Mkutti

റുബിക്സ് ക്യൂബ് സോൾവ്

കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ

ഓഫീസിൽ ജിഷ്ണുവും,യദുവുമൊക്കെ വളരെ വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.
എനിക്കെപ്പോഴും ഒരത്ഭുതമാണ് തോന്നിയിട്ടുള്ളത്.  പൂർണ ആത്മവിശ്വാസത്തോടെ വലതും, ഇടതും , മുകളിലും, താഴെയുമായി തിരിച്ചു-തിരിച്ചു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നവരോട് ബഹുമാനം തോന്നാറുണ്ട്.

എന്നാൽ , എന്റെ ഏട്ടന്റെ ആറുവയസുള്ള മോൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. അപ്പോഴാണ് മനസിലായത് 3 വയസ്സുമുതലുള്ള ഒട്ടേറെ കുട്ടികൾ വളരെ പെട്ടെന്ന് ഇത് സോൾവ് ചെയ്ത് തെളിയിച്ചിട്ടുണ്ടെന്ന്.

ഞൊടിയിടയിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നരാളാണോ നിങ്ങൾ?
അതോ ഇപ്പോഴും ഇതിനെ ഒരത്ഭുതമായി കണക്കാക്കുന്ന ആളാണോ?

ഇതൊരു കളിയോ, ടൈംപാസോ മാത്രമല്ല , മറിച്ച് നിങ്ങളുടെയും,കുട്ടികളുടെയും മാനസികമായ വളർച്ചയ്ക്കു സഹായിക്കുന്ന ഒരു പസിലുകൂടിയാണ്.
ഒന്നിലധികം പാറ്റേണുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു അനവധി നീക്കങ്ങൾ നടത്തേണ്ട ഈ ഗെയിം നിങ്ങളുടെ കുട്ടിക്ക് പലരീതിയിലുള്ള നേട്ടങ്ങളും ഉണ്ടാക്കികൊടുക്കുന്നു.

കുഞ്ഞുങ്ങൾ റൂബിക്സ് ക്യൂബ് നിർബന്ധമായും സോൾവ് ചെയ്യാൻ പഠിക്കുന്നത് നല്ലതാണ്.

എന്താണ് റൂബിക്സ് ക്യൂബ് ?

ഒരു റൂബിക്സ് ക്യൂബിനെ ഇന്റലിജൻസ് ക്യൂബ്  എന്നും വിളിക്കാം.ക്ഷമപരിശോധിക്കുന്ന ക്യൂബ് എന്നുപറയുന്നതും ചില അവസരങ്ങളിൽ ശരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്റലിജൻസ് കളിപ്പാട്ടമാണിതെന്നും പറയുന്നു.

1974 ൽ ഹംഗേറിയൻ വാസ്തുശില്പിയായ ‘എർനോ റൂബിക്’ ആണ് റൂബിക്സ് ക്യൂബ് നിർമ്മിച്ചത്. ആദ്യത്തെ അനൗദ്യോഗിക റൂബിക്സ് ക്യൂബ് മത്സരം 2002 ൽ നെതർലാൻഡിൽ നടന്നു. ഇതിന് ശേഷം 2003 മുതൽ റൂബിക്സ് ക്യൂബ് ലോക ചാമ്പ്യൻഷിപ്പിനു തുടക്കമായി.

റൂബിക്സ് ക്യൂബ് എന്നറിയപ്പെടുന്ന സ്റ്റാൻഡേർഡ് 3 × 3 × 3 മോഡലിന് മൊത്തം 54 സ്ക്വയറുകളാണുള്ളത്, ഓരോ മുഖത്തും 9 സ്ക്വയറുകളാണുള്ളത്. 4 × 4 × 4, 5 × 5 × 5, 6 × 6 × 6, 7 × 7 × 7, 11 × 11 × 11 പോലുള്ള മൾട്ടി ലെയർ റൂബിക്സ് ക്യൂബുകളും ലഭ്യമാണ്.കുഞ്ഞുങ്ങൾക്ക് പഠിച്ചുതുടങ്ങുന്നതിനായി 2 x 2 x 2 റൂബിക്സ്  ക്യൂബുകളും ലഭ്യമാണ്.

ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ അതിശയകരമായ പസിൽ 26 ചലനങ്ങളിൽ മാത്രമേ പരിഹരിക്കാനാകൂ. മത്സരങ്ങളിൽ പരിഹരിച്ച ഏറ്റവും ചെറിയ ചലനമാണിത്.

റൂബിക്സ് ക്യൂബ് സോൾവ് ചെയ്തു തുടങ്ങാവുന്ന പ്രായം എത്രയാണ് ?

റൂബിക്സ് ക്യൂബ്

ഒരു റൂബിക്സ് ക്യൂബ് സോൾവ് ചെയ്തു തുടങ്ങാവുന്ന ഏറ്റവും കുറഞ്ഞ പ്രായം 3 വയസ്സാണ്.എന്നാൽ പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത കളികൂടിയാണിത്. കൈകൊണ്ടു മാത്രമല്ല കാലുകൊണ്ടുകൂടി റൂബിക്സ് ക്യൂബ് സോൾവ് ചെയ്തുതുടങ്ങിയിരിക്കുന്നു.

കുഞ്ഞിന്റെ ബുദ്ധിപരവും,മാനസികവുമായ വളർച്ചയ്ക്കു സഹായിക്കുന്ന ഈ കളിപ്പാട്ടം വാങ്ങുന്ന കാര്യം ഉറപ്പിച്ചില്ലേ ?
ഒരു റൂബിക്സ് ക്യൂബ് എങ്ങനെ സോൾവ്ചെയ്യാം എന്നറിഞ്ഞാലുള്ള 7 നേട്ടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1.വിശകലന ശേഷി

റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിനായി വ്യത്യസ്ത വഴികൾ കുട്ടികൾ പഠിക്കേണ്ടതുണ്ട്. വിവിധ കോമ്പിനേഷനുകൾ പരിശോധിക്കാൻ വളരെയധികം നൈപുണ്യം നേടിയെടുക്കേണ്ടതുണ്ട്. ചില സമവാക്യങ്ങളും മനഃപാഠമാക്കേണ്ടതുണ്ട്. റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുമ്പോൾ വിവിധ ഭാഗങ്ങൾ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും കുട്ടികൾ മനസിലാക്കുന്നു.
ഇവിടെ ഭാഗ്യത്തിന് ഒരുപ്രസക്തിയുമില്ല. സ്വതസിദ്ധവും,ആർജിതവുമായ കഴിവുകൾ പരീക്ഷിക്കുന്ന കുട്ടികളിൽ വിജയ സാദ്ധ്യത കൂടുന്നു. വിശകലന ശേഷി മെച്ചപ്പെടുന്നു. അത് മുന്നോട്ടുള്ള ജീവിതത്തിനു ഏറെ സഹായകമാകുന്നു.

2.പ്രശ്നം പരിഹരിക്കാനുള്ള കഴിവ്

നിങ്ങളുടെ കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാനുള്ള കഴിവ് നേടുന്നു.
ഒരേസമയം ഒന്നിലധികം പാറ്റേണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ കുട്ടി പസിൽ പരിഹരിക്കാൻ ശ്രമിക്കുന്നു.വ്യത്യസ്തമായ നീക്കങ്ങൾ പരീക്ഷിക്കുകയും, ക്യൂബിന്റെ ഓരോ മുഖങ്ങളിലും ഒരേനിറം വരാനുള്ള കണക്കുകൂട്ടലുകളും ചെയ്യുന്ന കുട്ടികളിൽ പ്രശ്ന പരിഹാര ശേഷി വർധിക്കുന്നു. ഈ മുഴുവൻ പ്രക്രിയയും കുട്ടികളിൽ പ്രശ്നപരിഹാര പ്രക്രിയയെക്കുറിച്ച് വ്യക്തമായ ധാരണ വളർത്തിയെടുക്കാൻ സഹായിക്കുന്നു.

3.ഓർമശക്തി

ഒരു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിന്റെ ഭാഗമായി ഓരോ നിറവും അതിന്റെ യഥാ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നടത്തിയ ഓരോ ചലനങ്ങളും കുട്ടികൾ ഓർമ്മിക്കേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ മെമ്മറിയും വിവരങ്ങൾ സംഭരിക്കാനുള്ള ശേഷിയും കൂട്ടുന്നു .
ഈ സമചതുരങ്ങൾക്കൊപ്പം കളിക്കുന്ന കുട്ടികൾക്ക് കൂർമമായ ഓർമശക്തി വികസിപ്പിച്ചെടുക്കാൻ സാധിക്കുന്നു. ഇത്തരം കുട്ടികൾ ഭാവിയിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സാങ്കേതിക മേഖലയിൽ വൈദഗ്ധ്യം നേടുന്നു.

4.റിഫ്ലെക്സുകൾ മെച്ചപ്പെടുത്തുന്നു

ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഈ കളിപ്പാട്ടം കണ്ണ്-കൈ ഏകോപന വൈദഗ്ദ്ധ്യം അവിശ്വസനീയമാം വിധം മെച്ചപ്പെടുത്തുന്നു. ഇത് കുട്ടികളുടെ മാനസിക റിഫ്ലെക്സുകൾ മെച്ചപ്പെടുത്തുന്നു.
ഇത് വ്യത്യസ്ത ഇനങ്ങൾ വേഗത്തിൽ വേർ തിരിച്ചറിയാനും, വായിക്കാനും, നിറങ്ങൾ വേഗത്തിൽ ശ്രദ്ധിക്കാനുംകുട്ടികളെ സഹായിക്കുന്നു. വളരെ വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന കുട്ടികൾക്ക് ഭാവിയിൽ അവരുടെ കമ്പ്യൂട്ടറുകളിൽ വേഗത്തിൽ ടൈപ്പുചെയ്യാനും സെൽഫോണുകളിൽ വളരെ വേഗത്തിൽ സന്ദേശം അയയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

