Mkutti

good touch and bad touch

എന്നെ തൊടരുത്; എന്റെ ശരീരം എന്റേതു മാത്രം

ഒരു കപ്പ് കാപ്പി നുണഞ്ഞുകൊണ്ട് അനു പത്രത്താളുകളിൽ കണ്ണോടിച്ചു. ഒന്നാം പേജിലെ ആദ്യ വാർത്ത

“ആറു വയസ്സുകാരിയെ അയൽക്കാരൻ പീഡിപ്പിച്ചു”.

പീഡന വാർത്തകൾ കേട്ടു മനസു മരവിച്ചെങ്കിലും രണ്ടു കുട്ടികളുടെ അമ്മ എന്ന നിലയിൽ ആ വാർത്ത അവളുടെ ആധി കൂട്ടി. പത്രവാർത്തകൾ നോട്ട് ബുക്കിൽ കുറിച്ചിടുവാൻ മകൾ ഓടിയെത്തി. ഏഴു വയസു മാത്രം പ്രായമുള്ള അവൾ ഈ വാർത്ത വായിക്കാമോ? അവളുടെ സംശയങ്ങൾക്ക് എന്ത് മറുപടി നൽകും? ടിവി ന്യൂസിൽ ഇത്തരം ഒരു വാർത്ത കേട്ടപ്പോൾ അവളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതെ ചാനൽ മാറ്റേണ്ടി വന്നിട്ടുണ്ട്,  അതിനാൽ പേജ് മാറ്റിയെടുത്ത് ന്യൂസ് പേപ്പർ മകൾക്കു നൽകി അവൾ എഴുന്നേറ്റുപോയി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടും പീഡനങ്ങളുടെ പുതിയ കഥകൾ ഓരോ ദിവസവും നാം അറിയുന്നു. സ്ത്രീ പീഡനങ്ങളെ കടത്തിവെട്ടും വിധം ബാല പീഡനങ്ങൾ വർദ്ധിച്ച് വരുന്നു. പൊതു സമൂഹത്തിൽ കുഞ്ഞുങ്ങൾ ഭയപ്പാടോടെ എങ്ങനെ ജീവിക്കും? പലപ്പോഴും കുട്ടികളുടെ അറിവില്ലായ്മയല്ലേ ഇത്തരം സംഭവങ്ങളുടെ ആക്കം കൂട്ടുന്നത്?

ഇങ്ങനെ ഒരു സാഹചര്യം സ്വന്തം കുട്ടികൾക്കുണ്ടായാൽ? അതെ, ആ ന്യൂസ് അവൾ വായിക്കണമായിരുന്നു, അവളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നല്കേണ്ടതായിരുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു കൊണ്ട് ധൈര്യപൂർവ്വം മുന്നേറാൻ അവർ പ്രാപ്തരാകേണ്ടതാണ്.

കുഞ്ഞു കുട്ടികളെ ഇത്തരം കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസിലാക്കും? നല്ലതും ചീത്തയുമായ സ്പർശനങ്ങൾ (Good Touch & Bad Toch) എങ്ങനെ വിശദമാക്കും? അവർക്ക് സ്വീകരിക്കാവുന്ന സ്വയരക്ഷാ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

അനുവിനുണ്ടായ ഉത്കണ്ഠകളും സംശയങ്ങളും നിങ്ങൾക്കുമുണ്ടോ?

നിങ്ങളുടെ കുട്ടിയെ ഇത്തരം കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണോ? എങ്കിൽ തുടർന്ന് വായിക്കൂ…

