Mkutti

parenting tips

കുഞ്ഞുങ്ങൾ മിടുക്കരായി വളരുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ സ്നേഹ സമ്പാദ്യമാണ്. ഒരു കുഞ്ഞ് ജനിച്ചു വീഴുന്നതു മുതല്‍ അവരെ എത്രമാത്രം നല്ലവരായി വളര്‍ത്താം, എങ്ങനെ ഏറ്റവും മിടുക്കരാക്കാം, ഏതു കാര്യത്തിലും ഏറ്റവും മികച്ചത് തന്നെ അവര്‍ക്ക് ലഭ്യമാക്കാം, എന്നു ചിന്തിക്കുന്നവരാണ് നാം ഓരോരുത്തരും. ഈ മത്സരാധിഷ്ഠിത ലോകത്തെ അഭിമുഖീകരിക്കാൻ കുഞ്ഞുങ്ങൾ പ്രാപ്തരാകണമെന്ന്  എല്ലാവരും ആഗ്രഹിക്കുന്നു അതിനു വേണ്ടി എന്തൊക്കെ ചെയ്യാമെന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. എപ്പോൾ, എങ്ങനെ കുഞ്ഞുങ്ങളെ സഹായിക്കണം എന്നതിൽ രക്ഷിതാക്കൾ സംശയാലുക്കളാണ്. ഒരു നല്ല രക്ഷിതാവായി കുട്ടികളെ എങ്ങനെ നല്ലവരായി വളർത്തിയെടുക്കാം (Parenting Tips) എന്ന് ഓരോരുത്തരും അറിയേണ്ടതുണ്ട്.

മസ്തിഷ്ക വികാസം ഏറ്റവും കൂടുതൽ സംഭവിക്കുന്ന കുട്ടിക്കാലത്ത് തന്നെ ഒരു കുഞ്ഞിന്റെ ജീവിത വിജയത്തിന്റെ അടിത്തറ പാകാം. അവന്റെ കഴിവുകളെ വികസിപ്പിക്കാനുള്ള ഏറ്റവും നല്ല പ്രായമാണിത്.  രക്ഷിതാക്കൾ കുട്ടികളുമായി ഇടപെടുന്ന രീതി അവരെ മിടുക്കരാക്കുന്നതിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.  കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന സമീപനങ്ങൾ അവരെ ജീവിത വിജയം കൈവരിക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ കുട്ടിയെ മിടുക്കനും ബുദ്ധിമാനുമാക്കുവാൻ ഇതാ ചില നുറുങ്ങുകൾ

1.  സ്നേഹവും അച്ചടക്കവും; അധികമായാൽ അമൃതും വിഷം

കുഞ്ഞുങ്ങളെ സ്നേഹിച്ചു വളർത്തണമെന്ന് എല്ലാവർക്കും അറിയാം. എങ്ങനെ സ്നേഹിക്കണം എന്ന് കുട്ടികൾ പഠിക്കേണ്ടത് അച്ഛനമ്മമാരിൽ നിന്നാണ്. അവർ തമ്മിലുള്ള സ്നേഹവും കരുതലും കുട്ടികൾക്കും ബോധ്യപ്പെടണം.

കുട്ടികളെ അച്ചടക്കത്തോടെ വളർത്തണമെന്നു പറയാറുണ്ട്. ശരിയാണ്, കുട്ടികൾ അച്ചടക്കത്തോടെ വളരണം, പക്ഷെ അത് സ്നേഹം നിരസിച്ചുകൊണ്ടാകരുത്. ഒരു പട്ടാളച്ചിട്ട പോലെ സ്നേഹം നിഷേധിച്ചുകൊണ്ട് കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കുന്നതും അമിത ലാളന നൽകി അച്ചടക്കമില്ലാത്ത വളർത്തുന്നതും ഒരു പോലെ ദോഷം ചെയ്യും. സ്നേഹത്തിന്റെയും ശാസനയുടെയും സന്തുലിതാവസ്‌ഥ കുടുംബത്തിൽ നിലനിർത്തുവാനും അത് കുഞ്ഞുങ്ങളിലേക്കു പകരുവരും മാതാപിതാക്കൾ ശീലിക്കേണ്ടതുണ്ട്.