5.ക്ഷമ

ഈ പസിൽ കളിക്കുന്നതിനു സ്ഥിരോത്സാഹം ആവശ്യമാണ്. ഇത് സോൾവ് ചെയ്യുന്നത് പഠിക്കാൻ ചിലപ്പോൾ മണിക്കൂറുകളെടുത്തേക്കാം. നന്നായി ചിന്തിക്കണം,ഒട്ടനേകം തവണ തിരിക്കണം. എല്ലാത്തിലുമുപരി ഉത്സാഹത്തോടുകൂടി ഇരിക്കണം. ശ്രമിക്കുക -പരാജയപ്പെടുക എന്നത് തുടക്കത്തിൽ സ്വാഭാവികമാണ്, വീണ്ടും വീണ്ടും വളച്ചും തിരിച്ചും തീർച്ചയായും ലക്ഷ്യത്തിലേക്കെത്തുന്നു.നിങ്ങളുടെ കുട്ടികളുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു ഉപാധിതന്നെയാണിത്.
എന്നാൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് വിജയിച്ചു നിൽക്കുന്ന കുഞ്ഞിന്റെ സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഭാവിയിൽ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായ ജോലികൾ അഭിമുഖീകരിക്കുമ്പോൾ, ക്യൂബറുകൾക്ക് വളരെ എളുപ്പത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ജോലി കൈകാര്യം ചെയ്യാനും അത് പൂർത്തിയാക്കാനും സാധിക്കുന്നു.

6.ഏകാഗ്രതയും ക്രമീകരണവും

അതീവ ശ്രദ്ധയോടുകൂടി മാത്രമെ ഒരു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ സാധിക്കുകയുള്ളു. പസിൽ സോൾവ് ചെയ്യുന്നതിനായി,കുട്ടികൾ വളരെ നേരം ഒരേ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടതായുണ്ട്.
വിജയകരമായി ഈ ഗെയിം പൂർത്തീകരിക്കുന്നതിന് ഏകാഗ്രത കൂടിയേ തീരു. ഇങ്ങനെ മെച്ചപ്പെട്ട ഏകാഗ്രത കുട്ടികളിലുണ്ടാവുന്നു. ഇതു കുട്ടികളുടെ പഠനത്തെ വളരെ ഏറെ സഹായിക്കുന്നു. കൂടാതെ മസ്തിഷ്ക കോശങ്ങളെ എപ്പോഴും സജീവമായി നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിന്റെ കോഗ്നിറ്റീവ് മാപ്പിംഗ് കഴിവുകളും മെച്ചപ്പെടുത്തുന്നു.

7.സർഗ്ഗാത്മകത

റൂബിക്സ് ക്യൂബ്  സോൾവ് ചെയ്യുന്നത് കുട്ടികളിലും മുതിർന്നവരിലും സർഗ്ഗാത്മകത വളർത്തുന്നു.
പസിൽ പരിഹരിക്കാൻ നിങ്ങൾക്ക് നിരവധി വഴികൾ പരീക്ഷിക്കാം.അത് വിജയകരമായി സോൾവ് ചെയ്യന്നതിനായി വ്യത്യസ്ത മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഈ ചാതുര്യം അവരുടെ സർഗാത്മക വാസന അഭിവൃദ്ധിപ്പെടുത്തുന്നു.

കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഇത് ആരോഗ്യകരമായ ഒരു ഹോബിയാണ്. ഇത്തരം ആവേശകരമായ ഹോബികൾ നിങ്ങളെയും കുഞ്ഞിനേയും ഒരു പോലെ സന്തോഷിപ്പിക്കുകയും, മാനസികോല്ലാസം നൽകുകയും ചെയ്യുന്നു. പ്രായമായവരെ വാർദ്ധക്യത്തിൽ സജീവമായി നിലനിർത്താൻ പോലും ഇതിന് കഴിയും. ഹ്രസ്വകാല മെമ്മറി അനുഭവിക്കുന്നവർക്കും റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് ഗുണം ചെയ്യുന്നു.

അപ്പോൾ റെഡി അല്ലേ ?

നിങ്ങളുടെ സ്മാർട്ട് ഫോൺ കുറച്ച് സമയത്തേക്ക് മാറ്റിവെച്ചാലോ …
റൂബിക്സ്  ക്യൂബ് സോൾവ് ചെയ്യുമെന്ന വെല്ലുവിളി ഏറ്റെടുത്താലോ ?
ഏറ്റവും രസകരവും വിനോദപ്രദവുമാണെന്ന് നിങ്ങൾക്കുറപ്പിക്കുകയും , കുഞ്ഞിന് നല്കുകയുമാകാലോ …

നിങ്ങളെ സ്‌ട്രെസ് ഫ്രീ ആക്കി, നിങ്ങളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ പസിൽ ഇന്നുതന്നെ വാങ്ങുകയല്ലേ, നിങ്ങൾക്കും-കുഞ്ഞിനും വേണ്ടി.
റൂബിക്സ് ക്യൂബിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ ലേഖനം ഇഷ്ടമായോ? കമന്റ് ബോക്സിൽ അറിയിക്കൂ …

Leave a Comment

Your email address will not be published. Required fields are marked *