവിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ചിലരിൽ ഈ ഹോർമോണിന്റെ ഉത്പാദനം കൂടിയ അളവിൽ നടക്കുകയും അത് അണ്ഡോല്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. തന്മൂലം അണ്ഡാശയത്തിൽ പക്വതയാകാത്തതോ ഭാഗികമായി പക്വതയാർന്നതോ ആയ അണ്ഡങ്ങൾ രൂപപ്പെടുകയും അവ കുമിളകളായി (Cysts) അണ്ഡാശയത്തിൽ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ പോളി സിസ്റ്റിക് ഓവറിയൻ ഡിസീസ് എന്ന് പറയുന്നു.

അണ്ഡാശയത്തില് കുമിളകള് Polycystic Ovarian Syndrome
അണ്ഡാശയത്തിലെ കുമിളകൾ (Polycystic Ovary)

ആർത്തവ ക്രമക്കേടുകളും ആൻഡ്രോജന്റെ ആധിക്യം മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും കണ്ടുവരുന്നു. ലക്ഷണങ്ങൾ പ്രധാനമായും അണ്ഡാശയത്തിലേക്കും പ്രത്യുല്പാദന വ്യവസ്ഥയിലേക്കും പരിമിതപ്പെട്ടിരിക്കുന്നു.

എന്താണ് PCOS (Polycystic Ovarian Syndrome)?

ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥമൂലം ഉണ്ടാകുന്ന അവസ്ഥയാണ് PCOS. അണ്ഡോല്പാദനം പൂർണ്ണമായും തടസ്സപ്പെടുന്നു. പകരം അണ്ഡാശയത്തിൽ സിസ്റ്റുകൾ രൂപം കൊള്ളുന്നു. PCOD യെക്കാൾ അപകടകരമായ അവസ്ഥയാണ് ഇത്. പ്രത്യുല്പാദന വ്യവസ്ഥയെ കൂടാതെ ഉപാപചയ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നു. അതിനാൽ ഒന്നല്ല ഒരുകൂട്ടം ലക്ഷണങ്ങൾ പ്രകടമാകുന്നു.

പ്രധാന ലക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം

ആർത്തവ ക്രമക്കേടുകൾ (Menstrual Irregularities))

ഹോർമോൺ അപാകതകൾ മൂലം ഓവുലേഷൻ കൃത്യമായി നടക്കാതെ വരുന്നത് ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്നു. പല മാസങ്ങളിൽ പല സമയത്തതായി ആർത്തവം സംഭവിക്കുന്നു. കൂടിയ രക്തസ്രാവം, കുറഞ്ഞ രക്തസ്രാവം, മാസം തെറ്റി വരുന്ന ആർത്തവം കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ചില സ്ത്രീകളിൽ നാൽപതു വയസിനു മുൻപ് തന്നെ ആർത്തവം നിന്ന് പോകുകയും ചെയ്യുന്നു.

പുരുഷ ഹോർമോണായ ആൻഡ്രോജെന്റെ ആധിക്യം മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

  • അമിത രോമവളർച്ച (hirsutism): മേൽചുണ്ട്, മാറിടം, വയർ എന്നിങ്ങനെ സാധാരണയായി സ്ത്രീകളിൽ രോമവളർച്ച ഇല്ലാത്ത ഇടങ്ങളിൽ കട്ടിയുള്ള രോമങ്ങൾ വളരുന്നു.
  • അമിതമായ എണ്ണമയമുള്ള ചർമ്മം, മുഖക്കുരു.
  • പുരുഷന്മാരിലെ കഷണ്ടിക്ക് സമാനമായ മുടികൊഴിച്ചിൽ.
  • അടഞ്ഞ ശബ്ദം

ഇൻസുലിൻ റെസിസ്റ്റൻസ്

  • കഴുത്തിനു പിന്നിൽ, കൈകളുടെയും വിരലുകളുടെയും ഇടുക്കുകൾ മുതലായ സ്ഥാനങ്ങളിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നു.
  • അമിതമായ ക്ഷീണം
  • അമിത വണ്ണം: ശരീരത്തിന്റെ മധ്യഭാഗത്ത് (ഇടുപ്പ്, അരക്കെട്ട്) വണ്ണം കൂടുന്നു. അമിത വണ്ണം PCOS ഉണ്ടാകുന്നതിനുള്ള കാരണവും PCOS ന്റെ ലക്ഷണവുമാണ്. PCOS ഉള്ളവരിൽ 70% ത്തിൽ അധികവും അമിത വണ്ണമുള്ളവരാണ്.

മാനസിക അസ്വസ്ഥതകൾ

  • അമിത ഉത്കണ്ഠ, നൈരാശ്യം, വിഷാദം, അസ്വസ്ഥതകൾ, ആത്മവിശ്വാസക്കുറവ്

PCOS ഒരു ജീവിത ശൈലീ രോഗമാണ് അതുകൊണ്ടുതന്നെ ഭാവിയിൽ അവരിൽ 50% പേർക്കും ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ എന്നിവ ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. സ്ഥിരമായി ക്രമം തെറ്റിയ ആർത്തവമുള്ളവരിൽ ഗർഭാശയഭിത്തിയുടെ തടിപ്പ് കൂടുവാനുള്ള സാധ്യത കൂടുതലാണ്. തന്മൂലം എൻഡോമെട്രിയൽ കാൻസർ ഉണ്ടായേക്കാം. പിസിഒഎസിന് കർശനമായ ചികിത്സയും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്.

PCOD v/s PCOS

ലോകത്ത് മൂന്നിലൊന്നു സ്ത്രീകൾ PCOD ഉള്ളവരാണ്. എന്നാൽ പലരിലും ഈ അവസ്ഥ തിരിച്ചറിയപ്പെടാറില്ല. അഥവാ പ്രകടമായാൽ തന്നെ ജീവിത രീതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ നിയന്ത്രണ വിധേയവുമാണ്.

PCOS ന്റെ ലക്ഷണങ്ങൾ കൗമാര പ്രായത്തിൽ തന്നെ പ്രകടമാകുന്നു. കൂടാതെ അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

PCOD സ്ത്രീകളിലെ പ്രത്യുല്പാദനത്തെ സാരമായി ബാധിക്കുമെങ്കിലും ചികിത്സ ഉറപ്പാക്കുകയും നിയന്ത്രണവിധേയമാകുകയും ചെയ്താൽ ഗർഭധാരണവും സുഖ പ്രസവവും നടക്കും. PCOS ഉള്ളവർ ഗർഭം ധരിക്കുകയാണെങ്കിൽ തന്നെ ഗർഭം അലസിപ്പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവർ പൊതുവെ വന്ധ്യത അനുഭവിക്കേണ്ടി വരാറുണ്ട്.   

പരിഹാരമാർഗ്ഗങ്ങൾ

PCOS/PCOD നിയന്ത്രണ വിധേയമല്ലെങ്കിൽ ചെറിയ പ്രായം മുതൽ വാർദ്ധക്യം വരെ എല്ലാ പ്രായക്കാരിലും വിവിധ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗ ലക്ഷണങ്ങളെ ചികില്സിക്കുന്നതോടൊപ്പം ഇതിനെ നിയന്ത്രിച്ച് നിർത്തുവാനുള്ള മുൻകരുതലുകളും നാം എടുക്കേണ്ടതുണ്ട്.

1.     ഭക്ഷണക്രമീകരണം

ഈ രോഗാവസ്ഥയുള്ളവരിൽ ബഹുഭൂരിപക്ഷവും അമിതവണ്ണമുള്ളരാണ്, മറ്റൊരു വിഭാഗം വളരെ മെലിഞ്ഞിരിക്കുന്നവരും. അമിതവണ്ണമുള്ളവർ അത് കുറയ്ക്കുവാനും തീരെ ശരീരപുഷ്ടിയില്ലാത്തവർ ശരീരം മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടതാണ്.

2.     വ്യായാമം

PCOS exercise

വ്യായാമം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നു. ഒരു ദിവസം കുറഞ്ഞത് 45 മിനുട്ട് വ്യായാമം ചെയ്യുക. ഫ്ലെക്സിബിലിറ്റി യോഗ, സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ വർക്ഔട്സ് എന്നിവ ചെയ്യാവുന്നതാണ്.

3.     ഉറക്കം

പെൺ കുട്ടികൾ പൊതുവെ രാത്രി 10 മണിക്ക് ശേഷം ഇരുന്നു പഠിക്കുവാനും വർക്ക് ചെയ്യാനും താല്പര്യം കാണിക്കാറുണ്ട്. ഈ ഒരു ശീലം മാറ്റുക. പത്തുമണിയോടെ ഉറങ്ങുകയും രാവിലെ ഏഴുമണിക്ക് മുൻപായി ഉണരുകയും ചെയ്യുക.

4.     മരുന്നുകൾ

ഈ രോഗാവസ്ഥ ഓരോ പ്രായക്കാരിലും വിവിധങ്ങളായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നിങ്ങളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സ രീതികൾ പിന്തുടരുക.

കഴിക്കേണ്ട ഭക്ഷണങ്ങൾ

അന്നജം(Carbohydrate): അന്നജത്തിന്റെ അളവ് കുറയ്ക്കുക. പെട്ടെന്ന് ദഹിക്കാത്ത രീതിയിലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ കഴിക്കുക. മൈദ, വെളുത്ത അരി, ബ്രെഡ് എന്നിവ ഒഴിവാക്കുക. മട്ട അരി, ചുവന്നരി, കുത്തരി,നവരയരി, ബാർലി അരി ഇവ കഴിക്കാം.

മാംസ്യം (Protein): പയർ വർഗ്ഗങ്ങൾ, മീൻ, മുട്ടയുടെ വെള്ള, പനീർ, ചീസ്, കൊഴുപ്പ് കുറഞ്ഞ പാൽ, കൊഴുപ്പു കുറഞ്ഞ മാംസങ്ങൾ എന്നിവ കഴിക്കാം.

കൊഴുപ്പ്(Fat): വെണ്ണ, നെയ്യ്, ബദാം,.. ഇവ മിതമായ അളവിൽ കഴിക്കാം.

നാരുകൾ (Fiber): ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ (മുരിങ്ങയില, കറിവേപ്പില, ചീര, ..) എന്നിവ ധാരാളമായി കഴിക്കുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  • പഞ്ചസാര (സുക്രോസ്) പൂർണ്ണമായും ഒഴിവാക്കുക.
  • ഹൈ ഫ്രക്ടോസ് കോൺസിറപ് അടങ്ങിയിരിക്കുന്ന മധുര പലഹാരങ്ങളും ജ്യൂസുകളും.
  • ഡെക്സ്ട്രോസ് ഷുഗർ അടങ്ങിയ തേൻ, ഈന്തപ്പഴം സിറപ് തുടങ്ങിയവ. 
  • ഫാസ്റ്റ് ഫുഡ്സ്.

PCOS ഉള്ളവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇൻസുലിൻ റെസിസ്റ്റൻസ്. എന്താണിത്?

നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ഗ്ലുക്കോസ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഈ ഗ്ലുക്കോസിനെ ഊർജ്ജോത്പാദനത്തിനായി കോശങ്ങളിലെത്തിക്കുക എന്നത് പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ ചുമതലയാണ്. എന്നാൽ PCOS ഉള്ളവരിൽ ഇൻസുലിന് ഗ്ലുക്കോസ് തന്മാത്രയെ തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. തന്മൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഉയർന്നു നിൽക്കുകയും പാൻക്രിയാസ് കൂടുതലായി ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിൽ ഇന്സുലിന്റെയും ഗ്ളൂക്കോസിന്റെയും അളവ് കൂടുന്നു. രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ  ആൻഡ്രോജെൻ എന്ന ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കുന്നു.

ആൻഡ്രോജന്റെ അളവ് കുറച്ചുകൊണ്ട് സ്ത്രീഹോർമോണിനെ വർദ്ധിപ്പിച്ചു നിർത്തണമെങ്കിൽ ഇൻസുലിൻ ശരിയായി പ്രവർത്തിക്കണം. ഇൻസുലിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്ന രീതിയിലുള്ള ആഹാരക്രമം ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഭക്ഷണക്രമം

PCOS diet chart

ഒരു ദിവസം മൂന്നു തവണയായി വലിയ അളവിൽ ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കാം. ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടെ ആറു നേരമായി ക്രമീകരിക്കാം.

രാവിലെ ഒരു ചായയോ കാപ്പിയോ കഴിക്കുന്ന ശീലമുണ്ടെങ്കിൽ ആവാം പക്ഷെ പാൽ ഉപയോഗിക്കരുത്. ഉലുവ ചേർത്ത വെള്ളം കുടിക്കാവുന്നതാണ്, ഉലുവയ്ക്ക് ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുവാനുള്ള കഴിവുണ്ട്.

പ്രഭാത ഭക്ഷണത്തിൽ ചെറുപയർ, പരിപ്പ്, കടല, ഓട്സ്, മുട്ടയുടെ വെള്ള, പനീർ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തതാവുന്നതാണ്.

ഇടയ്ക്കിടെ വിശപ്പ് തോന്നുന്നു എങ്കിൽ മോരുവെള്ളമോ നാരങ്ങാവെള്ളമോ കുടിക്കാം. വേണമെങ്കിൽ അല്പം കപ്പലണ്ടി കഴിക്കാം.

ഉച്ച ഭക്ഷണത്തിൽ അരി തീർച്ചയായും ഉൾപ്പെടുത്തണം. അതോടൊപ്പം പച്ചക്കറികൾ ധാരാളം ചേർത്ത കറികളായ അവിയൽ ,തോരൻ, സാമ്പാർ,.. എന്നിവ കഴിക്കാം. കറികളേക്കാൾ കൂടുതൽ ചോറ് കഴിക്കരുത്. മധുരക്കിഴങ്ങ് ഒഴികെയുള്ള കിഴങ്ങുവർഗ്ഗങ്ങൾ പൊതുവെ ഒഴിവാക്കുകയാണ് നല്ലത്, ഇവയിൽ ഗ്ലൈസീമിക് ഇൻഡക്സ് വളരെ കൂടുതലാണ്.

വൈകീട്ട് ഏഴു മണിക്ക് മുൻപായി ഒരു കട്ടൻ ചായയോ കട്ടൻ കാപ്പിയോ കഴിക്കാം. രാത്രിയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ പഴവർഗ്ഗങ്ങൾ മാത്രം.

PCOS/PCOD യുടെ പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നതിൽ ഇന്നും വ്യക്തതയില്ല. ജനിതകപരമായ കാരണങ്ങൾ ആയിരിക്കാം എന്ന് വൈദ്യശാസ്ത്രലോകം പറയുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിത രീതിയും വ്യായാമക്കുറവും ഈ രോഗാവസ്ഥയുടെ ആക്കം കൂട്ടുന്നു. ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികില്സിക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതചര്യയിലൂടെ ഈ അവസ്ഥയെ നിയന്ത്രണ വിധേയമാക്കാം.

Leave a Comment

Your email address will not be published. Required fields are marked *