കുഞ്ഞിന്റെ മുറി ഏറ്റവും മനോഹരവും ആകർഷകവുമായ രീതിയിൽ അലങ്കരിക്കാൻ നിങ്ങൾക്ക് താല്പര്യമില്ലേ?
മുറി മനോഹരമായി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം.
മുറിയുടെ നിറം,പാറ്റേൺ,പ്രമേയം,ഫർണിച്ചർ, മറ്റു സാധനങ്ങൾ അങ്ങനെ മനസിലേക്ക് കുറേ കാര്യങ്ങൾ ഓടിയെത്തിക്കാണും.
കുഞ്ഞുങ്ങളുടെ മുറി അലങ്കരിക്കാനുള്ള (Baby Room Decor Ideas) വ്യത്യസ്തങ്ങളായ ആശയങ്ങൾ മനസിലാക്കാം.
ഏറ്റവുമാദ്യം ഒരു കുട്ടി ആശയം
എപ്പോഴും ഒരു തീം നിശ്ചയിക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ഏറ്റവുമാദ്യം മനസിലേക്ക് ഒരു പ്രമേയം കൊണ്ടുവരണം. അതിനെ ആസ്പദമാക്കിയാവാം മറ്റ് അലങ്കാരപ്പണികൾ. കുഞ്ഞുങ്ങളുടെ മുറി അലങ്കരിക്കാനായി ഒരു പ്രമേയം തെരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടതോ, അവർക്ക് ഏറെ ഇഷ്ട്ടമാകുന്നതോ ആയൊരു തീം എടുക്കാം.
ചില ഉദാഹരണങ്ങൾ:
- കാർട്ടൂൺ തീം
- നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം
- കടൽത്തീരം
- ഒരു പൂന്തോട്ടം
- കാടും മൃഗങ്ങളും
- അല്ലെങ്കിൽ ജ്യാമിതീയ രൂപങ്ങൾ പോലുള്ള ലളിതമായ ഒന്ന്.
- കുഞ്ഞുങ്ങളെ ആകർഷിക്കത്തക്ക രീതിയിൽ കടും നിറമുള്ള തീം തെരഞ്ഞെടുക്കാം.
- കുഞ്ഞിനു കൗതുകമുണർത്തുന്നതായ പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
മുറിയുടെ തീം അനുസരിച്ചു മികച്ചൊരു കാർട്ടനും തിരഞ്ഞെടുക്കാവുന്നതാണ്. മനോഹരമായ കർട്ടനുകൾ മുറിയെ കൂടുതൽ ആകർഷകമാക്കുന്നു.
ഏതുമുറിയുടെ അലങ്കാരമാണെങ്കിലും പരവതാനി എന്നത് ഏറ്റവും മികച്ചതും, മോടികൂട്ടുന്നതുമായ ഒരു ആശയമാണ്. കുഞ്ഞുങ്ങളുടെ മുറി അലങ്കരിക്കാനും മനോഹരമായൊരു ചവിട്ടു മെത്ത വാങ്ങാവുന്നതാണ്. ഭംഗി മാത്രമല്ല, കുഞ്ഞ് തറയിൽ വഴുതിവീഴാതിരിക്കാനും ഇതുപകരിക്കുന്നു. മുറിയുടെ തീമിനനുസരിച്ചുള്ള ചവിട്ടുമെത്ത തെരഞ്ഞെടുക്കാം.
ചുമരുകൾ കുഞ്ഞുങ്ങളോട് സംവദിക്കട്ടെ
ഏറ്റവും കൂടുതൽ സമയം വീടിനകത്തു ചെലവഴിക്കേണ്ടി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മൾ കടന്നു പോകുന്നത് . കുട്ടികളുടെ അവസ്ഥയും മറിച്ചല്ല. സ്വന്തം മുറിയിലിരുന്ന് അവർ ലോകത്തെ നോക്കിക്കാണാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ അവർ ഏറ്റവും കൂടുതൽ സമയം ചെലവൊഴിക്കുന്ന ഇടം അവരോട് സംവദിക്കുന്നതുമാകണം. ചുമർ ചിത്രങ്ങൾക്ക് ഇതിൽ പ്രധാന പങ്കുണ്ട്.
പോസ്റ്ററുകൾ ഉപയോഗിച്ചു കുഞ്ഞുങ്ങളുടെ മുറിയിലെ ചുമരുകൾ അലങ്കരിക്കാം. എന്നാൽ ഒന്നുകൂടി സർഗാത്മകമായി ചിന്തിച്ചു കുഞ്ഞുങ്ങളുമായി സംവദിക്കുന്ന , അവരെ ചിരിപ്പിക്കുന്ന , സന്തോഷിപ്പിക്കുന്ന അലങ്കാരങ്ങളായാലോ ?
കുഞ്ഞുങ്ങളുടെ മുറി അലങ്കരിക്കുന്നതിനുള്ള ഇത്തരത്തിലുള്ള സാധനങ്ങൾ (baby room decor items ) മാർക്കറ്റിൽ ലഭ്യമാണ്. അതല്ല നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചു ചുമർ അലങ്കരിക്കണം എന്നുണ്ടെങ്കിൽ Wall Map വാങ്ങാവുന്നതാണ്. കുഞ്ഞുങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ, മൃദുവായ കളിപ്പാട്ടങ്ങൾ,ഫോട്ടോസ് തുടങ്ങിയവ വാൾ മാപ്പിൽ ഒട്ടിച്ചുവെക്കാവുന്നതാണ്. ഓൺലൈനിൽ ഒട്ടേറെ പോസ്റ്ററുകളും,സ്റ്റിക്കറുകളും,വാൾപേപ്പറുകളും ലഭ്യമാണ്. കഴുകാൻ പറ്റുന്ന വാൾപേപ്പറുകൾ തിരഞ്ഞെടുക്കുന്നത് ഒന്നുകൂടി നല്ലതാണ്.
തീമെന്നതുപോലെ ചുമർചിത്രങ്ങൾക്കനുസരിച്ചും കർട്ടനുകൾ തെരഞ്ഞെടുക്കുന്നത് മുറിയെ മനോഹരമാക്കുന്നു.
കുട്ടികളോട് സംസാരിക്കുന്ന ഈ ചുമർ അലങ്കാരങ്ങളിലൂടെ അവർ ലോകത്തെ തിരിച്ചറിയട്ടെ. പഠനത്തിനപ്പുറം പുതിയ കാര്യങ്ങൾ അറിയാനും, ആസ്വദിക്കാനും, സ്വായത്തമാക്കാനും ഈ രീതി സഹായിക്കുന്നു.
കുഞ്ഞുങ്ങളുടെ മുറിയിലെ കളിപ്പാട്ടങ്ങൾ
കളിപ്പാട്ടമില്ലാത്തൊരു ബേബി റൂമിനെ കുറിച്ച് ആലോചിക്കാൻ കൂടിവയ്യ. കുഞ്ഞിനെ സന്തോഷിപ്പിക്കാൻ നിരവധി ആകൃതിയിലും,നിറത്തിലും തരത്തിലുമുള്ള കളിപ്പാട്ടങ്ങൾ എന്ന് ലഭ്യമാണ്. എന്നാൽ പലരക്ഷിതാക്കളും ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങികൂട്ടി മുറി നിറയ്ക്കുന്നതാണ് കണ്ടുവരുന്നത്. കളിപ്പാട്ടങ്ങൾ ശ്രദ്ധിച്ചുക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ബുദ്ധിപരവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുന്നതാവും ഏറ്റവും ഉചിതം. അതുപോലെ കളിപ്പാട്ടത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്തണം. ചില കളിപ്പാട്ടങ്ങൾ കുഞ്ഞിനെ സന്തോഷിപ്പിക്കുമെങ്കിലും അതിന്റെ ഉപയോഗം അത്യന്തം ഹാനികരമായിരിക്കും.
ഒരുപാട് കളിപ്പാട്ടങ്ങൾ കുഞ്ഞിന്റെ മുറിയെയും അലങ്കോലപ്പെടുത്തുന്നു. അടുക്കും ചിട്ടയോടും കൂടി മുറി വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്.
കുഞ്ഞിനും , കുഞ്ഞിന്റെ മുറി അലങ്കരിക്കുന്നതിനുമായി കളിപ്പാട്ടങ്ങൾ വാങ്ങാം, ഏറ്റവും ചെറിയ തോതിൽ മികച്ച ഗുണമേന്മയുള്ള കളിപ്പാട്ടങ്ങൾ മാത്രം.
കയ്യെത്തും ദൂരത്ത്
കുഞ്ഞുങ്ങളിൽ വ്യത്യസ്തമായ സ്വഭാവങ്ങളും രീതികളും കണ്ടെന്നു വരാം. അതുകൊണ്ടു തന്നെ ഏതു പാതിരാത്രിയിലാണെങ്കിലും അവർക്കു വേണ്ട ആവിശ്യ സാധനങ്ങൾ കയ്യെത്തും ദൂരത്തു തന്നെ ഉണ്ടാകണം. കുഞ്ഞുങ്ങളുടെ മുറി ഒരുക്കുമ്പോൾ ഇതു പ്രത്യേകം ശ്രദ്ധിക്കണം.
ബെഡ്‌ലാംബ്, ബെഡിനടുത്ത് ഒരു ചെറിയ മേശ എന്നിവ ക്രമീകരിക്കാം. ഒരുപാടു സാധനങ്ങൾ ഉണ്ടെങ്കിൽ ഡ്രോയറിൽ അടുക്കിവെക്കാം.പുറത്തേക്കു കാണുമെന്നോ, മുറിയിൽ വാരി വലിച്ചിട്ടപോലെയോ തോന്നില്ല.
അലങ്കോലമാക്കല്ലേ
ആസ്‌ത്രേലിയക്കാരനായ ജെറോൺ മിങ്ക്‌സും ഭാര്യയും അവരുടെ ആദ്യത്തെ കുഞ്ഞിന്റെ മുറി അലങ്കരിക്കാനുള്ള ഒരുക്കത്തെ കുറിച്ച് പറഞ്ഞത് എങ്ങനെയാണ്.
“ഞങ്ങളുടെ ബേബി റൂം വളരെ ചെറുതായിരുന്നു. സാധനങ്ങൾ ഒരുപാടും. ചെറിയ മുറിയിൽ ഒരുപാട് സാധങ്ങൾ കുത്തി നിറച്ചു മുറി അലങ്കോലപ്പെടുത്താൻ ഞങ്ങൾ തയ്യാറായിരുന്നില്ല. അതിനാൽ എല്ലാ സാധനങ്ങളും വെക്കാനും,എളുപ്പത്തിൽ എടുക്കാനും കഴിയുന്ന തരത്തിൽ അടയ്‌ക്കാൻ പറ്റുന്ന ഒരു ഷെൽഫ് സിസ്റ്റം ഞങ്ങൾ വാങ്ങി.”
ഈ ഐഡിയ നിങ്ങൾക്കിഷ്ട്ടമായോ ?
എല്ലാ സാധനങ്ങളും അടുക്കിവെക്കുകയുമാകാം, പുറമെ വലിച്ചു വാരിയിട്ട് മുറിയുടെ ഭംഗി കളയേണ്ടതുമില്ല.
ഈ ഐഡിയ കുഞ്ഞിന്റെ മുറിയിൽ മാത്രമല്ല നിങ്ങളുടെ ബെഡ്റൂമിലും പരീക്ഷിക്കാം.
ഫൺ ഫർണിച്ചറുകൾ
കുഞ്ഞുങ്ങളുടെ മുറിയിലെ ഒരുപ്രധാനപ്പെട്ട ഘടകം തന്നെയാണ് ഫർണിച്ചറുകൾ. ഒരു കുഞ്ഞു കട്ടിൽ ,മേശ, കസേര എന്നിവ നിർബന്ധമായും വേണം. കുഞ്ഞുങ്ങളെ രസിപ്പിക്കുന്നതും ,സന്തോഷിപ്പിക്കുന്നതുമായ രീതിയിൽ നിരവധി ഫൺ ഫർണിച്ചറുകൾ മാർക്കറ്റിലുണ്ട്.
ദി ചൈൽഡ് ലിറ്ററസി എക്സ്പെർട്ടും,മമ്മി അക്കാദമിയുടെ സ്ഥാപകയുമായ ജാനി സ്ട്രോങ്ങ് കുട്ടികൾക്കായുള്ള ബുക്ക് ഷെൽഫിനെക്കുറിച്ച് സംസാരിക്കുന്നു.
“നമ്മുടെ കുഞ്ഞുങ്ങളുടെ മുറികൾ ക്യൂട്ട് ആയിരിക്കണമെന്ന് നമ്മൾ തീർച്ചയായും ആഗ്രഹിക്കുന്നു. എന്നാൽ ആഗ്രഹം പോലെത്തന്നെ യാഥാർഥ്യമാക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.
ഒരു ബുക്ക് ഷെൽഫ്‌കൂടി ഉൾപ്പെടുത്തി കുഞ്ഞുങ്ങളുടെ മുറി അലങ്കരിച്ചാലോ ?
ബുക്ക് ഷെൽഫ് ഒരു രസകരമായ ഡിസൈൻ ഘടകം തന്നെയാണ്. പുസ്തകത്തിന്റെ നിറമനുസരിച്ചു ഷെൽഫിൽ ക്രമീകരിക്കാം. കുഞ്ഞിന് പുസ്തകത്തോടുള്ള താല്പര്യവും, വായന ശീലവുമുണ്ടാകാൻ ഇതു നല്ലൊരു വഴിയാണ്. പുസ്തകങ്ങളുടെ ഈ ചെറിയ ലൈബ്രറി കാലക്രമേണ നിങ്ങളുടെ കുഞ്ഞിൻറെ അറിവും, പദസമ്പത്തും വർദ്ധിപ്പിക്കുന്നു.”
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനമാണ് നിങ്ങളുടെ കുഞ്ഞ്.
കുഞ്ഞിനെ ശരിയായ ദിശയിൽ വളർത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, അവൻ/അവൾ സമ്പർക്കം പുലർത്തുന്ന ആദ്യത്തെ അന്തരീക്ഷമാണ് അവരുടെ മുറി. അതിനാൽ കുഞ്ഞുങ്ങളുടെ മുറി ഏറ്റവും ആനന്ദകരമായ രീതിയിൽ തന്നെ അലങ്കരിക്കേണ്ടതാണ്.
കുഞ്ഞിന്റെ മുറി അലങ്കരിക്കാനുള്ള ഈ ആശയങ്ങൾ ഇഷ്ടമായോ?
വ്യത്യസ്തവും, ആകർഷകമുവായ മറ്റാശയങ്ങൾ നിങ്ങൾക്ക് പറയാനുണ്ടോ, എങ്കിൽ തീർച്ചയായും കമന്റ് ചെയ്യൂ …