“കുഞ്ഞുങ്ങളും പൂക്കളും മൃദുവും നിർമ്മലവുമാണ് , അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ, “ ചാച്ചാജി
ധന്യ ഡോക്ടറിൻ്റെ ക്ലിനിക്കിലെ ചുമരിലൊട്ടിച്ച പോസ്റ്ററിലേക്കു തന്നെ കുറേനേരമായി നോക്കികൊണ്ടിരിക്കുകയാണ്. നല്ല തിരക്കുണ്ട്, ഇനിയും കുറേ പേർ പോയിട്ടേ തൻ്റെ ഊഴം വരികയുള്ളു, ടോക്കൺ എടുക്കാൻ വൈകിപ്പോയി. അമ്മയുടെ മടിയിൽ മോനുട്ടൻ കിടക്കുന്നുണ്ട്, പാതി ഉറക്കമാണ്, നല്ല മൂക്കടപ്പുണ്ട്. അതിൻ്റെ അസ്വസ്ഥത അവനിൽ പ്രകടമാണ്. ഡോക്ടറെ കാണാൻ മാത്രമുള്ള അസുഖം അവനുണ്ടോ? ശരീരത്തിന് വല്യ ചൂടൊന്നുമില്ല. മോനുട്ടനെ ഒന്നുകൂടി തൊട്ടു നോക്കി അനു ഉറപ്പിച്ചു.
എന്നിട്ടും എന്തിനാ തിരക്കിട്ടു ഡോക്ടറെ കാണാൻ വന്നത്?
വീട്ടിൽ നിന്നും ക്ലിനിക്കിലേക്കും, തിരിച്ചുമുള്ള യാത്ര, പൊടി, വെയിൽ… പുറപ്പെടുമ്പോൾ പാലൂട്ടിയതാണ്, കുറെ നേരമായി, ഉണർന്നാൽ മോനുട്ടൻ വിശന്നു കരയും, കുപ്പി പാലു ബാഗിലുണ്ട്, എന്നാൽ അവനതിഷ്ടമല്ല, തട്ടിമാറ്റും, കുടിക്കാൻ കൂട്ടാക്കില്ല. എല്ലാം ആലോചിച്ചപ്പോൾ അനുവിന് തോന്നി
ഒരു മൂക്കടപ്പിന് ഡോക്ടറെ കാണേണ്ട കാര്യമുണ്ടായിരുന്നോ ?
എന്നാലും കുഞ്ഞിന്റെ കാര്യമല്ലേ ? പേടിയാണ് , അതുകൊണ്ടാണ് .
നമ്മുടെ സന്തോഷവും പ്രതീക്ഷയുമാണ് കുഞ്ഞ്. ഏറ്റവും നന്നായി വളർത്തണമെന്നും, നല്ല ആരോഗ്യത്തോടുകൂടി കുഞ്ഞ് വളരണമെന്നുമാണ് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം.
കുഞ്ഞിൻ്റെ ആരോഗ്യകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും നമ്മൾ അമ്മമാർ തയ്യാറാകില്ല.
അതേ പേടിയും, കരുതലുമാണ് അനുവിലും കണ്ടത്.
എങ്കിലും ചെറിയൊരു മൂക്കടപ്പിന് ആശുപത്രിയിലേക്കുപോകേണ്ടതുണ്ടോ?
കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ പരിചരിക്കുന്ന പോലെ പ്രധാനമാണ് അവർക്കുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുക എന്നത്
എല്ലായ്‌പ്പോഴും ഡോക്ടറിനെ കാണാൻ ഓടണോ ? അനുവിൻ്റെ സംശയം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ ?
കുഞ്ഞുങ്ങൾക്ക് സാധാരണ വരാൻ സാധ്യതയുള്ള രോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം …
എന്താണ് ജലദോഷം ?
സർവസാധാരണമായ അണുബാധയാണ് ജലദോഷം. കുഞ്ഞുങ്ങൾ ശ്വാസമെടുക്കുമ്പോൾ അന്തരീക്ഷത്തിലെ അണുക്കൾ നിരന്തരം ശരീരത്തിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. രോഗാണുക്കൾ മൂക്കിൽ അണുബാധയുണ്ടാക്കുന്നു. സാധാരണ ഗതിയിൽ ഏതാനും ദിവസങ്ങൾക്കകം ശരീരം രോഗാണുവിനെ കീഴ്‌പ്പെടുത്തുകയും, ജലദോഷം മാറുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ :
മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ പനിയും തൊണ്ട വേദനയും ഉണ്ടാകാറുണ്ട്.
രോഗാണുക്കൾ കൂടുതൽ പ്രവേശിക്കുമ്പോൾ ന്യൂമോണിയ, ടോൺസിലൈറ്റിസ് മുതലായ അസുഖങ്ങളായി മാറുന്നു.
അനു സംശയിച്ച പോലെ ഓരോ പ്രാവശ്യവും ജലദോഷം പിടിപെടുമ്പോൾ ഡോക്റ്ററെ കാണേണ്ട ആവശ്യമില്ല.
ഒരാഴ്ചവരെ ജലദോഷത്തിൻ്റെ ഭാഗമായി മൂക്കൊലിപ്പും, ചിലപ്പോൾ നേരിയ പനിയും ഉണ്ടാകാം. മരുന്നുകഴിക്കാതെ തന്നെ മാറാനും സാധ്യതയുണ്ട്. ഇല്ലെങ്കിൽ മുൻപ് ജലദോഷം വന്നപ്പോൾ ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് അതെ അളവിൽ ഉപയോഗിക്കാവുന്നതാണ്. അനാവശ്യമായി ആൻ്റിബയോട്ടിക്‌സ് കൊടുക്കുന്നത് നല്ലതല്ല. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ആൻ്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക.
ജലദോഷത്തിൻ്റെ കൂടിയ രൂപത്തെ ഫ്‌ളൂ എന്ന് പറയുന്നു. വിട്ടുമാറാത്ത ജലദോഷവും കടുത്ത പനിയും ക്ഷീണവുമുണ്ടെങ്കിൽ അത് ഫ്ലൂ ആകാനാണ് സാധ്യത. ന്യൂമോണിയ ആയി മാറാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സന്ദർഭങ്ങളിൽ ഉടനെ തന്നെ ഡോക്ടറെ കാണുക.
ദിവസവും പശുവിൻ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക്, ജലദോഷം വിട്ടുമാറാറില്ല എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ?
പാൽ പോഷകാഹാരമാണ്, ഓരോ കുഞ്ഞും ദിവസേന ഒരു ഗ്ലാസ് വീതം പാലെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്. ദിവസവും പശുവിൻ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ജലദോഷം വിട്ടുമാറില്ല എന്ന് പറയുന്നത് ശരിയല്ല. പശുവിൻ പാലോ, ആട്ടിൻ പാലോ ജലദോഷത്തിനു കാരണമാകുന്നില്ല.
Related links
എന്താണ് വയറിളക്കം ?
കുഞ്ഞിൻ്റെ വിസർജ്യം അയഞ്ഞു പോകുമ്പോൾ, വയറിളക്കം ആണോന്നു സംശയിച്ച് ചെറിയൊരു പരിഭ്രമമുണ്ടാകാറില്ലേ ? അങ്ങനെയെങ്കിൽ വയറിളക്കം ഉള്ളപ്പോൾ കുഞ്ഞിനെ മുല കുടിപ്പിക്കാമോ എന്ന സംശയവും ഉണ്ടായിട്ടില്ലേ ?
വിസർജ്യം സാധാരണ അവസ്ഥയിൽ നിന്ന് വ്യത്യാസപ്പെടുകയും ജലാംശം കൂടുതലായി കാണുകയും ചെയ്യുന്നതാണ് നവജാത ശിശുക്കളിലെ വയറിളക്കം. വയറ്റിൽ അണുബാധ ഉണ്ടാകുമ്പോൾ വയറിളക്കം, ഛർദ്ദി, പനി എന്നിവയുണ്ടാകാം. പ്രധാന അണുക്കൾ വൈറസ് തന്നെയാണ്.
എന്നാൽ നിങ്ങൾ പരിഭ്രമിച്ചതുപോലെ സാധാരണ വിസർജ്യം അയഞ്ഞു പോകുന്നത് വയറിളക്കം അല്ല.
മലത്തിൽ ജലാംശം കൂടുതലായി വരികയും, ഇടവിടാതെ ഛർദ്ദിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ കുടിക്കുന്നതിൽ അധികം ജലം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിർജലീകരണം സംഭവിക്കാം എന്നതു തന്നെയാണ് ഏറ്റവും വലിയ അപകടം. ശരീരത്തിൽനിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ടു നിർജ്ജലീകരണം സംഭവിക്കുമ്പോൾ വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നു.
സാധാരണഗതിയിൽ വയറിളക്കത്തിന് ചികിത്സ എടുക്കേണ്ട ആവശ്യമില്ല. എന്നാൽ ഭാരക്കുറവോ, ഗുരുതര നിർജ്ജലീകരണമോ ശിശുവിനുണ്ടെങ്കിൽ ഒ.ആർ.എസ് സ്പൂണിൽ കുറേശ്ശെ നൽകി അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
വയറിളക്കം ഉള്ളപ്പോൾ മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തന്നെയാണ് ഏറ്റവും നല്ലത്.
- മുല കുടിക്കുന്നതു കാരണം കുഞ്ഞിന് ക്ഷീണം ഉണ്ടാകുന്നില്ല.
- മുലപ്പാൽ എളുപ്പത്തിൽ ദഹിക്കുന്നു.
- കട്ടികുറഞ്ഞ ദ്രാവകം ആയതുകൊണ്ട് നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതയും കുറവാണ്.
ആറുമാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് പാകത്തിന് ഉപ്പിട്ട നാരങ്ങാവെള്ളം മോരുവെള്ളം കഞ്ഞിവെള്ളം തുടങ്ങി വീട്ടിൽ ലഭ്യമായ പാനീയങ്ങളും കൊടുക്കാവുന്നതാണ്.
കടുത്ത വയറിളക്കവും ചർദ്ദിയും ഉണ്ടെങ്കിൽ ഒ.ആർ.എസ് കൊടുക്കാവുന്നതാണ്.
അമ്മമാർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ…വയറിളക്കം പൂർണമായും ഒഴിവാക്കാം :
1 . വ്യക്തി ശുചിത്വം പാലിക്കുക
2 .സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി ശുചിയായി സൂക്ഷിക്കുക
3 .നഖം വെട്ടി വൃത്തിയാക്കുക
4.ഭക്ഷണസാധനങ്ങൾ എപ്പോഴും മൂടിവെക്കുക
5 .കുഞ്ഞിന് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക
6 .കുപ്പിപ്പാൽ ഒഴിവാക്കുകയും കുഞ്ഞിന് മുലയൂട്ടുകയും ചെയ്യുക
എന്താണ് ടി ബി?
രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലാണ് ടി ബി കണ്ടുവരുന്നത്, എന്നാൽ മുതിർന്നവരിൽ ടിബി അത്ര സാധാരണമല്ല. രോഗിയായ ഒരാളുടെ കുടുംബത്തിലേക്ക് ക്ഷയ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. രോഗി ചുമയ്ക്കുമ്പോൾ രോഗാണുക്കൾ അന്തരീക്ഷത്തിലേക്ക് വിന്യസിക്കപ്പെടുന്നു. ഈ വായു ശ്വസിക്കുന്നവരിലേക്ക് രോഗാണുക്കൾ പ്രവേശിക്കുന്നു.
ചുമ, പനി, ശരീരഭാരം കുറയുക തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. കൗമാരക്കാരിൽ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയും, കഫത്തിൽ രക്തത്തിൻ്റെ സാന്നിധ്യവും, നെഞ്ചുവേദനയും, ശരീരഭാരം കുറയുന്നതും, ക്ഷീണവും പനിയും ലക്ഷണങ്ങളായി കാണുന്നു.
Mantoux പരിശോധനയിലൂടെയാണ് ടി ബി ഉണ്ടോ എന്ന് കണ്ടു പിടിക്കുന്നത്. ഇടതുകയ്യിൽ ടെസ്റ്റിംഗ് മെറ്റീരിയൽ കുത്തിവയ്ക്കുന്നു, രണ്ട് മൂന്ന് ദിവസത്തിനുശേഷം കുത്തിവെച്ച ഭാഗത്ത് തടിപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ ടെസ്റ്റ് പോസിറ്റീവ് ആണെന്നാണ്. കുട്ടിക്ക് ടി ബി യുണ്ട്.
നെഞ്ചിൽ എക്സറേ എടുത്തു പരിശോധിച്ചാലും, കഫം പരിശോധിച്ചാലും ടി ബി ബാക്ടീരിയയുടെ സാന്നിധ്യം മനസ്സിലാക്കാം. പക്ഷെ കുട്ടികളുടെ കഫം പരിശോധനയ്ക്ക് കിട്ടാനത്ര എളുപ്പമല്ല.
ടി ബി ചികിത്സിച്ചു സുഖപ്പെടുത്താനാകുമോ ?
ടി ബി പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്, 6 മുതൽ 12 മാസം ചികിത്സ എടുക്കണമെന്ന് മാത്രം. ചികിത്സയുടെ തുടക്കത്തിൽ തന്നെ കുട്ടികൾക്ക് ആരോഗ്യം ഒരു പരിധിവരെ വീണ്ടെടുക്കാൻ സാധിക്കുന്നു. ക്ഷയരോഗാണുവിനെതിരെ ഫലപ്രദമായ ധാരാളം മരുന്നുകൾ ഇന്ന് ലഭ്യമാണ്. അതിൽ തന്നെ ചിലത് വളരെ വീര്യമുള്ളതും പാർശ്വഫലങ്ങൾ തീരെ ഇല്ലാത്തതുമാണെന്നത് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ നേട്ടമാണ്.
Related links
നമ്മുടെ പൊന്നോമനകളുടെ ആരോഗ്യം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്നുകരുതി ചെറിയൊരു മൂക്കടപ്പിനും ചുമയ്ക്കും ഉടനടി ഡോക്ടറെ കാണേണ്ട ആവശ്യമില്ല.
കുട്ടികളിൽ ഏറ്റവും നല്ല പ്രതിരോധ സംവിധാനം ഉണ്ടാക്കുക എന്നതാണ് ഏതൊരു മാതാപിതാക്കളുടെയും കർത്തവ്യം.
പ്രതികൂല സാഹചര്യങ്ങളിലും രോഗാണുക്കൾ നിറഞ്ഞ അന്തരീക്ഷത്തിലും നാളെ അവർ ജീവിക്കേണ്ടതാണ്. കൊറോണ പോലുള്ള മഹാമാരികൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഇത്തരം പുതിയ മഹാവ്യാധികൾ വരുമ്പോൾ മരുന്നും വാക്സിനും കണ്ടുപിടിച്ചില്ലെങ്കിലും, നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശക്തിയിലൂടെ അതിജീവിക്കാൻ സാധിക്കേണ്ടതാണ്.