Mkutti

ഞാൻ-ഗർഭിണിയാണോ?

ഞാൻ ഗർഭിണിയാണോ? ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ 

ഡിയർ ചാരൂ ,

ഞാൻ-ഗർഭിണിയാണോ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ ഒരു സുഖമില്ലായ്മയുണ്ട്. പീരിയഡ്സ്  ആയിട്ടില്ല, ഒരുപാട് വൈകിയിരിക്കുന്നു . ഉന്മേഷക്കുറവ് , ശരീരവേദന , മൂഡ് സ്വിങ്സ് എല്ലാം ഉണ്ട് . സാധാരണ ഗതിയിൽ കാണുന്ന പ്രീ മെൻസ്ട്രുവൽ ലക്ഷണങ്ങൾ തന്നെ കൂടുതലും. എങ്കിലും എനിക്ക് ചെറിയൊരു സംശയമുണ്ട് .

ഹഹ , അതുതന്നെ ! ഞാൻ-ഗർഭിണിയാണോ?എന്നാൽ ഉറപ്പിച്ചു പറയാനും വയ്യ. പീരിയഡ്സ്  ആകുന്നതിനുമുന്നെയും ആ സമയത്തും ഉണ്ടാകുന്ന  ശാരീരിക അസ്വാസ്ഥ്യങ്ങളും, ഗർഭാവസ്ഥയുടെ തുടക്കത്തിൽ , ഗർഭിണി ആണോന്നു ഉറപ്പിക്കുന്നതിനു മുന്നേ  ഉണ്ടാകുന്നവയും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു ഈ ലക്ഷണങ്ങൾ വെച്ചുമാത്രം ഉറപ്പിക്കാനും പറ്റില്ല.

പക്ഷെ പഠനങ്ങൾ പറയുന്നത്  നമ്മുടെ ശാരീരിക – മാനസിക മാറ്റങ്ങൾ  ഗർഭകാലത്തിലേക്കു കടക്കാനുള്ള സൂചനയാണെന്നാണ് .

എന്തൊക്കെയാണ് ആ സൂചനകൾ ?

ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളാണ് പ്രധാനമായും  ഗർഭത്തിൻറെ ആദ്യകാല ലക്ഷണത്തിന്റെ കാരണക്കാർ . ഗർഭാവസ്ഥയോടു ശരീരത്തെ പൊരുത്തപ്പെടുത്താൻ ഈ ഹോർമോണുകൾ സഹായിക്കുന്നു. എന്നാൽ അത് പലപ്പോഴും വേദനയായും, അസ്വസ്ഥതയായും അനുഭവപ്പെടുന്നു  

നിങ്ങളും എന്നെ പോലെ പ്രെഗ്നൻസി ടെസ്റ്റിനെ കുറിച്ചാലോചിക്കുകയാണോ?

എങ്കിലും ഗർഭാവസ്ഥ വിളിച്ചോതുന്ന ആ സൂചനകൾ എന്തൊക്കെയാണെന്നറിഞ്ഞാലോ?

1. മിസ്സ്ഡ് പീരിയഡ്സ് 

നിങ്ങളുടെ ആർത്തവചക്രം കൃത്യമാണോ ? 

അങ്ങനെയാണെങ്കിൽ  ഗർഭാവസ്ഥയുടെ ഏറ്റവും നല്ല സൂചനയാണ് പീരിയഡ്സ് വൈകുന്നു എന്നത്. ഇതുതന്നെയാണ് മിക്കവാറും സ്ത്രീകൾക്കും ഗർഭാവസ്ഥയാണോ എന്ന സംശയം ഉണ്ടാക്കുന്നതും ടെസ്റ്റിലേക്കു കടക്കുന്നതും.

എന്നാൽ ചാരൂ നിന്റെ കാര്യമോ?

നിനക്കു ആർത്തവചക്രം തന്നെ കൃത്യമല്ലല്ലോ ? അപ്പോൾ പെരിയഡ്സ് വൈകിയാൽ അത് ഗർഭാവസ്ഥ ആകണമെന്നില്ല.  ഹോർമോൺ വ്യതിയാനം ,മാനസികസമ്മർദ്ദം, അടുത്തിടെ ഉപയോഗിച്ച  ഗര്‍ഭനിരോധ ഉപാധി എന്നിവയെല്ലാം ആർത്തവത്തെ വൈകിപ്പിക്കാം.

നിങ്ങൾക്കും ക്രമം തെറ്റി വരുന്ന ആർത്തവ ചക്രമാണോ ?

എങ്കിൽ നമുക് മറ്റു ലക്ഷണങ്ങൾ നോക്കാം .

എങ്കിലും ഒരുപാട് വൈകിയെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട, സ്വന്തമായി തന്നെ  ഒരു ടെസ്റ്റ് നടത്തിക്കോളൂ….

കൂടുതൽ അറിവുകൾക്കായി ലിങ്ക് ക്ലിക്ക് ചെയ്യൂ...

1. ഗര്‍ഭകാല പ്രമേഹം കാരണവും പരിഹാരങ്ങളും 
2. ഓവുലേഷനും ഗർഭാധാരണവും; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ 
3. ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും

2. മുലകൾക്കുണ്ടാകുന്ന വ്യത്യാസങ്ങൾ 

മുലകൾക്ക് വേദനയോ ആർദ്രതയോ അനുഭവപ്പെടുന്നുണ്ടോ?

മുലകൾക്കുണ്ടാകുന്ന വ്യത്യാസങ്ങൾ ഗർഭത്തിൻറെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ്. ഗർഭധാരണത്തിനുശേഷം 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ തന്നെ സ്തനങ്ങൾക്കുള്ള മാറ്റങ്ങൾ ആരംഭിക്കാം.

ശരീരത്തിൽ പാലുല്പാദനവും അത് മുലകളിലേക്ക് വരാനുള്ള തുടക്കം എന്ന രീതിയിലാണ് മുലകളിൽ ആർദ്രത അനുഭവപ്പെടുന്നത്.

മുലയുടെയും മുലക്കണ്ണിന്റെയും നിറം മാറാനും സാധ്യതയുണ്ട്. മുലകളിൽ ഞരമ്പുകൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും. മുലകളിലൂടെയുള്ള രക്സ്തയോട്ടം കൂടുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത് .

മുലക്കണ്ണിന് കാര്യമായ മാറ്റമുണ്ടോ?

ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ തന്നെ  നിങ്ങളുടെ മുലക്കണ്ണുകളിൽ കാര്യമായ മാറ്റമുണ്ടാകാൻ  സാധ്യതയുണ്ട് 

 മുലക്കണ്ണുകളിൽ പതിവിലും കൂടുതൽ വേദനയുണ്ടാകാം, തള്ളിനിൽക്കുന്നതായും, തരിപ്പനുഭവപ്പെടുന്നതായും തോന്നാം. മുലക്കണ്ണിനു ചുറ്റുമുള്ള ഇരുണ്ട വൃത്തം , കൂടുതൽ ഇരുണ്ടതും വലുതുമായി മാറിയേക്കാം.

ചാരൂ, നീ ഈ മാറ്റങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ ?

നിങ്ങളോ?

3. സ്പോട്ടിംഗ് അല്ലെങ്കിൽ നേരിയ രക്തസ്രാവം

ചാരൂ , കഴിഞ്ഞ രണ്ടു ദിവസമായി പാന്റീസിൽ  ചെറുതായി രക്ത കറ  ഉണ്ടായിരുന്നു. പിരീഡ്‌സ് ആകാൻ പോകുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത് . എന്നാൽ പിരീഡ്സല്ല എന്ന് മനസിലായി.

നിങ്ങൾക്കും ഇത്തരത്തിൽ ബ്ലഡ് സ്പോട്ട് ഉണ്ടാകുന്നുണ്ടോ?

ഗർഭാവസ്ഥയുടെ തുടക്കത്തിൽ നേരിയ പുള്ളിയോ രക്തസ്രാവമോ ഉണ്ടാകുന്നത് അസാധാരണമല്ല – വാസ്തവത്തിൽ, ഇത് 20% ഗർഭധാരണത്തിലും സംഭവിക്കാവുന്നതാണ്.

ഇത് ഗർഭത്തിൻറെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്, 

ഇത് സാധാരണയായി‘ ഇംപ്ലാന്റേഷൻ രക്തസ്രാവവുമായി ’ബന്ധപ്പെട്ടിരിക്കുന്നു.

എന്താണ് ഇംപ്ലാന്റേഷൻ ?

ബീജസങ്കലനം ചെയ്ത മുട്ടയോ ഭ്രൂണമോ ഗര്ഭപാത്രത്തിന്റെ മതിലുമായി ചേരുമ്പോൾ. ഗർഭധാരണം കഴിഞ്ഞ് 6 മുതൽ 12 ദിവസങ്ങൾ വരെ ഭ്രൂണം ഇംപ്ലാന്റ് ചെയ്യുന്നു.എല്ലാ സ്ത്രീകൾക്കും പുള്ളി ലഭിക്കണമെന്നില്ല, അതിനാൽ വിഷമിക്കേണ്ട – ഇത് ഇംപ്ലാന്റേഷൻ എത്രത്തോളം വിജയിച്ചു എന്നതിന്റെ പ്രതിഫലനമല്ല!

സാധാരണ ഗതിയിൽ സ്പോട്ടിംഗ് വിഷമിക്കേണ്ട കാര്യമില്ല, പക്ഷേ ഇത് എക്ടോപിക് ഗർഭം അല്ലെങ്കിൽ ഗർഭം അലസൽ പോലുള്ള ഗുരുതരമായ ഒന്നിന്റെ ലക്ഷണമായും മാറാം . 

കൂടുതലായി  രക്തസ്രാവം അനുഭവപ്പെടുകയാണെങ്കിൽ, ഉടനടി വൈദ്യസഹായം തേടണം.

4. പതിവായി മൂത്രമൊഴിക്കുക

 സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ഇടക്കിടക്കിപ്പോൾ മൂത്രമൊഴിക്കാൻ പോണം. വീട്ടിലിരിക്കുമ്പോൾ ഞാൻ അത്ര ശ്രദ്ധിച്ചില്ല . പക്ഷെ ഓഫീസീന്നു ഒരുപാടു തവണ എഴുന്നേറ്റ് ബാത്റൂമിലേക്കു നടന്നപ്പോൾ എന്നെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടോ എന്ന് തോന്നി.

ഷിൽന   ചോദിക്കുകയും ചെയ്തു, ” എന്താടി ഫുൾ ടൈം ബാത്റൂമിലാണല്ലോ?”

കേരളത്തിലെ നമ്മളടക്കമുള്ള സ്ത്രീകളുടെ മൂത്രമൊഴിക്കലിനെ കുറിച്ചും  കൊറേ പറയാനുണ്ട്, ഒരിക്കൽ തീർച്ചയായും നമുക്കതു സംസാരിക്കാം 

ഗർഭധാരണത്തിനുശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കുളിൽ യുതന്നെ  മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത കൂടുതലായി വരുന്നു .  ഗർഭധാരണ ഹോർമോൺ hCG മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്  വൃക്കകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും , ശരീരത്തിൽ (കുഞ്ഞിന്റെയും ) നിന്നും  കൂടുതൽ  മാലിന്യങ്ങളെ  ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.  ഗർഭപാത്രം വളരുന്നതിനനുസരിച്ചു 

മൂത്രസഞ്ചിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങുന്നു, ഇത് മൂത്രത്തിന് സംഭരണ ഇടം കുറയ്ക്കുകയും കൂടുതൽ തവണ ടോയ്‌ലറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഗര്ഭധാരണത്തിന്റെ ഭാഗമായി മലബന്ധമോ , വയറിളക്കമോ ഉണ്ടായേക്കാം. ഇതു  ഗർഭകാലത്തിന്റെ ഏതു കാലയളവിലും ഉണ്ടാകാം. 

5. കടുത്ത മണം അനുഭവപ്പെടുന്നു   

എന്റെ ചാരൂ , വലിയ മൂക്കാണെങ്കിലും ചെറിയമണം  പോലും ഞാൻ അറിയാറില്ലാന്നു നിനക്കറിയില്ലേ ? എന്നാൽ ഇപ്പോൾ അങ്ങനെ അല്ല .

ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണമാണ് ഗന്ധം വർദ്ധിക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു.

മിനിചേച്ചി പറഞ്ഞതോർമയുണ്ട് ,” ഓവുലേഷൻ കഴിഞ്ഞ് ഏഴു ദിവസത്തിനുശേഷം, എനിക്ക് ശക്തമായ ഗന്ധം ലഭിക്കാൻ തുടങ്ങി. എനിക്ക് എല്ലാം മണക്കാൻ കഴിയുമായിരുന്നു, നേരിയ മണം പോലും  ശക്തമായി മൂക്കിലേക്കെത്തുമായിരുന്നു”.

ചെറിയ ദുർഗന്ധം പോലും ഇപ്പോൾ നിങ്ങളെ അസ്വസ്ഥയാക്കുന്നുണ്ടോ?

6. അമിത ക്ഷീണവും ഉറക്കവും

ചാരൂ , നിനക്കറിയാമല്ലോ സാധാരണഗതിയിൽ തന്നെ എനിക്കെപ്പോഴും ശരീരവേദനയും ക്ഷീണവുമാണ്. 

പക്ഷെ എപ്പോൾ അങ്ങനെയുമല്ലന്നെ ,

വെട്ടിയിട്ട പോലെയാണ് ഉറക്കം, എപ്പോഴും ക്ഷീണവും,  ഉന്മേഷക്കുറവും. 

സാധാരണമായ ക്ഷീണം ഗർഭിണിയാണെന്നതിന്റെ ആദ്യ ലക്ഷണമായി പറയുന്നു.പ്രോജസ്റ്ററോണിന്റെ അളവ് ഉയരുകയുന്നത് വികാരത്തെ സാരമായി ബാധിക്കുകയും, ക്ഷീണം അനുഭവപ്പെടുകയും , വിശ്രമിക്കാൻ തോന്നുകയും ചെയ്യും.

ഈ ദിനങ്ങളിൽ ശരീവേദന കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. സാധാരണ പിരീഡ്‌സിന് മുന്നേ ശരീരവേദന ഉണ്ടാകുന്നതു കൊണ്ട് വേർതിരിച്ചു പറയാൻ ബുദ്ധിമുട്ടാണ്. നടുവേദന, തലവേദന തുടങ്ങിയവും ഗർഭധാരണത്തിന്റെ  ആദ്യ സൂചനകളായി പറയാറുണ്ട്.

ചാരൂ , ഇത്രേം സംസാരിച്ചപ്പോഴേക്കു തന്നെ ഞാൻ ക്ഷീണിച്ചു. ശരീരം നന്നായി വേദനിക്കുന്നു. ഉറക്കം വരുന്നു. പോയി കിടക്കട്ടെ. നാളെ എന്തായാലും  പ്രെഗ്നൻസി ടെസ്റ്റിനെ കുറിച്ച് സംസാരിക്കാം. പറ്റുമെങ്കിൽ ടെസ്റ്റ് ചെയ്യുകയുമാവല്ലോ.

ശുഭ രാത്രി 

 

 

Leave a Comment

Your email address will not be published. Required fields are marked *