ഡിയർ ചാരൂ,
ഗാർഹിക ഗർഭപരിശോധനയുമായി ബന്ധപ്പെട്ടു ഞാൻ ഇന്ന് കുറേ കാര്യങ്ങൾ സെർച്ച് ചെയ്തു. ടെസ്റ്റ് ചെയ്യുന്നതിനുമുന്നെ അതുമായി ബന്ധപ്പെട്ട് കുറച്ചുകൂടെ കാര്യങ്ങൾ അറിയണമെന്ന് തോന്നി.
എപ്പോൾ ടെസ്റ്റ് ചെയ്യണം?
എങ്ങനെ ടെസ്റ്റ് ചെയ്യണം?
എപ്പോഴാണ് കൃത്യമായ റിസൾട്ട് കിട്ടുക , തുടങ്ങിയ സംശയങ്ങൾ നിങ്ങൾക്കും ഉണ്ടാകില്ലേ ?
എച്ച്സിജി
പ്ലാസന്റ ഉൽപാദിപ്പിക്കുന്ന ഹോർമോണായ എച്ച്സിജിയുടെ (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ) മൂത്രത്തിലെ അളവാണ് എല്ലാ ഗർഭപരിശോധനകളിലും അളക്കുന്നത്. ഗർഭപാത്രത്തിൽ ഭ്രൂണം ഇംപ്ലാന്റ് ചെയ്തയുടനെ (ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമ്പോള്‍) എച്ച്‌സിജി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. രക്തപ്രവാഹത്തിലൂടെ ശരീരത്തിൽ മറ്റു ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നു. ബീജസങ്കലനം കഴിഞ്ഞു 6 മുതൽ 12 ദിവസത്തിനകം ഈ ഹോർമോൺ ഉത്പാദനം ആരംഭിക്കുന്നു. ഈ ഹോർമോണിന്റെ സാന്നിധ്യമാണ് ഗർഭധാരണ പരിശോധന ഫലം പോസിറ്റീവ് എന്ന് കാണിക്കുന്നത്.
എപ്പോൾ ഗാർഹിക ഗർഭപരിശോധന നടത്താം?
ഗാർഹിക ഗർഭപരിശോധനകൾ കൃത്യമായ റിസൾട്ട് നൽകുന്നു. എപ്പോൾ ടെസ്റ്റ് നടത്തുന്നു എന്നത് പ്രധാനമാണ്. ബീജസങ്കലനം കഴിഞ്ഞു 19 ദിവസങ്ങൾ കഴിഞ്ഞു ടെസ്റ്റ് ചെയ്യാം. എച്ച്‌സിജി അളവ് മൂത്രത്തിൽ കൃത്യമായി തിരിച്ചറിയാൻ ഇത്ര ദിവസം കാത്തിരിക്കേണ്ടതാണ്. അടുത്ത ആർത്തവത്തിന്റെ തീയതിക്കുശേഷം ടെസ്റ്റ് ചെയ്യുന്നതാവും ഏറ്റവും നല്ലത്. ബീജസങ്കലനം നടന്നു ഉടനെ ടെസ്റ്റ് ചെയ്താൽ പരിശോധനാ ഫലം ശരിയാകണമെന്നില്ല. ഗര്‍ഭധാരണം നടക്കുകയും, എന്നാൽ എച്ച്‌സിജി മൂത്രത്തിൽ എത്തിച്ചേർന്നിട്ടില്ല എങ്കിൽ കൃത്യമായ റിസൾട്ട് കിട്ടില്ല.മൂത്രത്തിൽ എത്തിച്ചേർന്ന എച്ച്‌സിജി യുടെ അളവ് വളരെ കുറവാണെങ്കിൽ സാധാരണ ഗതിയിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിരിക്കും. എന്നാൽ ലോ ലെവൽ എച്ച്‌സിജി യുടെ അളവും കണ്ടത്താം എന്ന് ചില ബ്രാൻഡുകൾ അവകാശപ്പെടുന്നുണ്ട്.
എന്നിരുന്നാലും പിരിയഡ് ആകേണ്ട ദിവസം വരെ കാത്തിരിന്നുകൂടേ,എന്നിട്ടു ടെസ്റ്റ് ചെയ്യാം. അല്ലാതെ ഒരു ദിവസം ടെസ്റ്റ് ചെയ്തു , പിന്നെ വീണ്ടും അടുത്ത ദിവസം ചെയ്തു, പ്രതീക്ഷിച്ച പോസറ്റീവ് ഫലം കിട്ടിയില്ലാന്നു കണ്ടു വിഷമിക്കേണ്ട കാര്യമില്ല.
എന്റെ പിരിയഡ്‌സ് ആകേണ്ട ഡേറ്റ് കഴിഞ്ഞു , ഇനി ധൈര്യമായി ടെസ്റ്റ് ചെയ്യാം. നിന്റെയോ ചാരൂ?
എപ്പോൾ ടെസ്റ്റ് നടത്താം എന്ന കൺഫ്യൂഷൻ മാറി,
ഇനി ഏതു നേരം നടത്താം എന്ന് നോക്കാം.
ഏതാണ് അനുയോജ്യമായ സമയം?
രാവിലെ പരിശോധന നടത്തുന്നതാണ് ഏറ്റവും ഉചിതം എന്നാണ് പൊതുവെ പറയുന്നത് . ഗര്ഭത്തിന്റെ തുടക്കത്തിൽ എച്ച്‌സിജി തോത് കുറവായിരിക്കും. വെള്ളം കുടിക്കുന്നതിന്റെ ഫലമായി മൂത്ര സാന്ദ്രത കുറയാനും സാധ്യത ഉണ്ട് . നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം രാവിലെ വിസര്ജിക്കുന്ന മൂത്രത്തിൽ എച്ച്‌സിജി യുടെ അളവ് കൂടുതലാകാൻ സാധ്യത ഉണ്ട്.
ഗർഭം ആറാഴ്ച വരെ എത്തിയാൽ പിന്നെ ഏതുനേരത്തും ടെസ്റ്റ് ചെയ്യാം , മൂത്രത്തിൽ എച്ച്‌സിജിയുടെ തോത് കൂടുതലായിരിക്കും,ഹോർമോൺ കൂടിയ അളവിൽ തന്നെ രക്തത്തിലുണ്ടായിരിക്കും .
ഗർഭപരിശോധന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ ഉപയോഗിക്കുന്ന ബ്രാൻഡിനെ ആശ്രയിച്ച് ഗാർഹിക ഗർഭപരിശോധനാ രീതികൾ വ്യത്യാസപ്പെടുന്നു. ഏതു ബ്രാൻഡാണെങ്കിലും വളരെ ലളിതമായൊരു ടെസ്റ്റ് ആണിത്.
ഗർഭ പരിശോധന നടത്തുന്നതിനുമുന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
- പരിശോധന നടത്തുന്നതിന് മുമ്പ് വളരെയധികം പാനീയങ്ങൾ കുടിക്കരുത്, ഇത് എച്ച്സിജി അളവ് കുറയ്ക്കും.
- എക്സ്പയറി തീയതി പരിശോധിക്കുക ,കാലഹരണപ്പെട്ട ഗർഭപരിശോധന സ്റ്റിക്കുകൾ ഒഴിവാക്കുക
- നിർദ്ദേശങ്ങൾ നന്നായി വായിച്ച് അവ കൃത്യമായി പിന്തുടരുക.
- ടെസ്റ്റ് സ്റ്റിക്ക് നിങ്ങളുടെ മൂത്രത്തിന്റെ സ്ട്രീമിൽ കുറച്ച് നിമിഷങ്ങൾ പിടിക്കുക, അല്ലെങ്കിൽ നിങ്ങളുടെ മൂത്രം ഒരു കപ്പിൽ ശേഖരിച്ച് അതിൽ സ്റ്റിക്ക് മുക്കുക.
- എത്ര മിനിറ്റ് കാത്തിരിക്കണമെന്നും , എങ്ങനെ ഫലം തിരിച്ചറിയാമെന്നും പരിശോധന പാക്കേജ് നിർദ്ദേശങ്ങളിൽ നിന്ന് മനസിലാക്കണം
വ്യത്യസ്തമായ ഗാർഹിക ഗർഭപരിശോധന ബ്രാൻഡുകൾ എന്ന് മാർക്കറ്റിലുണ്ട്.ഏറ്റവും അനുയോജ്യമായ ഒരു ബ്രാൻഡ് തന്നെ തെരഞ്ഞെടുക്കാം.
ഇനി ടെസ്റ്റ് കഴിഞ്ഞു കാണാം.