Mkutti

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ 

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ 

ചെറിയ പ്രായത്തിൽ തന്നെ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്ന ഒറ്റക്കാരണത്താൽ മലയാളികളുടെ ആരോഗ്യശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ദീർഘകാലം ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിന് പോഷകസമ്പുഷ്ടമായ ആഹാരവും കൃത്യമായ വ്യായാമവും ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ജീവിതചര്യകളിൽ കൊണ്ടുവരുന്ന ചെറിയ ചില മാറ്റങ്ങളും നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കാറുണ്ട്.

ഓരോ ദിനവും നിങ്ങളെ ഊർജ്ജസ്വലരായും ഉന്മേഷവാന്മാരായും നിലനിർത്തുന്നതിൽ നിങ്ങളുടെ പ്രഭാതചര്യകൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അറിയാമോ?

ഉറക്കമെഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചായയോ കാപ്പിയോ നുണഞ്ഞുകൊണ്ട് അരമണിക്കൂർ ഫോണിൽ നോക്കിയിരുന്നാൽ ആ ദിവസം നിങ്ങൾ എത്രത്തോളം സന്തോഷവാന്മാരായിരിക്കും?

രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിച്ചാലോ?

അതെ, ചില ശീലങ്ങൾ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ആദ്യ കാൽവയ്പ്പാണ്. അതിലൊന്നാണ് രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചൂടുവെള്ളം. രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഓരോ ദിനവും ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ആരംഭിച്ചാൽ!

ഉറക്കത്തിന്റെ നീണ്ട ഇടവേള കഴിഞ്ഞ് രാവിലെ ഉണരുമ്പോൾ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുമ്പോൾ അത് അസിഡിറ്റി ഉണ്ടാക്കുന്നു. ഒരിടവേള കഴിഞ്ഞു ദഹനവ്യവസ്ഥ വീണ്ടും പ്രവർത്തന സജ്ജമാകുമ്പോൾ ഒരു ഗ്ലാസ് ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കിൽ ഗുണങ്ങൾ ഇവയൊക്കെയാണ്.

1. അന്നപഥത്തെ വൃത്തിയാക്കുന്നു.

രാത്രിയിൽ കഴിച്ച ആഹാരത്തിന്റെ ശേഷിപ്പുകൾ, ദഹന ശേഷമുള്ള അവശിഷ്ടങ്ങൾ എന്നിവ നീക്കി അന്നപഥത്തെ വൃത്തിയാക്കുന്നു.

2. നിർജ്ജലീകരണം തടയുന്നു.

ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുകവഴി ആന്തരാവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുന്നു.

3. വിഷപദാർഥങ്ങൾ നീക്കം ചെയ്യുന്നു.

രക്തത്തിലെ ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.

4. തിളങ്ങുന്ന ചർമ്മം.

വരണ്ട ചർമ്മം ഇല്ലാതാക്കുന്നു. ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയുന്നു.

5. മാനസിക സമ്മർദ്ധം കുറയ്ക്കുന്നു.

ഉണർവ്വും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നു.  മറവി രോഗം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു.

6. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

രക്ത കോശങ്ങളുടെയും പേശീകോശങ്ങളുടെയും നിർമ്മാണം ത്വരിതപ്പെടുത്തുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടം നന്നായി നടക്കുകയും അത് ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും സുഗമമായ പ്രവർത്തനങ്ങൾക്ക് സഹായകമാകുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുവാനുള്ള സാധ്യതകളെ കുറയ്ക്കുന്നു.

7. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

രക്തത്തെ ശുദ്ധീകരിച്ച് ശേഷിക്കുന്ന വിഷ പദാർത്ഥങ്ങൾ ജലത്തോടപ്പം മൂത്രമായി പുറന്തള്ളുക എന്നതാണ് വൃക്കകളുടെ ധർമ്മം. വൃക്കയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കണമെങ്കിൽ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. രാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് മൂത്രത്തിൽ കല്ല്, മൂത്രാശയ അണുബാധ എന്നിവ തടയാൻ സഹായകമാണ്.

8. മലബന്ധം കുറയ്ക്കുന്നു.

മലബന്ധത്തിന് പ്രധാന കാരണം നിർജ്ജലീകരണമാണ്. കുടലിന്റെ പ്രവർത്തനം സുഗമമാക്കി മലബന്ധം തടയുന്നതിന് ഈ ദിനചര്യ നിങ്ങളെ സഹായിക്കും. ചെറുചൂടുവെള്ളം കുടിക്കുമ്പോൾ അത് കുടലിനെ ചുരുങ്ങാൻ സഹായിക്കുന്നു. അതിനാൽ മാലിന്യങ്ങൾ എളുപ്പത്തിൽ പുറന്തള്ളപ്പെടുന്നു.

9. ശരീര ഭാരം കുറയ്ക്കാം.

ഇളം ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില ഉയരുകയും അത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്നതിനും അങ്ങനെ ശരീരഭാരം കുറയുന്നതിനും കാരണമാകുന്നു. കുറച്ച് നാരങ്ങാ നീരും ചേർത്ത് കഴിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദം.

വെള്ളം എപ്പോൾ എങ്ങനെ കുടിക്കണം?

വെള്ളം എപ്പോൾ എങ്ങനെ കുടിക്കണം

രാവിലെ ചായയോ കാപ്പിയോ കഴിക്കുന്നതിനു പകരമായി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കാമെങ്കിൽ അതുതന്നെയാണ് ഏറ്റവും നല്ലത്. ഇവ തീർത്തും ഒഴിവാക്കാൻ ബുദ്ധിമുട്ടാണെകിൽ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുക, അത് മനസിനും ശരീരത്തിനും ഏറെ ഗുണം ചെയ്യും. വെള്ളം കുടിച്ച് അരമണിക്കൂറിനു ശേഷം ചായയോ കാപ്പിയോ കഴിക്കാം.

വ്യായാമം ചെയ്യുന്നതിന് തൊട്ടുമുൻപ് ഒരിക്കലും വെള്ളം കുടിക്കരുത്. വ്യായാമം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുക. ആ സമയത്തിനുള്ളിൽ ശരീരതാപനില കുറഞ്ഞ് വിയർപ്പെല്ലാം താഴ്ന്നിട്ടുണ്ടാകും.

കുളിക്കുന്നതിന് അരമണിക്കൂർ മുൻപും വെള്ളം കുടിക്കാം. ഇത് രക്തസമ്മർദ്ധം കുറയ്ക്കുവാനും മനസ് ശാന്തമാകുവാനും സഹായിക്കും.

ഭക്ഷണം കഴിക്കുന്നതിന്  അരമണിക്കൂർ മുൻപും ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷവും വെള്ളം കുടിക്കാം. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്.

വൈകുന്നേരങ്ങളിൽ ചായയോ കാപ്പിയോ കുടിക്കാം. രാത്രിയിൽ ഇവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഉറക്ക കുറവിന് കാരണമാകും.

Read More:

കുട്ടികളിലെ അമിതവണ്ണം; രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ
ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും
ഗര്‍ഭകാല പ്രമേഹം കാരണവും പരിഹാരങ്ങളും
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ പറയുമെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് നമ്മെ ദോഷകരമായി ബാധിക്കും. ഏകദേശം 25 – 30 കിലോഗ്രാം ഭാരമുള്ള ഒരാൾ ഒരുദിവസം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കുടിച്ചാൽ മതിയാകും. നല്ലപോലെ വിയർക്കുക, വെയിൽ കൊള്ളുക, വയറിളക്കം,തുടങ്ങിയ സാഹചര്യങ്ങളിൽ ഇതിൽ കൂടുതൽ കുടിക്കാം. വെള്ളത്തിന്റെ അളവ് കൂടി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിനാവശ്യമായ സോഡിയം കൂടുതലായി നഷ്ടപ്പെടുന്നു. ഈ അവസ്ഥയെ ഹൈപ്പോ നാട്രിമിയ (Hyponatremia) എന്നു പറയുന്നു.  ക്ഷീണം, ഛർദ്ദി, തലകറക്കം, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക കൂടാതെ ചിലരിൽ അപസ്മാരവും ഇതിന്റെ ലക്ഷണമായി കാണാറുണ്ട്.
  • നല്ല ചൂടുള്ള വെള്ളമോ തീരെ തണുത്ത വെള്ളമോ കുടിക്കരുത്. ഇളം ചൂടുവെള്ളമാണ് ഏറ്റവും നല്ലത്.
  • വളരെ വേഗത്തിൽ വെള്ളം കുടിക്കരുത്. ധാരാളം വെള്ളം ഒരേ സമയത്ത് കുടിക്കരുത്. ഇടവേളകൾ നൽകി സമാധാനത്തോടെ ഇരുന്നുകൊണ്ട് കുടിക്കുവാൻ ശ്രദ്ധിക്കുക.
  • ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപും ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കരുത്. കാരണം, നമ്മുടെ ദഹനരസങ്ങളും പ്രത്യേകിച്ച് ആമാശയത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് അസിഡും നേർത്തുപോകുവാനും അങ്ങനെ ദഹന പ്രക്രിയ മന്ദഗതിയിലാകുവാനും സാധ്യതയുണ്ട്. അതിനാൽ ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് ആവശ്യമുള്ള വെള്ളം കുടിക്കുക.
  • മധുര പാനീയങ്ങൾ ദോഷകരമാണ്, ശുദ്ധമായ ജലം മാത്രമേ കുടിക്കാവൂ. അത് ഇളം ചൂടോടുകൂടി ആണെങ്കിൽ അത്യുത്തമം

മനുഷ്യ ശരീരത്തിന്റെ ഏകദേശം 70% ജലമാണ്. ഈ ജലാംശം നിലനിർത്തണമെങ്കിൽ ആവശ്യാനുസരണം ജലവും ജലാംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും വെള്ളം ആവശ്യമാണെന്ന് മനസിലായല്ലോ, ഓരോ പുതിയ ദിനത്തിലും മനസും ശരീരവും ഒരുപോലെ ഉണർന്നു പ്രവർത്തിക്കാൻ രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കൂ, അത് നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയൂ.

Leave a Comment

Your email address will not be published. Required fields are marked *