2. നന്നായി സംസാരിക്കുക

കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ശരിയായ ആശയവിനിമയം.  നിങ്ങളുമായി കൂടുതൽ അടുക്കുവാനും ആത്മവിശ്വാസവും അഭിമാനവും വളർത്തിയെടുക്കുവാനും ഇത് കുട്ടികളെ സഹായിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടുവാനുള്ള കഴിവും പക്വതയും അവർക്ക് ഉണ്ടാകുന്നു.

3. കുട്ടികളോടൊത്ത് സമയം ചിലവഴിക്കുക

ജോലികൾ, മറ്റു തിരക്കുകൾ എന്നിങ്ങനെ ബിസി ആയി നടക്കുമ്പോഴും കുഞ്ഞുങ്ങളെ മറന്നുപോകരുത്.  ഓരോ ദിവസവും അല്പനേരമെങ്കിലും അവരോടൊപ്പം ചിലവഴിക്കുക. ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഒരുമിച്ച് നടക്കുക, ഒരുമിച്ച് കളിക്കുക, ഒരുമിച്ച് വായിക്കുക ഇതൊക്കെ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികമായ മാറ്റം വളരെ വലുതാണ്.

4. അവരെ കേൾക്കുക, മാതാപിതാക്കൾ കൂട്ടുകാരാവുക

be a friend, be a listener

കുട്ടികൾ എന്തെങ്കിലും നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുകയാണെങ്കിൽ സമയമില്ല എന്നു പറഞ്ഞ് ഒഴിവാക്കരുത്. അവർ പറയുന്നത് മുഴുവനായും കേൾക്കുക. ഒരു കൂട്ടുകാരനെന്നപോലെ അവരോട് പെരുമാറുക. അങ്ങനെയെങ്കിൽ മനസ്സിൽ തോന്നിയ കാര്യങ്ങൾ  നിങ്ങളുമായി പങ്കുവയ്ക്കുവാൻ അവർക്ക് യാതൊരു വിഷമമുണ്ടാകില്ല. തനിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വവും പിന്തുണയും ലഭിക്കുക അച്ഛനമ്മമാരുടെ അടുത്തതാണെന്ന് അവർക്ക് ബോധ്യമാകണം, നമുക്കിടയിൽ രഹസ്യങ്ങൾ ആവശ്യമില്ലെന്ന് അവർ തന്നെ തിരിച്ചറിയണം.

5. അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക

ഞങ്ങൾ മാതാപിതാക്കളാണെന്നും അവർ കുട്ടികളുമാണെന്ന ബോധം നിങ്ങൾക്കുണ്ടായിരിക്കണം. അവരുടെ ചെറിയ തെറ്റുകുറ്റങ്ങൾ പറഞ്ഞ് മാനസികമായി വേദനിപ്പിക്കാതെ, അവർ കുട്ടികളാണ് ഇതൊക്കെ സംഭവിക്കാം എന്ന മനസോടെ അവരെ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കുക. അവരുടെ ചെറുതോ വലുതോ ആയ നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിൽ പിശുക്ക് കാണിക്കരുത്.

6. പരിശ്രമിക്കുക, വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഓർമ്മപ്പെടുത്തുക.

കഠിനമായ പരിശ്രമത്തിലൂടെ മാത്രമേ വിജയം കൈവരിക്കാൻ കഴിയുകയുള്ളു എന്ന് കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം. ഏതു കാര്യത്തിലും ആദ്യ പരാജയത്തിൽ ശ്രമം ഉപേക്ഷിക്കാൻ കുട്ടികളെ അനുവദിക്കരുത്. വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഓർമ്മപ്പെടുത്തുക. വിജയിക്കുമ്പോൾ നിറഞ്ഞ മനസോടെ അഭിനന്ദിക്കുകയും പരാജയപ്പെടുമ്പോൾ, നിനക്ക് അത് സാധിക്കും എന്നു പറഞ്ഞ് പ്രോത്സാഹനം നല്കാൻ കൂടെ ഉണ്ടാകേണ്ടതുമാണ്.

വിജയത്തിൽ സന്തോഷിക്കുന്നതോടൊപ്പം പരാജയത്തെ ധീരതയോടെ നേരിടുവാനും കുരുന്നുകളെ സജ്ജരാക്കാം. ജീവിതത്തിൽ ഒരിക്കലും തോൽക്കത്തയാൾ ഒന്നും ചെയ്യാത്ത ഒരാളായിരിക്കും എന്ന് അവർ തിരിച്ചറിയട്ടെ.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ സ്വപ്രയത്നത്തിലൂടെ വിജയം കൈവരിച്ച പ്രശസ്തരായ വ്യക്തികളുടെ ജീവിത കഥകൾ പറഞ്ഞു കൊടുക്കുകയും അത്തരം പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുകയും ചെയ്യാം. അത് അവർക്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല.

7. കുട്ടികളുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുക

കുട്ടികൾ ജിജ്ഞാസയുള്ളവരാണ്. അവർ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു തടസ്സമാകാതെ പ്രോത്സാഹിപ്പിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും വേണം. പുതിയ കാര്യങ്ങൾ കണ്ടെത്തുവാനുള്ള ധാരാളം അവസരങ്ങൾ നൽകികൊണ്ട് അവരിലെ ജിജ്ഞാസ ഉണർത്തുക. താല്പര്യമുള്ള വിഷയങ്ങളിൽ പഠനം നടത്തുവാൻ അനുവദിക്കുമ്പോൾ അവരുടെ കഴിവുകൾ വികസിക്കുകയും മിടുക്കരായി വളരുകയും ചെയ്യുന്നു.

8.കുട്ടികളെ ബഹുമാനിക്കുക

ഓരോ കുഞ്ഞും ഓരോ വ്യക്തിയാണെന്ന് മനസിലാക്കുക. സ്നേഹിക്കുന്നതിനൊപ്പം കുഞ്ഞുങ്ങളെ ബഹുമാനിക്കുവാനും പഠിക്കേണ്ടതുണ്ട്. കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അനുകരിക്കാൻ അവർ ഇഷ്ടപ്പെടുന്നു. അതിനാൽ കുട്ടികളുമായി നല്ല രീതിയിൽ ഇടപഴകാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ മുന്നിൽ വച്ചും അല്ലാതെയും കുറ്റങ്ങളും കുറവുകളും പറഞ്ഞ് അവരെ കളിയാക്കരുത്, അടിക്കരുത് എന്നാൽ അവരെ ശാസിക്കരുതെന്ന് അർഥമില്ല, പൊട്ടിത്തെറിക്കാതെ ആത്മസംയമനം പാലിച്ചുകൊണ്ടാകണമെന്നു മാത്രം.

9. സമയം ക്രമീകരിക്കാൻ പഠിപ്പിക്കുക

 “ചെയ്തു തീർക്കാൻ കാര്യങ്ങളേറെ, ഒന്നിനും സമയം തികയുന്നുമില്ല” സമയത്തെ എങ്ങനെ ക്രമീകരിക്കണം എന്നറിയാതെ ഇങ്ങനെ പരിഭവപ്പെടുന്നവർ ധാരാളമുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒത്തിരി കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവ് വരും തലമുറയ്ക്ക് ആവശ്യമാണ്. അലസരായിരിക്കാതെ, ഏതെങ്കിലും ഒരു കാര്യത്തിനായി മുഴുവൻ സമയവും മാറ്റിവെക്കാതെ  വിവിധങ്ങളായ പ്രവർത്തനങ്ങൾക്കായി സമയം വിഭജിക്കാൻ കുട്ടികളെ പഠിപ്പിക്കാം. അതിനായി ഓരോ ദിവസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ അവരെ പരിശീലിപ്പിക്കാം. പഠിക്കുക, കളിക്കുക, വായിക്കുക, ടി, വി കാണുക തുടങ്ങി ഓരോ പ്രവർത്തനത്തിനും നിർദ്ധിഷ്ട സമയങ്ങൾ കണ്ടെത്തി സമയത്തെ ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക.

10. ഉത്തരവാദിത്വബോധം വളർത്തിയെടുക്കുക

ഓരോ പ്രായത്തിനനുസരിച്ച് ചെറിയ ജോലികൾ കുഞ്ഞുങ്ങളെ ഏല്പിക്കുക. അവരുടെ പുസ്തകങ്ങൾ അടുക്കിവെക്കുക, റൂം വൃത്തിയാക്കുക, അമ്മയെ സഹായിക്കുക, ചെടികൾ നടുക, നനയ്ക്കുക തുടങ്ങിയ ജോലികൾ അവർ ചെയ്യട്ടെ. ക്രമേണ അത് ചുമതലയായി മാറ്റുക.

11. വ്യായാമത്തിന്റെ പ്രാധാന്യം മനസിലാക്കാം

വ്യായാമത്തിന്റെ പ്രാധാന്യം

ദിവസവും ഒരല്പം ചെയ്യാം. ആരോഗ്യകരമായ  ഭക്ഷണക്രമം പോലെ പ്രധാനമാണ് ചിട്ടയായ വ്യായാമവും. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ വരുമ്പോഴോ ഡോക്ടർ നിർദ്ദേശിക്കുമ്പോഴോ ആണ്‌ പലരും ഈ ഒരു കാര്യം ഓർക്കാറുള്ളത്. അതു കൊണ്ടുതന്നെ വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് ഇത് ജീവിതചര്യയുടെ ഭാഗമാകുന്നത്. 

ശരീരഭാരം നിയതന്ത്രിക്കുക, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കുക, ശാരീരിക വേദനകളിൽ നിന്നും ആശ്വാസം നൽകുക  എല്ലുകളും പേശികളും ബലപ്പെടുക, ഊർജ്ജനില വർദ്ധിപ്പിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, നല്ല ഉറക്കം, ചർമ്മ സൗന്ദര്യം   വർദ്ധിപ്പിക്കുക, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനം, ആത്മവിശ്വാസം കൂട്ടുക, ആയുസ്സ് വർദ്ധിപ്പിക്കുക എന്നിങ്ങനെ വിവിധങ്ങളായ ഗുണങ്ങൾ പ്രധാനം ചെയ്യാൻ വ്യായാമം ആവശ്യമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക.

ഓട്ടം, ചാട്ടം, ഡാൻസ്, സൈക്ലിംഗ്, സ്കിപ്പിംഗ്, കൊച്ചു കുട്ടികൾക്കായി കുതിര കളി (galloping horse), വീട്ടിനകത്തും പുറത്തും സെറ്റ് ചെയ്യാവുന്ന സ്ലൈഡ് ഉപയോഗിച്ചുള്ള കളികൾ, ബാലൻസിങ് ബോർഡ്, ബൗൺസിങ് ബോൾ തുടങ്ങിയവ ഉപയോഗിച്ചുള്ള കളികൾ, ഫുട്ബോൾ, ബാസ്കറ്റ് ബോൾ മുതലായ കായിക വിനോദങ്ങൾ ഇവയെല്ലാം ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ കുട്ടികളെ ഊർജ്ജസ്വലരാക്കുവാനും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ആത്മവിശ്വാസത്തോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനും സഹായിക്കും. കുഞ്ഞു കുട്ടികളുടെ റോൾ മോഡൽ എല്ലായ്പ്പോഴും അവരുടെ മാതാപിതാക്കളായിരിക്കും. വ്യായാമം നിങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കൂ, കുട്ടികൾ സ്വാഭാവികമായും അത് പിന്തുടരും.

