Mkutti

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

” Toys and materials should be selected not collected “

Dr. Garry Landreth

ഒരു കൂട്ടം കളിപ്പാട്ടങ്ങൾക്കിടയിൽ കുഞ്ഞിനെയിരുത്തി അമ്മയോട് ശ്രദ്ധിക്കാൻ പറഞ്ഞ്‌ അങ്കണവാടിയിലെ ആരോഗ്യക്ലാസ്സിലെത്തിയതാണ്.  വിഷയം കുട്ടികളും വളർച്ചാഘട്ടങ്ങളും.  പതിവു വിഷയമായതിനാൽ തെല്ലൊരു മടിയോടെയാണ് ഇരുന്നത്. എന്നാൽ ക്ലാസിനിടയിൽ ഡോക്ടർ ഈ ഉദ്ധരണി എടുത്തിട്ടപ്പോൾ അത്ഭുതവും ആശങ്കയും അതിലുപരി നൂറുനൂറു ചോദ്യങ്ങളുമാണ് മനസ്സിൽ ഉയർന്നുവന്നത്.

വെറും രണ്ടു വയസ്സുമാത്രം പ്രായമുള്ള തന്‍റെ മകന് മുറി നിറയെ കളിപ്പാട്ടങ്ങൾ, മാർക്കറ്റിലിറങ്ങുന്ന പുതിയ മോഡലെല്ലാം വാങ്ങാറുണ്ട്‌, അപ്പോൾ ഇത്രയും നാൾ ഞാൻ ടോയ്‌സ് സെലക്ട് ചെയ്യുകയായിരുന്നോ അതോ കലക്ട് ചെയ്യുകയായിരുന്നോ?

വാങ്ങിക്കൂട്ടിയതൊക്കെ അവന് ആവശ്യമുള്ളതാണോ?

എങ്ങനെയാണ് ടോയ്സ് സെലക്ട് ചെയ്യേണ്ടത്?

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

ടോയ്സ് വാങ്ങുമ്പോഴും സമ്മാനിക്കുമ്പോഴും ഈ ആശയക്കുഴപ്പം നിങ്ങൾക്കും ഉണ്ടാകാറുണ്ടോ?

കളിയല്ല കളിപ്പാട്ടം

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം അനിർവചനീയമാണ്.  അമ്മയെ കഴിഞ്ഞാൽ അവർ കൂടുതൽ സംവദിക്കുന്നത് കളിപ്പാട്ടങ്ങളുമായാണ്. കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വളർച്ചയിൽ ടോയ്സ് നിർണായക പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ അവ സശ്രദ്ധം തിരഞ്ഞെടുക്കേണ്ടതുണ്ട്.

ടോയ്‌സ് കുട്ടികളുടെ വളർച്ചയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നു നോക്കാം

  1. സർഗ്ഗശക്തി (imagination)
  2. നിരീക്ഷണപാടവം (exploration)
  3. സർഗ്ഗവൈഭവം (creativity)
  4. ആശയപ്രകാശനം (expression)

ഇനി ചിന്തിക്കൂ നിങ്ങൾ വാങ്ങിയ കളിപ്പാട്ടത്തിന് ഇതിലേതെങ്കിലും വികാസമേഖല സാധ്യമാണോ?

തിരഞ്ഞെടുക്കാം കരുതലോടെ

കുഞ്ഞുവാവയ്ക്ക് ഒരു ഡ്രെസ്സ് എടുക്കുമ്പോൾ സോഫ്റ്റ്കോട്ടൻ വേണമെന്നു പറയും, പുതിയൊരു ഭക്ഷണം കൊടുക്കുമ്പോൾ അതു പോഷകസമ്പുഷ്ടമാണോ? കൊടുത്താൽ കുഴപ്പമുണ്ടോ? എന്നിങ്ങനെ പല സംശയങ്ങൾ.  എന്നാൽ കളിപ്പാട്ടത്തിന്‍റെ കാര്യത്തിൽ കുട്ടികളുടെ ആവശ്യമറിഞ്ഞു വാങ്ങാൻ നമുക്ക് കഴിയാറുണ്ടോ?

