Mkutti

കുട്ടികളിലെ വായ്നാറ്റം

കുട്ടികളിൽ വായ്നാറ്റം ഉണ്ടാകുന്നത് എങ്ങനെ? എന്തുകൊണ്ട്?

രാവിലെ ഉറക്കമുണർന്നാൽ വായയിൽ നിന്നും നേരിയ ദുർഗന്ധം വമിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ബ്രഷ് ചെയ്ത ശേഷവും എല്ലായ്‌പ്പോഴും വായയിൽ നിന്നും അസുഖകരമായ ഗന്ധം ഉണ്ടാവുകയാണെങ്കിൽ അതിനെ വായ്നാറ്റം (Bad Breath) എന്നു പറയാം. പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണിത് എന്നാൽ ഓരോരുത്തരിലും ഇതിന്റെ കാരണങ്ങൾ വ്യത്യസ്തമായിരിക്കും.

ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി സംസാരിക്കുന്നതിന് ഈ അവസ്ഥ പലപ്പോഴും ഒരു തടസമാകാറുണ്ട്. മുതിർന്നവർ സാഹചര്യം മനസിലാക്കി ശാശ്വതപരിഹാരം തേടുന്നു. പലപ്പോഴും പരിഹാസ പാത്രമാകുന്നത് കുട്ടികളാണ്. സ്കൂൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് മാതാപിതാക്കൾക്കരികിലേക്ക് ഓടി എത്തുന്ന കുഞ്ഞിനോട് “എന്തൊരു നാറ്റം! ഇന്ന് പല്ലു തെച്ചില്ലേ? വായ കഴുകിയില്ലേ?” എന്നൊക്കെ ചോദിക്കുമ്പോൾ അത് കുട്ടിയിലുണ്ടാക്കുന്ന വിഷമം വളരെ വലുതാണ്. വായ നാറ്റം മൂലം സഹപാഠികൾ അകൽച്ച കാണിക്കുന്നത് കുഞ്ഞു കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷം ഊഹിക്കാവുന്നതെ ഉള്ളു.

കുട്ടികളിലെ വായ്നാറ്റത്തിന് കാരണമെന്താണ്?

ശരിയായി ബ്രഷ് ചെയ്യുന്നില്ല, ഭക്ഷണം കഴിച്ച ശേഷം വായകഴുകുന്നില്ല എന്നിവ മാത്രമാണ് കുട്ടികളിൽ വായ്നാറ്റം ഉണ്ടാകാൻ കാരണമെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ കുട്ടികളിലെ വായ്നാറ്റത്തിന് കാരണങ്ങൾ പലതാണ്. അത് ചിലപ്പോൾ വായയുമായി ബന്ധപ്പെട്ടതാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണവുമാകാം. കുട്ടികളിലെ വായ്നാറ്റത്തിനെ കാരണങ്ങളെ പ്രധാനമായും മൂന്നു വിഭാഗത്തിൽ ഉൾപ്പെടുത്താം.

1. വായയിലെ ശുചിത്വക്കുറവ്

പല്ലുകളും വായയുടെ ഉൾഭാഗം മുഴുവനായും വൃത്തിയായി സൂക്ഷിക്കാതെവരുമ്പോൾ അണുക്കൾ പെരുകുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.  .

2. വായയുമായി ബന്ധപ്പെട്ട കാരണങ്ങൾ.

വായ വരൾച്ച, മോണ രോഗങ്ങൾ, മോണയിലെ പഴുപ്പ്, ദന്തക്ഷയം തുടങ്ങിയവ വായയിൽ നിന്നും രൂക്ഷ ഗന്ധം ഉണ്ടാക്കുന്നു.

3. വായയുമായി ബന്ധമില്ലാത്ത കാരണങ്ങൾ

ചെറിയ വസ്തുക്കൾ മൂക്കിൽ കുടുങ്ങിക്കിടക്കുന്നത്, ടോൺസിലൈറ്റിസ്, സൈനസ് ഇൻഫെക്ഷൻ, മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്ന അവസ്ഥ തുടങ്ങിയവ.

കുട്ടികളിലെ വായ്നാറ്റം; കാരണങ്ങളും പരിഹാരങ്ങളും 

1. ദന്ത ശുചിത്വം പാലിക്കാതിരിക്കുക

Bad Breath in Children

ശുചിത്വ ശീലങ്ങളിൽ പ്രധാനമാണ് ദന്ത ശുചിത്വം. പല്ലുകളും മോണയും നാക്കും വായയുടെ ഉൾഭാഗം മുഴുവനും വൃത്തിയായി സൂക്ഷിക്കുക എന്നത് ചില്ലറക്കാര്യമല്ല. ഭക്ഷണാവശിഷ്ടങ്ങൾ കുരുങ്ങിക്കിടക്കുവാനും അണുക്കൾ പെരുകുവാനും വളരെ കുറച്ചു സമയം മതി, അതിന്റെ ആദ്യ ലക്ഷണം വായ്നാറ്റവും.

കുഞ്ഞുങ്ങൾ പല്ലുതേക്കുമ്പോൾ അവരെ സഹായിക്കുക. പല്ലിന്റെ എല്ലാ ഭാഗത്തും ശരിയായ രീതിയിൽ ബ്രഷ് എത്തിക്കാൻ അവർക്ക് സാധിക്കണമെന്നില്ല. കൂടാതെ അവർക്ക് കുട്ടികൾക്കായുള്ള ടൂത് പേസ്റ്റ് തന്നെ നൽകുക. ദിവസേന രണ്ട് തവണ ബ്രഷ് ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കുകയും ശരിയായി ബ്രഷ് ചെയ്യാൻ ശീലിപ്പിക്കുകയും ചെയ്യുക. പല്ലുകൾ തേച്ചു വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് നാക്ക് തുടച്ചു വൃത്തിയാക്കുക എന്നുള്ളത്. സ്റ്റൈൻലെസ് സ്റ്റീൽ, കൂർത്ത അഗ്രമുള്ള ടങ് ക്ലീനറുകൾ എന്നിവ ഉപയോഗിക്കരുത്. അവ കുഞ്ഞിന്റെ നാവിൽ മുറിവുണ്ടാക്കിയേക്കാം. ബ്രഷിന്റെ പിൻഭാഗമോ മൃദുവായ ബ്രഷോ ഉപയോഗിച്ച് നാക്ക് വൃത്തിയാക്കാവുന്നതാണ്. ഉപയോഗ ശേഷം ബ്രഷ് സൂക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഒന്നിനെയും സ്പർശിക്കാത്തവിധം അതിനെ ഉണങ്ങാൻ അനുവദിക്കുക. ഇത് ടൂത് ബ്രഷിലെ ബാക്റ്റീരിയകളെ കുറയ്ക്കുന്നു. മൂന്ന് മാസത്തിലൊരിക്കൽ ടൂത് ബ്രഷ് മാറ്റി നൽകുവാൻ  മറക്കരുത്.

2. മധുര പലഹാരങ്ങൾ, ഒട്ടിപ്പിടിക്കുന്ന മിട്ടായികൾ എന്നിവ കഴിച്ച ശേഷം വായ വൃത്തിയാക്കാതിരിക്കുന്നത്

ചോക്കലേറ്റ്, ബിസ്ക്കറ്റ് തുടങ്ങിയവ കുഞ്ഞുങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇടനേരങ്ങളിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ച ശേഷം അല്പം വെള്ളം കുടിച്ചുകൊണ്ട് അവർ കളി തുടരും. എന്നാൽ ഒട്ടിപിടിക്കുന്ന രീതിയിലുള്ള ഭക്ഷണ സാധനങ്ങൾ ആയതു കൊണ്ടുതന്നെ അവ പല്ലിനിടയിലും കവിളിലുമൊക്കെ അവശേഷിച്ചിരിപ്പുണ്ടാകും. മറ്റുചില വിരുതന്മാർ മുഴുവൻ കഴിക്കാതെ കവിളിനിടയിൽ കുറച്ചെങ്കിലും ബാക്കിവയ്ക്കും, ഇടയ്ക്കിടെ ആ രുചി നാവിൻ തുമ്പിൽ എത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തിൽ വായയിൽ തങ്ങി നിൽക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ ബാക്ടീരിയകൾ പെരുകുകയും വായ്നാറ്റം ഉണ്ടാക്കുകയും ചെയ്യും. ഈ രീതി തുടരുമ്പോൾ  ദന്തക്ഷയവും സംഭവിക്കുന്നു. 

കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചതിനുശേഷം വായ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

3. ദന്തക്ഷയം

കുഞ്ഞുങ്ങളുടെ പല്ലിൽ ചെറിയ പോടുകൾ കാണപ്പെടുകയാണെങ്കിൽ അവയെ അവഗണിക്കരുത്. പാൽപ്പല്ലുകളാണ്, അവ കുറച്ച് കഴിയുമ്പോൾ കൊഴിഞ്ഞു പോകും എന്നുകരുതി കാത്തിരിക്കരുത്. ദന്ത ഡോക്ടറെ സമീപിച്ച് പരിഹാരം തേടുക. അല്ലാത്ത പക്ഷം ദ്വാരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുകയും പഴുപ്പുണ്ടാകുകയും ഇത് വായയിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. ദ്വാരം വലുതാകുന്നതിനനുസരിച്ച് പല്ലുവേദനയും ഉണ്ടായേക്കാം.

4. തെറ്റായ രീതിയിൽ പല്ല് അടച്ചിരിക്കുന്നത്

കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ തന്നെ അവരുടെ വായ വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണത്‌. ആറുമാസം തികയുന്നതോടുകൂടി കുഞ്ഞുങ്ങൾക്ക് പാൽപ്പല്ലുകൾ വന്നു തുടങ്ങുന്നു. മേൽത്താടിയിലും കീഴ്ത്താടിയിലും പത്തു വീതം ആകെ 20 പാൽപ്പല്ലുകളാണുള്ളത്. താഴത്തെ താടിയെല്ലിന്റെ മുൻഭാഗത്തായാണ് ആദ്യത്തെ പല്ല് മുളയ്ക്കുന്നത്. കുഞ്ഞിന് രണ്ടുവയസാകുന്നതോടുകൂടി അവസാന പാൽപ്പല്ലും (മേൽത്താടിയിലെ രണ്ടാമത്തെ അണപ്പ ല്ല്) പ്രത്യക്ഷപ്പെടുന്നു.

കുഞ്ഞുങ്ങൾക്ക് പാൽപ്പല്ല് വന്നു തുടങ്ങിയാൽ പല്ലുതേപ്പിക്കുവാനും കഴുകുവാനും രക്ഷിതാക്കൾക്ക് ആവേശമാണ്. വളരെ ചെറിയ കുട്ടികളായതുകൊണ്ടുതന്നെ ഈ കാലയളവിൽ കുഞ്ഞുങ്ങളുടെ വായയുടെ ശുചിത്വത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ 4-5 വയസാകുന്നതോടുകൂടി പല്ലുതേപ്പും വായകഴുകുന്നതും കുഞ്ഞുങ്ങൾ തനിയെ ചെയ്യുകയും രക്ഷിതാക്കളുടെ ശ്രദ്ധ അല്പം കുറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. വായയുടെ എല്ലാ ഭാഗങ്ങളും ശരിയായി വൃത്തിയാക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയണമെന്നില്ല, ഇത് വായ്നാറ്റത്തിനും കുഞ്ഞുങ്ങളുടെ പാൽപ്പല്ലുകളിൽ കേടുവരുന്നതിനും കാരണമാകുന്നു.

സാധാരണയായി 6-7 വയസുമുതൽ കുഞ്ഞുങ്ങളുടെ പാൽപ്പല്ലുകൾ കൊഴിഞ്ഞു തുടങ്ങുന്നു. ഏകദേശം 10-12 വയസോടുകൂടിയാണ് അവസാനത്തെ പാൽപ്പല്ല്‌ കൊഴിയുന്നത്. ഈ കാലയളവിൽ പാൽപ്പല്ല് പൊഴിയുന്നതിനനുസൃതമായി സ്ഥിര ദന്തങ്ങൾ മുളയ്ക്കുന്നു.

പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകില്ലേ, അതിനാൽ അവയ്ക്കുണ്ടാകുന്ന കേട് ശ്രദ്ധിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ. ഈ ധാരണ തെറ്റാണ്, കാരണം പല്ലിലുണ്ടാകുന്ന കേട് ക്രമേണ ദ്വാരമായി മറുവാനും പല്ലിൽ വേദന ഉണ്ടാകുവാനും തുടങ്ങും. ഇത് കുട്ടികൾക്ക് വളരെ പ്രയാസമായിരിക്കും. കൂടാതെ, ഒരു പല്ലിൽ ഉണ്ടാകുന്ന കേടും അതുമൂലമുണ്ടാകുന്ന പഴുപ്പും ബാക്റ്റീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുകയും വായ വൃത്തിയാകാതെ ഇരിക്കുകയും ചെയ്യും ഇത് മറ്റു പല്ലുകളിലും കേടുവരാൻ കാരണമാകും. പാൽപ്പല്ലുകൾ കൂടാതെ സ്ഥിരദന്തങ്ങൾ വന്നു തുടങ്ങിയവരിൽ അവയ്ക്കും ശോഷണം സംഭവിക്കാം. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങളിൽ ദന്തക്ഷയം സംഭവിക്കുന്നുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകുകയും ഡോക്ടറുടെ സഹായം തേടുകയും ചെയ്യുക. മറ്റു പല്ലുകൾ നശിക്കാതിരിക്കുവാനും വായ വൃത്തിയായി സൂക്ഷിക്കുന്നതിനുമായി പോടുകളുള്ള പല്ലുകൾ നീക്കം ചെയ്യുകയോ ദ്വാരം അടയ്ക്കുകയോ ചെയ്യാം. അങ്ങനെ അടയ്ക്കുകയാണെങ്കിൽ അവ ഇളകുന്നുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കണം, തെറ്റായ രീതിയിൽ പല്ല് അടച്ചിരിക്കുകയാണെങ്കിൽ വീണ്ടും അതിൽ കേടുണ്ടാകുകയും ദന്തക്ഷയം തുടരുകയും ചെയ്യും. അടച്ചത് ഇളകിപ്പോയിട്ടുണ്ടെങ്കിൽ അതിൽ വീണ്ടും ഭക്ഷണം കുടുങ്ങുകയും വായ്നാറ്റം ഉണ്ടാകുകയും ചെയ്യുന്നു.

5. മരുന്നുകളുടെ അമിത ഉപയോഗം

ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്ന കുട്ടികളിൽ ഉമിനീർ ഉത്പാദനം കുറവായിരിക്കും. കൂടാതെ വായയിൽ പൂപ്പൽ ഉണ്ടാകുന്നതിനും ഇത് ഒരു കാരണമാണ്. ഉമിനീർ ഉത്പാദനം കുറയുന്നതും വായയിലെ പൂപ്പലും ബാക്റ്റീരിയകൾ വളരുന്നതിന് സാഹചര്യമൊരുക്കുന്നു. കുട്ടിയെ ധാരാളം വെള്ളം കുടിപ്പിക്കുക എന്നതാണ് ഇതിനുള്ള ഉത്തമ പരിഹാരം.

6. രൂക്ഷ ഗന്ധമുള്ള ഭക്ഷണങ്ങൾ

നമ്മുടെ മിക്ക വിഭവങ്ങളുടെയും പ്രധാന ഘടകങ്ങളാണ് ഉള്ളിയും വെളുത്തുള്ളിയും. അവയുടെ രുചിയും മണവും ഭക്ഷണത്തിന് സ്വാദ് വർദ്ധിപ്പിക്കുമെങ്കിലും കഴിച്ചതിനു ശേഷം വായ നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ രൂക്ഷ ഗന്ധവുമായിരിക്കും.

7. നിർജ്ജലീകരണവും വായ വരൾച്ചയും

ശരീരത്തിന് ധാരാളം ജലം ആവശ്യമാണ്. വായയും വ്യത്യസ്തമല്ല, ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ വായിലെ ഉമിനീർ കുറയുന്നു.  വായയിൽ  എത്തിച്ചേരുന്ന അണുക്കളെ ഇല്ലാതാക്കുന്നത് ഉമിനീരിലെ ലൈസോസൈം എന്ന രാസാഗ്നിയാണ്. ഉമിനീർ ഉത്പാദനം കുറയുമ്പോൾ സ്വാഭാവികമായും വായിൽ ബാക്റ്റീരിയകൾ വർദ്ധിക്കുന്നു. 

ധാരാളം വെള്ളം കുടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുക. വായ്നാറ്റം അകറ്റുക മാത്രമല്ല, ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നതിന് വെള്ളം അത്യാവശ്യമാണ്.

8. ചെറിയ വസ്തുക്കൾ മൂക്കിൽ കുടുങ്ങിക്കിടക്കുന്നത്

പൂവിന്റെ ചെറിയ ഇതൾ, കുന്നിക്കുരുവോ മാലയുടെ മുത്തോ പോലെ പെട്ടെന്ന് രക്ഷിതാക്കളുടെ കണ്ണിൽ പെടാത്ത ചെറിയ സാധനങ്ങൾ കണ്ടെത്തുകയും അവ മൂക്കിലോ വായയിലോ ഇട്ടുനോക്കുകയും ചെയ്യുന്നത് കുസൃതി കുട്ടികളുടെ സ്ഥിരം പരിപാടിയാണ്. ചിലർ കൗതുകത്തോടെയും തീരെ ചെറിയ കുട്ടികൾ അബദ്ധത്തിലും ഈ പ്രവൃത്തി ചെയ്യാറുണ്ട്. എല്ലായ്‌പ്പോഴും കുഞ്ഞുങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കണം എന്നില്ല. മൂക്കിലുണ്ടാകുന്ന തടസ്സം മൂലം കുഞ്ഞുങ്ങൾ വായയിലൂടെ ശ്വാസമെടുക്കുകയും വായ വരൾച്ചയുണ്ടാകുന്നു. കുഞ്ഞിന്റെ വായ്നാറ്റം കാരണം ഡോക്ടറെ സമീപിക്കുമ്പോഴാണ് പലപ്പോഴും അച്ഛനമ്മമാർ ഈ കാര്യം അറിയുക. 

തീരെ ചെറിയ വസ്തുക്കൾ കുഞ്ഞുങ്ങളുടെ കയ്യിലെത്താത്തതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ!

9. അലർജി

അലർജിയുള്ള കുട്ടികളിൽ ഇടയ്ക്കിടെ തുമ്മൽ, മൂക്കൊലിപ്പ്, മൂക്ക് അടഞ്ഞുപോവുക എന്നിവ ഉണ്ടാകുന്നു. അത്തരം സാഹചര്യത്തിൽ കുഞ്ഞിന് മൂക്കിലൂടെ ശ്വാസമെടുക്കാൻ പറ്റാതാവുകയും വായയിലൂടെ ശ്വാസമെടുക്കേണ്ടതായും വരുന്നു. വായയിലൂടെയുള്ള ശ്വസനം വായ വരണ്ടതാക്കുന്നു. ഉമിനീരിന്റെ അഭാവം ബാക്റ്റീരിയകൾ പെരുകുന്നതിനും വായ്നാറ്റം ഉണ്ടാകുന്നതിനും കാരണമാകുന്നു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.

10. ടോൺസിലൈറ്റിസ്

ടോൺസിലൈറ്റിസ് ഉള്ള കുട്ടികളിൽ വായ്നാറ്റം കാണാറുണ്ട്. ടോണ്സിലിൽ അണുബാധ ഉണ്ടാകുമ്പോൾ അത് വായ്നാറ്റത്തിന് കാരണമാകുന്നു. വീങ്ങിയ ടോണ്സിലിൽ ബാക്ടീരിയകൾ പെരുകുന്നത് വായ്നാറ്റം വർദ്ധിപ്പിക്കുന്നു.

11. സൈനസ് ഇൻഫെക്ഷൻ

സൈനസ് ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ ഒരു ദ്രാവകം മൂക്കിലും തൊണ്ടയിലും വന്നു നിറയുന്നു. അത് വായ്നാറ്റം ഉണ്ടാക്കുന്നു.

12. അഡിനോയിഡ് ഗ്രന്ഥിയുടെ വീക്കം

അഡിനോയിഡ് ഗ്രന്ഥിയുടെ വീക്കമുള്ള കുട്ടികളിലും വായ്നാറ്റം സാധാരണമാണ്. അവർക്ക് മൂക്കിലൂടെയുള്ള ശ്വസനം പ്രയാസകരമാണ്. കുഞ്ഞുങ്ങൾ വായ തുറന്നാണോ ഉറങ്ങുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വായ തുറന്ന് ഉറങ്ങുമ്പോൾ ഉമിനീര് കുറയുകയും അവിടെ ബാക്റ്റീരിയ നിറയുകയും ചെയ്യുന്നു. ഇത് വായ്നാറ്റത്തിന് കാരണമാകുന്നു. ഈ സാഹചര്യത്തിലും ഒരു ENT സർജനെ കണ്ട് പരിഹാരം തേടുക.

13. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്ന അവസ്ഥ (Deviated Nasal Septum)

മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്ന (DNS) കുട്ടികൾക്ക് ശരിയായ രീതിയിൽ ശ്വാസം എടുക്കുക ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള കുട്ടികൾ വായയിലൂടെയുള്ള ശ്വസനത്തിന് പ്രാധാന്യം നൽകുന്നു. ഒരു ENT സർജനെ കണ്ട് ചികിത്സ തേടുക.

14. പുളിച്ചു തികട്ടൽ (Acid Reflux)

ആമാശയത്തിലെ ആസിഡുകളും ഭാഗികമായി ദഹിച്ച ഭക്ഷണങ്ങളും അന്നനാളത്തിലേക്ക് തിരികെ എത്തുന്നതും (Acid Reflux) വായയിൽ ദുർഗന്ധം ഉണ്ടാകുന്നതിനു കാരണമാണ്. കുട്ടിയുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ? എന്തെങ്കിലും മരുന്നുകൾ ആവശ്യമാണോ? എന്ന് ഒരു ശിശുരോഗ വിദഗ്ധനിൽ നിന്നും ചോദിച്ചു മനസിലാക്കുക

15. മറ്റ് രോഗാവസ്ഥകൾ

പ്രമേഹം, വയറിലെ ഇൻഫെക്ഷൻ, വൃക്ക-കരൾ സംബന്ധമായ അസുഖങ്ങൾ വായയിലെ ക്യാൻസർ എന്നിവയും വായ്നാറ്റത്തിന് കാരണമാകാറുണ്ട്. കുഞ്ഞുങ്ങളിൽ ഈ അവസ്ഥകൾ വളരെ വിരളമാണ്.

കുട്ടികളിലെ വായ്നാറ്റം അകറ്റാൻ മൗത്ത് വാഷുകൾ ഉപയോഗിക്കാമോ?

മൗത്ത് വാഷുകൾ വായ്നാറ്റത്തിനുള്ള ഒരു താത്കാലിക പരിഹാരം മാത്രമാണ്. കുട്ടികളിലെ വായ്നാറ്റത്തിന് കാരണങ്ങൾ പലതാണ് അവ കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.

വായ കഴുകാൻ ഉപയോഗിക്കുന്ന ഇത്തരം പ്രത്യേക ലായനികൾ തുപ്പിക്കളയുവാൻ ഉദ്ദേശിച്ചുള്ളവയാണ്. ആറുവയസിനു താഴെയുള്ള കുട്ടികൾ  വായ കഴുകുന്നതിന്  ഇവ ഉപയോഗിക്കരുത്, വിഴുങ്ങാനുള്ള സാധ്യത കൂടുതലാണ്. 

മുതിർന്ന കുട്ടികൾക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം  ACT (Anticavity Fluoride Mouthwash) പോലെയുള്ള ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്തവ  ഉപയോഗിക്കാം. മുതിർന്നവർക്കായുള്ള മൗത്ത് വാഷുകൾ ഉപയോഗിക്കരുത്.

Related links

മുലയൂട്ടുന്ന കാലം മുതൽ തന്നെ കുഞ്ഞിന്റെ വായയുടെ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പാൽ കൊടുത്ത ശേഷം ഇളം ചൂടുവെള്ളത്തിൽ ചുണ്ടുകൾ തുടച്ചു കൊടുക്കുകയും പല്ലുകൾ വന്നു തുടങ്ങുന്നതിനു മുൻപ് തന്നെ മധുരത്തിന്റെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക.

കുഞ്ഞിന് ആറു മാസമാകുമ്പോൾ മുലപ്പാലിനൊപ്പം കുറുക്കുകൾ കൊടുത്തു തുടങ്ങുന്നു. ഈ സമയത്ത് കുഞ്ഞിന്റെ വായ വൃത്തിയാക്കുവാൻ ഫിംഗർ ബ്രഷ് ഉപയോഗിക്കാം. ഏകദേശം ഒരു വയസോടുകൂടി കുഞ്ഞുങ്ങൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങും. അതിനാൽ കുഞ്ഞിന്റെ വായ വൃത്തിയാക്കുന്നതിന് അല്പം കൂടി ശ്രദ്ധ ചെലുത്തണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും നന്നായി വായ കഴുകി വൃത്തിയാക്കുവാനും ദിവസം രണ്ടു നേരം രണ്ടു മിനിറ്റ് പല്ല് തേക്കുവാനും കുഞ്ഞുന്നാളിലേ ശീലിപ്പിക്കുക. എന്തൊക്കെ ചെയ്യണം എന്നു പറഞ്ഞാലും കുട്ടികളാണ്, നന്നായി ബ്രഷ് ചെയ്യണമെങ്കിൽ ഒരാൾ കൂടെത്തന്നെ വേണം.

ദന്ത ശുചിത്വക്കുറവ് മാത്രമല്ല കുട്ടികളിലെ വായ്നാറ്റത്തിന് കാരണം എന്നതിനാൽ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തതെ അവർക്ക് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഒരു ശിശുരോഗവിദഗ്ദനെ സമീപിക്കുക.

Leave a Comment

Your email address will not be published. Required fields are marked *