12. കുട്ടികളോട് ഒച്ചവയ്ക്കരുത്

കുട്ടികൾ തെറ്റുചെയ്യുമ്പോൾ അവരോട് ഒച്ചവയ്ക്കുകയോ അലറുകയോ ചെയ്യരുത്. അവരെ ചേർത്ത് നിർത്തുക, കാര്യങ്ങൾ അന്വേഷിക്കുക, സ്നേഹപൂർവ്വം ഉപദേശിക്കുക. മറിച്ച് ദേഷ്യപ്പെടുമ്പോൾ അവരുടെ മനസ്സിൽ പ്രതികാര മനോഭാവം ഉടലെടുക്കുന്നു.

13. കുട്ടികളോട് കള്ളം പറയരുത്

കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. മാതാപിതാക്കൾ അവരുടെ മുന്നിൽ കള്ളം പറയുകയോ കള്ളം ചെയ്യുകയോ അരുത്. കുഞ്ഞുങ്ങളുടെ ആദ്യ പാഠം അവരുടെ മാതാപിതാക്കളാണ്. നിങ്ങൾ ചെയ്യുന്നതെന്തും അവരുടെ ശരികളാണ്. നിങ്ങൾ പരമാവധി സത്യസന്ധരാകുക.

14. അവരുടെ തെറ്റുകളെ കുറ്റപ്പെടുത്തരുത്

കുഞ്ഞുങ്ങളാണ്, തെറ്റുകുറ്റങ്ങൾ സംഭവിക്കാം. കഴിഞ്ഞുപോയ കാര്യങ്ങളെച്ചൊല്ലി ദേഷ്യപ്പെടാതെ ചേർത്ത് നിർത്തുക. എന്തുകൊണ്ട്, എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചറിയുക. തുടർന്നും ആ തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ അവരെ പറഞ്ഞു മനസിലാക്കുക.

15. മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്

ഒരു രാഷ്ട്രത്തിന്റെ നല്ല തലച്ചോറുകൾ ഒരു പക്ഷെ ക്ലാസ് മുറികളിലെ അവസാന ബെഞ്ചുകളിലായിരിക്കും

ഡോ. എ പി ജെ അബ്ദുൾകലാം

സ്വന്തം മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക എന്നുള്ളത് മിക്ക രക്ഷിതാക്കളുടെയും സ്ഥിരം പരിപാടിയാണ്. ഇത് നിങ്ങളുടെ കുഞ്ഞുങ്ങളെ എത്രമാത്രം വിഷമിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ കുട്ടിയും ഓരോ വ്യക്തിയാണ്, ഓരോരുത്തരുടെയും കഴിവുകൾ, ചിന്തകൾ, ഇഷ്ടങ്ങൾ എല്ലാം വ്യത്യസ്തമാണ്. മറ്റുള്ളവരുടെ കഴിവുകൾ അവർക്കുണ്ടാക്കിയെടുക്കണമെന്ന് വാശിപിടിക്കാതെ അവരുടെ കഴിവുകളെ കണ്ടെത്തി അംഗീകരിക്കുക.

Related links

തങ്ങളുടെ കുട്ടി എവിടെയും ഒന്നാമനാകണം, അതിനായി ഏറ്റവും മികച്ച പരിശീലനം നൽകുവാൻ  രക്ഷിതാക്കൾ തയ്യാറാണ്, എന്നിട്ടും ചില ഘട്ടങ്ങളിൽ കുട്ടികൾ തളർന്നു പോകുന്നു, തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നു.  നിരാശരായി ജീവിതം തന്നെ അവസാനിപ്പിക്കാൻ അവർ തയ്യാറാകുന്നു. ഒന്നിനും ഒരു കുറവും വരുത്താതെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നവരുടെ അറിവില്ലായ്മയാണ് പലപ്പോഴും കുട്ടികളുടെ ഭാവി ജീവിതം അനിശ്ചിതത്വത്തിലാക്കുന്നത്. ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കാത്തവരാണ് ഇങ്ങനെയൊരു അവസ്ഥയിൽ ചെന്നെത്തുന്നത്. പഠിക്കുക, ജോലി നേടുക എന്ന ലക്ഷ്യത്തിലുപരിയായി കുട്ടികളെ നല്ല വ്യക്തിത്വത്തിനുടമകളാക്കുക എന്നതാകണം മാതാപിതാക്കളുടെ ലക്‌ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *