എത്ര ആധുനികതയിലേക്കു മാറിയാലും കുഞ്ഞിന് കണ്മഷി എഴുതികൊടുക്കാൻ നിങ്ങൾ മടികാട്ടാറുണ്ടോ ?
അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നു.
കണ്ണെഴുതി, ഗോപിപൊട്ടുതൊട്ടു, കവിളിൽ രണ്ടു വലിയ കുത്തിട്ട് അതിനുമുകളില്‍ പൗഡറുമിട്ട് കുഞ്ഞുവാവയെ ഒരുക്കാൻ നിങ്ങൾക്കും ഇഷ്ടമല്ലേ ?
കുഞ്ഞിന് കണ്ണുതട്ടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത് എന്നൊരു സങ്കല്പവും ഉണ്ട്. കണ്മഷി ഇടുന്നതിലൂടെ നിങ്ങളുടെ വാവയുടെ കണ്ണ് മനോഹരമാകുകയും വലുതായി തോന്നുകയും ചെയ്യുന്നു.
കുഞ്ഞിന് കണ്മഷി എഴുതികൊടുത്തില്ലെങ്കിലും നൂറു ചോദ്യം തീർച്ചയായും വരും. അമ്മയും, അമ്മായിയമ്മയും, അമ്മായിയും ഒക്കെ ചോദിക്കും, എന്തെ എഴുതികൊടുക്കാത്തതെന്ന്, നിർബന്ധമായും എഴുതണം എന്നും പറയും.
എന്നാൽ കണ്മഷി എഴുതി കൊടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
പ്രത്യേകിച്ച് നവജാതശിശുക്കൾക്ക്, ജനിച്ചു കുറച്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിന് കണ്മഷിയെഴുതികൊടുക്കണോ ?
കുഞ്ഞിന് ഗുണകരമാണെന്നാണ് പൊതുവെയുള്ള വിശ്വാസമെങ്കിലും, നവജാത ശിശുക്കൾക്ക് കണ്ണെഴുതികൊടുക്കുന്നതിനോട് ഡോക്ടർമാർ വിയോജിക്കുന്നു.
ബേബി കാജല്‍ ഉപയോഗിക്കാമോ?
കുഞ്ഞ് ജനിച്ച് 28 ദിവസമാകുമ്പോൾ മുതൽ മുഖത്തു കരിവാരിത്തേച്ചു കൊടുക്കുന്ന അമ്മമാരേ അമ്മുമ്മമാരെ, കണ്ണെഴുതുമ്പോൾ ഈ കാര്യങ്ങൾ കൂടി ഒന്നോർത്തോളൂ…
മാർക്കറ്റിൽ ലഭ്യമായ കണ്മഷി ഉത്പന്നങ്ങളിലെ പ്രധാന ഘടകമാണ് ഈയം (lead). ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ ലോഹം, കുഞ്ഞുകുട്ടികളിൽ ചെറിയ അളവിൽ പോലും കടക്കാൻ പാടില്ല. കണ്മഷി കണ്ണിൽ നീറ്റലുണ്ടാക്കും, കുഞ്ഞുങ്ങൾ കൈ ഉപയോഗിച്ച് അത് തുടയ്ക്കുകയും ചെയ്യും, കൈ വായിലിടുമ്പോൾ, ശ്വസിക്കുമ്പോൾ, എന്തിന് ചർമ്മത്തിലൂടെയും ഈയം കുഞ്ഞിന്റെ ശരീരത്തിൽ പ്രവേശിച്ചെക്കാം.
കണ്മഷിയുടെ നിരന്തര ഉപയോഗം വലിയതോതിൽ ഈയം രക്തത്തിൽ എത്തിച്ചേരുന്നതിനു കാരണമാകുന്നു എന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈയത്തിന്റെ ആധിക്യം വൃക്ക, അസ്ഥിമജ്ജ, തലച്ചോറ് തുടങ്ങിയവയുടെ പ്രവർത്തനം തകരാറിലാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുക വഴി കുഞ്ഞുങ്ങളുടെ ഐ ക്യു കുറയാനും കാരണമാകുന്നു. ഈയത്തിന്റെ അതിപ്രസരണം ഹൃദയാഘാതത്തിലേക്കും നയിച്ചെക്കാം.
കണ്മഷി ഇടുന്നത് കണ്പോളകളിലാണ്, അതുകൊണ്ടുതന്നെ നേത്രരോഗങ്ങളുടെ സാധ്യതയും കുറവല്ല. കണ്മഷിയിട്ടുകൊടുക്കുന്ന കൈകൾ വഴിയും അണുബാധയുണ്ടാകാം. ചെങ്കണ്ണ്, വരണ്ട കണ്ണ്, കണ്ണിലെ വ്രണം, കണ്ണുനീർ ഗ്രന്ഥിയുടെ വീക്കം, ചൊറിച്ചിൽ, അലർജി എന്നിവയ്ക്ക് കാരണമാകുന്നു.
മാര്‍ക്കറ്റിലിറങ്ങുന്ന കണ്മഷികള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, അവയുടെ ഉപയോഗം ചിലപ്പോള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ കണ്ണിലെ വെളിച്ചം കെടുത്തിയേക്കാം.
Related links
വീട്ടിലുണ്ടാക്കുന്ന കണ്മഷി സുരക്ഷിതമോ?
വീട്ടിൽ തന്നെ കണ്മഷിയുണ്ടാക്കിയാലോ?
മായമില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കണ്മഷിയുണ്ടാക്കാൻ നിങ്ങൾക്കറിയാമോ ?
എന്നാൽ വീട്ടിലുണ്ടാക്കുന്ന കണ്മഷിയും യാതൊരു പാർശ്വഫലവും ഉണ്ടാക്കുന്നില്ല എന്നതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. വീട്ടിൽ കണ്മഷിയുണ്ടാക്കിയാലും അതിൽ കാർബൺ അടങ്ങിയിട്ടുണ്ട്.
അതുപോലെ നിങ്ങളുടെ കൈകൾ ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ, കുഞ്ഞിന്റെ കണ്ണുകളിലേക്ക് അണുബാധ പകരാം.
നവജാതശിശുക്കൾക്ക് കണ്ണിനു കണ്മഷിയെഴുതികൊടുക്കാത്തതാണ് നല്ലത് , എന്നാൽ
നിങ്ങൾക്കു നിർബന്ധമാണെങ്കിൽ, ഇപ്പോഴും ആഗ്രഹിക്കുന്നുവെങ്കിൽ, നെറ്റിയിലോ,
ചെവികളിലൊന്നിന് പിന്നിലോ തൊട്ടുകൊടുക്കാം.
എന്നിരുന്നാലും, കുഞ്ഞിനെ കുളിപ്പിക്കുന്നതിനുമുമ്പ് നനഞ്ഞ തുണി ഉപയോഗിച്ച് കണ്മഷി ശരിയായി തുടച്ചുമാറ്റണം . ഇല്ലെങ്കിൽ കുളിക്കുമ്പോൾ കുഞ്ഞിന്റെ കണ്ണിലോ മൂക്കിലോ പ്രവേശിക്കാൻ സാധ്യതയുണ്ട്.
Related links
നമ്മുടെ പാരമ്പര്യ രീതികളിൽ പലതിനും ശാസ്ത്രീയമായ അടിത്തറയില്ലെന്ന കാര്യം ഓർക്കുക. നവജാത ശിശുക്കൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്, അവരെ ഒരിക്കലും പരീക്ഷണ വസ്തുവാക്കരുത്. പാരമ്പര്യത്തെ ബഹുമാനിക്കുന്നതിനൊപ്പം ആധുനിക കാലത്തെ അറിവുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുവേണം അവരെ പരിചരിക്കാൻ.