Mkutti

ഗർഭിണികളിലെ രക്തസമ്മർദ്ദം

ഗർഭിണികളിലെ രക്തസമ്മർദ്ദം വില്ലനാകുന്നത് എപ്പോൾ?  

ഗർഭാവസ്ഥയിലും പ്രസവത്തെ തുടർന്നും അമ്മയും ചിലപ്പോൾ കുഞ്ഞും മരണത്തിനു കീഴ്‌പ്പെടുന്ന ദയനീയ സംഭവങ്ങൾ നാം കേൾക്കാറുണ്ട്. പ്രസവാനന്തരം ഉണ്ടാകുന്ന അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന് പ്രധാന കാരണം. ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദവും അതിന്റെ അനന്തര ഫലങ്ങളുമാണ് മാതൃശിശുമരണത്തിന് മറ്റൊരു കാരണമായി പറയപ്പെടുന്നത്.

ടെൻഷൻ, സ്ട്രെസ്സ്, അമിതവണ്ണം ഇവയെല്ലാം രക്തസമ്മർദ്ധം വർദ്ധിക്കുന്നതിന് കാരണമാണ് അതുകൊണ്ടുതന്നെ പൊതുവെ ജീവിതശൈലീ രോഗാവസ്ഥയായാണ് ഉയർന്ന രക്തസമ്മർദ്ദത്തെ കണക്കാക്കുന്നത്. 

എന്താണ് രക്തസമ്മർദ്ദം?

ഗർഭിണികളിലെ രക്തസമ്മർദ്ദം വില്ലനാകുന്നത് എപ്പോൾ?

ഉയർന്ന രക്തസമ്മർദ്ധം എങ്ങനെ നിയന്ത്രണ വിധേയമാക്കാം?

ഇത്തരം കാര്യങ്ങളെ കുറിച്ച് ഗർഭിണിയാകുന്നതിനു മുൻപ് തന്നെ വ്യക്തമായി മനസിലാക്കുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ കുറയ്ക്കാം.

എന്താണ് രക്തസമ്മർദ്ദം?

ഹൃദയത്തിന്റെ സങ്കോച വികാസങ്ങൾ ചേരുന്നതാണ് ഹൃദയമിടിപ്പ്. ഹൃദയം സങ്കോചിക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തം രക്തക്കുഴലുകളിലൂടെ പുറത്തേക്കു പോകുന്നു. ഹൃദയത്തിന്റെ സങ്കോചം മൂലം രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മർദ്ദത്തെ സിസ്റ്റോളിക് പ്രഷർ (Systolic Blood Pressure Pressure) എന്നു പറയുന്നു. ഹൃദയത്തിലെ രക്തം പമ്പുചെയ്യപ്പെട്ടശേഷം വീണ്ടും അറകളിൽ രക്തം വന്നു നിറയുന്നു (വികസിക്കുന്നു) അങ്ങനെ ഉണ്ടാകുന്ന പ്രേഷറിനെ ഡയാസ്റ്റോളിക് പ്രഷർ (Diastolic Blood Pressure Pressure) എന്നു പറയുന്നു. ഇവ രണ്ടും ചേർന്നതാണ് രക്തസമ്മർദ്ദം (Blood Pressure). മനുഷ്യ ശരീരത്തിൽ രക്തസമ്മർദ്ദത്തിന്റെ സാധാരണ നില 120/80, അതായത് സിസ്റ്റോളിക് പ്രഷർ 120, ഡയാസ്റ്റോളിക് പ്രഷർ 80 എന്നിങ്ങനെയാണ്. ഇതിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ പ്രധാനമായും ഉയർന്ന രക്തസമ്മർദ്ദം ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമാകുന്നതിനും അതുവഴി മരണത്തിനും ഇടയാക്കിയേക്കാം.

രക്തസമ്മർദ്ദം ഗർഭിണികളിൽ 

High Blood Pressure During Pregnancy

രക്തസമ്മർദ്ദം രണ്ടുവിധത്തിലാണുള്ളത് സിസ്റ്റോളിക് ബിപി ഡയസ്റ്റോളിക് ബിപി ഇവ യഥാക്രമം 120/ 80 എന്ന നിലയിൽ ആണെങ്കിൽ അത് സാധാരണ ബിപി യാണ്. എങ്കിലും ഈ രണ്ടു ബിപി യെയും എല്ലാവരും ഒരുപോലെ ഗൗനിക്കാറില്ല. സിസ്റ്റോളിക് ബിപി 120 ആണെങ്കിൽ എനിക്ക് കുഴപ്പമില്ല നോർമൽ ആണെന്ന് കരുതി ആശ്വസിക്കുകയാണ് പതിവ്. എന്നാൽ ഒരു ഗർഭിണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഡയസ്റ്റോളിക് ബിപി ആണ്. ഡയസ്റ്റോളിക് ബിപി ഒരിക്കലും 90 ൽ കൂടുതൽ ആകാൻ പാടില്ല.

ആറുമണിക്കൂർ ഇടവിട്ട് രണ്ടു തവണ പരിശോധിക്കുമ്പോൾ ബിപി 140/ 90 ൽ കൂടുതൽ കാണുകയാണെങ്കിൽ അവർക്ക് ഉയർന്ന രക്തസമ്മർദ്ധമുള്ളതായി കണക്കാക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം ബിപി കുറയ്ക്കുന്നതിനുള്ള ഗുളികകൾ കഴിക്കേണ്ടതുമാണ്. ബി പി 160/ 110 അല്ലെങ്കിൽ അതുനുമുകളിൽ ആണെങ്കിൽ അതിഗുരുതരമായ അവസ്ഥയായി കണക്കാക്കപ്പെടും. 

ഗർഭിണികളിലെ ഉയർന്ന രക്തസമ്മർദ്ദം രണ്ടു വിധത്തിൽ 

1. ഗർഭിണി ആയതിനു ശേഷം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം (Gestational Hypertension) 

ഇവരിൽ ഏകദേശം അഞ്ചു മാസം വരെ ബിപി നോർമൽ ആയിരിക്കും അതിനു ശേഷം ബി പി കൂടുന്നു. എന്നാൽ പ്രസവം കഴിഞ്ഞു മൂന്നു മാസം കഴിയുന്നതോടുകൂടി ബി പി സാധാരണ നിലയിൽ ആകുകയും ചെയ്യും.

2. ഗർഭിണി ആകുന്നതിനു മുൻപ് തന്നെ ഉയർന്ന രക്തസമ്മർദ്ധം ഉള്ളവർ (Chronic Hypertension)

ഗർഭിണിയായ ശേഷം ആദ്യ പരിശോധനയിൽ തന്നെ അല്ലെങ്കിൽ അഞ്ചാം മാസത്തിനു മുൻപായി ഇവർക്ക് ബിപി  ഉണ്ടെന്ന് തിരിച്ചറിയും. ഇങ്ങനെയുണ്ടാകുന്ന ബിപി പ്രസവശേഷവും സാധാരണനിലയിൽ ആവുകയില്ല. അത് ജീവിതകാലം മുഴുവൻ തുടർന്നുകൊണ്ടേയിരിക്കും.

ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ധം ഉണ്ടാകാൻ സാധ്യതയുള്ളവർ ആരൊക്കെ?

ഗർഭകാലത്തെ അമിത രക്തസമ്മർദ്ദത്തിന്റെ യഥാർഥ കാരണങ്ങൾ വ്യക്തമല്ലെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ ഉയർന്ന ബിപി ഉണ്ടാകുവാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നു. 

 • ആദ്യമായി ഗർഭം ധരിക്കുന്നവർ
 • ആദ്യ പ്രസവത്തിൽ ബിപി ഉണ്ടായിരുന്നു എങ്കിൽ അടുത്ത പ്രസവത്തിലും ഉണ്ടാകാം 
 • ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ (Multiple Pregnancy)
 • അമിതവണ്ണം
 • പ്രമേഹം 
 • പാരമ്പര്യം
 • വൃക്കരോഗങ്ങൾ 
 • 20 വയസിന് താഴെയും 40 വയസിന് മുകളിലും പ്രായമുള്ള അമ്മമാർ
 • രണ്ടു പ്രസവങ്ങൾ തമ്മിൽ ചുരുങ്ങിയ ഇടവേള

ഗർഭിണികളിലെ രക്തസമ്മർദ്ദം അപകടമാകുന്നതെങ്ങനെ?   

അമിത രക്തസമ്മർദ്ദം അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിനു കാരണമാകുന്ന സന്ദർഭങ്ങൾ പരിശോധിക്കാം.

1. പ്രീ എക്ലാംസിയ ( Preeclampsia) 

ബിപി യുള്ള അമ്മയ്ക്ക് മൂത്രം വഴി ആൽബുമിൻ എന്ന പ്രോട്ടീൻ നഷ്ടമാകുന്നു. മൂത്രത്തിൽ ആൽബുമിന്റെ അളവ് കൂടുതൽ ആണെങ്കിൽ അമ്മയ്ക്ക് പ്രീ എക്ലാംസിയ ഉണ്ട് എന്ന് മനസിലാക്കാം. എക്ലാംസിയ (Eclampsia) എന്ന അവസ്ഥയ്ക്ക് മുൻപായി ഉണ്ടാകുന്നതാണ് ഇത്. ഗർഭിണികളിൽ ഉണ്ടാകുന്ന അപസ്മാരം അഥവാ ജന്നി യെയാണ് എക്ലാംസിയ എന്ന് പറയുന്നത്. വളരെ അപകടകരമായ ഒരു അവസ്ഥയാണ് ഇത്.

2. HELP സിൻഡ്രോം 

കരളിന്റെ പ്രവർത്തനം തകരാറിലാക്കുന്നു. രക്തത്തിൽ പ്ലേറ്റിലെറ്റിന്റെ അളവ് കുറയുന്നു. പ്ലേറ്റ്ലറ്റ് കുറയുന്നത് അമ്മയിൽ പ്രസവസമയത്ത് രക്തസ്രാവം അധികരിക്കുന്നതിന് കാരണമാകും.

3. അബ്‌റപ്ഷൻ (Placental Abruption)

സാധാരണയായി കുഞ്ഞ് പുറത്തുവന്നതിന് ശേഷമാണ് മറുപിള്ള ഗർഭപാത്രത്തിൽ നിന്നും വേർപെടുന്നത്. എന്നാൽ ബിപി കൂടുതൽ ഉള്ള അമ്മമാരിൽ കുഞ്ഞ് പുറത്തുവരുന്നതിനു മുൻപ് തന്നെ പ്ലാസെന്റ വേർപെട്ടെന്നു വരാം. ഇത്തരം സന്ദർഭത്തിൽ കുഞ്ഞിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തന്നെ നിൽക്കുകയും കുഞ്ഞ് അമ്മയുടെ വയറ്റിനുള്ളിൽ വച്ച് തന്നെ  മരണപ്പെട്ടുപോകുകയും ചെയ്യും. അമ്മയ്ക്ക് രക്തസ്രാവവും ഉണ്ടാകും.

കുഞ്ഞിന്റെ വളർച്ച കുറവ്, മാസം തികയാതെയുള്ള പ്രസവം ഇവ കൂടാതെ അമ്മയുടെ തലച്ചോർ, കണ്ണ്, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളിൽ രക്തസ്രാവം, അവ പ്രവർത്തനരഹിതമാകുക തുടങ്ങിയ അവസ്ഥകളിലേക്കും നയിച്ചേക്കാം.

ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്…

എല്ലാ മാസവും ബ്ലഡ് പ്രഷർ കൃത്യമായി രേഖപ്പെടുത്തുക.

ബിപി കൂടുതലാണെങ്കിൽ മരുന്ന് കഴിച്ച് നിയന്ത്രണ വിധേയമാക്കുക.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം നിരീക്ഷിക്കുന്നതിന് യഥാസമയം സ്കാനിങ്, രക്തപരിശോധന എന്നിവ നടത്തുകയും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ സന്ദർശിക്കുകയും ചെയ്യുക.

അമിത രക്തസമ്മർദ്ദത്തിനുള്ള സാധ്യത നേരത്തെ കണ്ടെത്താം

ഗര്ഭകാലത്തെ രക്താതിമർദ്ദം, പ്രീ എക്ലാംസിയ, എക്ലാംസിയ എന്നിവയെ പൂർണ്ണമായും തടയുക സാധ്യമല്ലെങ്കിലും അവയുണ്ടാകുവാനുള്ള സാധ്യത വിവിധ പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്താം. 

മൂന്നാം മാസത്തിലെ സ്കാൻ പരിശോധിക്കുകയാണെങ്കിൽ ഗർഭപാത്രത്തിലെ ധമനി വഴിയുള്ള രക്തയോട്ടത്തിന് നേരിടുന്ന പ്രതിരോധം അളക്കാൻ സാധിക്കും. അത് കൂടുതൽ ആണെങ്കിൽ അമ്മയ്ക്ക് ആ പ്രഗ്നൻസിയിൽ ഉയർന്ന ബ്ലഡ് പ്രഷർ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.

Preeclampsia Detection Test: ഇതൊരു ബ്ലഡ് ടെസ്റ്റ് ആണ്. നേരത്തെ തന്നെ ബിപി യുടെ സാധ്യത കണ്ടെത്തുകയും അതിനനുസരിച്ച് ചികിത്സ ആരംഭിക്കുകയും ചെയ്യാം.

രക്തസമ്മർദ്ദത്തിന്റെ അപകടസാധ്യതകൾ എങ്ങനെ ഒഴിവാക്കാം?

 • അമിതവണ്ണം നിയന്ത്രിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക. ബി.എം.ഐ (Body Mass Index) 19 നും 22 നും ഇടയിൽ ക്രമീകരിക്കുക.
 • ഗർഭിണിയാകാൻ ഒരുങ്ങുന്നതിന് മുൻപ് നിങ്ങളുടെ ആരോഗ്യസ്ഥിതിയെ മനസിലാക്കുക. ഗർഭാവസ്ഥയെ ബാധിക്കുന്ന ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, ലൈംഗിക രോഗങ്ങൾ എന്നിവ നിയന്ത്രണ വിധേയമാക്കുക. ഗർഭം ധരിക്കുന്നതിന് മുൻപുള്ള ജീവിതശൈലീ മാറ്റങ്ങളും ആവശ്യമെങ്കിൽ മരുന്നുകൾ കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതും ഗർഭാവസ്ഥയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും..
 • രണ്ടു പ്രസവങ്ങൾ തമ്മിൽ ചുരുങ്ങിയത് മൂന്ന് വർഷത്തെ ഇടവേള നൽകുക..
 • ആദ്യ ഗർഭത്തിൽ ബിപി ഉള്ളവർ, ഫാമിലി ഹിസ്റ്ററി ഉള്ളവർ പ്രഗ്നൻസിയുടെ തുടക്കത്തിൽ തന്നെ മരുന്ന് ആരംഭിക്കുക.
 • മദ്യപാനം, പുകവലി എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുക.
 • ഉപ്പ്, എണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
 • കൃത്യമായി ഡോക്ടറെ കാണുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.

Read More

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മർദ്ധം ഗർഭാവസ്ഥയിൽ സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ മനസിലാക്കുക. എല്ലാ മാസവും കൃത്യമായി ഡോക്ടറെ സമീപിക്കുകയും യഥാസമയം ആവശ്യമായ പരിശോധനകൾ നടത്തി ചിട്ടയോടെ ആരോഗ്യകരമായ ജീവിതം നയിക്കുകയാണെങ്കിൽ ഈ അപകടങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം.  

Leave a Comment

Your email address will not be published. Required fields are marked *