സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നത്. പല രാജ്യങ്ങളും വ്യത്യസ്ത ദിനങ്ങളിലാണ് മാതൃദിനം കൊണ്ടാടുന്നത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആചരിക്കുന്നത്.
അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതോടൊപ്പം മാതൃദിനാശംസകൾ അറിയിച്ചും, സമ്മാനങ്ങൾ നൽകിയും അമ്മയുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുത്തും അമ്മയോടൊപ്പം ഈ മാതൃദിനം അവിസ്മരണീയമാക്കൂ.
മാതൃദിനം; ചരിത്രത്തിലൂടെ
പുരാതന ഗ്രീസ് ജനതയാണ് ഈ ദിനാചരണം ആരംഭിച്ചതെന്നും കാലക്രമേണ മറ്റു രാജ്യങ്ങളും ഏറ്റെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ ഇന്നത്തെ രീതിയിൽ മാതൃദിനാചരണം ആരംഭിച്ചത് 1908 ലാണ്. സാമൂഹിക പ്രവർത്തകയായിരുന്ന അന്ന റിവെസ് ജാർവിസ് തന്റെ അമ്മയുടെ മരണത്തെ തുടർന്ന് 1905 ൽ മാതൃദിന പ്രചാരണത്തിന് തുടക്കം കുറിച്ചു. 1908 ൽ ഈ ലക്ഷ്യം ഫലം കണ്ടു.അന്ന റിവെസ് ജാർവിസ് വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ തന്റെ അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
മാതൃദിനം; ഒരോർമ്മപ്പെടുത്തൽ
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം അനിർവചനീയമാണ്. അമ്മയ്ക്ക് തുല്യമായി ഈ ലോകത്ത് മറ്റാരും തന്നെയില്ല. അതെ, അമ്മയ്ക്ക് പകരം അമ്മ മാത്രം. അമ്മയുടെ സ്നേഹവും കരുതലും ഏറ്റവും അടുത്തറിഞ്ഞവർക്ക് അമ്മയോടൊപ്പം പതിവിലും കൂടുതൽ സമയം ചിലവഴിക്കുവാനും സ്നേഹിക്കുവാനും സന്തോഷിക്കുവാനുമുള്ളതാണ് ഈ സുദിനം. അമ്മയോടുള്ള സ്നേഹം ഒരു ദിനത്തിൽ ഒതുക്കാവുന്നതാണോ എന്നു സ്വാഭാവികമായും നിങ്ങൾ സംശയിച്ചെക്കാം, തിരക്കിട്ട ജീവിതത്തിനിടയിൽ ഈ ഒരു ദിനം വളരെ പ്രസക്തമല്ലേ? അമ്മമാരെ വൃദ്ധസദനത്തിലും അഗതി മന്ദിരത്തിലും കൊണ്ടുവിടുന്ന മക്കൾക്ക് ഒരു ഓർമപ്പെടുത്തൽ കൂടെ ആകട്ടെ ഈ ദിനം.
മാതൃദിനാശംസകൾ
ഈ സവിശേഷ ദിനത്തിൽ സാധാരണ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി എന്നെന്നും ഓർത്തിരിക്കാനുള്ള ചില നിമിഷങ്ങൾ അമ്മയ്ക്ക് സമ്മാനിക്കാം. സ്നേഹം തുളുമ്പുന്ന മാതൃദിനാശംസകൾ അറിയിച്ചുകൊണ്ട് മാതൃദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കാം. ഉണർന്നെഴുന്നേൽക്കുമ്പോൾ മക്കൾ അറിയിക്കുന്ന ഹൃദയസ്പർശിയായ ആശംസകളും സന്ദേശങ്ങളും അമ്മയുടെ മനം നിറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിലുള്ള ചില സന്ദേശങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.
- എന്നെക്കാൾ എന്നെ അറിയുന്ന എന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ.
- ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള, അർപ്പണബോധമുള്ള, ക്ഷമയുള്ള അമ്മയ്ക്ക് മാതൃദിനാശംസകൾ!
- സത്യസന്ധത, സ്നേഹം, ഔദാര്യം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം; എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് അമ്മ മാത്രം.
- എനിക്ക് ദൈവത്തെ കാണാൻ കഴിഞ്ഞു, എന്റെ അമ്മയിൽ.
- ഒരു അമ്മയാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ല, കാരണം നിങ്ങൾ അത് വളരെ എളുപ്പമാക്കി.
- പകരംവയ്ക്കാൻ ആരുമില്ലാത്ത സ്നേഹത്തിന്റെ നിറകുടമായ എന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ.
- ആചരിക്കാൻ ദിനങ്ങൾ ധാരാളം, പക്ഷെ അമ്മയെ ആദരിക്കാൻ ഒരു ദിവസമല്ല ഒരു മനുഷ്യായുസ്സുതന്നെ മതിയാകില്ല.
- ഒരു നല്ല സ്ത്രീയാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അമ്മയാകുക എന്നത് അതിലും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നിങ്ങൾ ഒരു അത്ഭുതകരമായ സ്ത്രീയും അതിലും മികച്ച അമ്മയുമാണ്! മാതൃദിനാശംസകൾ!
- എന്നെ കാണും മുൻപേ, എന്നെ കേൾക്കും മുൻപേ, എന്നെ അറിയും മുൻപേ, എന്നെ സ്നേഹിച്ച, എന്റെ അമ്മയോട് എന്നും സ്നേഹം.
- ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ എനിക്ക് തന്നതിന് നന്ദി: നിങ്ങളുടെ സമയം, നിങ്ങളുടെ കരുതൽ, നിങ്ങളുടെ സ്നേഹം. മാതൃദിനാശംസകൾ
- അമ്മയെക്കാളുപരി എന്റെ ഏറ്റവും നല്ല സുഹൃത്തായ അമ്മയ്ക്ക് സ്നേഹാശംസകൾ.
- ഞാൻ എന്റെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പ്രകടിപ്പിക്കാൻ ഒരു ഭാഷയിലും മതിയായ വാക്കുകൾ ഇല്ല.
- അമ്മേ, നിങ്ങളുടെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ സ്നേഹനിധിയായ അമ്മയ്ക്ക് മാതൃദിനാശംസകൾ.
- ഒരു സ്ത്രീ, അമ്മ, ഒരു നല്ല വ്യക്തി എന്നതിന്റെ ഒരു മികച്ച മാതൃക കാണിച്ചുതന്ന എന്റെ അമ്മയ്ക്ക് ഒരായിരം നന്ദി. സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ.
- ഈ ലോകത്ത് എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, കാരണം എന്തുതന്നെയായാലും, തളരുമ്പോൾ താങ്ങാകുവാനും വിഷമിക്കുമ്പോൾ ആശ്വാസമേകാനും എന്റെ അമ്മ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരിക്കുമെന്ന് അറിയാം. എന്റെ ജീവതാളമായ അമ്മയെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. മാതൃദിനാശംസകൾ.
- അമ്മമാർ മക്കളുടെ കൈകൾ അൽപ്പനേരത്തേയ്ക്ക് പിടിക്കുന്നു, പക്ഷേ അവരുടെ ഹൃദയം എന്നെന്നേക്കുമായി.
- എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിനും എന്നിലെ ഏറ്റവും മികച്ചത് എപ്പോഴും കാണുന്നതിനും നന്ദി. മാതൃദിനാശംസകൾ അമ്മേ!
- അമ്മ എന്റെ അരികിലില്ലാതെ ഓരോ ദിവസവും ഞാൻ എങ്ങനെ കടന്നുപോകുമെന്ന് എനിക്കറിയില്ല. എന്നെ പിന്തുണയ്ക്കുന്ന അമ്മയായതിന് നന്ദി, എന്റെ മക്കൾക്ക് നല്ല മുത്തശ്ശി. ഞങ്ങൾ എല്ലാവരും അമ്മയെ വളരെയധികം സ്നേഹിക്കുന്നു! മാതൃദിനാശംസകൾ.
- ഈ പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ ഒരു പോരാളിയില്ല.എന്റെ സ്നേഹനിധിയായ അമ്മയ്ക്ക് മാതൃദിനാശംസകൾ.
- കൊച്ചുകുട്ടികളുടെ ഹൃദയത്തിൽ ദൈവത്തിനുള്ള പേരാണ് അമ്മ. ഒരു കുഞ്ഞ് പറയാത്തത് അമ്മ മനസിലാക്കുന്നു. വളർന്നപ്പോൾ ഞാൻ എന്റെ അമ്മയെ പൂർണ്ണമായും തിരിച്ചറിയുന്നു. എങ്കിലും ഞാനെന്നും അമ്മയുടെ കുഞ്ഞാണ്. എന്നും ഇപ്പോഴും സ്നേഹത്തോടെ
- സ്നേഹമെന്നാൽ അമ്മയാണ്… അമ്മയെന്റെ ദൈവമാണ്… അമ്മയുടെ കൈകളിലെ സുരക്ഷിതത്തെക്കാൾ വലുതായി മറ്റൊന്നുമില്ല.
നിങ്ങളുടെ അമ്മയ്ക്കും മാതൃതുല്യരായ മറ്റു വ്യക്തികൾക്കും ഈ വരുന്ന മാതൃദിനത്തിൽ ആശംസകൾ അറിയിക്കാൻ മറക്കില്ലല്ലോ? അമ്മയുമായി പിണങ്ങിയിരിക്കുകയാണെങ്കിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമയച്ചുകൊണ്ട് കൂട്ടുകൂടാം. മധുരതരമായ ഈ സന്ദേശങ്ങൾ അമ്മയുടെ ഹൃദയത്തെ സ്നേഹത്താലും കൃതജ്ഞതായാലും വാനോളമുയർത്തുമെന്ന് ഉറപ്പാണ്.
Read More: