മോൾക്ക് നല്ല പനി, മരുന്ന് കൊടുത്താൽ മതിയായിരുന്നു, പക്ഷെ കൊറോണയൊക്കെയല്ലേ? എന്തായാലും ഡോക്ടറെ കണ്ടേക്കാം. ഹൈറ്റും, വെയിറ്റും, പനിയും നോക്കി ചീട്ടു മുറിച്ച് ഡോക്ടർക്ക് അരികിലെത്തി. കണ്ട മാത്രയിൽ ഡോക്ടർ ഞങ്ങളെ തിരിച്ചറിഞ്ഞു. മോൾക്ക് മൂന്നു വയസ്സ് തികയുന്നതുവരെ അവിടുത്തെ സ്‌ഥിരം സന്ദർശകരായിരുന്നു ഞങ്ങൾ.
പരിശോധന കഴിഞ്ഞു, സാധാരണ പനിയാണ്, പക്ഷെ, വിളർച്ചയുണ്ട്. മരുന്ന് കുറിച്ചുതരാം.
ചീട്ടു നോക്കി ഡോക്ടർ പറഞ്ഞു: ‘മോൾക്ക് വെയിറ്റ് കൂടുതലാണല്ലോ’?
മോളുടെ ബിഎംഐ എത്രയെന്നു നോക്കണം. അമിത വണ്ണം ആണെങ്കിൽ ചില ബ്ലഡ് ടെസ്റ്റുകൾ ചെയ്യണം. എന്നിട്ട് നല്ലൊരു ഡയറ്റ് പ്ലാൻ ചെയ്യേണ്ടതാണ്.
അവൾ കുട്ടിയല്ലേ, ഇത്തിരി വണ്ണം കൂടിയത് കൊണ്ട് എന്താ കുഴപ്പം?
എന്താണ് കുട്ടികളിലെ അമിത വണ്ണം? എന്‍റെ സംശയങ്ങൾക്ക് അവസാനമില്ലായിരുന്നു…
എന്‍റെ പരിഭ്രമം കണ്ടിട്ടാകണം ഡോക്ടർ വിശദീകരിച്ചുതുടങ്ങി
എന്താണ് അമിതവണ്ണം?
നമുക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിനനുസൃതമായ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്ത് സംഭവിക്കും? അധികമായി വരുന്ന കൊഴുപ്പ് ശരീരത്തിൽ സംഭരിക്കപ്പെടുന്നു. ഇത് ആവർത്തിക്കപ്പെടുമ്പോൾ ശരീരഭാരം വർദ്ധിക്കുന്നു, ക്രമേണ പൊണ്ണത്തടിയായി മാറുന്നു.
കൊഴുപ്പ് രക്തക്കുഴലുകളിൽ സംഭരിക്കപ്പെടുന്നത് മൂലം ഭാവിയിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയും അത് ഹൃദയം, കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കുട്ടികളിൽ പ്രമേഹ സാധ്യതയും കൂടുതലാണ്.
കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുന്നത് ഏതൊരു മാതാപിതാക്കളെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. കുട്ടികൾ തടിച്ചുരുണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മലയാളികളും. എന്നാൽ നല്ല വണ്ണമുള്ള ഒരു കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്നു പറയാനാകുമോ?
വണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യം കൂടും എന്ന ധാരണ തെറ്റാണ്. കേവലം ശരീരത്തിന്‍റെ വലുപ്പം മാത്രമല്ല, പ്രായത്തിനനുസരിച്ചുള്ള ശാരീരിക മാനസിക വളർച്ചയും ഊർജ്വസ്വലതയുമാണ് ആരോഗ്യത്തിനടിസ്ഥാനം.
കുട്ടികളിലെ അമിത വണ്ണം
പോഷകാഹാരത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഹെൽത്ത് സെന്‍ററുകളിൽ ഒട്ടിച്ച് വെക്കാറുള്ള ഫോട്ടോ ആരും മറന്നു കാണില്ല. മെലിഞ്ഞ, കണ്ണും വയറും തള്ളി നിൽക്കുന്ന ശോഷിച്ച ഒരു കുഞ്ഞിന്‍റെ രൂപം. എന്നാൽ ഇന്ന് ആ കുട്ടിയോടൊപ്പം തടിച്ചുരുണ്ട ഒരു കുട്ടിയെ കൂടി കാണാം.
ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത കുട്ടിക്കും അനാവശ്യമായി ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കുട്ടിക്കും പോഷകക്കുറവ് ഉണ്ടാകുന്നു. എന്തെങ്കിലും കൊടുത്ത് കുഞ്ഞു വയര്‍ നിറക്കാതെ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം ആവശ്യാനുസരണം ലഭ്യമാക്കുകയല്ലേ വേണ്ടത്?
ഓരോ വര്‍ഷം പിന്നിടുമ്പോഴും അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കാണാം. ലോകാരോഗ്യ സംഘടനയുടെ (WHO) 2019 ലെ കണക്കുകൾ പ്രകാരം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ 38.2 മില്യൺ കുട്ടികളും അമിതവണ്ണമുള്ളവരാണ്. 5 മുതൽ 19 വയസ്സുവരെ പ്രായമുള്ള കുട്ടികളിലും ഈ വര്‍ദ്ധന കാണാം, 1976 ൽ ഇത് 4% ആയിരുന്നെങ്കിൽ 2016 ആകുമ്പോഴേക്കും 18% ആയി ഉയർന്നിട്ടുണ്ട്. 2022 ലെ കണക്കുകൾ പ്രകാരം 5 വയസ്സിന് താഴെയുള്ള ഏകദേശം 37 ദശലക്ഷം കുട്ടികൾ അമിതഭാരമുള്ളവരായിരുന്നു.
എന്താണ് ബി എം ഐ (BMI)
അമിത വണ്ണം കണക്കാക്കുന്നതിനുള്ള ഒരു മാനദണ്ഡമാണ് ശരീര ഭാര സൂചിക (ബോഡി മാസ് ഇന്ഡക്സ്). കുട്ടിയുടെ പ്രായത്തിനെയും ഉയരത്തിനെയും അപേക്ഷിച്ച് കുട്ടിക്ക് അമിത ഭാരമുണ്ടോ എന്നു മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. BMI കണക്കാക്കിയ ശേഷം വളര്‍ച്ച പട്ടിക (growth chart) ഉപയോഗിച്ച് കുട്ടിയുടെ വളര്‍ച്ചാ ശതമാനം കണ്ടെത്തുന്നു.
ബി എം ഐ = ഭാരം (Kg)/ ഉയരം x ഉയരം (m 2 )
രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളിലും കൗമാരക്കാരിലും ബി എം ഐ എങ്ങനെയെന്ന് നോക്കാം
- ബി എം ഐ 85th പെർസെന്റയിൽ നും 95th പെർസെന്റയിൽ നും ഇടയിൽ ആണെങ്കിൽ അമിത ഭാരമായി കണക്കാക്കുന്നു.
- 95th പെർസെന്റയിൽ ൽ കൂടുതൽ ആണെങ്കിൽ പൊണ്ണത്തടി ഉണ്ട് എന്നാണ് അർഥം.
- ക്ലാസ് 2 പൊണ്ണത്തടി: BMI >120 % OF 95th Centile OR >35 KG /M2
- ക്ലാസ് 3 പൊണ്ണത്തടി: BMI >140% OF 95 th Centile OR >40 KG/M2
- രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലെ BMI 97.7 th പെർസെന്റയിൽ അല്ലെങ്കിൽ അതിൽ കൂടുതൽ ആയാൽ കുട്ടിക്ക് പൊണ്ണത്തടിയുണ്ടെന്ന് പറയാം.
കുട്ടിയുടെ വളർച്ച സാധാരണ ഗതിയിലാണോ എന്ന് ഓരോ ഘട്ടത്തിലും നമുക്ക് പരിശോധിക്കാം.
മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെ ഉയരവും ഭാരവും ഓരോ വാക്‌സിനേഷൻ സമയത്തും പരിശോധിക്കുന്നതാണ്. അതിനു ശേഷം അഞ്ചു വയസ്സുവരെ ഓരോ ആറു മാസത്തിലും തുടർന്ന് 18 വയസ്സുവരെ വർഷത്തിൽ ഒരിക്കലും പരിശോധിക്കേണ്ടതാണ്.
അമിതവണ്ണം കാരണങ്ങൾ:
ജനിതക പ്രശ്നങ്ങൾ, ജീവിത ശൈലി എന്നിങ്ങനെ പല ഘടകങ്ങളും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്. എന്നാൽ അമിതവണ്ണം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം തെറ്റായ ജീവിതശൈലി തന്നെയാണ്.
