മാതൃ – ശിശു സംരക്ഷണത്തിൻ്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു.
അത്തരം പരിപാടികൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
സാമ്പത്തിക സഹായമടക്കം നിരവധി ആനുകൂല്യങ്ങളാണ് ഗുണഭോക്താക്കൾക്ക് കിട്ടുന്നത്.
PMMVY സ്കീമിൽ നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?
പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ
പ്രസവാനുകൂല്യ പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMMVY). ഗർഭിണിയുടെ ആരോഗ്യ സംരക്ഷണമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ആദ്യത്തെ കുട്ടിയുടെ ജനനത്തിന് മുമ്പും ശേഷവും മതിയായ വിശ്രമം ഉറപ്പുവരുത്താൻ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഗർഭണികളും, മുലയൂട്ടുന്ന അമ്മമാരുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. ഇന്ദിര ഗാന്ധി മാതൃത്വ സഹായോഗ് യോജന എന്ന പേരിലാണ് ഈ സ്കീം ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 53 ജില്ലകളിൽ ആദ്യം പദ്ധതി നടപ്പിലാക്കി. പിന്നീട് ഇന്ത്യ ഒട്ടാകെ ആവിഷ്കരിച്ചു.
ഇന്ദിര ഗാന്ധി മാതൃത്വ സഹായോഗ് യോജന ഇന്ന് പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (പി.എം.എം.വി വൈ) എന്ന പേരിലറിയപ്പെടുന്നു.കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള യോജനയാണിത്. വനിതാ ശിശു വികസന വകുപ്പ് / സാമൂഹ്യക്ഷേമ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്നു. കുടുംബക്ഷേമ കേന്ദ്രവും, ഐസിഡിഎസിൻ്റെ അംഗൻവാടി സേവന പദ്ധതി പ്ലാറ്റ്ഫോമും പിഎംഎംവിവൈ നടപ്പിലാക്കുന്നതിനായി ഉപയോഗിക്കുന്നു. പ്രയോഗികതലത്തിലേക്കു കൊണ്ടുവരുന്നത് അങ്കണവാടി സെന്റർ (എഡബ്ല്യുസി), ആശ / എഎൻഎം പ്രവർത്തകരാണ്.
ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളെയും പോഷകാഹാരക്കുറവ് പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയിൽ, ഓരോ മൂന്നാമത്തെ സ്ത്രീക്ക് പോഷകാഹാരക്കുറവും, ഓരോ രണ്ടാമത്തെ സ്ത്രീക്ക് വിളർച്ചയുമാണ് എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. പോഷകാഹാരകുറവുള്ള അമ്മ, ഭാരം കുറഞ്ഞ കുഞ്ഞിന് ജന്മം നൽകുന്നു. പോഷകാഹാര കുറവ് കുഞ്ഞിന്റെയും ജീവിത ചക്രത്തെ പ്രതികൂലമായി ബാധിക്കുന്നു. മിക്ക സ്ത്രീകൾക്കും തങ്ങളുടെ സാമ്പത്തിക – സാമൂഹ്യ ദുരിതങ്ങൾ കാരണം ഗർഭാവസ്ഥയുടെ അവസാന നാളുകളിലും കുടുംബത്തിന്റെ ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്നു. പ്രസവശേഷം ഉടൻതന്നെ ജോലികൾ പുനരാരംഭിക്കേണ്ടിയും വരുന്നു. ഇതു അവരുടെ ശരീരത്തിനെയും, മുലയൂട്ടാനുള്ള കഴിവിനെയും സാരമായി ബാധിക്കുന്നു.
Related Links:
PMMVY- യുടെ ലക്ഷ്യങ്ങൾ:
- ഗർഭണികൾക്കു പോഷകാഹാരം
- മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം
- വിശ്രമം
- സുരക്ഷിതമായ പ്രസവം
- കുഞ്ഞിന്റെ ആരോഗ്യം
- ഭാരക്കുറവ് പരിഹരിക്കുക
- ആറുമാസം വരെയെങ്കിലും കുഞ്ഞിന് മുലപ്പാൽ ഉറപ്പുവരുത്തുക
ഗുണഭോക്താക്കൾ
19 വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാ ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും ഈ സ്കീമിൻ്റെ ഗുണഭോക്താക്കളാണ്. എന്നാൽ കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, അല്ലെങ്കിൽ സമാന ആനുകൂല്യങ്ങൾ ലഭിക്കുന്നവർ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുന്നില്ല. ആദ്യത്തെ പ്രസവത്തിനാണ് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നത്.
ആനുകൂല്യങ്ങൾ
സ്കീമിന് കീഴിൽ ഒരു തവണ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു ഗുണഭോക്താവിന് അർഹതയുള്ളൂ.
പിഎംഎംവിവൈ പ്രകാരം, ഗർഭിണികളുടെ അക്കൗണ്ടിൽ നേരിട്ട് 5000 / – രൂപ ക്യാഷ് ഇൻസെന്റീവ് നൽകും.
യോഗ്യതയുള്ള ഗുണഭോക്താക്കൾക്ക് അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ബാക്കി പണ ആനുകൂല്യങ്ങൾ ലഭിക്കും.സ്ഥാപന ഡെലിവറിക്ക് ശേഷം ജനനി ശിശു സുരക്ഷാ യോജന (ജെഎസ്വൈ) പ്രകാരം പ്രസവാനുകൂല്യം, അങ്ങനെ ശരാശരി, 6000 / – രൂപ വരെ ലഭിക്കും.
മൂന്ന് തവണകളായി ക്യാഷ് ഇൻസെന്റീവ്, അതായത് ഗർഭാവസ്ഥയുടെ ആദ്യകാല രജിസ്ട്രേഷന് 1000 / – ആദ്യ ഗഡു, ഗർഭാവസ്ഥയുടെ ആറുമാസത്തിനുശേഷം, രണ്ടാം ഗഡു `2000 / – , ശിശു ജനനം രജിസ്റ്റർ ചെയ്തതിനുശേഷം കുറഞ്ഞത് ഒരു ആന്റി-നേറ്റൽ ചെക്ക്അപ്പും (ANC :കുട്ടിക്ക് ബിസിജി, ഒപിവി, ഡിപിടി, ഹെപ്പറ്റൈറ്റിസ്-ബി എന്നിവയുടെ ആദ്യ ചക്രം ലഭിച്ചു, അല്ലെങ്കിൽ അതിന് തുല്യമായവാക്സിനുകളോ നൽകി) കഴിഞ്ഞു മൂന്നാം ഗഡുമായ 2000 / – ഉം ലഭിക്കുന്നു.
Related Links:
വെബ് അധിഷ്ഠിത എംഐഎസ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വഴിയും പിഎംഎംവിവൈ നടപ്പിലാക്കുന്നു. ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ഗുണഭോക്തൃ കൈമാറ്റം (DBT ) വഴി ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്കു പണം ലഭിക്കുന്നു.