കുട്ടികളെ ബോധവൽക്കരിക്കാം

കുട്ടികളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകത

കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണങ്ങളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, നമ്മുടെ രാജ്യത്ത്  ഓരോ ദിവസവും നൂറിലധികം കുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ഇതിൽ അഞ്ചിൽ ഒരു കുട്ടി പെൺകുട്ടിയും പത്തിൽ ഒരു കുട്ടി ആൺ കുട്ടിയുമാണ്.  ഇതിലെല്ലാം പലപ്പോഴും വില്ലന്മാരാകുന്നത് പരിചയക്കാരും ബന്ധുക്കളുമാണ്. അതിൽ തന്നെ 60 % കേസുകളിലും പ്രതികളാകുന്നത് ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമാണ്. പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് അപരിചിതരായി വരുന്നത്. അതിനാൽ കുട്ടികൾ സുരക്ഷിതരായിരിക്കാൻ നല്ലതും ചീത്തയുമായ സ്പര്ശനങ്ങളെ കുറിച്ച് എത്രയും നേരത്തെ തന്നെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ഈ ഒരു വിഷയം കുഞ്ഞുങ്ങളുമായി സംസാരിക്കുക എന്നുള്ളത് സങ്കീർണ്ണമായ ഒരു പ്രശ്നമായി മാതാപിതാക്കൾ കാണുന്നു. കുഞ്ഞുങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി തോന്നേണ്ടത് നിങ്ങളുടെ സമീപനമാണെന്ന് ഓർക്കുക. എന്തും  ഏതും തുറന്നു പറയാനും സംശയങ്ങൾ ദുരീകരിക്കുവാനുമുള്ള സാഹചര്യം ഒരുക്കേണ്ടത് നിങ്ങളാണ്. അവരുടെ ശരീരത്തിന്റെ അതിർവരമ്പുകൾ സൃഷ്ടിക്കുകയും ആരോഗ്യകരമായ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തിയെടുക്കേണ്ടതും നിങ്ങളുടെ കടമയാണ്. അവരുടെ സംശയങ്ങൾ നിശബ്ദ വിഷയങ്ങളാക്കാതെ ശരിയായ രീതിയിൽ ആശയവിനിമയം നടത്തേണ്ടതാണ്.

എപ്പോഴാണ് കുഞ്ഞുങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടത്?

പെട്ടെന്ന് ഒരു ദിവസം ഒരു മണിക്കൂർ ക്ലാസെടുത്തുകൊണ്ട് കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമല്ല ഇത്. നിങ്ങൾ പറയുന്ന കാര്യങ്ങൾ എന്ന് മുതൽ കുഞ്ഞ് തിരിച്ചറിയുന്നുവോ അന്ന് മുതൽ ഇതിനെ കുറിച്ച് കുഞ്ഞിനോട് സംസാരിച്ചു തുടങ്ങാം. രണ്ടു വയസ്സ് തികയുന്നതിനു മുൻപ് തന്നെ കുഞ്ഞുങ്ങൾ നന്നായി സംസാരിക്കാറുണ്ട്. ഈ പ്രായത്തിൽ തന്നെ കുഞ്ഞിന്റെ ശരീര ഭാഗങ്ങൾ കൃത്യമായ പദങ്ങൾ ഉപയോഗിച്ച് പറഞ്ഞു കൊടുക്കാവുന്നതാണ്. കുഞ്ഞിനെ കുളിപ്പിക്കുന്ന വേളയിൽ ശരീരത്തിലെ രഹസ്യഭാഗങ്ങളുടെ പേരുകൾ പറയുകയും ടോയ്‌ലറ്റിങ് ആവശ്യങ്ങൾക്ക് മാത്രമായി അമ്മയെയോ അമ്മുമ്മയെയോ അല്ലാതെ മറ്റാരെയും അവിടെ സ്പർശിക്കാൻ അനുവദിക്കരുതെന്നും അവരെ അറിയിക്കാം. കുഞ്ഞിനെ ഭയപ്പെടുത്താതെ സ്നേഹത്തോടെ ഓർമ്മപ്പെടുത്താം. വലുതാകുന്നതിനനുസരിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാം.

ആണും പെണ്ണും തമ്മിൽ എന്താണ് വ്യത്യാസം ?

ആൺകുട്ടി അവന്റെ ശരീരവും പെൺകുട്ടി അവളുടെ ശരീരവും മാത്രം അറിഞ്ഞാൽ മതി എന്നുള്ളതാണ് മിക്ക രക്ഷിതാക്കളുടെയും കാഴ്ചപ്പാട്. മുതിർന്ന കുട്ടി തന്റെ അനിയന്റെ/ അനിയത്തിയുടെ ആ ഭാഗം കാണാതിരിക്കാൻ അതീവ ശ്രദ്ധപുലർത്തുന്ന രക്ഷിതാക്കളും ഉണ്ട്. ഇത്തരം കാഴ്ച്ചപ്പാടുകൾ കുഞ്ഞുങ്ങളിൽ കൗതുകമുണർത്തുകയും രഹസ്യമായി അത് അറിയുവാനുള്ള ശ്രമം അവരിൽ നിന്നും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഇനി മറ്റൊരു വശം നോക്കാം ചൂഷണം എന്ന് പറയാൻ കഴിയില്ലെങ്കിൽ കൂടിയും ഒരേ പ്രായത്തിലുള്ള രണ്ടു കുട്ടികൾ തമ്മിൽ രഹസ്യമായി സ്വകാര്യഭാഗങ്ങൾ കാണുവാനും ചിലപ്പോൾ സ്പർശിക്കുവാനും സാധ്യതയുണ്ട്. പിന്നീട് ഇത് ഒളിച്ചുവെക്കാനുള്ള പ്രശ്നം, അവർ തമ്മിൽ വീണ്ടും കാണുമ്പോഴുള്ള മാനസിക പ്രയാസങ്ങൾ ഇവ ഒഴിവാക്കാൻ ആൺ പെൺ ശരീര വ്യത്യാസം എന്താണെന്നും ഗുഡ് ടച്ച്, ബാഡ് ടച്ച് ഏതൊക്കെയാണെന്നും കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം.

മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് ജിജ്ഞാസ കൂടുതലാണ്. സ്വന്തം ശരീരത്തെ കുറിച്ച് ബോധവാനാകുന്നതോടൊപ്പം തന്റെ എതിർ ലിംഗത്തിലുള്ള വ്യക്തിയുടെ ശരീരം എങ്ങനെയാണെന്നും കുഞ്ഞുങ്ങൾ അറിയട്ടെ. ചിത്രങ്ങൾ കാണിച്ചും വർക്ക് ഷീറ്റുകൾ ഉപയോഗിച്ചും ആൺ പെൺ ശരീരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാൻ അവസരം ഒരുക്കാം.

സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങൾ (Good Touch and Bad Touch)

സ്പർശനം ഒരു വികാരവും ശക്തമായ ഒരു ആശയവിനിമയോപാധിയുമാണ്. കുട്ടിക്കാലത്ത് അച്ഛനോ അമ്മയോ നിങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ, ഉമ്മ വച്ചപ്പോൾ നിങ്ങൾക്കു സ്നേഹവും കരുതലും അറിയാൻ സാധിച്ചിട്ടുണ്ടാകും. അത്തരത്തിൽ തന്നെ നിങ്ങളുടെ കുഞ്ഞിനോടും പെരുമാറാം. കുട്ടികൾക്ക് ഇഷ്ടമല്ലെങ്കിൽ നിർബന്ധിക്കരുതെന്നു മാത്രം. നല്ല സ്പർശനം കുഞ്ഞിന് സുരക്ഷിതത്വവും സന്തോഷവും നൽകുന്നു. എന്നാൽ സുരക്ഷിതമല്ലാത്തസ്പർശനങ്ങൾ അസ്വസ്ഥതയോ ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കുന്നു.

കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ, സ്വിം സ്യുട്ട് ധരിക്കുന്ന ഭാഗങ്ങൾ രഹസ്യ ഭാഗങ്ങൾ ആണെന്നും അവിടെ ആരും സ്പർശിക്കരുതെന്നുമാണ് പൊതുവെ പറഞ്ഞു കൊടുക്കാറുള്ളത്. എന്നാൽ വളരെ തന്ത്ര പൂർവ്വം പ്രവർത്തിക്കുന്ന വ്യക്തി ഒരിക്കലും നേരിട്ട് അവിടെ സ്പർശിക്കണമെന്നില്ല. മറ്റു ശരീരഭാഗങ്ങളിലെ സ്നേഹ സ്പർശനത്തിലൂടെയും ഇഷ്ടവസ്തുക്കൾ സമ്മാനിച്ച് പ്രലോഭിപ്പിച്ചും കുഞ്ഞിനെ വശത്തക്കാനിടയുണ്ട്. അതിനാൽ ശരീരഭാഗങ്ങളിൽ അമ്മയെ കൂടാതെ മറ്റാരെയും സ്പർശിക്കാൻ അനുവദിക്കരുത് എന്ന് തന്നെ പഠിപ്പിക്കാം. കുട്ടികളുടെ ആവശ്യങ്ങൾ മനസിലാക്കേണ്ടതും നിറവേറ്റിക്കൊടുക്കേണ്ടതും രക്ഷിതാക്കളാണ്. അതിനായി മറ്റുള്ളവരെ ആശ്രയിക്കാൻ അവരെ അനുവദിക്കരുത്.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണുമ്പോൾ “മാമന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കൂ” എന്ന് കുട്ടികളോട് ആവശ്യപ്പെടുന്ന മാതാപിതാക്കൾ ഓർക്കുക; ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഒരു തെറ്റായ സന്ദേശമാണ് നിങ്ങൾ നൽകുന്നത്. കഴിയുന്നതും മറ്റുള്ളവരുമായുള്ള സ്പർശനങ്ങൾ ഒഴിവാക്കാൻ കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്.

ഷേക്ക് ഹാൻഡ്, ഹൈ-ഫൈ, കൈകൾ പിടിക്കുക എന്നിവയാണ് സുരക്ഷിതമായ സ്പർശനങ്ങൾ. ഏതെങ്കിലും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയാണെങ്കിൽ അതിനെ സുരക്ഷിതമല്ലാത്ത  സ്പർശനമെന്നു പറയാം.

തെറ്റായ ഒരു സ്പർശനം ഏതെങ്കിലും വ്യക്തിയിൽ നിന്നും ഉണ്ടാകുകയാണെങ്കിൽ നോ എന്ന് പറയാൻ കുട്ടികളെ പര്യാപ്തമാക്കണം. 

സ്പർശനങ്ങളെ കുറിച്ചും സ്വയം പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും കുട്ടിയോട് എങ്ങനെ സംസാരിക്കാം?

നല്ലതും ചീത്തയുമായ സ്പർശനങ്ങളെ കുറിച്ചും സ്വയം പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും കുട്ടിയോട് എങ്ങനെ സംസാരിക്കാം?

വളരെ ഗൗരവമായ വിഷയമാണെങ്കിലും ലളിതമായി സംസാരിക്കാം.

“എന്റെ ശരീരം എനിക്കു സ്വന്തം” എന്ന് ബോധ്യപ്പെടുത്തുക. 

നിങ്ങളുടെ കുട്ടിയുമായി ശരീരഭാഗങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ സ്വകാര്യഭാഗങ്ങൾക്ക് ശരിയായ പദങ്ങൾ മാത്രം ഉപയോഗിക്കുക. കുഞ്ഞിന്റെ പ്രായം  മൂന്നു വയസ്സിൽ താഴെ ആണെങ്കിൽ സ്വകാര്യഭാഗങ്ങൾ സ്വകാര്യമാണെന്നു പറയുക. അവരുടെ ശരീരം അവരുടേത് മാത്രമാണെന്ന് ഓർമ്മപ്പെടുത്തുക. 

മുതിർന്നു വരുന്നതിനനുസരിച്ച്  ശരീരത്തിന്റെ അതിർവരമ്പുകൾ വിശദീകരിക്കാം. സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ ശരീരത്തെയും എങ്ങനെ ബഹുമാനിക്കണമെന്നും നല്ലതും ചീത്തയുമായ സ്പർശനങ്ങൾ ഏതൊക്കെയെന്നും വിശദമാക്കാം.

പറയാം No-Go-Tell

മൂന്നു വയസ്സുമുതൽ ഒരു പാവയുടെ സഹായത്തോടെ എന്താണ് നല്ല സ്പർശം എന്താണ് ചീത്ത സ്പർശം എന്ന് കുഞ്ഞുങ്ങൾക്ക്  വിശദീകരിച്ചു നൽകാം. പാവയുടെ മൂക്ക് മുതൽ താഴെ നിതംബം വരെ ഉൾക്കൊള്ളുന്ന രീതിയിൽ ഒരു ത്രികോണം വരയ്ക്കുക. അതിനകത്ത് വരുന്ന ശരീരഭാഗങ്ങൾ; ചുണ്ട്, നെഞ്ച്, വയർ, കാലിന്റെ ഇടയിൽ വരുന്ന ഭാഗം ഇതിൽ എവിടെയെങ്കിലും  ആരെങ്കിലും തൊടുകയാണെങ്കിൽ ഉറച്ച ശബ്ദത്തിൽ തൊടരുത് (No) എന്നു പറയുകയും അവിടെനിന്നും പെട്ടെന്ന് തന്നെ മാറുകയും (Go) ഓടിച്ചെന്ന് മാതാപിതാക്കളെ അറിയിക്കേണ്ടതുമാണ് (Tell). നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണെന്ന കാര്യം ഊന്നിപ്പറയുക.

കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ തൊടുന്നത് മാത്രമല്ല, കുഞ്ഞുങ്ങളെ കൊണ്ട് മറ്റൊരാൾ അയാളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ആവശ്യപ്പെടുന്നതും ബാഡ് ടച്ച് തന്നെയാണ്. സ്വന്തം ശരീരത്തിൽ മറ്റൊരാൾ സ്പർശിക്കേണ്ടതില്ല എന്ന് പറഞ്ഞു കൊടുക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ശരീരത്തിൽ പ്രത്യേകിച്ചും സ്വകാര്യഭാഗങ്ങളിൽ താനും സ്പർശിക്കരുതെന്നും അവർ നിർബന്ധിക്കുകയാണെങ്കിൽ വഴങ്ങിക്കൊടുക്കരുതെന്നും അത്തരം സാഹചര്യങ്ങളിൽ No – Go – Tell പ്രാവർത്തികമാക്കാൻ കഴിയണമെന്നും കുഞ്ഞുങ്ങളെ ഓർമപ്പെടുത്തുക.

വർക്ക് ഷീറ്റുകളും പരിശീലനവും നൽകാം

 • കുട്ടികൾക്ക് ശരീരഭാഗങ്ങൾ തിരിച്ചറിയുന്ന കളറിംഗ് ആക്ടിവിറ്റി നൽകാം.
 • വർക്ക് ഷീറ്റുകൾ ഉപയോഗിച്ച് ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ തിരിച്ചറിയുക എന്ന പ്രവർത്തനം നൽകാം.
 • ഒരു മുതിർന്നയാൾ കുട്ടിയെ ദുരുദ്ദേശ്യത്തോടെ തൊടാൻ ശ്രമിക്കുകയോ അനുചിതമായി തൊടാൻ ആവശ്യപ്പെടുകയോ ചെയ്താൽ തൊടരുത് എന്ന് പറയുവാനും, എങ്ങനെ  നിലവിളിക്കാനും ഓടാനും കഴിയുമെന്നും  പരിശീലിപ്പിക്കുക.
 • സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങൾ എന്ന ആശയം വ്യക്തമാക്കുന്ന പാട്ടുകൾ കേൾപ്പിക്കുകയും വീഡിയോകൾ കാണിക്കാവുന്നതുമാണ്.

വായന

സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ, കഥകൾ എന്നിവ വായിച്ചു കൊടുക്കുകയോ വായിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുക.

