പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റിലേക്കെറിഞ്ഞു കൊന്നു എന്ന വാർത്ത ഓർമ്മയുണ്ടോ?
ഇതൊരു ഒറ്റപ്പെട്ട വാർത്തയല്ല.
ചവറ്റുകൂനയിലും മറ്റും കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയും, കുഞ്ഞിനെ തീരെ ശ്രദ്ധിക്കാത്ത അമ്മയുമൊക്കെ നമ്മുടെ ചുറ്റുപാടുമുണ്ട്.
പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ കാണിക്കുന്ന ഈ അമ്മമാർ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ താത്പര്യം കാണിക്കാറില്ല. അശരീരി ശബ്ദങ്ങൾ കേൾക്കുന്നതുപോലെ തോന്നും. ഈ ശബ്ദങ്ങൾ കുഞ്ഞിനെ കൊന്നുകളയാൻ പറയുന്നതുപോലെ തോന്നും. ഇത്തരം അശരീരികള്‍ കുഞ്ഞിനെ കൊന്നുകളയാന്‍ പറയുന്നതുകേട്ട് കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മമാര്‍വരെയുണ്ട്. ആരോ തന്നെയും തന്റെ കുഞ്ഞിനെയും കൊല്ലാന്‍ വരുന്നുണ്ട് എന്ന മട്ടിലുള്ള മിഥ്യാവിശ്വാസങ്ങളും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്.
സിനിമയിൽ ഇത്തരം സന്ദർഭങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവില്ലേ ?
എന്നാൽ പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ (പ്രസവാനന്തര വിഷാദം) എന്താണെന്നറിയാമോ?
ജീവിതത്തിലെ ഏറ്റവും ആവേശകരമായ മാറ്റങ്ങളിൽ ഒന്നുതന്നെയാണ് അമ്മയാകുക എന്നത്. ഒരമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും സന്തോഷങ്ങളും ആസ്വദിക്കുമ്പോഴും, നിങ്ങൾക്കുള്ളിൽ ഹോർമോൺ പരവും, വൈകാരികവുമായ ഒട്ടേറെ ശാരീരിക-മാനസിക സംഘർഷങ്ങൾ ഉണ്ടാകാം.
അതുകൊണ്ടു ഗർഭിണി ആയിരിക്കുമ്പോൾ തന്നെ പ്രസവാനന്തര മാനസികപ്രശ്‌നങ്ങളെ (Postpartum Depression) കുറിച്ചറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനവും, ജനിതകമായ പ്രത്യേകതകളും, മോശമായ കുടുംബാന്തരീക്ഷവും, ജീവിതപങ്കാളിയുടെ അസാന്നിധ്യവും, അതോടൊപ്പം അമ്മയുടെ മുൻകാല മാനസിക ആരോഗ്യവും, അവർ അനുഭവിക്കുന്ന സംഘർഷങ്ങളും പ്രസവാനന്തര വിഷാദത്തിലേക്ക് എത്തിക്കാം. പ്രസവാനന്തര മാനസികപ്രശ്‌നങ്ങളെ പൊതുവെ മൂന്നുരീതിയിലാണ് തിരിച്ചിരിക്കുന്നത്.
1.ബേബി ബ്ലൂസ്(Postpartum blues/ baby blues)
2. പ്രസവാനന്തര വിഷാദം (Postpartum Depression)
3. പോസ്റ്റ്പാർട്ടം സൈക്കോസിസ്(Postpartum psychosis)
ഈ പ്രസവാനന്തര മാനസികപ്രശ്‌നങ്ങളെ ആഴത്തിൽ മനസിലാക്കാം.
1. പോസ്റ്റ്പാർട്ടം ബ്ലൂസ് (Postpartum blues/ baby blues)
പ്രസവാനന്തരം വളരെ സാധാരണമായുണ്ടാകുന്ന ലഘുവായ മാനസികപ്രശ്നമാണിത്. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക അമ്മമാരും പ്രസവത്തെ തുടർന്നുള്ള ആദ്യ ആഴ്ചകളിൽ “ബേബി ബ്ലൂസ്” അനുഭവിക്കുന്നു.
ഇസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. ഹോർമോൺ വ്യതിയാനങ്ങൾ പോലെ തന്നെ ഉറക്കക്കുറവ്, പുതിയ മാനസികാവസ്ഥയോടു പൊരുത്തപ്പെടാനുള്ള സമ്മർദ്ദം എന്നിവയും ഇതിനു കാരണമാകാം.
“ബേബി ബ്ലൂസ്” പ്രസവ ശേഷം ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ആരംഭിക്കുകയും അതിനുശേഷമുള്ള രണ്ടാഴ്ച വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഒരു കാരണവുമില്ലാതെ അമ്മമാർക്ക് വളരെ സങ്കടമോ കണ്ണീരോ അനുഭവപ്പെടാം. അവർക്ക് അസ്വസ്ഥത, മാനസികമായ പിരിമുറുക്കം, സങ്കടം, ഉത്സാഹമില്ലായ്മ അല്ലെങ്കിൽ നിസ്സഹായത എന്നിവ അനുഭവപ്പെടാം. അമ്മമാർ ആരോഗ്യത്തോടെ ഭക്ഷണം കഴിക്കുമ്പോഴും ധാരാളം ഉറക്കം ലഭിക്കുമ്പോഴും വൈകാരിക പിന്തുണ ലഭിക്കുമ്പോഴും മറ്റുള്ളവരെ വീട്ടിലെ ജോലികളിൽ സഹായിക്കുമ്പോഴും ഈ “ബേബി ബ്ലൂസ്” പലപ്പോഴും വിട്ടു പോകും. ഇത്തരം ലക്ഷണങ്ങള്‍ക്ക് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്‌നേഹപൂര്‍ണമായ സമീപനവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ മതിയാകും.
എന്നാൽ ഈ പ്രശ്നങ്ങൾ രണ്ടാഴ്ച കഴിഞ്ഞ് പോകുന്നില്ല എങ്കിലോ മോശമാവുകയോ ചെയ്താൽ, നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
2. പ്രസവാനന്തര വിഷാദം (Postpartum Depression)
ഒരു കുഞ്ഞിക്കാലു കാണുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് പ്രായമുള്ളവർ പറഞ്ഞു നിങ്ങൾ കേട്ടുകാണും. ഒരു കുഞ്ഞുണ്ടാകുന്നത് നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും. ഗര്‍ഭം ധരിച്ച്, അടുത്ത ഒന്‍പത് മാസം വരെ വളരെ ശ്രദ്ധയോടു കൂടിയും സന്തോഷത്തോടെയുമാകണം കടന്നുപോകേണ്ടത്. എന്നാല്‍ പ്രസവം കഴിഞ്ഞാല്‍ പല അമ്മമാരും, ഇത്തരം വിഷാദ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രസവാനന്തര വിഷാദം വളരെ സാധാരണമാണ്. മൂന്നില്‍ ഒരു സ്ത്രീയ്ക്കു സാധാരണ സംഭവിക്കാൻ സാധ്യതയുള്ള പ്രസവാനന്തര വിഷാദ അവസ്ഥയാണിത്. അതുകൊണ്ടു തന്നെ പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. പ്രസവം കഴിഞ്ഞു രണ്ടു മുതൽ നാല് ആഴ്ചക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.
അമ്മയും കുഞ്ഞും തമ്മിലുള്ള ദൃഢബന്ധം നിങ്ങൾക്കറിയില്ലേ ?
കുഞ്ഞുവാവയുമായുള്ള ബന്ധം, വികാരം ഓരോ സ്ത്രീകളിലും വ്യത്യസ്ഥമായിരിക്കും. എല്ലാ സ്ത്രീകള്‍ക്കും അത്തരത്തിലുളള ദൃഢമായ ബന്ധം ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ഉണ്ടാകണമെന്നുമില്ല. അത് ചിലപ്പോൾ കുറ്റബോധത്തിനിടയാകുകയും വിഷാദത്തിനു കാരണമാകുകയും ചെയ്യുന്നു. താൻ നിസ്സഹായയാണ് എന്നുതോന്നുകയും, സദാസമയം നിരാശയും, ഉത്കണ്ഠയും, സംഭ്രമവുമുണ്ടാകുന്നു. മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ഈ അവസ്ഥയിൽ പ്രകോപനപരമായി പെരുമാറാനോ, വ്യക്തമായ കാരണമില്ലാതെ കരഞ്ഞുകൊണ്ടിരിക്കാനോ സാധ്യതയുണ്ട്.
സാധാരണ വിഷാദ രോഗം പോലെ ഇപ്പോഴും സങ്കടം തോന്നുന്ന അവസ്ഥ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, കുട്ടിയെ നോക്കാനോ ഒന്നും ചെയ്യാനോ തോന്നാതെ ഇരിക്കുക, ലളിതമായ കാര്യങ്ങൾ പോലും ഓർമ്മിക്കുന്നതിൽ പ്രശ്‌നം, ജോലികള്‍ ചെയ്യാനുള്ള താത്പര്യമില്ലായ്മ, കുട്ടിയോടോത്ത് സമയം ചിലവിടുമ്പോഴും സന്തോഷം തോന്നാതെ ഇരിക്കുക, ഒന്നിനെക്കുറിച്ചും ശ്രദ്ധയില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കുറച്ചുകൂടി ഗുരുതരമായ അവസ്ഥയിൽ കുഞ്ഞിനെ കൊന്നുകളയാനോ, ജീവിതം അവസാനിപ്പിക്കാനോ ഉള്ള ചിന്തകൾ ഉണ്ടാകാം.
പ്രസവാനന്തര വിഷാദം കാരണങ്ങള്‍ എന്തൊക്കെ ?
ഒറ്റ കാരണം കൊണ്ട് പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് പറയാന്‍ സാധിക്കില്ല. നിങ്ങളുടെ കുഞ്ഞിനെ കുറിച്ച് വ്യത്യസ്ത രീതിയില്‍ ചിന്തിക്കുമ്പോഴാണ് ഈ ഒരു ഡിപ്രഷന് കാരണമാകുന്നത്. ഇതു കൂടാതെ, ഒരു ‘നല്ല അമ്മ’ ആകാനുളള നിങ്ങളുടെ കഴിവിനെ കുറിച്ചുള്ള സംശയങ്ങൾ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു . ഇതിലൂടെ ശാരീരികമായും മാനസികമായും നിങ്ങൾ തളരുന്നു.
3.പോസ്റ്റ്പാർട്ടം സൈക്കോസിസ് (Postpartum psychosis)
കഠിനമായ ഒരു തരം പ്രസവാനന്തര മാനസികാവസ്ഥയാണ് “പോസ്റ്റ്പാർട്ടം സൈക്കോസിസ്”. ഇത് പ്രസവാനന്തര വിഷാദത്തിന് തുല്യമല്ല. പോസ്റ്റ്പാർട്ടം സൈക്കോസിസ് വളരെ അപൂർവമാണ് (1,000 സ്ത്രീകളിൽ ഒന്നോ രണ്ടോ പേരെ ബാധിക്കുന്നു). പോസ്റ്റ്പാർട്ടം സൈക്കോസിസ് പ്രസവത്തിന് ശേഷമുള്ള ആദ്യ ദിവസങ്ങളിലോ ആഴ്ചകളിലോ പെട്ടെന്ന് ആരംഭിക്കാം. സൈക്കോസിസ് ഉള്ള സ്ത്രീകൾ തങ്ങളെയോ അവരുടെ കുഞ്ഞുങ്ങളെയോ വേദനിപ്പിച്ചേക്കാം.
ഇത് വളരെ ഗൗരവമായി എടുക്കേണ്ട മാനസികാവസ്ഥയേയാണ്.
സ്വയം വേദനിപ്പിക്കാനും, കുഞ്ഞിനെ വേദനിപ്പിക്കാനുമുള്ള സാധ്യത കൂടുതലാണ്. ആത്മഹത്യ പ്രവണതയുമുണ്ടാകും. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്.
ഒരു കുഞ്ഞ് ജനിക്കുന്നത് ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കുന്ന അനുഭവമാണെന്നതിൽ സംശയമില്ല.
ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ, ഉറക്കക്കുറവ്, വീട്ടിലെ പുതിയ അഥിതിയുമായി പൊരുത്തപ്പെടാനുള്ള പോരാട്ടം എന്നിവയെല്ലാം പ്രസവശേഷം സാധാരണമാണ്. നിങ്ങൾ വായിച്ചതുപോലെ ബേബി ബ്ലൂസ് (Baby blues) മുതൽ പോസ്റ്റ്പാർട്ടം സൈക്കോസിസ് (Postpartum psychosis) വരെ മാനസികപ്രശ്നങ്ങൾ നീളുന്നു. രണ്ടാഴ്ചയിലധികം പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണേണ്ടതാണ്.
മിക്ക അമ്മമാരും പ്രസവാനന്തര മാനസികപ്രശ്നങ്ങൾ നേരിടുന്നവരാണ്. എന്നാൽ പലപ്പോഴും ഇത് പുറത്തു പറയാറില്ല. ഇത്തരം മാനസിക പ്രശ്നങ്ങൾ ഒരിക്കലും നിങ്ങളുടെ തെറ്റോ കുറ്റമോ അല്ല. ആദ്യപ്രസവത്തിൽ വളരെ സാധാരണവുമാണ് . ആദ്യമായി പ്രസവിക്കുന്ന നാല് അമ്മമാരിൽ ഒരാളിൽ എന്നാകണക്കിൽ പ്രസവാനന്തര വിഷാദമുണ്ടാകുന്നു . ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുതോന്നുന്നുണ്ടെങ്കിൽ ധൈര്യമായി കുടുംബാംഗങ്ങളോട് സംസാരിക്കുക, ഒരു ഡോക്ടറെ സപീപ്പിക്കുക.
Related Links:
പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ കുഞ്ഞിനെ ബാധിക്കുമോ?
ഏറ്റവും നിർമ്മലമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുണ്ടാകുന്നത്. എന്നാൽ പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന അമ്മമാർക്ക് സാധാരണ അമ്മമാരെപ്പോലെ അവരുടെ കുഞ്ഞുമായി ഇടപഴകാൻ കഴിഞ്ഞെന്നു വരില്ല. നിരന്തരം വിഷാദമുള്ള അമ്മയുടെ കുഞ്ഞ് അമ്മയുമായി സുരക്ഷിതമായ ഒരു ബന്ധം സ്ഥാപിച്ചേക്കില്ല. അതുകൊണ്ടുതന്നെ പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ കുഞ്ഞിനെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
പ്രസവാനന്തര വിഷാദവും മറ്റു മാനസിക വൈകല്യങ്ങളും നിങ്ങളുടെ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുന്നു. മുലയൂട്ടുക, ഉറക്കുക, കുളിപ്പിക്കുക, മറ്റു ലഘു ഭക്ഷണങ്ങൾ നൽകുക തുടങ്ങി കുഞ്ഞിന് വേണ്ട അടിസ്ഥാന പരിചരണവും, സൗകര്യങ്ങളും നല്കാൻ പ്രസവാനന്തര വിഷാദത്തിനടിമപ്പെട്ട അമ്മമാർക്ക് പറ്റുന്നു. എന്നാൽ കുഞ്ഞുമായി ആത്മാർത്ഥമായ സ്നേഹബന്ധം ഉണ്ടാക്കണോ, മുലപ്പാലിനപ്പുറം അമ്മയുടെ നറുപുഞ്ചിരിയും സ്നേഹ സ്പർശവും നൽകാൻ കഴിഞ്ഞെന്നോ വരില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അമ്മയും – കുഞ്ഞും ഗുരുതരമായ രോഗാവസ്ഥയിലേക്കു പോകുന്നു .
കുഞ്ഞും അമ്മയുമായുള്ള ബന്ധം മോശമാകുന്നത്
- കുട്ടികളിലെ പഠന വൈകല്യം
- ബന്ധത്തിലെ അപര്യാപ്തത
- വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ പ്രശ്‌നം
- ഭാവിയിലെ മാനസികാരോഗ്യ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.
Related Links:
പ്രസവാനന്തര മാനസികപ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ അവ ബോധമുണ്ടാകേണ്ടതുണ്ട്. മിക്ക സ്ത്രീകളും ഈ അവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നുണ്ട്. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങൾ തുറന്നു പറയുന്നു എന്നതും അഭിനന്ദനാർഹമാണ്.
നിങ്ങൾക്ക് പ്രസവാനന്തര മാനസികപ്രശ്നങ്ങളെ കുറിച്ചുള്ള സംശയങ്ങൾ മാറിയോ ?
ഈ ലേഖനം അതിനു സഹായകമായോ ?
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമന്റ് ബോക്സിൽ കുറിക്കൂ.