Mkutti

Attention Deficit Hyperactivity Disorder

ADHD; കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

സ്കൂളിൽ പോയി തുടങ്ങിയിട്ട് ആഴ്ച ഒന്ന് പിന്നിടുന്നതെ ഉള്ളു, നാലു പെൻസിൽ, സ്ലേറ്റ്, കുട എന്നിവ ഇതിനോടകം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല, ക്ലാസ്സിൽ അടങ്ങിയിരിക്കുന്നില്ല എന്നുള്ള ടീച്ചറുടെ പരാതി വേറെയും. നഴ്‌സറി ക്ലാസ്സുകളിലും അവൻ അടങ്ങിയിരിക്കാറില്ലായിരുന്നു, പക്ഷെ സ്കൂളിലെത്തിയിട്ടും ഈ ശീലങ്ങൾ മാറാത്തത് എന്തുകൊണ്ടായിരിക്കും?

വീട്ടിൽ പൊതുവെ അവൻ വികൃതിയാണ്, എല്ലാവരും വളർത്തുദോഷം എന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോഴും പൊതുവെ ശാന്തമായ അന്തരീക്ഷമുള്ള വീട്ടിൽ ശാസിക്കേണ്ടപ്പോൾ ശാസിച്ചും സ്നേഹിക്കേണ്ടപ്പോൾ സ്നേഹിച്ചും വളർത്തിയ അവൻ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്ന് അനു സംശയിച്ചു.

മകന്റെ പെരുമാറ്റത്തെ കുറിച്ചുള്ള അനുവിന്റെ ഈ സംശയം വളരെ സാധാരണമാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. കുട്ടിക്കാലത്തെ കുസൃതികൾ, കുഞ്ഞിന്റെ പക്വതക്കുറവ്, വളർത്തുദോഷം എന്നിങ്ങനെ പല ന്യായീകരണങ്ങളും നൽകുകയും ചെയ്യാം. ഇത്തരം അവസ്ഥകളെ രോഗമായോ രോഗാവസ്ഥയായോ കുഞ്ഞിന്റെ പെരുമാറ്റ വൈകല്യമായോ ആരും കണക്കാക്കാറില്ല. എന്നാൽ, കുഞ്ഞുങ്ങളിലെ അമിത വികൃതി, ശ്രദ്ധക്കുറവ്, അടങ്ങിയിരിക്കാതിരിക്കുക, എടുത്തുചാട്ടം തുടങ്ങിയവ ADHD (Attention Deficit Hyperactivity Disorder) എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണെന്ന് നിങ്ങൾക്കറിയാമോ?

എന്താണ് ADHD (Attention Deficit Hyperactivity Disorder)?

കുട്ടികളിൽ കാണപ്പെടുന്ന ഒരു പെരുമാറ്റ വൈകല്യമാണ് ADHD . ശ്രദ്ധക്കുറവ് (attention deficit), അമിതമായ വികൃതി (hyperactivity), അമിതാവേശം (impulsivity) ഇവ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ഏതെങ്കിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ, ഉദാഹരണമായി വീട്ടിലും സ്കൂളിലും അല്ലെങ്കിൽ വീട്ടിലും കളിസ്ഥലത്തും തുടർച്ചയായി ആറു മാസത്തിൽ കൂടുതൽ കാണിക്കുകയാണെങ്കിൽ അതിനെ ADHD എന്ന് പറയാം. സാധാരണയായി ഏഴു വയസിനു മുൻപുതന്നെ ഈ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്, ചില കുട്ടികളിൽ രണ്ടോ മൂന്നോ വയസിൽ തന്നെ ലക്ഷണങ്ങൾ കാണാറുണ്ട്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺ കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ കുഞ്ഞിന്റെ അനുസരണക്കേടായും കുസൃതികളായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കുഞ്ഞിന്റെ പ്രവൃത്തികൾ അസഹനീയമാകുകയും നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ മാത്രമാണ് പലരും ചികിത്സ തേടാറുള്ളത്.

ADHD ഉള്ള കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ച സമപ്രായക്കാരായ സാധാരണ കുട്ടികളുടേതിന് സമമായിരിക്കും. സംസാര വൈകല്യമോ വളർച്ച കുറവോ ഇവരിൽ കാണാറില്ല. അതുകൊണ്ടുതന്നെ വീട്ടിൽ നിന്നും മറ്റൊരു സാഹചര്യത്തിലേക്ക് മാറ്റപ്പെടുമ്പോഴാണ് കുഞ്ഞിന് എന്തോ കുഴപ്പമുണ്ടെന്ന് രക്ഷിതാക്കൾ മനസിലാക്കുന്നത്. 

ADHD ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരിലും വളരുന്നതിനനുസരിച്ച് ലക്ഷണങ്ങൾ കുറയുന്നതായി കണ്ടുവരുന്നു, എന്നാൽ മറ്റൊരു വിഭാഗം കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കുകയും കൗമാര പ്രായമെത്തുമ്പോൾ പഠനത്തിലും അല്ലാതെയുമുള്ള ശ്രദ്ധക്കുറവ് കൂടുന്നതായും കണ്ടുവരുന്നു. ഇത് അവരുടെ തുടർവിദ്യഭ്യാസം, ജോലി, ജീവിതം എന്നിവയെ സാരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ADHD; ലക്ഷണങ്ങൾ

ADHD യുടെ ലക്ഷണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

ശ്രദ്ധയില്ലായ്മ

  • രക്ഷിതാക്കളും അധ്യാപകരും പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും പാലിക്കാൻ കഴിയാതെ വരികയും ചെയ്യുക.
  •  പഠിച്ച കാര്യങ്ങൾ പെട്ടെന്ന് മറന്നു പോകുക.
  • അക്ഷരത്തെറ്റില്ലാതെ എഴുതുവാനും തെറ്റുകൾ കൂടാതെ വായിക്കുവാനും കഴിയാതെ വരാം.
  • അക്ഷരങ്ങൾ തമ്മിൽ മാറിപ്പോകുക. ഉദാഹരണമായി p എന്ന അക്ഷരത്തിനു പകരമായി q എന്ന് എഴുതുക.
  • വാക്കുകളിൽ അക്ഷരങ്ങളുടെ സ്ഥാനം മാറുക.
  • എഴുതുമ്പോൾ ചിഹ്നങ്ങൾ മാറിപ്പോകുക.
  • നമ്പറുകൾ തമ്മിൽ മാറിപ്പോകുക.
  • ലളിതമായ കണക്കുകൾ ചെയ്യാൻ പ്രയാസപ്പെടുക.
  • ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക.
  • മറവി കൂടുന്നു.
  • സാധനങ്ങൾ നഷ്ടപ്പെടുത്തുക.

അമിതാവേശം

  • ആരെയും ഒന്നിനും കാത്തു നിൽക്കാൻ അവർ താത്പര്യപ്പെടുകയില്ല.  എത്രയും പെട്ടെന്ന് കാര്യം സാധിച്ചെടുക്കണം എന്നതു മാത്രമാകും അവരുടെ ലക്‌ഷ്യം.
  • ചോദ്യം കേട്ട് കഴിയുന്നതിന് മുൻപുതന്നെ ഉത്തരം പറയുക.
  • ഇടയിൽ കയറി സംസാരിക്കുക.
  • ക്യുവിൽ ക്ഷമയോടെ കാത്തിരിക്കാൻ കഴിയാതെ വരിക.

വികൃതി

  • അടങ്ങിയിരിക്കാതിരിക്കുക. എപ്പോഴും ഓടിച്ചാടി നടക്കുക.
  • ബഹളമുണ്ടാക്കുക.
  • തിരക്ക് പിടിച്ച സംസാരവും പ്രവൃത്തികളും.
  • ഉയരങ്ങളിലേക്ക് ചാടിക്കയറുക, താഴേക്ക് എടുത്ത് ചാടുക.
  • അപകടകരമായ കളികളിൽ കൂടുതൽ താല്പര്യം കാണിക്കുക.
  • അനാവശ്യമായി ശരീരഭാഗങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുക.
  • എപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുക.

ലക്ഷണങ്ങളെ ചേർത്തുവച്ചുകൊണ്ട് ADHD യെ മൂന്നായി തിരിച്ചിരിക്കുന്നു. ശ്രദ്ധക്കുറവുമൂലമുള്ള ADHD, ശ്രദ്ധക്കുറവും അമിതാവേശവും ചേർന്ന ADHD, മൂന്നു ലക്ഷണങ്ങളും പ്രകടമാകുന്ന ADHD.

ADHD; കാരണങ്ങൾ

  • തലച്ചോറിന്റെ സവിശേഷതകൾ.
  • ശരീര ചലനം, ശ്രദ്ധ, വികാരങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ഡോപ്പാമിൻ, നോർ എപിനെഫ്രെയ്‌ൻ തുടങ്ങിയ രാസ പദാർഥങ്ങളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ.
  • പാരമ്പര്യം: കുട്ടിയുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും ADHD ഉണ്ടെങ്കിൽ കുഞ്ഞിന് വരാനുള്ള സാധ്യത 50% ആണ്. കുട്ടിയുടെ സഹോദരങ്ങൾക്ക് ആർക്കെങ്കിലുമുണ്ടെങ്കിൽ 33%സാധ്യതയാണുള്ളത്.
  • ഗർഭാവസ്ഥയിലെ പുകവലി, മദ്യപാനം.
  • ഗർഭകാലത്തെ പോഷകാഹാരക്കുറവ്.
  • മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്, അടുപ്പക്കുറവ്.
  • രക്ഷിതാക്കളിൽ നിന്നുള്ള പീഡനം.

ADHD; പരിഹാരങ്ങൾ

മരുന്നുകളും ബിഹേവിയറൽ തെറാപ്പിയുമാണ് ചികിത്സാമാർഗ്ഗങ്ങൾ. ADHD യുടെ തീവ്രതയനുസരിച്ചാണ് മരുന്നുകൾ നൽകുന്നത്. ലക്ഷണങ്ങൾ മാറുന്നത് വരെ ചിലപ്പോൾ ദീർഘകാലത്തേക്ക് മരുന്നുകൾ ഉപയോഗിക്കേണ്ടതായി വരാം.

ADHD ഒരു പെരുമാറ്റ വൈകല്യമായതുകൊണ്ടുതന്നെ പരിഹാരമാർഗ്ഗങ്ങളിൽ പ്രധാനം ബിഹേവിയറൽ തെറാപ്പി ആണ്. കുട്ടികൾക്കായുള്ള കൗൺസിലിങ്ങുകൾ, രക്ഷിതാക്കൾക്കായി പാരന്റ് മാനേജ്‌മന്റ് ട്രെയിനിങ്, കുട്ടികളുടെ സാമൂഹികമായ കഴിവുകൾ വളർത്തുന്നതിനും  ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമുള്ള സോഷ്യൽ സ്കിൽ ട്രെയിനിങ് എന്നിവ ഏറെ ഫലപ്രദമാണ്. മാറ്റങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ഇത്തരം ചികിത്സാരീതികൾക്ക് സാധിക്കും.

രക്ഷിതാക്കൾ ചെയ്യേണ്ടത്

ADHD; പരിഹാരങ്ങൾ

ADHD ഉണ്ടാകുന്നതിന് ഒരിക്കലും കുഞ്ഞുങ്ങൾ കാരണമാകുന്നില്ല. ഒരു പെരുമാറ്റ വൈകല്യമായതിനാൽ വീട്ടുകാരുടെ ശ്രദ്ധ വേണ്ടരീതിയിൽ ലഭിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇതിനു തടയിടാൻ സാധിക്കും.

ഗർഭകാലത്തെ പുകവലി, മദ്യപാനം എന്നിവ തീർത്തും ഒഴിവാക്കാം. ഗർഭകാലത്ത് പോഷകാഹാര ലഭ്യത ഉറപ്പാക്കുക. കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്ന മരുന്നുകളും പാനീയങ്ങളും തീർത്തും ഒഴിവാക്കുക.

