കുട്ടികളുടെ കളിചിരികൾ നമുക്കെല്ലാവർക്കും വളരെ ഇഷ്ടമാണ്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം കുഞ്ഞിനോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. കണ്ണിൽ നോക്കി ആദ്യമായി പുഞ്ചിരിക്കുന്നതും അച്ഛാ, അമ്മ എന്നു വിളികേൾക്കുന്നതും ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. അച്ഛനമ്മമാരുടെ പിന്തുണയോടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതിനനുസൃതമായ കഴിവുകൾ സ്വായത്തമാക്കി കുഞ്ഞുങ്ങൾ വളരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ സ്നേഹിച്ചും കൊഞ്ചിച്ചും ലാളിച്ചും വളർത്തുമ്പോഴും കുഞ്ഞുങ്ങളെ ഗഹനമായി നിരീക്ഷിക്കുകയും അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തുകയും യഥാസമയം പരിഹരിക്കേണ്ടതുമുണ്ട്. കാരണം, ഓട്ടിസം Autism spectrum disorder (ASD) പോലെയുള്ള അവസ്ഥകൾ ഉണ്ടെങ്കിൽ കുഞ്ഞുനാളിൽ തന്നെ ലക്ഷണങ്ങൾ കണ്ടെത്തി ചികിൽസിക്കേണ്ടതാണ്.. മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി ഏറ്റവും ഉയരത്തിൽ എത്തിക്കുക എന്നതിലുപരിയായി സമൂഹത്തിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമകളാക്കി നല്ല മനുഷ്യരായി വളർത്തുക എന്നുള്ളതിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത്.
കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞുങ്ങൾ സ്വായത്തമാക്കേണ്ട ചില കഴിവുകൾ ഉണ്ട്. ഇത്തരം കഴിവുകൾ ആർജ്ജിക്കുന്നതിൽ നിങ്ങളുടെ കുഞ്ഞ് പരാജയപ്പെടുന്നുവെങ്കിൽ പ്രത്യേക ശ്രദ്ധ നൽകുക. ഒരു വയസ്സ് കഴിഞ്ഞിട്ടും അർത്ഥപൂർണ്ണമായ വാക്കുകൾ പറയാതിരിക്കുകയോ രണ്ടു വയസ്സ് പിന്നിട്ടിട്ടും വാചകങ്ങൾ പറയാൻ പ്രയാസപ്പെടുകയോ ചെയ്യുന്നുവെങ്കിൽ തീർച്ചയായും കുഞ്ഞിന് സംസാര വൈകല്യം ഉണ്ടോ എന്ന് പരിശോധിക്കുക. സമപ്രായക്കാരായ കുഞ്ഞുങ്ങളുമായി ചിരിച്ചു കളിച്ചു നടക്കേണ്ട പ്രായത്തിൽ നിങ്ങളുടെ കുഞ്ഞ് ഏകാന്തത ആഗ്രഹിക്കുന്നുവെങ്കിൽ കുഞ്ഞിന്റെ പെരുമാറ്റവും രീതികളും നിരീക്ഷിക്കുക. ഇത്തരം സ്വഭാവ, പെരുമാറ്റ, സംസാര വൈകല്യങ്ങൾ ചിലപ്പോൾ ഓട്ടിസം എന്ന അവസ്ഥയുടെ സൂചനകളാകാം.
എന്താണ് ഓട്ടിസം (Autism spectrum disorder)?
കളിയും ചിരിയും കുസൃതികളുമായി കുഞ്ഞുങ്ങൾ എല്ലാവരുടെയും കണ്ണിൽ ആനന്ദം നിറയ്ക്കുമ്പോൾ ചുരുക്കം ചില കുഞ്ഞുങ്ങൾ ഇതിൽ നിന്ന് മാറി ആശയവിനിമയമോ ആശയഗഹനമോ ഇല്ലാതെ സാമൂഹിക ബന്ധങ്ങളില്ലാതെ സമപ്രായക്കാരുമായി സമ്പർക്കം പുലർത്താതെ അവരുടേതായ ലോകത്തിൽ ഏകാന്തമായി ജീവിക്കുന്നു. ഈ അവസ്ഥയെ ഓട്ടിസം എന്നു പറയുന്നു. കുട്ടികളിലെ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ വളർച്ചയിൽ ഉണ്ടാകുന്ന സ്ഥായിയായ വൈകല്യം ബുദ്ധിവികാസത്തിലും മാനസിക നിലയിലും ഉണ്ടാക്കുന്ന വ്യതിയാനമാണ് ഓട്ടിസം. “ആട്ടോസ്” എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ഓട്ടിസം എന്ന വാക്ക് രൂപം കൊണ്ടത്. “സ്വയം” എന്നാണ് ഇതിനർത്ഥം. പ്രശസ്ത മനോരോഗ വിദഗ്ദനായ ലിയോ കാനർ എന്ന വ്യക്തിയാണ് വൈദ്യശാസ്ത്രത്തിന് ഈ പേര് സമ്മാനിച്ചത്.
2008 മുതൽ ഐക്യരാഷ്ട്ര സംഘടന ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കുന്നു. ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു എന്നുള്ളത് ഈ ദിനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആൺ കുട്ടികളിൽ പെൺ കുട്ടികളെക്കാൾ 4 മടങ്ങ് കൂടുതലാണെന്ന് CDC (Centers for Disease Control and Prevention) സ്ഥിതിവിവരണ കണക്കുകൾ വെളിപ്പെടുത്തുന്നു.
ഓട്ടിസം; കാരണങ്ങൾ
ഓട്ടിസം ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ കുറിച്ച് ഇന്നും വ്യക്തമായ ധാരണ ഇല്ല. ജനിതകമോ പാരിസ്ഥിതികമോ ആയ കാരണങ്ങൾ ആകാം എന്ന് പറയപ്പെടുന്നു. ഓട്ടിസത്തിന് കാരണമായേക്കാവുന്ന ചില ഘടകങ്ങൾ ഇതാ
- ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന വിഷാദ രോഗം.
- ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന റൂബെല്ല ഇൻഫെക്ഷൻ
- ഗർഭാവസ്ഥയിൽ ഉപയോഗിക്കുന്ന പാർശ്വഫലം കൂടിയ മരുന്നുകൾ.
- പാരമ്പര്യം
- പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങൾ.
ഓട്ടിസം; ലക്ഷണങ്ങൾ
- സാമൂഹിക ബന്ധം കുറയുന്നു (Inappropriate Social Interaction). ആശയവിനിമയം നടത്തുവാൻ കുഞ്ഞ് പ്രയാസപ്പെടുന്നു. ഒറ്റയ്ക്ക് കളിക്കുകയും നിർജ്ജീവമായ വസ്തുക്കളോടൊപ്പം സമയം ചിലവിടുകയും ചെയ്യുന്നു. ആരോടും കൂട്ടുകൂടാനോ കൂട്ടം ചേർന്ന് കളിക്കണോ ഇവർ താല്പര്യപ്പെടുകയില്ല.
- നേത്ര ബന്ധം കുറയുക (Poor Eye Contact). ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, കണ്ണിൽ നോക്കി സംസാരിക്കാതിരിക്കുക, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ പ്രയാസം നേരിടുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു.
- പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുക, കുഞ്ഞിനോട് ചോദിക്കുന്ന കാര്യങ്ങൾ തുടർച്ചയായി തിരിച്ചു പറയുക (Echolalia).
- ചില ശബ്ദങ്ങളോട് അമിതമായി പ്രതികരിക്കുക, കരയുക (Hypersensitivity Reaction). ഉദാഹരണമായി മിക്സിയുടെ ശബ്ദം കേൾക്കുമ്പോൾ പേടിച്ച് ഉറക്കെ കരയുന്നു.
- തല അനക്കിക്കൊണ്ടിരിക്കുക, കൈകൾ അടിക്കുക, കൈകൾ ചലിപ്പിച്ച് കൊണ്ടിരിക്കുക തുടങ്ങിയ അനാവശ്യമായ ചലനങ്ങൾ (Stereotypic Behavior)
- സംസാര വൈകല്യം. ഒരു വയസുള്ള കുഞ്ഞ് അർത്ഥമുള്ള ഒന്നോ രണ്ടോ വാക്കുകൾ പറയുന്നു. രണ്ടു വയസാകുമ്പോൾ രണ്ടു വാക്കുകളെങ്കിലും ചേർത്തിട്ടുള്ള വാചകങ്ങൾ ഉണ്ടാക്കി പറയുന്നു. ഓട്ടിസം ബാധിച്ച ചില കുഞ്ഞുങ്ങൾ രണ്ടു വയസ്സ് പിന്നിട്ടതിനു ശേഷവും സംസാരശേഷി നേടാതെ വരുന്നു.
- കളിപ്പാട്ടങ്ങൾ ഒരേ രീതിയിൽ വയ്ക്കുവാൻ അവർ ഇഷ്ടപ്പെടുന്നു. നിരത്തി വെക്കാതെ വരിവരിയായി വയ്ക്കുന്നു. കളിക്കുമ്പോൾ കളിപ്പാട്ടം മുഴുവനായും ഉപയോഗപ്പെടുത്താതെ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണമായി ഒരു ടോയ് കാർ ഉപയോഗിച്ച് കളിക്കുകയാണെന്നിരിക്കട്ടെ, ഓട്ടിസം ഉള്ള കുട്ടിയാണെങ്കിൽ അതിന്റെ ഒരു ചക്രം മാത്രം തിരിച്ചു കൊണ്ടിരിക്കും. ഈ പ്രവൃത്തി ദീർഘനേരം തുടർന്നുകൊണ്ടേയിരിക്കും.
- സാധാരണ കുട്ടികൾക്ക് ഉണ്ടാകാറുള്ള ഭാവനപരമായ കഴിവുകൾ ഇല്ലാതിരിക്കുക.
- പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക.
- ഒരേ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു. കുളിക്കാൻ മടി കാണിക്കുന്നു.
- ഒരേ ഭക്ഷണം ഇഷ്ടപ്പെടുന്നു.
- അടങ്ങിയിരിക്കാതിരിക്കുക (ADHD -Attention deficit hyperactivity disorder)
- ചിത്തഭ്രമം, അപസ്മാര ലക്ഷണങ്ങൾ കാണിക്കുക, ഇറങ്ങി ഓടുക.
- ചില കുട്ടികളിൽ അക്രമവാസന കാണുന്നു.
- ദേഷ്യവും വാശിയും (Temper tantrums) സാധാരണ കുട്ടികളെ അപേക്ഷിച്ച് കൂടുതൽ ആയിരിക്കും.
- ഉറക്കക്കുറവ്.
- ചുരുക്കം ചിലർ സ്വയം മുറിവേൽപ്പിക്കുന്നു.
- കറങ്ങുന്ന വസ്തുക്കളോട് പ്രത്യേക താത്പര്യം.
സാമൂഹിക ബന്ധം കുറയുക, നേത്ര ബന്ധം കുറയുക, അപശബ്ദങ്ങൾ ഉണ്ടാക്കുക, പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് പറയുക എന്നിവയാണ് ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മറ്റു ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ മാത്രമേ പ്രകടമാകുന്നുള്ളു എങ്കിൽ അത് ഓട്ടിസം ആകണമെന്നില്ല. കുഞ്ഞിന്റെ പെരുമാറ്റത്തിൽ അപാകത തോന്നുകയോ മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്യുകയാണെങ്കിൽ എത്രയും നേരത്തെ തന്നെ ശിശുരോഗ വിദഗ്ധനെ കാണുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുക. ഉറക്കക്കുറവ്, അക്രമാസക്തി, അടങ്ങിയിരിക്കാതിരിക്കുക തുടങ്ങിയ ചില ലക്ഷങ്ങൾക്ക് മരുന്നുകൾ പ്രയോജനപ്പെടാറുണ്ട്.
ഓട്ടിസം ഉള്ള 75 ശതമാനം കുഞ്ഞുങ്ങൾക്കും ബുദ്ധിവികാസം കുറവായിരിക്കും, 25 % ബുദ്ധിയുള്ളവർ ആയിരിക്കും, അതിൽ തന്നെ 10 % പേർ ചില പ്രത്യേക കഴിവുകൾ ഉള്ളവർ ആയിരിക്കും. നന്നായി ചിത്രം വരയ്ക്കുക, പാടുക, അസാധാരണമായ ഓർമശക്തി കാണിക്കുക തുടങ്ങിയ ചില കഴിവുകൾ (savant skills) ഇവർക്കുണ്ടാകാം.
Related links
- കുഞ്ഞുങ്ങൾ മിടുക്കരായി വളരുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ
- എന്നെ തൊടരുത്; എന്റെ ശരീരം എന്റേതു മാത്രം
ചികിത്സ
ഓട്ടിസത്തെ പൂർണ്ണമായും മാറ്റി എടുക്കുകയോ അതിന്റെ ലക്ഷണങ്ങൾക്കൊരു പരിപൂർണ്ണ പരിഹാര മാർഗ്ഗങ്ങളോ നിലവിലില്ല. ചിട്ടയായ പരിശീലനവും, മനഃശാസ്ത്ര ചികിത്സയും മരുന്നുകളും ആവശ്യാനുസരണം ലഭ്യമാകുമ്പോൾ ഒട്ടുമിക്ക ലക്ഷണങ്ങളും ശമിക്കുന്നതായി കാണാറുണ്ട്. ആശയ വിനിമയം നടത്തുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക, സ്വന്തം കാര്യങ്ങൾ നിറവേറ്റുവാൻ പരിശീലിപ്പിക്കുക, പെരുമാറ്റ പ്രശ്നങ്ങൾ പരിഹരിക്കുക, പഠനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ. ഓട്ടിസം ബാധിച്ച എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ രീതിയിലുള്ള പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നതിൽ കാര്യമില്ല. ഓരോ കുഞ്ഞിന്റെയും കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച ചികിത്സ പദ്ധതികൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.
കുഞ്ഞുനാളിൽ തന്നെ മറ്റുകുട്ടികളിൽ നിന്നും തന്റെ കുഞ്ഞ് വ്യത്യസ്‍തനാണെന്ന് കണ്ടാൽ തളരരുത്. ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഇനി എന്തൊക്കെ ചെയ്യാം എന്നുമാത്രം ആലോചിക്കുക. നിങ്ങളുടെ മനോധൈര്യവും കുഞ്ഞുങ്ങൾക്കായുള്ള ശ്രദ്ധയും കരുതലുമാണ് ഇവിടെ ആവശ്യം. ഈ ഒരു അവസ്ഥയെ കൃത്യമായ പരിശീലനത്തിന്റെയും ചികിത്സയുടെയും സഹായത്തോടെ ഒരു പരിധിവരെ മാറ്റിയെടുക്കാം. ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി ചികിൽസിക്കുകയാണെങ്കിൽ ഏറ്റവും നല്ല റിസൾട്ട് പ്രതീക്ഷിക്കാം. വളരുന്നതിനനുസരിച്ച് ചികിത്സ വേണ്ടരീതിയിൽ ഫലവത്താകണമെന്നില്ല.