പ്രായഭേദമന്യേ ആർക്കും ഉണ്ടാകാവുന്ന ഒരു അസ്വസ്ഥതയാണ് മലബന്ധം. ഇതിന് കാരണങ്ങൾ പലതാണ്. ശരിയായ രീതിയിൽ മലവിസർജ്ജനം നടക്കാതെ വരുമ്പോൾ അത് സൃഷ്ടിക്കുന്ന ശാരീരിക മാനസിക അസ്വസ്ഥതകൾ വളരെ വലുതാണ്. കുട്ടികളിലെ മലബന്ധം ചികിൽസിക്കേണ്ടതുണ്ടോ? വീട്ടിലെ പൊടിക്കൈകൾ ഉപയോഗിച്ച് ഇതിന് ഒരു ശാശ്വത പരിഹാരം നേടാമോ? എന്നിങ്ങനെ പലപല സംശയങ്ങൾ നിങ്ങൾക്കുമുണ്ടാകാം. എന്നാൽ കുട്ടികളിലെ മലബന്ധത്തിന് പരിഹാരം തേടുന്നതിന് മുൻപ് അതിന്റെ കാരണങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കേണ്ടതാണ്.
കുട്ടികളിലെ മലവിസർജനം
സാധാരണയായി കുഞ്ഞുങ്ങളിൽ ഒരുദിവസം എത്ര തവണ മലവിസർജ്ജനം നടക്കണം എന്ന് പരിശോധിക്കാം. ഒരു കുഞ്ഞ് ജനിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കറുപ്പ് നിറത്തിൽ കൊഴുത്ത ഒരു ദ്രാവകം പുറത്തു പോകുന്നു. ഇതിനെ മഷി അഥവാ മെക്കോണിയം എന്നു പറയുന്നു. ഇത് ദിവസം മൂന്നോ നാലോ തവണ സംഭവിക്കാം. ഏകദേശം മൂന്നു ദിവസം കഴിയുന്നതോടുകൂടി പതുക്കെ പച്ചയും ക്രമേണ മഞ്ഞ നിറവുമായി മാറുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അത് ഗോൾഡൻ യെല്ലോ നിറമായി മാറുന്നു. ഈ പ്രായത്തിലുള്ള കുട്ടികളിൽ പാൽ കുടിക്കുന്നതിനനുസരിച്ച് ദിവസം മൂന്നോ നാലോ തവണ പുറത്തുപോകും.
കുഞ്ഞിന് ഒരു വയസ്സ് ആകുന്നതോടെ മൂന്നു തവണകളായി ചുരുങ്ങുന്നു. രണ്ടു വയസ്സ് ആകുമ്പോൾ രണ്ടു തവണകളായി കുറയുന്നു. പിന്നീട് ദിവസം ഒരു തവണയെങ്കിലും മലവിസർജ്ജനം നടത്തുക എന്ന നിലയിലെത്തുന്നു. ഇതിൽ ചെറിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകൾ വന്നേക്കാം. എന്നാൽ, അസ്വാഭാവികമായി ഏറെ തവണ മലവിസർജ്ജനം നടക്കുകയോ ദിവസങ്ങളോളം പുറത്തുപോകാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്താണ് മലബന്ധം?
ദഹനശേഷം പുറന്തള്ളപ്പെടേണ്ട മാലിന്യങ്ങൾ ദിവസങ്ങളോളം കുടലിൽ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയെയാണ് പൊതുവെ മലബന്ധം എന്നു പറയാറുള്ളത്. എന്നാൽ ഇതു മാത്രമല്ല, മലം ഉറച്ചുപോകുന്നതിനാൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടിനേയും വളരെ കഷ്ടപ്പെട്ട് മലവിസർജ്ജനം നടത്തേണ്ടിവരുന്ന അവസ്ഥയെയും മലബന്ധം എന്ന് തന്നെയാണ് പറയുന്നത്. കുഞ്ഞുങ്ങളിൽ മലബന്ധം ഉണ്ടാകുമ്പോൾ വയർ വീർത്തുവരിക, വിശപ്പില്ലായ്മ, ഛർദ്ദി, ഉന്മേഷക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
കുട്ടികളിലെ മലബന്ധം; കാരണങ്ങൾ
ജനിച്ച് ആറുമാസക്കാലയളവിനുള്ളിൽ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങളോളം മലം പുറത്തുപോകാത്ത അവസ്ഥയുണ്ടാകാം. കുഞ്ഞ് നന്നായി പാൽ കുടിക്കുകയും കളിക്കുകയും ചിരിക്കുകയും ചെയ്യുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ല. വയർ നന്നായി വീർത്തിരിക്കുകയോ ചർദ്ധിക്കുകയോ ചെയ്യുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക. ചിലപ്പോൾ തൈറോയ്ഡ് ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതായി വരാം.
ആറുമാസം വരെ പ്രായമുള്ള കുട്ടികളുടെ ഭക്ഷണം മുലപ്പാൽ മാത്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ കുട്ടികൾക്ക് ഉണ്ടാകുന്ന മലബന്ധത്തിന് പ്രധാന കാരണം അമ്മമാരുടെ ഭക്ഷണ രീതികളും അവർ കഴിക്കുന്ന മരുന്നുകളുമായും ബന്ധപ്പെട്ടതാകാം. ഇത്തരം സന്ദർഭത്തിൽ കുഞ്ഞിനെ അസ്വസ്ഥമാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുവാനും ധാരാളം വെള്ളം കുടിക്കുവാനും ശ്രദ്ധിക്കുക.
കുഞ്ഞിന് തൂക്കം കുറവാണ്, തടിവെക്കുന്നില്ല എന്നു കരുതി ആറുമാസം തികയുന്നതിന് മുൻപ് തന്നെ കുഞ്ഞുങ്ങൾക്ക് കുറുക്കു രൂപത്തിലുള്ള ആഹാരങ്ങൾ നല്കാൻ തയ്യാറാവുന്നവർ ശ്രദ്ധിക്കുക; ജനിച്ച് ആറുമാസക്കാലയളവിൽ കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. ഈ പ്രായത്തിൽ കുഞ്ഞിന്റെ ദഹനവ്യവസ്ഥ മുലപ്പാലിനെ ദഹിപ്പിക്കുവാൻ മാത്രം പര്യാപ്തമായിരിക്കും. ആറുമാസം കഴിയുന്നതോടുകൂടിയാണ് ദഹനരസം ഉത്പാദിപ്പിച്ചു തുടങ്ങുന്നത്. അതിനു മുൻപ് കുഞ്ഞിന് കുറുക്ക് രൂപത്തിലുള്ള ആഹാരങ്ങൾ നൽകിയാൽ അത് ദഹിക്കുകയില്ല എന്നു മാത്രമല്ല, വയറുവേദനയും മലബന്ധവും കുഞ്ഞിനെ അസ്വസ്ഥമാക്കുകയും ചെയ്യും. ആറുമാസത്തിനു ശേഷം വളരെ നേർപ്പിച്ച കുറുക്കുകളാണ് നൽകേണ്ടത്. കുഞ്ഞിന് അസ്വസ്ഥതകൾ ഇല്ലെന്ന് ഉറപ്പു വരുത്തി വരും മാസങ്ങളിൽ ക്രമേണ കട്ടി കൂട്ടി നൽകാം.
മുതിർന്ന കുട്ടികളിലെ മലബന്ധത്തെ പ്രധാനമായും രണ്ടായി തിരിക്കാം.
1) അപകടകരമായത്
ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ, വയർ, കുടൽ, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഏതെങ്കിലും അസുഖം ഉള്ള കുട്ടികളാണെങ്കിൽ അവർക്ക് മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. വളരെ അപൂർവ്വമായി മാത്രമേ കുട്ടികളിൽ ഈ അസുഖങ്ങൾ കണ്ടുവരാറുള്ളു. ഇവ ചികിൽസിച്ചു മാറ്റുന്നതോടെ മലബന്ധം എന്ന അസ്വസ്ഥതയും മാറിക്കിട്ടും.
2) അപകടകരമല്ലാത്തത്
സ്വാഭാവികമായും പുറത്തുപോകേണ്ട മലം ചില കാരണങ്ങളാൽ കുഞ്ഞുങ്ങൾ അടക്കി പിടിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന മലബന്ധത്തെ ഫങ്ഷണൽ കോൺസ്റ്റിപേഷൻ എന്നു പറയാം. പരസ്യമായി മലം പുറത്തുപോയപ്പോൾ നേരിട്ട കളിയാക്കലുകളോ, ഉറച്ചുപോയ മലം പുറത്ത് പോകുമ്പോൾ മലദ്വാരത്തിൽ ഉണ്ടായ മുറിവ് ഉണ്ടാക്കിയ വേദനയോ ആകാം കുഞ്ഞുങ്ങളെ മലം പിടിച്ചുവയ്ക്കാൻ പ്രേരിപ്പിക്കുന്നത്.
പരിഹാരങ്ങൾ
- കുഞ്ഞുങ്ങളെ നന്നായി വെള്ളം കുടിക്കാൻ ശീലിപ്പിക്കുക. ഏകദേശം 10 കി.ഗ്രാം. ഭാരമുള്ള കുട്ടിക്ക് ഒരു ലിറ്റർ എന്ന അനുപാതത്തിൽ വെള്ളം നൽകേണ്ടതാണ്.
- നാരുകളടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കുക. ജങ്ക് ഫുഡ്സ് കഴിവതും ഒഴിവാക്കുക.
- ചിട്ടയായ ടോയ്ലറ്റ് ട്രെയിനിങ് നൽകുക. ഭക്ഷണം കഴിച്ച ശേഷം ഒരു നിശ്ചിത സമയത്ത് ടോയ്ലെറ്റിൽ പോകുവാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുക. അവരെ വഴക്കു പറയുകയോ, വേദനിപ്പിക്കുകയോ ചെയ്യരുത്. ക്ഷമയോടെ അവരെ പ്രോത്സാഹിപ്പിക്കുക ക്രമേണ അത് ദിനചര്യയുടെ ഭാഗമാക്കിമാറ്റാൻ സാധിക്കും.
- കുഞ്ഞുമക്കൾക്ക് സ്ഥിരമായി മലബന്ധം ഉണ്ടാകുകയാണെങ്കിൽ ഒരിക്കലും സ്വയം ചികിത്സ നടത്തരുത്. കുഞ്ഞുങ്ങൾക്ക് അപകടകരമാം വിധത്തിലുള്ള പരീക്ഷണങ്ങൾക്ക് മുതിരരുത്. എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ ഉപദേശം തേടുകയാണ് ഉചിതം.
കുട്ടികളിലെ മലബന്ധം തടയുവാൻ മരുന്നിനെ ആശ്രയിക്കേണ്ടതുണ്ടോ?
മരുന്ന് കഴിക്കുകയാണെങ്കിൽ അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാകണം. നിശ്ചിത കാലയളവിൽ ഈ മരുന്ന് തുടരേണ്ടതായും വരാം. കുഞ്ഞിന്റെ മലവിസർജ്ജന പ്രക്രിയയെ സാധാരണ നിലയിലെത്തിക്കാൻ ഈ മരുന്നുകൾക്ക് സാധിക്കും. മലബന്ധം എന്ന അവസ്ഥയ്ക്ക് ചെറിയ പ്രായത്തിൽ തന്നെ പരിഹാരം കണ്ടില്ലെങ്കിൽ വലുതാകുന്നതിനനുസരിച്ച് ഈ അവസ്ഥ രൂക്ഷമായി തീരും.
കുഞ്ഞുങ്ങൾക്ക് വരാൻ ഏറ്റവും സാധ്യതയുള്ള 3 അസുഖങ്ങൾ ഏതൊക്കെ ?
കുഞ്ഞുങ്ങളിൽ സാധാരണമായുണ്ടാകുന്ന 3 നേത്രരോഗങ്ങൾ
കുട്ടികളിലെ അമിതവണ്ണം; രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ
കുഞ്ഞിന്റെ മുടി വേഗത്തില് വളരാന് 9 വഴികള്
കുഞ്ഞുങ്ങൾ എപ്പോഴും ഉത്സാഹത്തോടെയും ഉന്മേഷത്തോടെയും ഇരിക്കേണ്ടവരാണ്. മലബന്ധം എന്ന അസ്വസ്ഥത അവരുടെ മാനസിക ഉല്ലാസം തകർക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ പോരായ്മയും ആവശ്യാനുസരണം വെള്ളം കുടിക്കാത്തതും വ്യായാമക്കുറവും ടോയ്ലറ്റ് ട്രൈനിങ്ങിന്റെ അഭാവവുമെല്ലാം ഇതിന്റെ പ്രധാന കാരണങ്ങളാണ്. നിങ്ങളുടെ കുട്ടിയും മലബന്ധം എന്ന അവസ്ഥ നേരിടുന്നുവെങ്കിൽ തീർച്ചയായും അതിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം തേടുക.