Mkutti

How to Enjoy the Vacation

അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ

കുട്ടികൾക്ക് സന്തോഷവും വീട്ടുകാർക്ക് തലവേദനയുമായി വീണ്ടുമൊരു അവധിക്കാലം. ഒഴിവുദിനങ്ങൾ എങ്ങനെ പരമാവധി ആസ്വദിക്കാമെന്ന് കുട്ടികളും അവരെ എങ്ങനെ ബിസി ആക്കാമെന്ന് മാതാപിതാക്കളും തല പുകഞ്ഞ ആലോചനയിലാണ്. ടി വി യുടെ  മുന്നിൽ നിന്നും എഴുന്നേൽക്കുന്നില്ല, മൊബൈൽ താഴെ വെക്കുന്നില്ല, മുഴുവൻ സമയവും വീഡിയോ ഗെയിമാണ് എന്നിങ്ങനെ രക്ഷിതാക്കളുടെ പരാതികളും,  ബോറടിക്കുമ്പോൾ വേറെന്തു ചെയ്യാൻ എന്ന കുട്ടികളുടെ മറുപടിയുമായി അവധിക്കാലം വീടുകളിൽ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. ഇതിൽ കുറ്റപ്പെടുത്തേണ്ടത് കുട്ടികളെയോ അതോ രക്ഷിതാക്കളെയോ?

കുട്ടികൾ വളരുന്നതിനനുസരിച്ച് അവധിക്കാലം ഒരു പഴങ്കഥയായിക്കൊണ്ടിരിക്കുന്നു. മുതിർന്ന കുട്ടികൾ ട്യൂഷനും പഠനവുമായി തിരക്കിട്ട ജീവിതം തുടരുമ്പോൾ ഏകദേശം പത്ത് വയസ്സുവരെയുള്ള കുഞ്ഞു കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് രക്ഷിതാക്കളുടെ മുന്നിലെ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

കുട്ടികളുടെ അവധിക്കാലം എങ്ങനെ ആസ്വാദ്യകരമാക്കാം (How to Enjoy the Vacation) ?

ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും കടന്നു വരവ് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ മടിയന്മാരാക്കിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ മാതാപിതാക്കളെ മാതൃകയാക്കിയാണ് വളരുന്നത്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ എന്ത് ചെയ്യണം? അവരെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കും? എന്നു മനസിലാക്കേണ്ടതും അവരെ അതിലേക്കു കൊണ്ടുവരേണ്ടതും രക്ഷിതാവിന്റെ കടമയാണ്. ആജ്ഞകൾക്കും നിബന്ധനകൾക്കും കുരുന്നുകൾ ചെവികൊടുക്കാറില്ല, മാത്രമല്ല അത് അവരിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നു. അതിനാൽ കുട്ടികളെ സന്തോഷഭരിതരാക്കി ഉത്സാഹത്തോടെ സജീവമായിരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിലേക്ക് അവരെ സ്നേഹപൂർവ്വം കൊണ്ടുപോകാം. മാതാപിതാക്കളുടെ സ്നേഹവും കരുതലും പിന്തുണയും കൂടെയുണ്ടെന്ന  ബോധ്യം കുട്ടികളുടെ മനസ്സിൽ ഉടലെടുക്കുകയും ചെയ്യും.

കുഞ്ഞു മക്കളുടെ അവധിക്കാലം രസകരവും ആസ്വാദ്യവും വിജ്ഞാനപ്രദവുമാക്കാൻ ഇതാ ചില വഴികൾ

അവധിക്കാലം ആസ്വദിക്കാൻ….

വെക്കേഷനിലും കുട്ടികൾ ആക്റ്റീവ് ആയിരിക്കാൻ 13 കിടിലൻ ഐഡിയകൾ

1. ഒരു പുതിയ കഴിവ് സ്വായത്തമാക്കാം (Learn a New Skill)

കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുള്ള അവസരമാണിത്. നൃത്തം, സംഗീതം, ചിത്രരചന, പാചകം അങ്ങനെ ഏതുമാകട്ടെ ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠനസൗകര്യങ്ങൾ ഏറെയുണ്ട്. ഈ അവധിക്കാലം അവരുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കാനുള്ളതാകട്ടെ. എന്തു പഠിക്കണം എന്നു തീരുമാനിക്കേണ്ടത് കുട്ടികളാണ്. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

2. എഴുതാം വായിക്കാം (Reading and Writing)

Reading and writing

കാലമെത്ര കഴിഞ്ഞാലും എഴുതുവാനും വായിക്കുവാനുമുള്ള ആപ്പുകൾ കൊണ്ട് പ്ലേ സ്റ്റോറുകൾ നിറഞ്ഞാലും സ്വന്തമായി ചെയ്യുമ്പോൾ കിട്ടുന്ന അനുഭൂതി അതൊന്നു വേറെ തന്നെയാണ്. എഴുത്തിന്റെയും വായനയുടെയും ലോകത്ത് പറന്നുയരാൻ അതിന്റെ മാധുര്യം അനുഭവിച്ചറിയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു പോകാം.

കുഞ്ഞു കുട്ടികൾക്ക് ഏറെ ഇഷ്ടം കഥകളോടും പാട്ടുകളോടുമായിരിക്കും. കഥകൾ പറഞ്ഞു കൊടുക്കുവാനും പാട്ടുകൾ പാടി കേൾപ്പിക്കുവാനും വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് സഹായിക്കാം. അക്ഷരങ്ങൾ പഠിച്ചുകഴിഞ്ഞ കുട്ടികളെ ചിത്രകഥകൾ സ്വയം വായിച്ച് മനസിലാക്കാനും മനസിലായകാര്യങ്ങൾ അവതരിപ്പിക്കുവാനും പ്രേരിപ്പിക്കാം. പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ പ്രായത്തിനനുസരിച്ചവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കഥകളും പാട്ടുകളും എഴുതുവാനും അവതരിപ്പിക്കുവാനും അവസരമുണ്ടാക്കാം.

അവധിക്കാലത്തും എഴുത്തും വായനയും അനിവാര്യമാണ്. അക്ഷരങ്ങൾ ഓർത്തെടുക്കുവാനും തെറ്റുകൂടാതെ അർഥം മനസിലാക്കി വായിക്കുന്നതിനുമായി നിരന്തര ശ്രമങ്ങൾ കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. കുട്ടികളുടെ മാസികകൾ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമാകാറുണ്ട് എന്നാൽ വായന കുട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഏറ്റവും ഉത്തമം പത്ര വായന (News Reading) തന്നെ.

തുടക്കത്തിൽ അവർക്കിഷ്ടമുള്ള വാർത്തകൾ, പരസ്യങ്ങൾ എന്നിവ വായിച്ച് കേൾപ്പിക്കുക, അവരെ വായിക്കാൻ പ്രോത്സാഹിപ്പിക്കുക, ക്രമേണ പത്രം ഉറക്കെ വായിച്ചു കേൾപ്പിക്കുക എന്ന ഉത്തരവാദിത്വം കുഞ്ഞുങ്ങളെ ഏല്പിക്കുക, അതോടൊപ്പം ഒന്നോ രണ്ടോ വാർത്തകൾ അവരുടെ നോട്ടുബുക്കിൽ കുറിച്ചിടട്ടെ. വാർത്തയുമായി ബന്ധപ്പെട്ട ചിത്രം ശേഖരിച്ച് ഒട്ടിച്ച് ചേർക്കുക കൂടി ചെയ്യാം. പത്രവായന ഒരു ഹോബിയായി മാറുന്നതോടുകൂടി മുതിർന്നു വരുമ്പോൾ വാർത്തയുടെ പ്രാധാന്യം അനുസരിച്ച് വായിക്കുവാനും വാർത്തകളും വിവരങ്ങളും ശേഖരിക്കുവാനും അവർ പ്രാപ്തരാകും.

Daily diary

ഡയറി എഴുത്ത് ശീലമാക്കാം (Daily diary); ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ രാത്രിയിൽ ഓർത്തെടുത്ത് ഡയറിയിൽ കുറിച്ചിടാം. തുടക്കത്തിൽ രക്ഷിതാക്കൾ കൂടെ എഴുതുകയോ സഹായിക്കുകയോ ചെയ്യാം. വരും ദിവസങ്ങളിൽ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഡയറി എഴുതി തയ്യാറാക്കാൻ അവർ പ്രാപ്തരാകും.

ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നന്നായി എഴുതുവാനും വായിക്കുവാനും പഠിക്കുന്നു. അവരുടെ പദസമ്പത്ത് വർദ്ധിക്കുകയും കയ്യെഴുത്ത് ഭംഗിയാവുകയും ചെയ്യുന്നു.

3. പുതിയ ഒരു ഭാഷ പഠിക്കാം (Learn a New Language)

അവധിക്കാലത്തെ രസകരവും വിജ്ഞാനപ്രദവുമായ ഒരു പ്രവർത്തനമാണിത്. നിങ്ങളുടെ കുഞ്ഞിന് പരിചിതമല്ലാത്ത ഒരു ഭാഷ പഠിക്കാൻ അവസരം നൽകാം. ആരു പഠിപ്പിക്കും എന്നോർത്ത് വേവലാതിപ്പെടേണ്ട, ഇതിനായി നിരവധി ആപ്പുകൾ ലഭ്യമാണ്‌. ഉചിതമായത് തിരഞ്ഞെടുത്തത് പഠനം ആരംഭിക്കാം. രക്ഷിതാക്കൾക്കും ഈ പഠനത്തിൽ പങ്കുചേരാം. കൂട്ടുകാരോടൊത്ത് പഠനം രസകരമാക്കാം.

4. ഫാമിലി ട്രീ (Family Tree)

Family tree

കുടുംബാംഗങ്ങളും അവർ തമ്മിലുള്ള ബന്ധങ്ങളും കുട്ടികളിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ കുടുംബത്തിന്റെ ഘടന, അതിലെ അംഗങ്ങൾ, അവർക്കിടയിലെ ബന്ധങ്ങൾ എന്നിവ ഒരു ഫാമിലി ട്രീയുടെ സഹായത്തോടെ കുഞ്ഞുങ്ങൾക്ക് വിശദീകരിച്ചു നൽകാം. ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും രക്ഷിതാക്കളിൽ നിന്നും സ്വീകരിച്ചുകൊണ്ട് കുട്ടികൾ തന്നെ ഈ പ്രവർത്തനം ചെയ്യട്ടെ.

മുത്തശ്ശന്മാർ,  മുതു മുത്തശ്ശന്മാർ തുടങ്ങി കുടുംബത്തിലെ പുതിയതും പഴയതുമായ തലമുറകളിലെ അംഗങ്ങളുടെ ഫോട്ടോയും വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചാർട്ട് പേപ്പറിൽ ഫാമിലി ട്രീ ഉണ്ടാക്കാം.

ഇതിൽ ഓരോ അംഗങ്ങൾക്കും ഓരോ ബോക്സ് വീതം ഉണ്ടാകും. അവ തമ്മിൽ ബന്ധിപ്പിച്ച് അംഗങ്ങൾ തമ്മിലുള്ള ബന്ധം മനസിലാക്കാം. ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ട്രീ മനോഹരമാക്കാം. കുഞ്ഞുങ്ങൾക്ക് അവരുടെ വംശപരമ്പരയെ കുറിച്ച് അറിയുവാനും മനസിലാക്കുവാനും ഈ പ്രവർത്തനം ഏറെ ഉപകരിക്കും.

5. കരകൗശല വസ്തുക്കൾ നിർമ്മിക്കാം (Arts and Crafts)

Arts and crafts

ഉപയോഗശൂന്യമായ വസ്തുക്കൾ, പേപ്പർ, പ്ലാസ്റ്റിക്, കളർ പേപ്പറുകൾ, ക്രയോൺസ്, സ്കെച്ച്, അക്രിലിക് പെയിന്റ്സ് തുടങ്ങിയവ ഉപയോഗിച്ച് ഒട്ടനവധി കരകൗശല വസ്തുക്കൾ നിർമിക്കാം. പൂർണ്ണത പ്രതീക്ഷിക്കരുത്, പകരം അവരുടെ പരിശ്രമത്തെ അംഗീകരിക്കുക.

കരകൗശല പ്രവർത്തനങ്ങൾ നിങ്ങളുടെ കുട്ടിയുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുകയും പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണിന്റെയും കൈകളുടെയും ഏകോപനവും ചിന്താശേഷിയും മെച്ചപ്പെടുത്തുന്നു.

ഡ്രോയിങ്, പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, ക്ലേ മോഡലിംഗ് , ഒറിഗാമി തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുക. കുട്ടിയുടെ പ്രായത്തിനനുസരിച്ച് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകേണ്ടതാണ്.

6. നൽകാം പസിലുകൾ (Puzzles)

Puzzles

മസ്തിഷ്ക വ്യായാമം നൽകുന്ന പസിലുകൾ തിരഞ്ഞെടുക്കാം. എളുപ്പമുള്ളവ കുട്ടികളിൽ വിരസതയുണ്ടാക്കുന്നു, എന്നാൽ ബുദ്ധിമുട്ടുള്ളവ അവരെ നിരുത്സാഹപ്പെടുത്തുന്നു. ഉത്സാഹത്തോടെ ചെയ്യുവാനും വിജയം കൈവരിക്കുവാനും സഹായിക്കുന്ന, നിങ്ങളുടെ കുട്ടിയുടെ താല്പര്യത്തിനൊത്ത പസിലുകൾ കണ്ടെത്തുക. റുബിക്സ് ക്യൂബ്, ജിഗ്‌സ പാസിൽസ്, വേഡ് ഗെയിമുകൾ, ക്രോസ്‌വേർഡ് പസിലുകൾ, സുഡോകു, ബ്രെയിൻ ഗെയിമുകൾ, മാത്‍സ്, മറ്റു ലോജിക് പസിലുകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കാം.

ഇത്തരം പ്രവർത്തനങ്ങൾ നിങ്ങളുടെ കുട്ടിയുടെ യുക്തിചിന്ത, വിമർശനാത്മക ചിന്ത എന്നിവ മെച്ചപ്പെടുത്തുകയും അവരെ ഊർജ്വസ്വലരാക്കിത്തീർക്കുകയും ചെയ്യുന്നു.

കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ

7. വാൾ ചോക്ക് ചുവർ ചിത്രങ്ങൾ (Chalkboard Wallpaper)

ചെറിയ കുട്ടികളും അക്ഷരങ്ങൾ പഠിച്ച് തുടങ്ങിയവരും ചുവരിൽ ചിത്രങ്ങൾ കൊറിയിടുന്നത് പതിവാണ്. സ്വീകരണമുറിയിലെ ചുവരുകൾ വൃത്തികേടാകുന്നത് അല്പം വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇതൊഴിവാക്കാൻ ചുവരുകളിൽ നീക്കം ചെയ്യാവുന്ന വാൾപേപ്പറുകൾ ഒട്ടിച്ചു നൽകാം. കുട്ടികൾ അവരുടെ ഇഷ്ടാനുസരണം ചുവർചിത്രങ്ങൾ വരയ്ക്കട്ടെ. വാൾപേപ്പർ നീക്കിയാൽ നിങ്ങളുടെ സ്വീകരണമുറികൾ വീണ്ടും മനോഹരം.

8. യാത്രകൾ, യാത്രാ വിവരണങ്ങൾ (Travel Journaling)

Travel journaling

അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യാം. യാത്രയുടെ അവസാനം സന്ദർശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങൾ വരച്ചും ഫോട്ടോകൾ ഒട്ടിച്ച് ചേർത്തും മനോഹരമായ ആൽബം തയ്യാറാക്കുവാൻ കുട്ടികളോട് ആവശ്യപ്പെടാം. ഇതിനെ ട്രാവൽ ജേർണലിങ് എന്നു പറയുന്നു. യാത്രയിലുടനീളം കണ്ടതും കേട്ടതും ആസ്വദിച്ചതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്വന്തം വാക്കുകളിൽ ഒരു യാത്രാവിവരണവും അവർ തയ്യാറാക്കട്ടെ.

ആസ്ത്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് അവധിക്കാലം ആസ്വദിക്കാനെത്തിയ ഒന്നാം ക്ലാസുകാരനായ ദേവാംശിന്റെ Indian Holidays-2023, Memory Book കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

9. കുട്ടികൾക്കൊരു തോട്ടം (Gardening)

Gardening

വീടുകളിൽ പൂന്തോട്ടവും അടുക്കളത്തോട്ടവും പ്രത്യേകമായും ഉണ്ടാകും. എന്നാൽ കുട്ടികൾക്ക് സ്വന്തമായി ഒരു തോട്ടമുണ്ടാക്കിയാലോ? പൂച്ചെടികളും പച്ചക്കറികളും അവരും നട്ടുണ്ടാക്കട്ടെ. തോട്ടം ഉണ്ടാക്കുവാനായി കുറച്ച് സ്ഥലം അവർക്ക് അനുവദിക്കുക. ചെടികൾ ശേഖരിക്കുകയും മണ്ണൊരുക്കുകയും നടുകയും അവർ തന്നെ ചെയ്യട്ടെ. വെള്ളം നനയ്ക്കുന്നതും പരിപാലനവും അവരുടെ ദിനചര്യയുടെ ഭാഗമാകട്ടെ.

തോട്ടത്തിനു സമീപം പക്ഷികൾക്കായി അല്പം വെള്ളം ഒരുക്കിവെക്കുകയും തീറ്റകൾ വിതറുകയും ചെയ്യാം. തീറ്റത്തേടി വരുന്ന പക്ഷികളെ നിരീക്ഷിക്കുകയും വേണം.

10. നാടൻ കളികൾ (Games)

Games

പഴയ തലമുറയ്ക്ക് ആനന്ദം പകർന്നതും പുതു തലമുറയ്ക്ക് അപരിചിതവുമായ കുറെ നാടൻ കളികൾ ഉണ്ട്. നിങ്ങളുടെ കുട്ടിക്കാലത്ത് കളിച്ചു രസിച്ച ആ കളികൾ കുട്ടികൾക്കു പരിചയപ്പെടുത്താം, കൂടെ കളിക്കാം.
ഓലപ്പീപ്പിയും ഓലപ്പന്തും പമ്പരവും കൈകളിൽ കാണുമ്പോൾ നിങ്ങളുടെ സന്തോഷകരമായ ആ കുട്ടിക്കാലം ഓർത്തെടുക്കാൻ പ്രേരണയാകുമെന്നതിൽ സംശയമില്ല.

കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

11. ഇലകൾ കൊണ്ടൊരു കളി

ചുറ്റുപാടുമുള്ള ചെടികളുടെയും മരങ്ങളുടെയും ഇലകൾ ശേഖരിച്ച് കുട്ടികൾക്ക് നൽകുക. ഓരോ ഇലയും ഏതു ചെടിയുടേതാണെന്നു അവർ കണ്ടെത്തട്ടെ. ആ ചെടിയുടെ/മരത്തിന്റെ പേരും പ്രത്യേകതകളും അവർക്ക് പറഞ്ഞുകൊടുക്കാൻ മറക്കല്ലേ. ഇലകൾ ശേഖരണ പുസ്തകത്തിൽ ഒട്ടിച്ച് വെക്കുക, പേരും വിവരണങ്ങളും ചുവടെ ചേർക്കുക എന്നീ പ്രവർത്തനങ്ങളും അതോടൊപ്പം നൽകാം.

12. വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാം, മുത്തശ്ശനോടും മുത്തശ്ശിയോടും കൂട്ടുകൂടാം (Spent Time With Family Members)

Spent time with family members

സ്കൂളും പഠനവുമായി തിരക്കിട്ട ജീവിതത്തിന് താത്കാലിക വിരാമമിട്ടുകൊണ്ട്  അവധിക്കാലമെത്തുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് അപ്പൂപ്പനും അമ്മൂമ്മയും ആയിരിക്കും. അവരുടെ ജീവിതകഥകൾ കേൾക്കാം. പലപ്പോഴും ഏകാന്തത അനുഭവിക്കുന്ന അവർക്ക് ആശ്വാസമേകാൻ  കുഞ്ഞുങ്ങൾക്ക് കഴിയും. കുഞ്ഞു കുട്ടികൾ കേട്ടു മനസിലാക്കുകയും മുതിർന്ന കുട്ടികൾ ആവശ്യമായവ എഴുതിയെടുക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യട്ടെ. കഥകൾ മാഗസിനുകളിൽ പ്രസിദ്ധീകരിക്കുകയും വീഡിയോകൾ മറ്റു കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയുമാകാം.

13. റൂം ക്ലീനിംഗ് (Room Cleaning Task)

കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും നല്ല ഒരു ടാസ്‌ക് ആണിത്. ബെഡ് നന്നാക്കിവെക്കുക, തലയിണകൾ യാഥാസ്ഥാനത്തു വയ്ക്കുക, പുസ്തകങ്ങൾ ഒതുക്കി വെക്കുക, വസ്ത്രങ്ങൾ മടക്കി വെക്കുക, നിലംവൃത്തിയാക്കുക തുടങ്ങിയ ജോലികൾ ഒരു ടൈമറിന്റെ സഹായത്തോടെ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ ആവശ്യപ്പെടുക. അവരെ പ്രോത്സാഹിപ്പിക്കുകയും ടാസ്‌ക് കഴിയുമ്പോൾ പ്രശംസിക്കുകയും അവരുടെ പ്രവർത്തനത്തിന് ചെറിയ സമ്മാനങ്ങൾ നൽകേണ്ടതുമാണ്.

കുഞ്ഞുങ്ങളുടെ മുറി മനോഹരവും ആകർഷകവുമായി അലങ്കരിക്കാനുള്ള 6 വഴികൾ

കളികളും പ്രവർത്തനങ്ങളും എപ്പോഴും ആസൂത്രണം ചയ്യണമെന്നില്ല, കുറച്ച് സമയം ബോറടിക്കട്ടെ, സോഫയിൽ കിടന്ന് പകൽ സ്വപ്നം കാണട്ടെ. ഇടയ്ക്കിടെ ബോറടിക്കുന്നത് തലച്ചോറിന് നല്ലതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് തലച്ചോറിന് വിശ്രമം നൽകുകയും പുതിയതും ക്രീയാത്മകവുമായ ആശയങ്ങളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യും.

അവധിക്കാലമാണ്, മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി കുട്ടികളെ നിർബന്ധിക്കരുത്. രണ്ടു മണിക്കൂറിൽ കൂടാതെയുള്ള സ്ക്രീൻടൈം അനുവദിക്കുന്നതിൽ തെറ്റൊന്നുമില്ല. ശാരീരിക മാനസിക വളർച്ചയ്ക്ക് ഉറക്കം അത്യന്താപേക്ഷിതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിങ്ങൾക്ക് ഈ ബ്ലോഗ് ഇഷ്ടമായോ? കുട്ടികളുടെ അവധിക്കാലം ആസ്വാദ്യകരമാക്കാൻ നിങ്ങൾക്കറിയാവുന്ന മറ്റു പ്രവർത്തനങ്ങൾ കമന്റ് ചെയ്യൂ. ഈ അറിവുകൾ ഉപകാരപ്രദമായെങ്കിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ…

            

Leave a Comment

Your email address will not be published. Required fields are marked *