Related links

നിങ്ങൾ അറിയാൻ

പറയാം No-Go-Tell
 • അടുപ്പമുള്ളവരോടെല്ലാം കുഞ്ഞ് ശാരീരികമായി അടുത്തിടപഴകണമെന്ന് നിർബന്ധം പിടിക്കരുത്.
 • ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും അച്ഛനും അമ്മയും ഒപ്പം ഉണ്ടാകുമെന്ന് അവരെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുക.
 • എന്ത് കാര്യവും തുറന്നു പറയാൻ കഴിയുന്ന  ഒരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.
 • ഏതെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ അവരെ കാണേണ്ടിവന്നാലും കാര്യങ്ങൾ  പറഞ്ഞു മനസിലാക്കി കൂടെ കൂട്ടുക.
 • എത്ര അടുപ്പമുള്ളവരോടാണെങ്കിലും ഇടപഴകുമ്പോൾ മനസ് കൊണ്ടും ശരീരം കൊണ്ടും നിശ്ചിത അകലം പാലിക്കുക.
 • പെട്ടെന്ന് സ്കൂളിൽ ,പോകുവാനുള്ള മടി, സംസാരിക്കുമ്പോൾ വിക്കൽ ഉണ്ടാകുക, പഠനത്തിലെ താൽപര്യക്കുറവ് ,  പെട്ടെന്നുള്ള ദേഷ്യം, അപരിചിതരെ കാണുമ്പോഴുള്ള ഭയം, എപ്പോഴും വിഷാദം, കരയുക, സ്വകാര്യഭാഗങ്ങളിൽ മുറിവോ ചതവോ കാണുക തുടങ്ങിയവ ലൈംഗികാതിക്രമങ്ങളുടെ ലക്ഷണങ്ങളാണ്.
 • രക്ഷിതാക്കളുടെ പേരും ഫോൺ നമ്പറും കുട്ടിയെ പഠിപ്പിക്കുക.
 • സ്കൂളിൽ പോയി തിരിച്ചു വരുന്നത് വരെയുള്ള കാര്യങ്ങൾ വീട്ടിലെത്തിയ ശേഷം ചോദിച്ചറിയുക.
 • സ്കൂളിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടാകുന്നവരെയും അവരുടെ പെരുമാറ്റങ്ങളും ചോദിച്ചറിയുക.
 • കുഞ്ഞ് മറ്റാരുടെയെങ്കിലും കൂടെ തനിച്ച് വരുവാനുള്ള സാഹചര്യം ഒഴിവാക്കുക.
 • എന്തെങ്കിലും  സ്വകാര്യം പറയുകയോ സ്വകാര്യഭാഗങ്ങളെ കുറിച്ച് സംസാരിക്കുകയോ ചെയ്യുമ്പോൾ കുട്ടികളെ കളിയാക്കാതിരിക്കുക.
 • നിന്റെ സ്വകാര്യഭാഗങ്ങളിൽ തൊടാവുന്നവർ തൊടരുതാത്തവർ എന്ന് പറഞ്ഞ് ലിസ്റ്റ് ഉണ്ടാക്കി കുഞ്ഞുങ്ങളെ ആശയക്കുഴപ്പത്തിലാക്കരുത്. ടോയ്‌ലെറ്റിങ്‌ ആവശ്യങ്ങൾക്കായും ഡോക്ടറുടെ പരിശോധനകൾ ആവശ്യമായി വരുന്ന അവസരത്തിലും മാത്രമേ അച്ഛനമ്മമാർ പോലും അവിടെ സ്പർശിക്കാവൂ എന്ന കാര്യം അവരുടെ മനസ്സിൽ പതിയണം. അതുപോലെ അച്ഛനമ്മമാരാണെങ്കിൽ കൂടിയും മറ്റുള്ളവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നത് ചീത്ത സ്വഭാവമാണെന്ന് അവരെ ഓർമ്മിപ്പിക്കുക. സ്വന്തം ശരീരത്തോടൊപ്പം മറ്റുള്ളവരുടെ  ശരീരത്തെയും ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിച്ചിരിക്കണം.

കുട്ടികൾ എവിടെയും സുരക്ഷിതരല്ല. സ്കൂളുകളിലും എന്തിന് സ്വന്തം വീടുകളിൽ പോലും  അവർ ചൂഷണം ചെയ്യപ്പെടുന്നു. കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെകുറിച്ച് പലപ്പോഴും അവർ അജ്ഞരായിരിക്കും.  പരിചയക്കാരുടെയും  ബന്ധുക്കളുടെയും തെറ്റായ സമീപനം അവർക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിക്കണമെന്നില്ല. അതിനാൽ നല്ലതും ചീത്തയുമായ സ്പർശനത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താം.

ഇത്തരം കാര്യങ്ങൾ കുഞ്ഞുങ്ങൾ മനസിലാക്കേണ്ടത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥലമാണ് വീടെന്നും മാതാപിതാക്കളും കുട്ടികളും തമ്മിൽ രഹസ്യങ്ങൾ പാടില്ലെന്നും അവർക്ക് ബോധ്യപ്പെടേണ്ടതാണ്. കുഞ്ഞുങ്ങളും മാതാപിതാക്കളും തമ്മിൽ നല്ല രീതിയിലുള്ള ആശയ വിനിമയവും സ്നേഹ സമീപനവുമുണ്ടാകണം അതോടൊപ്പം ഓരോ പ്രായത്തിലും കുട്ടികൾക്കാവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകേണ്ടതുമാണ്.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ.

Leave a Comment

Your email address will not be published. Required fields are marked *