ജനിതകപരമായ കാരണങ്ങള്‍: മാതാപിതാക്കൾ അമിതവണ്ണം ഉള്ളവരാണെങ്കിൽ അവരുടെ കുട്ടികൾക്കും അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള കുട്ടികൾക്ക് ഒരു വയസ്സ് തികയുന്നതിനു മുൻപ് തന്നെ അമിതവണ്ണം ഉണ്ടാകുന്നു. കൂടാതെ ഡൗൺസ് സിൻഡ്രോം, ടർണേഴ്‌സ് സിൻഡ്രോം തുടങ്ങിയ ജനിതക രോഗങ്ങൾ ഉള്ളവരിലും പൊണ്ണത്തടിയുണ്ടാകുന്നു.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: നമുക്ക് പരിചിതമായ ഹൈപ്പർ തൈറോയിഡിസം, PCOD, ഹൈപ്പർ ഇൻസുലിനിസം എന്നിങ്ങനെ അന്തഃസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട ചില അസുഖങ്ങളും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്.
അനാരോഗ്യകരമായ ആഹാര ശീലങ്ങളും വ്യായാമക്കുറവും: ആഹാര വ്യായാമ ശീലങ്ങളിൽ പ്രായഭേദമന്യേ മാറ്റങ്ങൾ വന്നിട്ടുണ്ട്. ദിവസത്തിന്‍റെ സിംഹഭാഗവും ടെലിവിഷൻ/ സ്മാർട്ഫോൺ/ ലാപ്ടോപ്പ് തുടങ്ങിയവയ്ക്ക് മുന്നിൽ ചിലവഴിക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ. അതും വെറുതെയല്ല, എന്തെങ്കിലും സ്നാക്ക്സ് അല്ലെങ്കിൽ ജങ്ക്‌ഫുഡ്‌സ് കയ്യിൽ ഉണ്ടാകും. ചായയും ഊണും എല്ലാം അതിനു മുന്നിൽ ആയിരിക്കും. എന്ത് കഴിക്കുന്നു? എത്ര കഴിക്കുന്നു? എന്നൊന്നും അവർക്ക് അറിയില്ല. അതുവഴി ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നു.
ഏതു സ്‌ക്രീനിലായാലും കുഞ്ഞുങ്ങളുടെ ഇഷ്ട പരിപാടികൾക്ക് പഞ്ഞമില്ല. അതുകൊണ്ടു തന്നെ കുട്ടികൾ വാശി പിടിക്കുമ്പോൾ അവരെ അതിനു മുന്നിലിരുത്തി ശീലിപ്പിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. ഓടിച്ചാടി കളിക്കേണ്ട പ്രായത്തിൽ സ്ക്രീനിനു മുന്നിൽ ചടഞ്ഞു കൂടിയിരിക്കുന്ന കുട്ടികൾ പൊണ്ണത്തടിയന്മാരാകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ!
പൊണ്ണത്തടിയുടെ പ്രശ്നങ്ങള്‍
അമിത വണ്ണമുള്ള ശരീരം രോഗങ്ങളുടെ കലവറയാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അമിതവണ്ണം. കുഞ്ഞുങ്ങളില്‍ അമിതവണ്ണം ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ നിരവധിയാണ്. വിഷാദം, ഉറക്കക്കുറവ്, ഉത്സാഹമില്ലായ്മ, ഒറ്റപ്പെടുന്നതായുള്ള തോന്നല്‍ എന്നിവ കുഞ്ഞിനെ അന്തര്‍മുഖരാക്കുന്നു.
ഒരു ദിവസത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം നമുക്കാവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളുമാണ് സൂക്ഷ്മപോഷകങ്ങൾ (micro nutrients). തലച്ചോറിന്റെ വളർച്ചയിലും ബുദ്ധിപരമായ വികാസത്തിലും നിർണ്ണായക പങ്കു വഹിക്കുന്നവയാണ് പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങൾ.അമിത വണ്ണമുള്ള കുട്ടികളിൽ ഇവയുടെ ഉപയോഗം പൊതുവെ കുറവായതിനാൽ സൂക്ഷ്മ പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകുകയും, തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, ബുദ്ധിവളർച്ച കുറയുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു. കൂടാതെ glomerulonephritis, nephrotic syndrome തുടങ്ങിയ വൃക്ക രോഗങ്ങളും പിത്താശയക്കല്ലും അമിതവണ്ണമുള്ളവരിൽ ഉണ്ടായേക്കാം.
പൊണ്ണത്തടിയുള്ള കുട്ടികളുടെ കരളിൽ അമിതമായി കൊഴുപ്പ് സംഭരിക്കപ്പെടുന്നു. ഇത് കരൾ വീക്കം (Nonalcoholic fatty liver disease -NAFLD)ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
തൈറോയിഡ് പ്രശ്നങ്ങൾ പോലെയുള്ള ഹോർമോൺ സംബന്ധമായ അസുഖങ്ങളും കൂടുതലായി കാണുന്നു. ചെറിയ പ്രായത്തിൽ തന്നെ പ്രമേഹം ബാധിക്കുകയോ മുതിർന്നു കഴിയുമ്പോൾ പ്രമേഹരോഗിയായി തീരുകയോ ചെയ്യുന്നു.
ആസ്മ പോലെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അമിത വണ്ണമുള്ളവരിൽ കൂടുതലായി കാണുന്നു. ശരിയായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് Obstructive sleep apnea (OSA ), ഉറക്കത്തിലെ കൂർക്കം വലി ഇതിന്റെ ലക്ഷണമാണ്.
അമിത വണ്ണം ഉള്ളവരിൽ ഭാരം കൂടുന്നതിനനുസരിച്ച് സന്ധികൾ ബലപ്പെടണമെന്നില്ല. ഭാരം കൂടുമ്പോൾ കാലുകൾക്ക് താങ്ങാൻ കഴിയാതെ വരികയും സന്ധിവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
അമിത വണ്ണമുള്ള കുട്ടികളില്‍ പലപ്പോഴും ചെറിയ പ്രായത്തില്‍ തന്നെ (9-10yrs) ആര്‍ത്തവം ആരംഭിക്കുന്നു. കൗമാരക്കാരിൽ ആർത്തവ തകരാറുകൾക്കും PCOS പോലെയുള്ള അവസ്ഥകൾക്കും കാരണമാകുന്നു.
ചർമ്മരോഗങ്ങൾ: കഴുത്തിനു പിന്നിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നു (acanthosis nigricans).
വയറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന വരകൾ പോലെയുള്ള പാടുകൾ (Striae/ Stretch marks)
ചർമ്മത്തിനടിയിൽ ദുർഗന്ധം വമിക്കുന്ന വേദനാജനകമായ മുഴകൾ ഉണ്ടാകുന്നു (Hidradenitis suppurativa)
Related links
കുട്ടികളിലെ അമിതവണ്ണം എങ്ങനെ പരിഹരിക്കാം?
കുട്ടികൾ പൊതുവെ മുതിർന്നവരെ അനുകരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ മാറ്റങ്ങൾ വരുത്തേണ്ടത് രക്ഷിതാക്കളുടെ ജീവിതരീതിയിലാണ്. കുട്ടിക്കാലത്തു തന്നെ ആരോഗ്യകരമായ ആഹാരരീതി അവരെ ശീലിപ്പിക്കുക. അതിനായി കുട്ടികൾ എന്ത് കഴിക്കണം എത്ര അളവിൽ കഴിക്കണം എന്നതിനെ കുറിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതാണ്.
കുഞ്ഞുങ്ങൾക്ക് നൽകാം സമീകൃതാഹാരം
എന്താണ് സമീകൃതാഹാരം?
50% കാർബോഹൈഡ്രേറ്റ്, 30% പ്രോട്ടീൻ, 20% കൊഴുപ്പ്, ചെറിയ അളവിൽ വിറ്റാമിനുകൾ മിനറലുകൾ എന്ന തോതിലുള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്. ധാന്യവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ – പാൽ ഉൽപന്നങ്ങൾ, മുട്ട , മൽസ്യം, മാംസം എന്നിങ്ങനെ വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥങ്ങളിലൂടെയാണ് ഈ പോഷകങ്ങൾ ലഭ്യമാകുന്നത്. ഇവ ശരിയായ അളവിലും രീതിയിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അതിനെ സമീകൃതാഹാരം എന്ന് പറയുന്നു.
ഫുഡ് പിരമിഡ് അടിസ്ഥാനമാക്കി ഭക്ഷണം ക്രമീകരിക്കാം. ഇഷ്ടമുള്ള ഭക്ഷണം കൂടുതൽ കഴിക്കുകയും ഇഷ്ടമില്ലാത്തവ ഒഴിവാക്കുകയും ചെയ്യുന്ന ശീലത്തോട് വിട പറയാം.
അമിത വണ്ണമുള്ള കുട്ടികള്‍ക്കായി ഒരു ഭക്ഷണക്രമം
Traffic Light Diet Plan
ട്രാഫിക് ലൈറ്റ് മൂന്നു നിറത്തില്‍ കാണാന്‍ സാധിക്കും – ചുവപ്പ്, മഞ്ഞ, പച്ച. ഇവിടെ ഓരോ നിറവും ഓരോ വിഭാഗം ഭക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ഗ്രീന്‍ ലൈറ്റ് ഫുഡ്സ്: പഴങ്ങളും പച്ചക്കറികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കലോറിയും കൊഴുപ്പും കുറവായിരിക്കും. എന്നാല്‍ ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിരിക്കും. ഇവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
യെല്ലോ ലൈറ്റ് ഫുഡ്സ്: ധാന്യങ്ങളും മാംസാഹാരങ്ങളും. പോഷകങ്ങള്‍ ലഭ്യമാണെങ്കിലും ഉയര്‍ന്ന അളവില്‍ കലോറിയും കൊഴുപ്പും ഉള്ളവയാണ്. അതിനാല്‍ മിതമായ അളവില്‍ മാത്രം കഴിക്കുക.
റെഡ് ലൈറ്റ് ഫുഡ്സ്: കാര്‍ബണേറ്റഡ് ബിവറേജസ്, ഫാസ്റ്റ് ഫുഡ്സ്, വറുത്തതും പൊരിച്ചതും. ഇവയില്‍ കലോറി, ഷുഗര്‍, കൊഴുപ്പ് എന്നിവ വളരെ കൂടുതല്‍ ആയിരിക്കും പോഷകങ്ങള്‍ തീരെ കുറവും. ഈ വിഭാഗത്തില്‍ പെടുന്നവ കഴിയുന്നതും ഒഴിവാക്കുക.
നല്ല ആഹാരശീലങ്ങള്‍
- സോഫയിൽ ചാഞ്ഞും ചരിഞ്ഞും ടിവി കണ്ടുമുള്ള ഭക്ഷണം കഴിക്കൽ ഇനി വേണ്ട, കുടുംബത്തോടൊപ്പം തീൻ മേശയിൽ ഒന്നിച്ചിരിക്കാം.
- സാധാരണ ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും കൃത്യമായ സമയം നിശ്ചയിക്കുക.
- പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇതിനെ ബ്രെയിൻ ഫുഡ് എന്നാണ് പറയുന്നത്. തലച്ചോറിന്‍റെ ശരിയായ പ്രവർത്തനത്തിന് പ്രഭാത ഭക്ഷണം അത്യാവശ്യം. ഏകാഗ്രതക്കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.
- പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് രുചികരമായ ഭക്ഷണമുണ്ടാക്കി കുട്ടികളെ ആകർഷിക്കാം.
- നിർബന്ധിച്ച് കഴിപ്പിക്കാതെ ആവശ്യമുള്ളത് ഇഷ്ടാനുസരണം കഴിക്കാൻ അവരെ അനുവദിക്കുക.
- ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പുകൾ എന്നിവ മിതമായ അളവിൽ മാത്രം.
- ബേക്കറി പലഹാരങ്ങൾക്കു വിട, ആരോഗ്യകരമായ ലഘുഭക്ഷണം വീട്ടിൽ തന്നെ തയ്യാറാക്കാം.
- ഇടവേളകളിലെ സ്‌നാക്‌സിനു പകരമായി പഴങ്ങൾ കഴിക്കാം.
- സോഫ്റ്റ് ഡ്രിങ്ക്സിനോട് ഗുഡ് ബൈ പറയാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാം.
കുട്ടികൾക്ക് ഊർജ്ജ പാനീയങ്ങൾ നൽകേണ്ടതുണ്ടോ?
ഊർജ്ജ പാനീയങ്ങളിൽ പ്രധാന ഘടകം അന്നജം തന്നെയാണ്. ഇത് ചെറിയ അളവിൽ കഴിക്കുമ്പോൾ തന്നെ വലിയ അളവിൽ കലോറി കുഞ്ഞിന് ലഭിക്കുന്നു. ഇതിൽ അധികമായി വരുന്നവ ശരീരത്തിൽ അടിഞ്ഞു കൂടുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കാൻ എനർജി ഡ്രിങ്ക്സ് നെ ആശ്രയിക്കുന്നതിനു പകരം പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ഉചിതം.
വേണം ജീവിത ശൈലിയിലും മാറ്റങ്ങൾ
കളികള്‍: കളിച്ചു നടക്കേണ്ട സമയമാണ് കുട്ടിക്കാലം. മുറിയിൽ അടച്ചിടാതെ മറ്റു കുട്ടികളോടൊപ്പം കളികളിൽ ഏർപ്പെടാൻ അനുവദിക്കുക, അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. കുട്ടികളെ പ്രത്യേകമായ വ്യായാമമുറകൾ നിർബന്ധിച്ച് ചെയ്യിക്കുന്നതിനേക്കാൾ ഗുണം ചെയ്യുക കൂട്ടുകാരോടൊത്തുള്ള രസകരമായ കളികളാണ്.
കുറയ്ക്കാം സ്ക്രീൻ ടൈം: ടെലിവിഷന്‍ പ്രോഗ്രാമുകളും സോഷ്യല്‍ മീഡിയയും സജീവമായതോടെ പ്രസിദ്ധി നേടിയവയാണ് ജീവിതശൈലീ രോഗങ്ങള്‍. അതിനാല്‍ അവയുടെ ഉപയോഗത്തിലുള്ള നിയന്ത്രണവും പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ടിവി കാണിക്കരുത്. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സ്ക്രീന്‍ ടൈം അനുവദിക്കരുത്. ഈ സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.
ശാരീരിക വ്യായാമങ്ങള്‍: ഭക്ഷണ നിയന്ത്രണത്തോളം പ്രാധാന്യമുള്ളവയാണ് ശാരീരിക വ്യായാമങ്ങളും. ലഭ്യമായ കലോറിയെ ശരീരത്തിന് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തി ബാക്കി വരുന്നവ വ്യായാമത്തിലൂടെ എരിച്ച് കളയേണ്ടതാണ്. ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ആവശ്യമാണ്. ഉദാസീനമായ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാറി ശാരീരിക ചലനം സാധ്യമാകുന്ന പ്രവര്‍ത്തനങ്ങളിലെക്ക് കുട്ടികളെ കൊണ്ടുവരാം. എന്നാല്‍ അവര്‍ക്ക് അതൊരു നിര്‍ബന്ധിത പ്രവര്‍ത്തനമായി തോന്നുകയുമരുത്.
സ്കൂള്‍ അടുത്താണെങ്കില്‍ നടന്നു പോകാന്‍ അവരെ പ്രേരിപ്പിക്കാം. സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവ പഠിപ്പിക്കാം. ഓട്ടം, ചട്ടം, ജമ്പിങ്, സ്കിപ്പിംഗ്, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിങ്ങനെ വിവിധങ്ങളായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം. ഒഴിവു സമയങ്ങള്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാം.
കൂട്ടുകൂടി കളിക്കാനുള്ള അവസരങ്ങൾ കുറവാണോ?
എങ്കിൽ കൂട്ടുകൂടാൻ ചില കളിയുപകരണങ്ങളാകാം.
കളിയിലൂടെ വ്യായാമവും ലഭിക്കുന്ന ചില ഉപകരണങ്ങൾ പരിചയപ്പെടാം
രക്ഷിതാക്കള്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കുട്ടികള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയുള്ളൂ.
കുട്ടിക്കാലം മുതല്‍ പിന്തുടരുന്ന നല്ല ശീലങ്ങള്‍ കുട്ടിയെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുവാനും സഹായിക്കുന്നു.
Related links
കുട്ടികളുടെ അമിത വണ്ണത്തിനു കാരണം രക്ഷിതാക്കളുടെ അറിവില്ലായ്മയും അശ്രദ്ധയുമാണ്. സ്വന്തം കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താൻ നിൽക്കാതെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു കൊണ്ട് അവരെ പരിചരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. കുട്ടികളിലെ അമിത ഭാരവും പൊണ്ണത്തടിയും അവരുടെ കുറ്റമായി കണ്ട് ശാസിക്കരുത്. അത്തരം കുട്ടികളോട് സ്നേഹത്തോടെയും ക്ഷമയോടെയും കരുതലോടെയും ഇടപെടേണ്ടതാണ്. പരിഹാസം, ബോഡി ഷെയിമിങ്, മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തൽ എന്നിവ കുഞ്ഞുങ്ങളിൽ അപകർഷതാബോധം ഉണ്ടാക്കും. അത് മാനസികമായി അവരെ തളർത്തും. സ്നേഹത്തോടെയുള്ള പരിചരണത്തിലൂടെ അവരെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കാം.
Super
Good information