ഗര്‍ഭകാലം കൂടുതല്‍ ആഹ്ളാദകരവും മനോഹരവുമാക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ തന്നെയാണ്. കുഞ്ഞുവാവ എങ്ങനെ ഇരിക്കും? ചുരുണ്ട മുടിയുണ്ടാകുമോ?
നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കണ്മണി എത്തുമ്പോള്‍ അച്ഛനമ്മമാരുമായി താരതമ്യപ്പെടുത്താനുള്ള തിടുക്കമാണ്; കണ്ണ്, മൂക്ക്, കൈകാലുകള്‍,…
അങ്ങനെ കുഞ്ഞിന്‍റെ തലയില്‍ നോക്കുമ്പോള്‍ മുടി തീരെ കുറവ്. അച്ഛനും അമ്മയ്ക്കും നല്ല മുടിയുണ്ട്, പിന്നെ കുഞ്ഞിനെന്താ മുടിയില്ലാത്തത്? വലുതാകുമ്പോള്‍ മുടി വളരുമോ? എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍.
നല്ല ഇടതൂര്‍ന്ന മുടിയുള്ള കുഞ്ഞുങ്ങളാണെന്നിരിക്കട്ടെ, ജനിച്ച് ആഴ്ചകള്‍ കഴിയുമ്പോള്‍ തന്നെ മുടി കൊഴിയുന്നു എന്ന പരാതി.
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കുമ്പോള്‍ ഇത്തരം ആകുലതകള്‍ ഒട്ടുമിക്ക രക്ഷിതാക്കള്‍ക്കും ഉണ്ടാകാറുണ്ട്.
കുഞ്ഞുങ്ങളുടെ മുടി വേഗത്തില്‍ വളരാനുള്ള മാര്‍ഗ്ഗങ്ങള്‍ (Baby hair growth tips) എന്തെല്ലാം എന്നറിയേണ്ടേ? മുടി വളര്‍ച്ചയും, പരിചരണവും, മുടി വളരാന്‍ ചില നുറുങ്ങു വിദ്യകളും പരിചയപ്പെടാം.
കണ്മണി എത്തുമ്പോള്‍
ഗര്‍ഭകാലത്തിന്‍റെ 30 ആഴ്ചയാകുമ്പോഴാണ് കുഞ്ഞുങ്ങളില്‍ മുടി വളര്‍ച്ച ആരംഭിക്കുന്നത്. മുടിയുടെ നിറം, അളവ് തുടങ്ങിയ പ്രത്യേകതകള്‍ കുഞ്ഞിന്‍റെ ജനിതക ഘടനയെ ആശ്രയിച്ചിരിക്കും. കൂടാതെ അമ്മയുടെ ശരീരത്തിലെ ഹോര്‍മോണിന്‍റെ അളവും കുഞ്ഞിന്‍റെ മുടി വളര്‍ച്ചയെ സ്വാധീനിക്കാറുണ്ട്.
നല്ല ഇടതൂര്‍ന്ന മുടിയുമായി ജനിക്കുന്ന കുട്ടികളില്‍ ജനിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ത്തന്നെ മുടി കൊഴിയുന്നതായി കാണാറുണ്ട്. ഇതിനു കാരണമെന്തായിരിക്കാം?
മാതൃ ശരീരത്തില്‍ നിന്നും വേര്‍പെടുന്നതോടുകൂടി കുഞ്ഞിന്‍റെ ശരീരത്തിലെ ഹോര്‍മോണിന്‍റെ അളവ് താഴ്ന്നു തുടങ്ങുന്നു, തത്ഫലമായി മുടിയുടെ വളര്‍ച്ച കുറയുകയും കൊഴിയാന്‍ തുടങ്ങുകയും ചെയ്യുന്നു. ജനനശേഷം 2 മാസം മുതല്‍ 6 മാസം വരെ ഇത് തുടരുകയും പിന്നീട് വളര്‍ന്നു തുടങ്ങുകയും ചെയ്യും.
നവജാത ശിശുക്കളിലെ മുടികൊഴിച്ചിലും കഷണ്ടിയും സര്‍വ്വസാധാരണമാണ് അതിനാല്‍ ഇതൊരു ആരോഗ്യ പ്രശ്നമായിക്കണ്ട് ഡോക്ടറെ സമീപിക്കേണ്ട കാര്യമില്ല.
മുടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍
ഭ്രൂണത്തിന് 22 ആഴ്ച പ്രായമാകുമ്പോള്‍ ഹെയര്‍ ഫോളിക്കിളുകള്‍ രൂപപ്പെട്ടു തുടങ്ങുന്നു. ശരീരത്തില്‍ മൊത്തമായി ഏകദേശം അഞ്ചു മില്ല്യന്‍ ഹെയര്‍ ഫോളിക്കിളുകള്‍, അതില്‍ ഒരു മില്ല്യന്‍ ഹെയര്‍ ഫോളിക്കിളുകള്‍ തലയിലാണ് ഉണ്ടാകുന്നത് അതില്‍ തന്നെ ഏകദേശം ഒരു ലക്ഷം ഫോളിക്കിളുകള്‍ തലയോട്ടിയിലാണ് ഉണ്ടാകുന്നത്. ഈ ഫോളിക്കിളുകളില്‍ നിന്നുമാണ് മുടി വളര്‍ന്നു തുടങ്ങുന്നത്. എന്നാല്‍ ജനനശേഷം ജീവിതത്തിലൊരിക്കലും പുതിയ ഫോളിക്കിളുകള്‍ രൂപപ്പെടുകയില്ല.
മുടിയുടെ വളര്‍ച്ചാ ഘട്ടങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട് – അനാജന്‍, കാറ്റജന്‍, ടെലോജെന്‍.
അനാജന്‍: ഫോളിക്കിളുകള്‍ പുതിയ മുടിയിഴകള്‍ക്ക് രൂപം നല്‍കുന്ന ഘട്ടം.
കാറ്റജന്‍: മുടിയുടെ മൂന്നില്‍ രണ്ടു ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന ഘട്ടം.
ടെലോജന്‍: മുടി കൊഴിയുന്നു.
വീണ്ടും അതേ ഫോളിക്കിളുകളില്‍ നിന്നും പുതിയ മുടി വളരുന്നു (അനാജന്‍). ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കുഞ്ഞുങ്ങളുടെ മുടി വേഗത്തില്‍ വളരാനുള്ള മാര്‍ഗ്ഗങ്ങള്‍ (Baby Hair Growth Tips)
അന്നും ഇന്നും എന്നും സൗന്ദര്യത്തിന്‍റെ ഒരു അളവുകോലാണ് തലമുടി. കുഞ്ഞു പ്രായത്തില്‍ തന്നെ വേണ്ട ശ്രദ്ധ നല്‍കുകയാണെങ്കില്‍ നിങ്ങളുടെ പോന്നോമനകള്‍ക്കും ആരോഗ്യമുള്ള, അഴകാര്‍ന്ന തലമുടി ഉണ്ടാകും. കുഞ്ഞുങ്ങളിലെ കേശസംരക്ഷണം എപ്രകാരമാണെന്നു നോക്കാം.
1. മുടി വളരാന്‍ വെളിച്ചെണ്ണ
കുട്ടികളെ കുളിപ്പിക്കുന്നതിനു മുന്‍പ് എണ്ണ തേച്ച് മസാജു ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഈ മസാജിംഗ് കുഞ്ഞിന് ഏതൊക്കെ രീതിയില്‍ ഗുണകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
വിറ്റാമിന്‍ E യുടെ കലവറയായ വെളിച്ചെണ്ണ ചര്‍മ്മ സംരക്ഷണത്തിലും മുടിവളര്‍ച്ചയിലും പ്രധാന പങ്കുവഹിക്കുന്നു. മസാജിംഗ് ചെയ്യുന്നതിലൂടെ കുഞ്ഞിന്‍റെ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി മുടി പെട്ടെന്ന് വളരുന്നു. നല്ല മയമുള്ള, ആരോഗ്യമുള്ള മുടി ലഭിക്കുന്നതോടൊപ്പം തലയിലെ ക്രാഡില്‍ കാപ് നീക്കുന്നതിനും ഇത് സഹായകമാണ്.
കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എണ്ണകള്‍ (Best Oils for Baby Massage);
വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഒലിവ് ഓയില്‍, ആവണക്കെണ്ണയുടെയും വെളിച്ചെണ്ണയുടെയും മിശ്രിതം, ഇവയില്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
എന്താണ് ക്രാഡില്‍ കാപ്?
കുഞ്ഞുങ്ങളുടെ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ക്രാഡില്‍ കാപ് പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. ഇതുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല എന്നിരിക്കിലും ചര്‍മ്മത്തിലെ എണ്ണ (sebum) ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി (sebaceous gland) യുടെ അമിതമായ പ്രവര്‍ത്തനഫലമായി ഇതിനെ കാണാം. ജനനശേഷവും അമ്മയുടെ ഹോര്‍മോണുകള്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ ആഴ്ചകള്‍/ മാസങ്ങളോളം നിലനില്‍ക്കുകയും അത് കൂടുതല്‍ സെബം ഉത്പാദിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അധികമായി വരുന്ന സെബം നിര്‍ജ്ജീവമായ കോശങ്ങളെ തലയോട്ടിയില്‍ തന്നെ നിലനില്‍ക്കുകയും പിന്നീട് അടര്‍ന്നു വീഴുകയും ചെയ്യുന്നു. ഇത് കുഞ്ഞുങ്ങളില്‍ ചൊറിച്ചില്‍, അസ്വസ്ഥത ഒന്നും ഉണ്ടാക്കുന്നില്ല എന്നതിനാല്‍ എണ്ണ ഉപയോഗിച്ചുള്ള മസാജ് മാത്രം മതിയാകും. ചില കുഞ്ഞുങ്ങളില്‍ 6 മാസം, മറ്റു ചിലരില്‍ ഒരു വയസ്സുവരെയും ക്രാഡില്‍ കാപ് ഉണ്ടാകാറുണ്ട്
2. ഹെഡ് മസാജ്
എണ്ണ ഉപയോഗിച്ചുള്ള മസാജിനു പുറമേ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ചീപ്പ് അല്ലെങ്കില്‍ ബ്രഷ് ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യാം. ഇതും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും മുടി വളരാനും സഹായിക്കും. കൂടാതെ ക്രാഡില്‍ കാപ് പെട്ടെന്ന് ഇളകിപ്പോകാനും കാരണമാകുന്നു.
ഇത്തരത്തില്‍ ഒരു സോഫ്റ്റ് ബ്രഷ്/ കോമ്പ് വാങ്ങിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ..
3. തല കഴുകാന്‍ ഷാമ്പൂ
കുഞ്ഞുങ്ങള്‍ക്ക് ഷാമ്പൂ ഉപയോഗിക്കാമോ?
മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് തല വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ കുഞ്ഞുങ്ങളില്‍ ബേബി ഷാമ്പൂ ഉപയോഗിക്കാം. ചർമ്മം പോലെ കുഞ്ഞുങ്ങളുടെ മുടിയും മൃദുലമാണ്. അതിനാൽ ഷാംപൂ നേരിട്ട് ഉപയോഗിക്കരുത്. വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാം. പി എച്ച് മൂല്യം 6 ൽ കൂടുതൽ വരുന്ന ഷാംപൂ മുടിക്ക് കേടുപാടുകൾ ഉണ്ടാക്കുന്നു. അതിനാൽ കുഞ്ഞിന്റെ കണ്ണുകളെ അസ്വസ്ഥമാക്കാത്ത ചെറുതായി പതയുന്ന പി എച്ച് കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
4. ഹെയര്‍ കണ്ടീഷണര്‍
ഷാമ്പൂ ഉപയോഗിച്ചു വരണ്ടുപോയ മുടിയെ മയമുള്ളതാക്കാന്‍ ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാം. അത് വഴി മുടി പോട്ടിപ്പോകാനുള്ള സാധ്യത കുറയുന്നു.
ഹെയര്‍ കണ്ടീഷണര്‍ കടയില്‍ നിന്ന് തന്നെ വാങ്ങിക്കേണ്ടതുണ്ടോ?
ഒരിക്കലുമില്ല. മുട്ട, ചെമ്പരത്തി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാത്ത പ്രകൃതിദത്ത ഉത്പന്നങ്ങള്‍ നിസ്സംശയം ഉപയോഗിക്കാം.
കുഞ്ഞിനു അസ്വസ്ഥതയുണ്ടാക്കാത്ത, അനുയോജ്യമായ ഹെയര്‍ കണ്ടീഷണര്‍ തിരഞ്ഞു മടുത്തുവോ? എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ചെയ്യൂ.
Related Links:
- നവജാതശിശുവിനു കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ?
- കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
- കുഞ്ഞുങ്ങൾക്ക് വരാൻ ഏറ്റവും സാധ്യതയുള്ള 3 അസുഖങ്ങൾ ഏതൊക്കെ?
- കുട്ടികളിലെ മലബന്ധം; എന്തുകൊണ്ട്? എങ്ങനെ തടയാം?
5. മുടിവളരാന്‍ കറ്റാര്‍വാഴ
ചര്‍മ്മത്തിനും മുടിയിഴകള്‍ക്കും പോഷകമേകുന്ന കറ്റാര്‍വാഴ കുഞ്ഞുങ്ങളിലും ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ സത്ത് നേരിട്ടോ ഷാമ്പൂ/ ഹെയര്‍ കണ്ടീഷണറിന്‍റെ കൂടെ ചേര്‍ത്തോ ഉപയോഗിക്കാം.
6. മൃദുവായ ടവല്‍, ബെഡ്, തുണിത്തരങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം.
കുഞ്ഞുങ്ങളുടെ ചര്‍മ്മം മൃദുവും നൈര്‍മല്ല്യവുമാണ്. പരുപരുത്ത ടവല്‍ കുഞ്ഞിന്‍റെ ചര്‍മ്മത്തെയും മുടിയിഴകളെയും അസ്വസ്ഥമാക്കുന്നു, അതിനാല്‍ കുളി കഴിഞ്ഞ ശേഷം തലയും ശരീരവും തുടയ്ക്കുന്നതിനായി വളരെ മൃദുവായ ബേബി ടവല്‍ ഉപയോഗിക്കാം.
ഒരേ ഭാഗം തന്നെ കിടന്നുറങ്ങുന്നതും ഉരസല്‍ മൂലം മുടി ഇളകിപ്പോകുന്നതും സര്‍വ്വസാധാരണമാണ്. എങ്കിലും ഒരു പരിധി വരെ ഇതിനു തടയിടാന്‍ സോഫ്റ്റ് കോട്ടന്‍ തുണിത്തരങ്ങള്‍ക്ക് കഴിയും.
7. മുടിയിഴകള്‍ വേര്‍പെടുത്താം നന്നായി കെട്ടിവെക്കാം.
ചുരുണ്ടതോ നീണ്ടതോ ആയ മുടി എപ്പോഴും കെട്ടുപിണഞ്ഞു കിടക്കുക പതിവാണ്. അധികം മുറുക്കമില്ലാതെ കെട്ടിവെക്കുകയോ ഒരു സില്‍ക്ക് ഹെയര്‍ ബാന്‍ഡ് ഉപയോഗിക്കുകയോ ചെയ്യാം. മുറുകെ കെട്ടുമ്പോള്‍ മുടിവേരുകള്‍ അസ്വസ്ഥമാവുകയും മുടി കൊഴിയുകയും ചെയ്യും.
8. പോഷകാഹാരങ്ങള്‍
കേശ സംരക്ഷണത്തിനു പലപ്പോഴും ചര്‍മ്മത്തില്‍ ചെയ്യുന്ന ചികിത്സയെക്കള്‍ ഫലപ്രദം ചിട്ടയായ ഭക്ഷണ രീതിയാണ്. ശാരീരിക മാനസിക വളര്‍ച്ചയ്ക്കെന്ന പോലെ മുടിയുടെ ആരോഗ്യത്തിനും പോഷകാഹാരങ്ങളുടെ പങ്ക് ചെറുതല്ല.
6 മാസം പ്രായമാകുന്നതുവരെ അമ്മയുടെ ഭക്ഷണ രീതിക്കനുസരിച്ച് മുലപ്പാലിലൂടെയാണ് കുഞ്ഞിനു പോഷകം ലഭ്യമാകുന്നത്. 6 മാസം കഴിയുന്നതോടുകൂടി കുഞ്ഞുങ്ങള്‍ കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങുന്നു. ഒരു വയസ്സായിക്കഴിയുമ്പോള്‍ ഒട്ടുമിക്ക ആഹാരപദാര്‍ത്ഥങ്ങളും കഴിക്കാന്‍ കുഞ്ഞുങ്ങള്‍ പ്രാപ്തരാകുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ഭക്ഷണ രീതി അവരെ ശീലിപ്പിക്കുക എളുപ്പമാണ്.
കുട്ടികളുടെ ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്താം?
പ്രോട്ടീന്‍, അയേണ്‍, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണ ക്രമം പ്രോത്സാഹിപ്പിക്കാം. കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ചില പോഷകാഹാരങ്ങള്‍ പരിചയപ്പെടാം.
വിറ്റാമിന്‍ എ: കാരറ്റ്, മത്തന്‍, മാങ്ങ..
വിറ്റാമിന്‍ ഇ: ബദാം, നിലക്കടല, മുട്ട, പാല്‍,..
വിറ്റാമിന്‍ ബി: പാല്‍, മുട്ട, മാംസം, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍…
അയേണ്‍: ഇലക്കറികള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, റാഗി, ഉണങ്ങിയ പഴങ്ങള്‍ (ബദാം, പിസ്ത, കശുവണ്ടി)…
സിങ്ക്: മുട്ട, തൈര്, ഓട്സ്, ഡാര്‍ക്ക് ചോക്കലേറ്റ്…
പ്രോട്ടീന്‍: പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള മുട്ട, പാലുല്പന്നങ്ങള്‍, സോയ, ബീന്‍സ്, അവക്കാഡോ, മത്സ്യം തുടങ്ങിയവ.
9. മുടി മുറിക്കുമ്പോള്‍
തലമുടി കുഞ്ഞിനെ അസ്വസ്ഥമാക്കിതുടങ്ങുമ്പോള്‍ ഹെയര്‍ കട്ടിനെ കുറിച്ച് ചിന്തിക്കാം. കത്രിക ഉപയോഗിച്ചു നീളമുള്ള മുടികള്‍ മുറിച്ചു മാറ്റുകയോ ട്രിമ്മര്‍ ഉപയോഗിച്ച് മൊട്ടയടിക്കുകയോ ചെയ്യാം.
മുടി മുറിച്ചാല്‍ വളരെ പെട്ടെന്ന് സമൃദ്ധമായി വളരുമോ?
ഇത് ഒരു മിഥ്യാധാരണ മാത്രമാണ്.
ഹെയര്‍ കട്ടിങ്ങും, ഷേവിങ്ങും തലയോട്ടിയും മുടിയും വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു അതുവഴി സ്വാഭാവികമായ മുടി വളര്‍ച്ച സാധ്യമാകുന്നു.
ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരാന്‍ ഇത് മാത്രം പോരാ, നല്ല രീതിയിലുള്ള ബോഡി മസാജും ഹെഡ് മസാജും ആവശ്യമാണ്. എണ്ണ ഉപയോഗിച്ചുള്ള മസാജിംഗ് കുഞ്ഞിനെ ഉന്മേഷവാനാക്കുന്നതോടൊപ്പം ശരീരത്തിലെ രോമങ്ങളും മുടിയും കൊഴിഞ്ഞു പോകുന്നതിനും പുതിയവ കിളിര്‍ത്തു വരുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ ജനന സമയത്ത് കുഞ്ഞിനു മുടിയുണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കിയിട്ടും ഒരു വയസ്സിനു ശേഷവും കുഞ്ഞുവാവയ്ക്ക് മുടി വളരുന്നില്ലെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാന്‍ മറക്കരുത്.
Good