ഇല്ല എന്നാകും മിക്കവരും പറയുക.  എങ്കിൽ ഈ 5 കാര്യങ്ങൾ ഓർത്തുവച്ചോളൂ.

1. കുട്ടിയുടെ മാനസിക ശാരീരിക വളർച്ചയ്ക്കുതകുന്നവ മാത്രം തിരഞ്ഞെടുക്കാം.

ഓരോ കുഞ്ഞും ഓരോ വ്യക്തിയാണ്.  അവർ ജനിക്കുന്നത് എല്ലാവിധ കഴിവുകളോടെതന്നെയാണ്. അതിനെ വളര്‍ത്തിയെടുത്ത് നല്ലൊരു വ്യക്തിയാക്കി തീർക്കുക എന്നത് നമ്മുടെ കടമയാണ്.

ദ്രുതഗതിയിലുള്ള മസ്തിഷ്ക ശാരീരിക വളർച്ച സംഭവിക്കുന്ന ശൈശവകാലത്തിന്‍റെ ഓരോ ഘട്ടത്തിലും അതിനനുസൃതമായ കളിപ്പാട്ടങ്ങൾ ഇന്ന് ലഭ്യമാണ്.

2. സുരക്ഷിതവും ഈടുനിൽക്കുന്നതും പരിസ്‌ഥിതി സൗഹൃദവുമായവ തിരഞ്ഞെടുക്കുക.

വുഡ്, പ്ലാസ്റ്റിക്, സിലിക്കോണ്‍, ക്ലേ, മെറ്റൽ ആൻഡ് പ്ലാസ്റ്റിക് ഇവ ഉപയോഗിച്ചുള്ള നിരവധി ടോയ്‌സ് ലഭ്യമാണ്. എന്നാൽ നമ്മുടെ പരിസ്‌ഥിതിക്കാനുയോജ്യം വുഡൻ ടോയ്‌സ് തന്നെയല്ലേ?

പക്ഷെ ചിലതൊക്കെ പ്ലാസ്റ്റിക്കിൽ മാത്രമേ ലഭ്യമാകൂ അതിനാൽ പ്ലാസ്റ്റിക് തീർത്തും ഒഴിവാക്കുക അസാധ്യം.

പ്ലാസ്റ്റിക്‌ ടോയ്സ് കുഞ്ഞുങ്ങള്‍ക്ക് അപകടമോ?

പ്ലാസ്റ്റിക്‌ ഏഴ് തരത്തിലാണുള്ളത്.  ഇതില്‍ PVC പ്ലാസ്റ്റിക്ക് വളരെ അപകടകാരിയാണ്.  കളിപ്പാട്ടം മൃദുവാകുന്നതിനും ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതിനും ഈടു നില്‍ക്കുന്നതിനുമായി താലേറ്റ് (Phthalate), BPA (Bisphenol A), ലെഡ്, കാഡ്മിയം തുടങ്ങിയ മാരക വിഷപദാര്‍ത്ഥങ്ങളാണ് PVC യില്‍ ഉപയോഗിക്കുന്നത്.  കുഞ്ഞുങ്ങള്‍ വായിലിടുകയും ചവയ്ക്കുകയും ചെയ്യുമ്പോള്‍ അവ വേര്‍പെടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു.

കളിപ്പാട്ടനിര്‍മ്മാണത്തിന് സുരക്ഷിതമെന്നു പറയാവുന്നത് പോളിപ്രൊപിലീന്‍ പ്ലാസ്റ്റിക്ക് മാത്രമാണ്‌.  ചൂടിനെ പ്രതിരോധിക്കുവാന്‍ കഴിയുമെന്നതിനാല്‍ നിറമോ മറ്റ് അസംസ്കൃത പദാര്‍ത്ഥങ്ങളോ കളിപ്പാട്ടത്തില്‍ നിന്നും വേര്‍പെടുമെന്ന പേടി വേണ്ട.

ഇനി പ്ലാസ്റ്റിക്‌ ടോയ്സ് വാങ്ങിക്കുമ്പോള്‍ അത് പോളിപ്രൊപിലീന്‍ ആണെന്ന് ഉറപ്പുവരുത്തുമല്ലോ?

എല്ലാ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സിലിക്കോണ്‍ ടോയ്സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സിലിക്കോണ്‍ ഒരു.പ്രകൃതിദത്ത റബ്ബറാണ്.  പല നിറത്തിലും രൂപത്തിലും ലഭ്യമാകുന്ന മാര്‍ദ്ദവമുള്ള ഇത്തരം ടോയ്സിന് -400C മുതല്‍ 2200c വരെയുള്ള താപനിലയെ പ്രതിരോധിക്കാന്‍ സാധിക്കും.  വിഷാംശം അടങ്ങിയിട്ടില്ലാത്തതിനാലും വിഘടനത്തിലൂടെ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകാത്തതിനാലും പ്ലാസ്റ്റിക്കിനു പകരമായി സിലിക്കോണ്‍ ടോയ്സ് ഉപയോഗിക്കാം.

മെറ്റീരിയൽ ഏതായാലും കുഞ്ഞിന്‍റെ സുരക്ഷയാണ് പ്രധാനം.  അതിനാൽ ഗുണമേന്മയുള്ളവ മാത്രം തിരഞ്ഞെടുക്കൂ

3. ചെറുതും ഇളകുന്നതുമായഭാഗങ്ങള്‍, നീളമുള്ള ചരട്, റിബണ്‍ എന്നിവയുള്ള  ടോയ്‌സ് കുഞ്ഞുകുട്ടികൾക്കുവേണ്ടി വാങ്ങാതിരിക്കുക.

കയ്യില്‍കിട്ടുന്നതെന്തും വായിലിടുക എന്നുള്ളത് കുഞ്ഞുങ്ങളുടെ പൊതുസ്വഭാവമാണ്‌ ചിലപ്പോള്‍

എടുത്തെറിഞ്ഞെന്നുംവരാം.  അതിനിടയിൽ പരുക്ക് പറ്റിയാല്‍?

ഒരു പീസ്‌ മൂക്കിലോ വായയിലോ പോയാൽ?

കളിക്കുന്നതിനിടയില്‍ റിബണ്‍ കഴുത്തില്‍ കുടുങ്ങിയാല്‍ ?

ഇത്തരം സംഭവങ്ങൾ നാം പലപ്പോഴും ന്യൂസ്പേപ്പറിൽ കണ്ടിട്ടുണ്ട്. അത് ഇനിയും ആവർത്തിക്കാതിരിക്കട്ടെ.

നല്ല ഫിനിഷിംഗ് ഉള്ള, ബാറ്ററി, കാന്തം തുടങ്ങിയവ നന്നായി കവര്‍ ചെയ്യുന്ന ടോയ്സ് വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ?

4. കുട്ടിക്ക് കൈകാര്യം ചെയ്യാവുന്ന ഭാരവും വലുപ്പവും ദൃഢതയും മാത്രം.

കുഞ്ഞുങ്ങൾക്കെപ്പോഴും അവരെക്കാൾ ചെറിയ, നന്നായി കാണാനും പെരുമാറാനും സാധിക്കുന്ന സോഫ്റ്റ് ടോയ്‌സ് തന്നെയാണ് ഇഷ്ടമാകുക.

കുട്ടികളുടെ ഇന്ദ്രിയങ്ങളെ ആകർഷിക്കുംവിധത്തിൽ പല നിറത്തിലും ആകൃതിയിലും ശബ്ദമുണ്ടാക്കുന്നതുമായ ടോയ്‌സ് വാങ്ങാൻ ശ്രദ്ധിക്കുമല്ലോ.

5. എളുപ്പത്തില്‍ പ്രവർത്തിപ്പിക്കാവുന്നവ.

ബാറ്ററിയിലും അല്ലാതെയും പ്രവർത്തിക്കുന്ന നിരവധി ടോയ്‌സ് ഇന്ന് വിപണിയിലുണ്ട്. പെട്ടെന്ന് പ്രവർത്തപ്പിക്കാവുന്നവയല്ലെങ്കിൽ അത് കുട്ടികളിൽ മടുപ്പുളവാക്കുകയും അവരത് ഉപേക്ഷിക്കുകയും ചെയ്യും.

Related Links:

കളിച്ചുതുടങ്ങാം,  എപ്പോൾ? എങ്ങനെ?

6 ആഴ്ചവരെ പ്രായമുള്ള കുട്ടികൾ ദിവസത്തിന്‍റെ സിംഹഭാഗവും ഉറങ്ങിത്തീർക്കുന്നവരാണ്‌. ഈ സമയം അവർ അമ്മയെ അടുത്തറിയുന്നു. മടിയിൽ കിടക്കുമ്പോൾ അമ്മയുടെ മുഖം കാണാൻ കഴിയുന്നത്രയും മാത്രമായിരിക്കും അവരുടെ കാഴ്ചകൾ. അമ്മയുടെ ശബ്ദവും സാമീപ്യവും തിരിച്ചറിയാൻ ഈ ഘട്ടത്തിൽ അവർക്ക് സാധിക്കും.

6 മുതൽ 8 ആഴ്ചവരെയാകുമ്പോൾ കണ്ണുതുറന്ന് ചുറ്റുപാടും നോക്കാനും കൈകാലുകൾ ശക്തിയിൽ ചലിപ്പിക്കുവാനുംതുടങ്ങും. ഈ അവസരത്തിൽ ഹാങ്ങിങ് ടോയ്‌സ് (cot mobiles) ഉപയോഗിക്കാം. അവ കുഞ്ഞിന് കയ്യെത്തും ദൂരത്തിൽ തൊട്ടിലിലോ ബെഡിലോ തൂക്കിയിടാം.

കൈകാലുകൾ ഉപയോഗിച്ച് അതിനെ തൊടാനും വീശിയടിക്കാനും ശ്രമിക്കുന്നതിലൂടെ അവരുടെ പേശീവികാസം സാധ്യമാകും.  അതോടൊപ്പം ഒരു വസ്തുവിൽ ശ്രദ്ധകേന്ദ്രീകരിക്കുവാനും അതൊരു മ്യൂസിക്കൽ ടോയ് ആണെങ്കിൽ ശബ്ദം തിരിച്ചറിയുകയും വീണ്ടും വീണ്ടും അതു കേൾക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും.

4 മുതൽ 6 മാസം പ്രായമാകുമ്പോഴേക്കും സോഫ്റ്റ് ബോൾസ്, സോഫ്റ്റ്ബ്ലോക്‌സ്, കിലുക്കി തുടങ്ങിയവ നൽകാം.  ഇവ കണ്ണിന്‍റെയും കൈകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.

അടുത്ത 6 മാസം (6 month – 1 year) കുഞ്ഞിന് കൂടുതൽ കഴിവുകൾ സ്വായത്തമാക്കേണ്ടതുണ്ട്. തുടക്കത്തിൽ ഇരിക്കുകയും, പിന്നീട് പരസഹായമില്ലാതെ സഞ്ചരിക്കുകയും ഒരു വയസ്സ് തികയുന്നതോടെ നിൽക്കുകയും ചെയ്യുന്നു.

https://mkutti.com/water-spray-toys-for-babies/

കുട്ടികളുടെ നിര്‍മ്മിതബുദ്ധി പ്രോത്സാഹിപ്പിക്കുന്ന സ്റ്റാക്കിങ് ടോയ്‌സ് ഇപ്പോൾ ഉപയോഗിച്ചു തുടങ്ങാം. അതിന്‍റെ നിറങ്ങൾ, ആകൃതി എന്നിവ മനസ്സിലാക്കുന്നതോടൊപ്പം പതിയെ അതു സെറ്റ് ചെയ്യാനുള്ള ശ്രമവും അവരിൽ നിന്ന് ഉണ്ടാകും.

കുഞ്ഞുങ്ങൾ അവരുടെ ചുറ്റുപാടിനെ മനസ്സിലാക്കിതുടങ്ങുന്നു. അവർക്ക് എല്ലാം പുതിയതാണ്. ഈ അവസരത്തിൽ കാഴ്ച്ചയും കേൾവിയും സമന്വയിപ്പിക്കുന്ന മ്യൂസിക്കൽ ഡ്രംസ്, സൈലോ ഫോൺ തുടങ്ങിയവ ഉപയോഗിക്കാം. മ്യൂസിക് കേട്ടു സന്തോഷിക്കുന്നതോടൊപ്പം ഓരോ കീയും വ്യത്യസ്ത ശബ്ദം നൽകുന്നതിനാൽ അവ വേർതിരിച്ചറിയുന്നതിനായി വീണ്ടും വീണ്ടും കളിക്കാൻ പ്രേരണയാകുകയും ചെയ്യും.

പാവയെ കയ്യിലെടുക്കാത്ത കുഞ്ഞുങ്ങളുണ്ടോ?

കുഞ്ഞിന്റെ സാമൂഹിക വൈകാരിക വളർച്ചയ്ക്ക് പാവകൾ ഏറെ സഹായകമാണ്.  കളിക്കുക, കൂട്ടുകൂടുക, ചിരിക്കുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിലൂടെ നടക്കുന്നു.

സംസാരിച്ചു തുടങ്ങുന്നവർക്കുള്ള ഒരു നല്ല ടോയ് ആണ് ടോക്കിംഗ് ടോം.  സ്വന്തം സംസാരം മറ്റൊരു ശബ്ദത്തിൽ കേൾക്കുന്നത് കുഞ്ഞിനെ തീർച്ചയായും സന്തോഷിപ്പിക്കും. അതിനാൽ കൂടുതൽ വാക്കുകൾ പറയാൻ കുഞ്ഞ് താല്പര്യം കാണിക്കുന്നു.

Related links:

പിച്ചവെച്ച നാൾ മുതൽ

നടന്നു തുടങ്ങിയാൽ കുട്ടികൾ ഇരുന്നോ കിടന്നോ കളിക്കാൻ ഇഷ്ടപ്പെടാറില്ല.  അതുകൊണ്ടു തന്നെ ടോയ് വെഹിക്കിൾസ് ഉപയോഗിച്ചു തുടങ്ങാം.

അവരുടെ ബുദ്ധിവികാസത്തിനായി പസിൽസ് നൽകാം. ക്രയോൺസ് ഉപയോഗിച്ചു‌ വരയ്ക്കാനും ശീലിപ്പിക്കാം. അതോടൊപ്പം matching games, sorting shapes, sorting letters തുടങ്ങിയ ടാസ്കുകളും നൽകാൻ ശ്രദ്ധിക്കുമല്ലോ?

കായികം, വൈജ്ഞാനികം, ഭാഷ, സർഗ്ഗാത്മകത, വൈകാരികം തുടങ്ങിയ നിരവധി മേഖലകളിൽ നടക്കുന്ന സങ്കീർണമായ മാറ്റങ്ങളുടെ സംയോജിത പ്രതിഫലനമാണ് ശിശുവികാസം. കളികളും കളിഉപകരണങ്ങളും അതിന്‍റെ  തോത് വർദ്ധിപ്പിക്കുന്നു.

ഇപ്പോൾ എന്തു തോന്നുന്നു?

കളിപ്പാട്ടം ചില്ലറക്കാരനാണോ?

ടോയ്സ് വാങ്ങിക്കൂട്ടുകയല്ല, കുഞ്ഞുങ്ങളുടെ അഭിരുചിക്കനുസരിച്ച് സുരക്ഷിതമായവ തിരഞ്ഞെടുക്കുകയാണു വേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *