Mkutti

temper tantrums in children

പൊന്നോമനയുടെ വാശി അതിരുകടക്കുന്നുവോ?

കുഞ്ഞുങ്ങളുടെ വാശി (Temper Tantrums in Children) പൊതുവെ മാതാപിതാക്കൾ കാര്യമായിട്ടെടുക്കാറില്ല. കുട്ടികളാണ്; സ്വല്പം കുറുമ്പും കുസൃതിയും വാശിയുമൊക്കെ ഉണ്ടാകും എന്നതാണ് നമ്മുടെ സങ്കല്പം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ വാശി കാണിക്കുമ്പോൾ വീട്ടുകാർ അവർക്കു തോന്നുന്ന രീതിയിൽ വാശി അവസാനിപ്പിച്ചെടുക്കുകയാണ് പതിവ്. ഒരു പക്ഷെ അത് അവരുടെ വാശി അംഗീകരിച്ചുകൊണ്ടാകാം അല്ലെങ്കിൽ തിരസ്കരിച്ചുകൊണ്ടാകാം. എന്നാൽ വാശി പിടിക്കുന്ന സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ മാർഗ്ഗം തേടുന്നതിൽ പലപ്പോഴും രക്ഷിതാക്കൾ പരാജയപ്പെടുന്നു.

കുഞ്ഞുങ്ങളുടെ ഈ ശാഠ്യം തലവേദനയാണെങ്കിലും “എന്റെ മകൻ അല്പം വാശിക്കാരനാണ്, ചോദിക്കുന്നതെന്തും ഉടനടി കിട്ടണം” എന്ന്  അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കളും കുറവല്ല. നിങ്ങളുടെ കുഞ്ഞിന്റെ വാശി കൂടിക്കൂടി വരികയാണെങ്കിൽ ഒരിക്കലും നിസ്സാരമായി കാണരുത്. വാശിയിൽ നിന്നും ദുർവ്വാശിയിലേക്കും ദുശ്ശാഠ്യത്തിലേക്കും വഴിമാറാറാൻ കുഞ്ഞുങ്ങൾക്ക് കൂടുതൽ സമയം ആവശ്യമില്ല. കുട്ടികളുടെ വാശിയെ കുറിച്ച് കൂടുതൽ അറിയാം, തുടക്കത്തിൽ തന്നെ വാശി തിരിച്ചറിഞ്ഞ് അവരെ  കൈകാര്യം ചെയ്യാം.

എന്താണ് കുട്ടികളിലെ വാശി?

കുട്ടികൾ വാശിക്കാരാകുന്നത് എപ്പോൾ? എന്തുകൊണ്ട്?

വാശിക്കാരെ എങ്ങനെ കൈകാര്യം ചെയ്യാം? എന്നീ കാര്യങ്ങൾ അറിയേണ്ടേ, വരൂ നമുക്ക് നോക്കാം.

എന്താണ് കുട്ടികളിലെ വാശി (Temper Tantrums in Children) ?

പരിചയമില്ലാത്ത ഒരാൾ പെട്ടെന്ന് എടുക്കുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നത് കണ്ടിട്ടില്ലേ, കുഞ്ഞിന് ഇഷ്ടമല്ലാത്ത ഒരു ഡ്രസ്സ് ഇട്ടുകൊടുക്കാൻ ശ്രമിക്കൂ അപ്പോഴും കരയുന്നത് കാണാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുവാനാണ് കുട്ടികൾ വാശി പിടിച്ച് കരയുന്നത് എന്ന് മനസിലാക്കുക.

വിശക്കുമ്പോൾ, അസുഖബാധിതരായിരിക്കുമ്പോൾ, അസുഖം മാറുമ്പോൾ, ക്ഷീണം ഉള്ളപ്പോൾ തുടങ്ങിയ അവസ്ഥകളിലെല്ലാം കുഞ്ഞുങ്ങൾക്ക് വാശിയും കരച്ചിലും അല്പം കൂടിക്കാണാറുണ്ട്. എന്നാൽ പലപ്പോഴും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുവാനും ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നും രക്ഷപ്പെടുവാനുമാണ് അവർ വാശിയെ കൂട്ടുപിടിക്കുന്നത്. ഇങ്ങനെ കുട്ടികളുടെ വാശിയോടെയുള്ള കരച്ചിലിനെ ടെമ്പർ ടാൻട്രം (Temper Tantrum) എന്ന് വിളിക്കുന്നു.

എല്ലാവരുടെയും വാശി കരച്ചിലിൽ മാത്രം ഒതുങ്ങാറുണ്ടോ? ഒരിക്കലുമില്ല, കുഞ്ഞിന്റെ മനോനിലയും രക്ഷിതാക്കളുടെ സമീപനവും ആശ്രയിച്ച് ഇതിൽ മാറ്റം വരാം. നിലത്തുകിടന്ന് ഉരുളുക, കൈകൾ ബലം പിടിച്ച് വിറയ്ക്കുക, തല നിലത്തോ ചുമരിലോ ഇടിക്കുക, അടുത്തുള്ളവരെ അടിക്കുക, കടിക്കുക, സാധനങ്ങൾ വലിച്ചെറിയുക, സ്വയം ദേഹോപദ്രവമേല്പിക്കുക, ശ്വാസം പിടിച്ചുനിന്ന്  കുഴഞ്ഞു വീഴുക തുടങ്ങിയ രീതികളിൽ ചില കുഞ്ഞുങ്ങൾ അവരുടെ വാശി പ്രകടിപ്പിക്കാറുണ്ട്.

കുട്ടികൾ വാശിക്കാരാകുന്നത് എപ്പോൾ?

ഏകദേശം ഒന്നര വയസ്സുമുതൽ അഞ്ചു വയസ്സുവരെയാണ് ഇത്തരം വാശി കണ്ടുവരുന്നത്. ഒന്ന്/ ഒന്നര വയസ്സിൽ തുടങ്ങി രണ്ട്/ രണ്ടര വയസ്സാകുമ്പോഴേക്കും ശാഠ്യം കൂടുകയും പിന്നീട് നാല്/ അഞ്ചു വയസ്സ് ആകുമ്പോൾ പതുക്കെ കുറയുകയുമാണ് ചെയ്യുന്നത്.

സാധാരണയായി ഒന്നര വയസ്സാകുമ്പോൾ കുഞ്ഞുങ്ങൾ അർത്ഥപൂർണ്ണമായ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു തുടങ്ങുകയും കേൾക്കുന്നത് മനസിലാക്കിയെടുക്കുകയും ചെയ്യും, എന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നോ തന്റെ ആവശ്യങ്ങൾ എങ്ങനെ അറിയിക്കണമെന്നോ അവർക്ക് അറിയണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ആവശ്യങ്ങളും അനിഷ്ടങ്ങളും നിങ്ങളെ മനസിലാക്കാൻ അവർ സ്വീകരിക്കുന്ന മാർഗ്ഗമാണ് വാശിയും കരച്ചിലും. അവർ ഉദ്ദേശിച്ച കാര്യങ്ങൾ നിങ്ങൾ മനസിലാക്കിയെടുക്കുന്നതു വരെ ഇത് തുടർന്നെന്നിരിക്കാം.  ഇങ്ങനെയുള്ള കുട്ടികളെ കുറ്റപ്പെടുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ കൂടുതൽ വാക്കുകൾ അവരെ പഠിപ്പിക്കുവാനും ആവശ്യങ്ങൾ എങ്ങനെ സൂചിപ്പിക്കണമെന്ന് ശീലിപ്പിക്കുവാനും കഴിയും. വളരുന്നതിനനുസരിച്ച് അവരുടെ പദസമ്പത്ത് വർദ്ധിക്കുകയും അഞ്ചു വയസ്സാകുന്നതിന് മുൻപ് തന്നെ കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാൻ പഠിക്കുകയും ചെയ്യും. അതിനനുസരിച്ച് അവരുടെ ശാഠ്യം കുറഞ്ഞില്ലാതാകും, പക്ഷെ അത് അവരുടെ വാശിയെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വാശിക്കാരെ എങ്ങനെ കൈകാര്യം ചെയ്യാം?

വാശിക്കാരെ എങ്ങനെ കൈകാര്യം ചെയ്യാം?
  • ശാഠ്യം ന്യായമാണെങ്കിൽ മാത്രം സാധിച്ചുകൊടുക്കുക. അല്ലാത്ത പക്ഷം യാതൊരു കാരണവശാലും അനുവദിക്കരുത്. വീട്ടിലെ എല്ലാ അംഗങ്ങളും ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുക. അച്ഛനമ്മമാർ പാലിക്കുകയും അപ്പൂപ്പനും അമ്മൂമ്മയും കുഞ്ഞിനെ അനുകൂലിക്കുകയും ചെയ്താൽ കുഞ്ഞിന്റെ വാശി അധികരിക്കും എന്നതിൽ സംശയമില്ല. തുടർന്നും കാര്യസാധ്യത്തിനായി ഈ  വഴി തന്നെ കുറച്ചുകൂടെ ശക്തമായി ഉപയോഗിക്കുകയും ചെയ്യും.
  • കുഞ്ഞുങ്ങൾ ബഹളം വെക്കുമ്പോൾ അതിനേക്കാൾ ഉയർന്ന ശബ്ദത്തിൽ അവരോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യരുത്. രക്ഷിതാക്കളുടെ ഈ സമീപനം കുഞ്ഞിന്റെ വാശി കൂട്ടുമെന്നല്ലാതെ വേറെ പ്രയോജനങ്ങൾ ഒന്നുമില്ല. മറിച്ച് സമചിത്തതയോടെ  പെരുമാറുകയാണെങ്കിൽ അൽപ സമയത്തിനുള്ളിൽ കുഞ്ഞ് ശാന്തനാകും തീർച്ച. പിന്നീട് സമാധാനിപ്പിക്കുകയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാവുന്നതുമാണ്.
  • ശാഠ്യം തുടങ്ങുമ്പോൾ തന്നെ അവരുടെ ശ്രദ്ധമാറ്റാം. അവർ ശ്രദ്ധിക്കാതെ പോയ കളിപ്പാട്ടങ്ങളിലേക്കോ വസ്തുക്കളിലേക്കോ കാഴ്ചകളിലേക്കോ അവരുടെ ശ്രദ്ധ തിരിക്കാം. വളരെ ചെറിയ കുഞ്ഞുങ്ങളിൽ പ്രാവർത്തികമാക്കാവുന്ന രീതിയാണ് ഇത്.
  • കരഞ്ഞു ബഹളം വെക്കുകയും ഇടയ്ക്കിടെ നിർത്തി നിങ്ങളെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരിക്കാം (Attention seeking). ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞ് ശാന്തനാകുന്നതുവരെ അവനെ മടിയിൽ ചേർത്ത് ഇരുത്താം. ഇങ്ങനെ കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കുന്നതിനെ ടൈം ഇൻ (Time in) എന്നു പറയുന്നു. എല്ലായ്പ്പോഴും ഈ മാർഗ്ഗം വിജയകരമകണമെന്നില്ല.
  • ടൈം ഇൻ എന്നതുപോലെ മറ്റൊരു രീതിയാണ് ടൈം ഔട്ട്‌ (Time out). കുഞ്ഞു കുട്ടികളെ വേണമെങ്കിൽ എടുക്കുകയോ മടിയിൽ വെക്കുകയോ ചെയ്യാം. എന്നാൽ അവരെ ശ്രദ്ധിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യരുത്. ശാന്തമായ ശേഷം കുഞ്ഞിനെ സമാധാനിപ്പിക്കുക.

വലിയ കുട്ടികളാണെങ്കിൽ ശാന്തനാകും വരെ ഒരിടത്ത് ഇരുത്തുക. നിങ്ങൾ ശ്രദ്ധിക്കുന്നു എന്നു തോന്നാത്തവിധം അവരെ നിരീക്ഷിക്കുക. ഒരു വയസ്സുള്ളവർക്ക് ഒരു മിനുട്ട്, രണ്ടു വയസ്സുകാർക്ക് രണ്ടു മിനിറ്റ് എന്ന രീതിയിലാണ് സമയം അനുവദിക്കേണ്ടത്. സാധാരണയായി ഈ രീതി ഏറെ ഫലപ്രദമാണ്.സമാധാനപ്പെട്ട് കുഞ്ഞ് തിരിച്ചു വരുമ്പോൾ ശാഠ്യം അവസാനിപ്പിച്ച അവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കാൻ മറക്കരുത്.

ഇനി മറ്റൊരു കാര്യം, കുഞ്ഞ് തല ഇടിക്കുകയോ അക്രമവാസന കാണിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ഇടപെടുക. ഇത്തരം സാഹചര്യങ്ങൾ ഒരു ദിവസം തന്നെ ഒന്നിലധികം തവണയും തുടർന്നുള്ള ദിവസങ്ങളിൽ ആവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.

  • നിങ്ങൾ നൽകുന്ന ടാസ്കിൽ നിന്നും ഓഴിവാകുന്നതിനായുള്ള വാശിയാണെങ്കിൽ ഒരു കാരണവശാലും അതിൽ നിന്നും പിന്മാറാൻ അനുവദിക്കാതിരിക്കുക. ദേഷ്യം പിടിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുക. അതു ചെയ്തു തീർന്നാൽ മാത്രമേ ഒഴിവാകാൻ കഴിയുകയുള്ളൂ എന്ന് അവർക്ക് ബോദ്ധ്യപ്പെടണം. ടാസ്‌ക് കഴിയുമ്പോൾ സമ്മാനങ്ങൾ നൽകാവുന്നതാണ്.
  • കുട്ടികളോടുള്ള രക്ഷിതാക്കളുടെ നിർബന്ധബുദ്ധിയും അവരെ വാശിക്കാരാക്കാം. കുഞ്ഞുങ്ങളെ മാത്രം കുറ്റപ്പെടുത്താതെ ചില വിട്ടുവീഴ്ചകൾ നിങ്ങൾക്കുമാകാം. പ്രത്യേകിച്ചും വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് ചോയ്‌സ് നൽകാം. നിങ്ങൾ തീരുമാനിക്കുന്ന രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ അവരോട് ആവശ്യപ്പെടാം. എനിക്കു ഗുണകരമായ കാര്യങ്ങൾ മാത്രമേ രക്ഷിതാക്കൾ ചെയ്യുകയുള്ളൂ എന്ന് അവർ നിങ്ങളുടെ പ്രവർത്തിയിൽ നിന്നും മനസിലാക്കണം.
  • കുട്ടികൾ അവരുടെ  ഇഷ്ട വിനോദത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ പെട്ടന്ന് തന്നെ അവരെ മറ്റൊരു പ്രവർത്തിയിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക. അതിൽ നിന്നും വിട്ടുപോരാൻ അവർക്ക് അൽപ്പം സമയം കൊടുക്കാം. പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാം. ആ പ്രവർത്തിക്കു ശേഷം ചെയ്തുകൊണ്ടിരുന്ന കാര്യം തുടരാൻ കഴിയും എന്ന് മനസിലാക്കി കൊടുക്കാം.

കുട്ടികളിലെ വാശി ശ്രദ്ധിക്കേണ്ടത് എപ്പോൾ?

ദുർവാശിയും ദുശ്ശാഠ്യവും ഒട്ടിസത്തിന്റെ ലക്ഷണങ്ങളാണോ?

രണ്ടു വയസ്സു കഴിഞ്ഞശേഷവും കുഞ്ഞുങ്ങൾ സംസാരിക്കുന്നില്ലെങ്കിൽ ശിശുരോഗവിദഗ്ദനെ കാണേണ്ടതാണ്. സംസാര വൈകല്യവും കേൾവി കുറവും ഉണ്ടോ എന്ന് പരിശോധിക്കുക. ഇത്തരം വൈകല്യങ്ങൾ കുഞ്ഞിന്റെ ആശയവിനിമയത്തിന് തടസമാണ്. തന്റെ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്തതാകാം വാശിയുടെ കാരണം. ഇതിൽ തുടർ ചികിത്സകൾ തേടുക.

ടെംപർ ടാൻട്രംസ് ഒരിക്കലും 15 മിനിറ്റിൽകൂടുതൽ നീണ്ടു നിൽക്കുകയോ ഒരുദിവസം തന്നെ നാലിൽ കൂടുതൽ തവണ ഉണ്ടാകുകയോ ചെയ്യില്ല. വാശി അരമണിക്കൂറോളം നീണ്ടു നിൽക്കുകയും ഒരു ദിവസം തന്നെ നാലിൽ അധികം തവണ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ കുഞ്ഞ് അക്രമാസക്തനാവാതെ ശ്രദ്ധിക്കുകയും ഡോക്ടറുടെ നിർദ്ദേശം തേടുകയും ചെയ്യുക.

നിങ്ങളുടെ കുട്ടി രണ്ടര വയസ്സു കഴിഞ്ഞിട്ടും മറ്റു കുട്ടികളുമായി കൂട്ടുകൂടാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ കാര്യമായെടുക്കുക. മേൽപറഞ്ഞ സ്വഭാവ ഭാഷാ വൈകല്യങ്ങളും നീണ്ടു നിൽക്കുന്ന ശാഠ്യവും ഒട്ടിസത്തിന്റെ സൂചനകളാകാം. ഇത്തരം ലക്ഷണങ്ങൾ ഉള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒട്ടിസമാണെന്നു തെറ്റിദ്ധരിക്കരുത്. ഈ പ്രായത്തിൽ ഓട്ടിസം തിരിച്ചറിയുകയാണെങ്കിൽ കുഞ്ഞുങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാവുന്നതാണ്.

Related links

കുഞ്ഞുങ്ങൾ മിടുക്കരായി വളരുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ

എന്നെ തൊടരുത്; എന്റെ ശരീരം എന്റേതു മാത്രം

നാം വളരെ നിസ്സാരമായി കാണാറുള്ള കുട്ടികളിലെ വാശിക്കുപിന്നിൽ ഇത്രയും കാര്യങ്ങളും കാരണങ്ങളും ഉണ്ട് എന്നറിഞ്ഞപ്പോൾ ചിലരെങ്കിലും അത്ഭുതപ്പെട്ടിരിക്കാം. ഇത്രയും വസ്തുതകൾ ഓർമ്മയിൽ വച്ചുകൊണ്ട് തന്നെ സമചിത്തതയോടെ കുട്ടികളെ പരിപാലിക്കാം.

ഈ ആർട്ടിക്കിൾ ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Comment

Your email address will not be published. Required fields are marked *