പരിസരമലിനീകരണവും വിഷവാതകങ്ങൾ ശ്വസിക്കുവാനുള്ള സാഹചര്യവും ഉണ്ടാകാതെ ശ്രദ്ധിക്കുക.

പ്രത്യേക ശ്രദ്ധ ആവശ്യമില്ലാത്തതിനാൽ സ്ക്രീനിനു മുന്നിൽ ദീർഘനേരം ചിലവിടാൻ ഇവർ താത്പര്യം കാണിക്കാറുണ്ട്. അത് അനുവദിച്ചു കൊടുക്കാതിരിക്കുക. ആദ്യ അഞ്ചു വർഷങ്ങളിൽ ടി വി, മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുക.

കുട്ടി അമിതമായി വാശിയോ വികൃതിയോ കാണിക്കുകയാണെങ്കിൽ മൊബൈൽ നൽകിയും ടി വി കാണിച്ചും സമാധാനിപ്പിക്കുകയോ അടക്കിയിരുത്തുവാനോ ശ്രമിക്കരുത്. അത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നും വിധം ഒന്നോ രണ്ടോ മിനിട്ടു നേരം കുട്ടിയെ മാറ്റി നിർത്തുക (time out). അതിനു ശേഷം കുഞ്ഞിനെ പറഞ്ഞു മനസിലാക്കുക.

കുഞ്ഞിന് ADHD സ്ഥിരീകരിച്ചു കഴിഞ്ഞാൽ വിഷമിക്കേണ്ടതില്ല, അവർക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകുക. പതിയെ പതിയെ അവരുടെ ജീവിത ശൈലിയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക.

അവർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ലളിതമായി പറഞ്ഞു കൊടുക്കുക. അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക.

പഠനത്തിനും, ഭക്ഷണക്രമത്തിനും കളികൾക്കും കൃത്യമായ സമയങ്ങൾ നൽകി ചിട്ടയായ ജീവിതം പ്രോത്സാഹിപ്പിക്കുക.

കുട്ടിയോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അവർക്ക് പറയാനുള്ളത് ശ്രദ്ധാപൂർവ്വം കേൾക്കുക. അവരുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുക.

അധ്യാപകരുമായി കുട്ടിയുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുക. വീട്ടിലും സ്കൂളിലും ഒരുപോലെ ശ്രദ്ധ ലഭിക്കുമ്പോൾ എത്രയും പെട്ടെന്ന് അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തും.

Related links

കളിയും ചിരിയും കുസൃതികളും കുറുമ്പും എല്ലാം കുഞ്ഞുങ്ങളുടെ സവിശേഷതകളാണ്. ഇവയെല്ലാം എല്ലാ കുഞ്ഞുങ്ങളിലും ഒരുപോലെ ആയിരിക്കണമെന്നില്ല, അവരുടെ പ്രായത്തിനും പക്വതയ്ക്കും അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ വരാം. സമപ്രായക്കാരായ മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതലായി വികൃതി കാണിക്കുന്ന എപ്പോഴും അടങ്ങിയിരിക്കാത്ത മക്കളെക്കുറിച്ച് പരാതിപ്പെടുന്ന കുറെ അമ്മമാരും വളർത്തുദോഷം എന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്നവരും അറിയുക; കുട്ടികളിലെ അമിതമായ വികൃതിയും ശ്രദ്ധക്കുറവും ADHD എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ പെരുമാറ്റ വൈകല്യം യഥാസമയം കണ്ടെത്തി ചികില്സിക്കുകയാണെങ്കിൽ മറ്റു കുട്ടികളെ പോലെ നിങ്ങളുടെ കുഞ്ഞും മിടുക്കനായി വളരും എന്നതിൽ യാതൊരു സംശയവുമില്ല.

Leave a Comment

Your email address will not be published. Required fields are marked *